വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ നാളെയെത്തുന്ന വിജയദശമി ദിനത്തിൽത്തന്നെ എഴുത്തിനിരുത്തുക എന്നത് ഇന്ന് ഒരു മനോഹരമായ ‘ഫാഷൻ’ ആയി മാറിയിരിക്കുന്നുവല്ലോ! നമ്മളായിട്ട് അതിനൊരു കുറവും വരുത്തേണ്ട – കാലം ആവശ്യപ്പെടുന്ന എല്ലാ സൗന്ദര്യത്തോടുംകൂടി ഈ ചടങ്ങ് നടക്കണം.
എന്നെ എഴുത്തിനിരുത്തിയത് നവരാത്രിയുടെയോ ശിവരാത്രിയുടെയോ പുണ്യനാളിൽ ആയിരുന്നില്ലത്രേ! ആ ഓർമ്മകൾക്ക് ഇന്നത്തെപ്പോലെ വർണ്ണങ്ങളോ വെളിച്ചമോ ഇല്ല. വെറും നാല് വയസ്സുകാരനായ എന്നെ ബാലവാടിയിൽ കൊണ്ടുവിടുന്നതിനു തൊട്ടുമുമ്പ്, അടുത്ത വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടുമുറ്റത്ത് വെച്ച് അരിയിൽ ‘ഹരിശ്രീ’ കുറിപ്പിച്ചത്. സ്നേഹമുള്ള, എന്നാൽ ഇന്ന് പേരുപോലും ഓർമ്മയില്ലാത്ത ആ വല്യച്ഛന്റെ വിരൽത്തുമ്പ്, അക്ഷരങ്ങളുടെ മായാലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് നടത്തിയതായിരുന്നു!
നാളെ, വിജയദശമിയുടെ പുലരിയിൽ, പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ തിളക്കവും ചേർന്ന് നിൽക്കുന്ന അന്തരീക്ഷത്തിൽ, ആരാധ്യയുടെയും അദ്വൈതയുടെയും കുഞ്ഞിക്കൈകൾ അറിവിന്റെ ലോകത്തേക്ക് നീളും.
ഓർമ്മകളിൽ മായാതെ കിടക്കുന്ന ഒരു കാഴ്ചയുണ്ട്: എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ വെള്ളമുണ്ടും ഷർട്ടും ധരിച്ച ദിവസമായിരുന്നുവത്രേ അത്! ഇന്ന് കുട്ടികൾക്ക് പുതിയ ഫാഷനുകളുടെ ലോകമാണ്. എന്നാൽ, അന്നത്തെ ആ വെള്ളമുണ്ടാണ്, എന്റെ മനസ്സിന്റെ ഫ്രെയിമിൽ ഇന്നും ആ ചടങ്ങിന്റെ അടയാളമായി അവശേഷിക്കുന്നത്. ( എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!

