Skip to main content

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ… അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു… പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും 🙁

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights