മലയാളം വിക്കിപീഡിയ പത്താം വാർഷികം – വിജ്ഞാനയാത്ര
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പുരളിമല മുത്തപ്പൻ ക്ഷേത്രം
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…
ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.
വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി
അധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
പേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.
തൊടീക്കളം ശിവക്ഷേത്രം
കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.
പാലയത്തുവയൽ യു. പി സ്കൂളിലേക്ക്
ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.
രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.
തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!
ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…
സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem
കിടിലം
അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ.
തൊടീക്കുളം ക്ഷേത്രം സംരക്ഷിക്കുന്നു എന്നു നുണ പറയുന്നതു് കേരള സർക്കാരല്ല. (അവർക്കു് ഇങ്ങനത്തെ കാര്യത്തിലൊക്കെ എന്തെങ്കിലും ശ്രദ്ധയുണ്ടെന്നു പോലും എനിക്കിതുവരെ ബോദ്ധ്യം വന്നിട്ടില്ല. ചരിത്രം, പുരാവസ്തു എന്നൊക്കെ കേൾക്കുന്നതുപോലും അലർജിയാണ് പുരാവസ്തുക്കളുടെ കലവറയായ നമ്മുടെ സംസ്ഥാനഭരണകൂടത്തിലെ ഉദ്യോഗസ്ഥപ്രഭുത്വത്തിനു്). ഈ ക്ഷേത്രം കീഴടക്കിയിരിക്കുന്നു എന്ന പുരാതനമായ ബോർഡു വെച്ചുകൊണ്ടു് സ്വന്തം ചരിത്രദൗത്യം പൂർത്തിയാക്കിയിരിക്കുന്നതു് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്ന മറ്റൊരു ദുർദ്ദേവതയാണു്. അവരുടെ ജീർണ്ണസംഹിതകളിലെ ഒരു നിയമമാണു് “ആളുകൾ ചുളുവിൽ ഫോട്ടോ എടുത്തുകൊണ്ടുപോയി അതു പ്രിന്റു ചെയ്തു പണമുണ്ടാക്കുന്നു, അതുകൊണ്ടു് ലവനെയൊന്നും നാലയത്തുപോലും പ്രവേശിപ്പിച്ചുകൂടാ” എന്നതു്. അന്തിമസ്വാതന്ത്ര്യം തുറന്ന അറിവിന്റേതാണെന്ന പുതിയ കാലത്തെ വെളിച്ചം പോലും അവരുടെ ഗുഹകളിലേക്കിനിയും എത്തിച്ചേർന്നിട്ടില്ല.
തൊടീക്കുളം ക്ഷേത്രത്തിന്റെ മതിലുകൾ കാണേണ്ടതുതന്നെയാണു്. എത്രയായിരിക്കും അവയുടെ പഴക്കം എന്നൊരു തിട്ടവുമില്ല. അഥവാ അതിനെക്കുറിച്ചാർക്കെങ്കിലും അറിയുമെങ്കിൽ എവിടെ എന്നുപോലും ആരും എഴുതിവെച്ചിട്ടില്ല. അതൊക്കെ വെറുതെ എഴുതിവെക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ പുരാവസ്തുവകുപ്പിനോട് സ്വല്പം ആദരവു തോന്നിയേനെ. അതു കണ്ടിട്ടെങ്കിലും, അവിടെയെത്തുന്ന സന്ദർശകർ ആ വെട്ടുകല്ലുകളെ ആരാധനയോടെ നോക്കിയേനെ. സിമന്റോ സുർക്കിയോ ചേർക്കാതെ, ഇന്നത്തെക്കാലത്തു് ഒരുവിധത്തിലും ചിന്തിക്കാനാവാത്തത്രയും സൂക്ഷ്മതയോടെയും ചിട്ടയോടെയും അടുക്കിവെച്ചുണ്ടാക്കിയ ആ വലിയ മതിലുകളുടെ ഘടനയും പ്രൊഫൈലും ഏതൊരു സിവിൽ എഞ്ചിനീയറേയും അത്ഭുതസ്തബ്ധരാക്കുക തന്നെ ചെയ്യും. അടിമുതൽ മുടി വരെ പല വീതികളിൽ പണിതു് സ്റ്റ്രക്സ്ചറൽ ഇന്റഗ്രിറ്റി കാത്തുസൂക്ഷിച്ചിരിക്കുന്ന ആ മതിലുകളുടെ ചില ഭാഗങ്ങൾ ആരൊക്കെയോ കൂടി നവീകരിച്ചു നാശമാക്കിയിട്ടുണ്ടു്. പുറം കാഴ്ച്ചകൾ ഇങ്ങനെയാണെങ്കിൽ നാലമ്പലത്തിനുള്ളിൽ എങ്ങനെയായിരിക്കും? ഏതാനും കൊല്ലങ്ങൾക്കുമുമ്പ്, അവിടെയുള്ള ചുമർച്ചിത്രങ്ങളുടെ ഫോട്ടോകൾ എടുത്തു സൂക്ഷിച്ചിട്ടുണ്ടെന്നു് എന്നോടു സംസാരിച്ച ആൾ പറഞ്ഞു. ചുമർച്ചിത്രങ്ങൾ ഇപ്പോൾ കാണപ്പെടുന്നതു് ആ ഫോട്ടോകളിലുള്ളതിനെക്കാളൊക്കെ വളരെയധികം മങ്ങിപ്പോയിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ അദ്ദേഹത്തിനു വിക്കിപീഡിയയെക്കുറിച്ചു ക്ലാസ്സെടുത്തില്ല. തമാശയ്ക്കുവേണ്ടിയായാൽ പോലും അത്തരമൊരു ധ്വനി ഈ പോസ്റ്റിലുള്ളതിൽ ഞാൻ സങ്കടപൂർവ്വം പ്രതിഷേധിക്കട്ടെ. ഞങ്ങൾ സംസാരിച്ചതു് ആർക്കിയോളജിക്കൽ വകുപ്പിന്റെ സ്വന്തം പൗരാണികതയെക്കുറിച്ചും ആ ബോർഡിന്റെ നിരർത്ഥകതയേയും കുറിച്ചാണു്.
🙂
മുകളിൽ ഞാൻ എഴുതിയതിൽ ഒരു തെറ്റുണ്ടു്. കേന്ദ്രന്റെയല്ല, കേരള പുരാവസ്തു വകുപ്പിന്റെ ‘മേൽനോട്ട’ത്തിൽ തന്നെയാണു് ആ ക്ഷേത്രം. അനേകം മണിക്കൂറുകൾ ചെലവഴിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ആ ബോർഡിന്റെ ഫോട്ടോഗ്രാഫ് അനലൈസ് ചെയ്തു വായിച്ചു മനസ്സിലാക്കിയതാനു് ഇക്കാര്യം. ASIയുടേതായിരുന്നു ബോർഡ് എന്നാണാദ്യം തോന്നിയിരുന്നതു്. (ചരിത്രാതീതമായ പഴക്കം തോന്നിക്കുന്ന ആ ബോർഡിന്റെ തന്നെ ഫോട്ടോ പിന്നീട് പോസ്റ്റ് ചെയ്യാം. ബോർഡിനെയാണു് ഈ വകുപ്പ് സംരക്ഷിക്കുന്നതെന്ന മട്ടിൽ, മൊത്തം തുരുമ്പു പിടിച്ചു്, വായിക്കാനാവാത്ത മട്ടിലായ, അതിനു ചുറ്റുമൊരു കമ്പിക്കൂടുമുണ്ടു്).
ഹ ഹ വിശ്വേട്ടാ… 🙂