പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം…
ഒത്തിരിപ്പേരുണ്ട്…
എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ…
പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ…
ഒട്ടേറെപ്പേർ…
അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ…
എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു –
നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷
അല്പം വിവരണം
അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.