പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ… അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു… പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും 🙁

സഹകരണ വെബ് ഹോസ്റ്റിങ്!

ഇവിടെ മിക്കവർക്കും സ്വന്തം പേരിൽ ഡൊമൈൻ നെയിം ഉണ്ടാവും എന്നു കരുതുന്നു? പക്ഷേ, ഹോസ്റ്റിങ് സ്പേയ്‌സിന്റെ കാര്യത്തിലാണു പലര്‍ക്കും പ്രശ്നം. കാരണം ഇതല്പം ചെലവേറിയ കാര്യമാണ്‌ എന്നതുതന്നെ. അതിനായി അണ്‍ലിമിറ്റഡ് ഹോസ്റ്റിങ് സ്പേയ്സ് എടുത്തിട്ടുള്ള കൂട്ടുകാരെയോ മറ്റ് കമ്പനികളെയോ സമീപിക്കാറാണു പതിവ്. നമുക്ക് സഹകരണാടിസ്ഥാനത്തിൽ കുറച്ച് സ്ഥലം ഓൺലൈനിൽ വാങ്ങിച്ചാലോ? ആരെങ്കിലും തയ്യാറുണ്ടോ? മിക്ക ഹോസ്റ്റിങ് പ്രൊവൈഡേര്‍സും മള്‍ട്ടിഹോസ്റ്റിങ് എന്ന പരിപാടി സപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് ഒരു ഹോസ്റ്റിങ് സ്പേയ്‌സ് വാങ്ങിച്ച് അവരവരുടെ വെബ്സൈറ്റ് അവിടെ ഹോസ്റ്റ് ചെയ്ത് ഷെയര്‍ ചെയ്തെടുക്കാവുന്നതാണ്‌. ഒരുവര്‍ഷത്തേക്ക് 6000 മുതല്‍  8000 വരെ മുടക്കുന്നതിനു പകരം പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു 1൦0 രൂപയുടെ അടുത്തു നില്‍ക്കും. മാത്രമല്ല ഈ നൂറുരൂപയ്ക്ക് നമുക്ക് ഒന്നിലധികം സൈറ്റുകള്‍ അവിടെ ഹോസ്റ്റ് ചെയ്യുകയും ആവാം. ബിസിനസ് ആവശ്യത്തിനല്ലാതെ പേര്‍സണല്‍ സൈറ്റുകള്‍ക്ക് ഇങ്ങനെ സഹകരണാടിസ്ഥാനത്തില്‍ ഹോസ്റ്റ് ചെയ്യുന്നതാണ്‌ നല്ലത് എന്നു തോന്നുന്നു. നമ്മുടെ വെബ്സൈറ്റ് മാത്രമല്ല; സ്പെയ്സ് അണ്‍ലിമിറ്റഡ് ആയതിനാല്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറിലെ ഏതൊരു ഫയലും ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും ഷെയര്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്.

ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍‌വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ്‌ ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!
മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്‌.

എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന  ഐഡിയിലോ അറിയിക്കാൻ താല്പര്യം!

ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കുമായി കൂടുതല്‍ വിശദീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക;
ഡൊമൈന്‍ നെയിം:
നമുക്കു വേണ്ട സൈറ്റിന്റെ പേര്‌. അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. അതിനു ഒരു വര്‍ഷത്തേക്ക് 350 മുതല്‍ 600 വരെ ആണ്‌ ഓരോ പ്രൊവൈഡേര്‍സും ഈഡാക്കുന്നത്. ഇവിടെ പരാമര്‍ശവിധേയം ഡൊമൈന്‍ നെയിം അല്ല ഹോസ്റ്റിങ് സ്പേസ് ആണ്‌. ഡൊമൈന്‍ നെയിം ഉള്ളവരും സൈറ്റ് ഓണ്‍ലൈനില്‍ ഇടാന്‍ സ്ഥലമില്ലാത്തവരും ആയ പാവങ്ങളുടെ ആവലാതികളാണിവിടെ ഷെയര്‍ ചെയ്യുന്നത്.

ഹോസ്റ്റിങ് സ്പേസ്:
നമ്മുടെ സൈറ്റ് എന്നും ഓണ്‍ലൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനായി ഫുള്‍ടൈം ഓണായി കിടക്കുന്ന ഒരു സെര്‍‌വറില്‍ നമുക്ക് സ്വന്തമായി സ്ഥലം ആവശ്യമാണ്‌. നമ്മുടെ വെബ് സൈറ്റിനാവശ്യമായ ഫയലുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടതിവിടെയാണ്‌. അതിനെ ആണു ഹോസ്റ്റിങ് സ്പേസ് എന്നു പറയുന്നത്. അവിടെ സൈറ്റ് മാത്രമല്ല; പാട്ടുകള്‍, വീഡിയോസ്, ഫോട്ടോസ്, പിഡീഫ് തുടങ്ങിയ മറ്റു ഫയലുകളും നമുക്ക് സൂക്ഷിച്ചുവെക്കാം. എവിടെ നിന്നും നമുക്കിവയെ ആക്സസ് ചെയ്യാമെന്ന ഗുണമുണ്ട്. മറ്റുള്ളവര്‍ക്കായി വേണമെങ്കില്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യുകയും ആവാം. ഈ സ്പേസ് ഷെയര്‍ ചെയ്തെടുക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ യൂസെര്‍നെയിമും പാസ്‌വേര്‍ഡും ഉണ്ടായിരിക്കും. അണ്‍ലിമിറ്റഡ് സ്പേസിന്‌ ഒരു മാസം വാടകയായി 600 മുതല്‍ 800 രൂപവരെ വിവിധ പ്രൊവൈഡേര്‍സ് ഈടാക്കി വരുന്നു. മൂന്നുവര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുമ്പോള്‍ അല്പം കുറവ് വരും.

വെബ്സൈറ്റ്:
ഡൊമൈന്‍ നെയിമും ഹോസ്റ്റിങ് സ്പേസും മാത്രം ഉണ്ടായാല്‍ പോരാ… നമ്മുടെ സൈറ്റിന്റെ പേര്‌ ബ്രൗസറില്‍ കൊടുത്ത് എന്റര്‍ അടിക്കുമ്പോള്‍ കാണാന്‍ ഒരു വെബ്സൈറ്റും ആവശ്യമാണ്‌. സൈറ്റുണ്ടാക്കുക എന്നത് അല്പം ചിലവേറിയതും വിവിധ ടെക്നോളജികള്‍ അറിഞ്ഞിരിക്കേണ്ടതും ആയ ഒരു കാര്യമാണ്‌. വെബ് ടെക്നോളജിയില്‍ നല്ലരീതിയില്‍ പിടിപാടുള്ള ഒരാള്‍ക്കുമാത്രമേ വിചാരിച്ച രീതിയില്‍ ഒരു സൈറ്റുണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ വിവിധ ഐടി കമ്പനികളും ഫ്രീലാന്‍സായി വ്യക്തികളും ഈ വക കാര്യങ്ങള്‍ ചെയ്തുകൊടുത്തുവരുന്നുണ്ട്.

ഇതിനു മറ്റൊരു വശമുള്ളത്; വേര്‍ഡ്പ്രസ്, ദ്രുപാല്‍, ജൂംല, മീഡിയവിക്കി തുടങ്ങി നിരവധി കണ്ടന്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നമുക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്‌. നമ്മുടെ ഹോസ്റ്റിങ് സ്ഥലത്ത് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം നമുക്കാവശ്യമായ സൈറ്റിനു വേണ്ടിയുള്ള സകലവിധ സാങ്കേതികതകളും നല്‍കി സൈറ്റ് റെഡിയാക്കുന്നതാണ്‌. ബ്ലോഗിങ് രീതിയില്‍ ഉള്ള സൈറ്റുകളാണ്‌ ഈ രീതിയില്‍ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന്റെ തീം, കളര്‍ എന്നിവയൊക്കെ നമുക്ക് എളുപ്പം മാറ്റാവുന്നതാണ്‌. ആയിരക്കണക്കിനു തീമുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. അതുകൊണ്ടുതന്നെ സൈറ്റുണ്ടാക്കുക എന്ന ഭാരിച്ച പണിയില്‍ നിന്നും നമുക്ക് മോചനം ലഭിക്കുന്നു; ഡൊമൈന്‍ നെയിമിനെ പറ്റിയും ഹോസ്റ്റിങ് സ്പേയ്‌സിനെ പറ്റിയും മാത്രം ആലോചിച്ചാല്‍ മതിയാവും. വേര്‍ഡ്പ്രസ് മുതലായ സി.എം.എസ്. പ്രോഗ്രാമുകള്‍ ഹോസ്റ്റിങ് സെര്‍‌വറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കുന്നതായിരിക്കും എന്നുകൂടി അറിയിക്കുന്നു 😉

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

കേരളത്തിലെ പാർട്ടിക്കാർ പ്രത്യേകിച്ച് ഇടതുപക്ഷം കണ്ടുപഠിക്കേണ്ട ഹർത്താൽ!! ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനായിരുന്നില്ല; ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു! അവരുടെ വരും തലമുറയുടെ അരോഗ്യത്തിന്റെ പ്രശ്നമായിരുന്നു…

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ധാരണയായി. ഇതോടെ വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസമായി നടന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി പൂരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമാവും നിരാഹാര സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്‍മാറുക. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
മാതൃഭൂമി വാർത്തയിലേക്ക്…

വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ.

സിവിക് ചന്ദ്രന്‍

ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്.

എമര്‍ജിംഗ് കേരളയാണ് സര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം എന്നും പറഞ്ഞ് കോടികൾ അതിന്റെ പേരിൽ ചെലവഴിച്ചു; പലരുടേയും പോക്കറ്റുകൾ നിറഞ്ഞപ്പോൾ ആ പദ്ധതി നൂലു പൊട്ടിയ പട്ടം പോലായി! ദീർഘവീക്ഷണത്തോടെയുള്ള സമഗ്രമായ പദ്ധതി ജനങ്ങളുടെ താഴേത്തട്ടിൽ നിന്നും തുടങ്ങിയാലേ മാലിന്യമുക്തമെന്ന സ്വപ്നം സഫലമാവൂ. എല്ലാവീട്ടിലും കക്കൂസുണ്ടല്ലോ!!

ഒരു ദിവസം ഒരു വീട്ടിൽ ഉണ്ടാവുന്ന വേയ്‌സ്റ്റിനേക്കാൾ വരില്ലേ അവിടുത്തെ ഒരു ദിവസത്തെ മലത്തിന്റെ അളവ്! അത് വൃത്തിയായി എല്ലാവരും കുഴിച്ചുമൂടുന്നുമുണ്ട്! ആരുമത് റോഡുവക്കിലും മറ്റവന്റെ വീട്ടുമുറ്റത്തും കൊണ്ടിടാറില്ല. ആ ഒരു ചിന്താഗതി സമൂഹമനസ്സിലേക്ക് നിയമം വഴി അടിച്ചേൽപ്പിക്കുകയാണു വേണ്ടത്. എങ്കിലേ കേരളം മാലിന്യമുക്തമാവൂ. മാലിന്യമുക്തമെന്നാൽ നിരവധി പകർച്ചവ്യാധികളിൽ നിന്നുള്ള മുക്തി കൂടിയാണെന്ന് ഓർക്കേണ്ടതുണ്ട്.

എഡിറ്റഡ്…

ഡിങ്കനാമാർച്ചന!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക…..)

മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ
കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക…..)

നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക…..)

കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക…..)

ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ
തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക……)

ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും

ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍
സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം

ഗൂഗിൾ സേർച്ച് ടിപ്സ്!

ഗൂഗിൾ ഭഗവതിയുടെ അനുഗ്രഹവർഷത്തിനായി കാത്തിരുന്നു ചെയ്യുന്ന ജോലിയിൽ അഭിവൃദ്ധികണ്ടെത്തുന്നവർക്ക് ഭഗവതിയുടെ ഉത്തമ ശ്രദ്ധ പതിയുന്നതിലേക്കാവശ്യമായ വഴിപാടുകൾ ഇവിടെ കൊടുത്തിരിക്കുന്നു.  ഗൂഗിൾ സേർച്ച് ടിപ്സ്.

ഇന്ന് വീടുമാറുന്നു…

ഇന്നു വീടുമാറുന്നു… 🙁
വീണ്ടും ബൊമ്മനഹള്ളിയിലേക്ക്…
അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!!
ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്!

മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

ലോക കാഴ്ച ദിനം

എല്ലാ വർഷവും നവംബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണിത് ആചരിച്ചു വരുന്നത്. ഇന്ത്യയിൽ ഈ വെള്ളിയാഴ്ച വരുന്നു.

World Sight Day - ലോക കാഴ്ച ദിനം