ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും.
ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം!
ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും.
അവർ എന്നോടു പറഞ്ഞു “സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?” കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു.
ടിക്കറ്റു മുങ്കൂട്ടി ബുക്ക് ചെയ്താണു ഞാൻ പോകാറുള്ളത്. കീശയിൽ നോക്കിയപ്പോൾ 350 രൂപയോളം പൊടിപൊടിയായുണ്ട്. ബാക്കി വല്യ നോട്ടുകളാണ്. ആ കുഞ്ഞുങ്ങളുടെ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ 350 രൂപ അവർക്കു കൊടുത്തിട്ടു പറഞ്ഞു, കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കൂ, അപ്പുറത്ത് പൊലീസ് സ്റ്റേഷനുണ്ട്, നിങ്ങൾ നേരെ അവിടേക്കു പോയി കാര്യങ്ങൾ പറയൂ. ഈ രാത്രി നിങ്ങൾക്ക് അവിടെ കഴിയാനെങ്കിലും പറ്റും എന്നും പറഞ്ഞു.
അയാൾക്ക് ഏറെ സന്തോഷമായി, ഒരു കുഞ്ഞിനെ അയാൾ ചേർത്തു പിടിച്ച് എനിക്ക് നന്ദി പറഞ്ഞു, എല്ലാവരുടെ മുഖത്തുമുണ്ട് അതേ സന്തോഷം. ബസ്സിൽ കയറിയപ്പോൾ തോന്നി, 1000 രൂപ കൊടുക്കാമായിരുന്നു എന്നു കരുതി, പിന്നെ വിചാരിച്ചു, ഞാൻ മാത്രമല്ലല്ലോ, ഇതുപോലെ പലരും സഹായിക്കില്ലേ, അവർ കന്യാകുമാരിക്ക് എത്തിക്കോളും. രണ്ടുമൂന്നു ദിവസം അദൃശ്യമായൊരു സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. പലരോടും ഞാൻ ഇതേപറ്റി പറയുകയും ചെയ്തിരുന്നു. 1000 രൂപ കൊടുക്കാത്ത എന്റെ പിശുക്കിനെ പറ്റി ഒത്തിരിപ്പേർ കളിയാക്കി ചിരിച്ചു.
പിന്നീട് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അതൊക്കെയും ഞാനങ്ങു മറന്നു. ഒന്നോരണ്ടോ ആഴ്ച കഴിഞ്ഞു കാണും. ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്കു പോകാനായി നോക്കുമ്പോൾ ദാ മുന്നിൽ അതേ ആൾക്കൂട്ടം!! അവർ അന്നു പറഞ്ഞ അതേ കാര്യങ്ങൾ എന്നോടു വീണ്ടും ആവർത്തിച്ചു. അവർക്കു പക്ഷേ, എന്നെ മനസ്സിലായില്ല! പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അതേ കുഞ്ഞുങ്ങൾ, അതേ വൃദ്ധർ, അതേ സ്ത്രീകൾ, പിഞ്ചു കുഞ്ഞു പോലും അതുതന്നെ!! ഞാനെന്തു പറയാൻ! കാശ് കൈയ്യിൽ ഇല്ലെന്നു പറഞ്ഞു, അയാൾ പറഞ്ഞു “പ്ലീസ് സാർ, ഞങ്ങൾ പലരോടും ചോദിച്ച് വണ്ടിക്കാശ് ശരിയാക്കിക്കോളാം, കൈയ്യിൽ ഉള്ളതു തന്നാൽ മതി, ഒരു സഹായമല്ലേ സാർ…”
ഒന്നും പറയാതെ ഞാൻ നടന്നകന്നു…! ഇതേ ആൾക്കൂട്ടത്തെ മഡിവാളയിൽ നിന്നും പിന്നൊരിക്കലും കണ്ടു. ഇതേ അവസ്ഥ പറഞ്ഞ് ഇന്ദിരാ നഗറിൽ നിന്നും കോളേജിൽ പഠിക്കുന്ന പയ്യനും, മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ശുഭ്രവസ്ത്രധാരിയായ മാന്യദേഹവും ചോദിച്ചിരുന്നു, പൂർവ്വാവസ്ഥയിലുള്ള നാണക്കേട് വിട്ടൊഴിയാത്തതിനാൽ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു.