Skip to main content

വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്

ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധബ്രഹ്മകലശവുമായി ബന്ധപ്പെട്ട് അഞ്ചാം ദിവസം (ജൂലൈ 5, 2022 – ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടു കൂടി നാദം മുരളിയുടെ നേതൃത്വത്തിൽ കണ്ണൂർ സംഘകലയുടെ വിൽകലാമേള അരങ്ങേറി. അയ്യപ്പന്റെ കഥാകഥനമായിരുന്നു നടന്നത്. രണ്ടര മണിക്കൂറിൽ അധികം നീണ്ടുന്നിന്നിരിന്ന ഈ കലാരൂപത്തെ അതേപടി വീഡിയോയിൽ പകർത്താൻ കഴിഞ്ഞിരുന്നില്ല. ഇടവിട്ടുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗത വില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. ഇവിടെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേജിൽ രാജാവിന്റേയും മന്ത്രിയുടേയും രാജഗുരുവിന്റേയും വിദൂഷകരുടെ വേഷത്തിൽ രണ്ടുപേരും ചേർന്നതായിരുന്നു ആ അഞ്ചുപേർ. കഥാകഥനം നടത്തിയത് രാജഗുരു തന്നെയായിരുന്നു. ഹാസ്യരസപ്രധാനമായ നറുമ വിതറി സംവിധായകനായ നാദം മുരളി അടക്കുമുള്ള രണ്ടു വിദൂഷകർ സാമൂഹിക പ്രശ്നങ്ങളെയും മറ്റും മുൻനിർത്തി രസം പകർന്ന് സ്റ്റേജിൽ നിറഞ്ഞാടി. ഇതേകഥയുടെ വിഷ്വൽസ് സ്ക്രീനിൽ കാണിച്ച് കഥ ലഘൂകരിച്ചു മുന്നേറുവാനും ഇവർക്ക് സാധിച്ചു.

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻ പാട്ടിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻ പാട്ടുകൾ ആണെന്നുതന്നെ പറയുന്നത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി *വിൽക്കലാമേള* എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻ തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ‘ഏടുവായന’ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി പതിയെ മാറി.

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചു തുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കി കാണുവാൻ മാത്രമായോ മറ്റോ വെച്ച് നവീനമാധ്യമങ്ങൾ വഴി സമാന ശബ്ദവിന്യാസം സാധ്യമാക്കുന്നു. വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.

ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്ത കഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻ പാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കുചേലവരലാഭം, ചിത്തിരപുത്ര നയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചു വരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും പറ്റില്ല. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.

ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും. തോവാള സുന്ദരം‌ പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാള ബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.

താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ. കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യം നൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളും വർണ്ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ *വിൽക്കലാമേള* എന്ന പേര്‌ സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യ കൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടു ശൈലിയിൽ നിന്ന് തികച്ചും ഭിന്നമായ ഒന്നാണിപ്പോൾ.

Print Friendly, PDF & Email
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights