മലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.
2001 ജനുവരി 15 -നാണ് ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.
അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.
ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.
കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.
- മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
- വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
- 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
- വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
- പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
- മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക
തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.
കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.
വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.