തുളു ഭാഷ

ദ്രാവിഡ ഭാഷാ കുടുംബത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒരു ഭാഷയാണ് തുളു. പ്രധാനമായും കർണാടക, കേരള സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് തനതായ ലിപിയും സമ്പന്നമായ വാമൊഴി സാഹിത്യ പാരമ്പര്യവുമുണ്ട്. കാലക്രമേണ എഴുത്തുഭാഷ എന്ന നിലയിലുള്ള അതിൻ്റെ പ്രാധാന്യം കുറഞ്ഞുവെങ്കിലും, ഭാഷയെയും ലിപിയെയും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ന് സജീവമായി നടക്കുന്നുണ്ട്.

ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, പ്രോട്ടോ-ദ്രാവിഡൻ ഭാഷയിൽ നിന്ന് ഏകദേശം 2,500 വർഷങ്ങൾക്ക് മുൻപ് സ്വതന്ത്രമായി വേർപിരിഞ്ഞ ഒരു ഭാഷയാണ് തുളു. തമിഴ്, കന്നഡ തുടങ്ങിയ ഭാഷകൾ രൂപപ്പെടുന്നതിനും മുൻപ് തുളു ഒരു പ്രത്യേക ശാഖയായി മാറിയിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് തുളുവിനെ ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള ഒന്നാക്കി മാറ്റുന്നുതുളു ഒരു മൂല ദ്രാവിഡ ഭാഷയായതിനാൽ, അതിനു മുൻപ് ഈ പ്രദേശത്ത് സംസാരിച്ചിരുന്ന ഭാഷ പ്രോട്ടോ-ദ്രാവിഡൻ (മൂല-ദ്രാവിഡ ഭാഷ) ആയിരുന്നു എന്ന് അനുമാനിക്കാം. പ്രോട്ടോ-ദ്രാവിഡനിൽ നിന്നാണ് ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ഭാഷകളും രൂപപ്പെട്ടത്.Tulu language dravidian tribal languages

ചരിത്രപരമായ തെളിവുകൾ (ബി.സി. മൂന്നാം നൂറ്റാണ്ട്)

തുളു ഭാഷയുടെ പഴക്കം തെളിയിക്കുന്ന നിരവധി ചരിത്രപരമായ രേഖകളുണ്ട്. തുളു ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖാമൂലമുള്ള തെളിവ് ലഭിക്കുന്നത് സംഘകാല സാഹിത്യത്തിൽ നിന്നാണ്.

  • സംഘകാല കൃതികൾ: തുളു ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖാമൂലമുള്ള തെളിവ് ലഭിക്കുന്നത് സംഘകാല സാഹിത്യത്തിൽ നിന്നാണ്. ബി.സി. 200-ൽ ജീവിച്ചിരുന്ന തമിഴ് കവിയായ മാമൂലനാർ തൻ്റെ കവിതകളിൽ “തുളുനാടിനെയും” അവിടുത്തെ നൃത്തരൂപങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് 2,300 വർഷങ്ങൾക്കപ്പുറമുള്ള തുളുവിൻ്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു.

  • ഗ്രീക്ക് രേഖകൾ: രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് രേഖകളിൽ ഈ പ്രദേശത്തെ “തൊലോകോയ്ര” (Tolokoyra) എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

  • ശിലാലിഖിതങ്ങൾ: കർണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള പെലത്തൂരിൽ നിന്ന് കണ്ടെത്തിയ എ.ഡി. ഏഴാം നൂറ്റാണ്ടിലെ ശിലാലിഖിതമാണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴയത്.  കർണാടകയിലെ കുലശേഖരയിലുള്ള വീരനാരായണ ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ 1159 എ.ഡി. യിലേതെന്ന് കരുതുന്ന ലിഖിതം പൂർണ്ണമായും തുളു ലിപിയിലും ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. പാലത്തൂരു, അനന്തപുര, വിട്ള, ധർമ്മസ്ഥല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തുളു ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തുളു ഒരു എഴുത്തുഭാഷയായി ഉപയോഗിക്കാൻ തുടങ്ങിയതിന്റെ ആദ്യ യാഥാർത്ഥ്യ കാലഘട്ടമായി എ.ഡി. 7 – 8 നൂറ്റാണ്ടുകളെ കണക്കാക്കാം.

  • കൈയെഴുത്തുപ്രതികൾ: തുളുവിലുള്ള ഏറ്റവും പഴയ ഗ്രന്ഥം 15-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തുളു “മഹാഭാരതം” ആണ്. 17-ാം നൂറ്റാണ്ടിലെ “ശ്രീ ഭാഗവതം“, “കാവേരി” എന്നിവയാണ് തുളു ലിപിയിൽ എഴുതപ്പെട്ട മറ്റ് പ്രധാന കൃതികൾ.

സാഹിത്യ ഗ്രന്ഥങ്ങൾ ലഭ്യമായ കാലഘട്ടം (എ.ഡി. 14-15 നൂറ്റാണ്ടുകൾ)

തുളു ഭാഷയിൽ എഴുതപ്പെട്ട സമ്പൂർണ്ണ ഗ്രന്ഥങ്ങൾ ലഭ്യമായത് പിൽക്കാലത്താണ്.

  • ആദ്യ ഗ്രന്ഥം: തുളുവിലെ ആദ്യത്തെ ഇതിഹാസകാവ്യമായി കണക്കാക്കുന്നത് 14-15 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട “തുളു മഹാഭാരതം”“ദേവീമാഹാത്മ്യം” എന്നിവയാണ്.

  • തെളിവ്: ഇത് സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യം ആരംഭിച്ച കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

  • ഒരു സംസ്കാരമെന്ന നിലയിൽ തുളുവിനെക്കുറിച്ച് ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയത് ബി.സി. മൂന്നാം നൂറ്റാണ്ടിലാണ്.

  • എന്നാൽ, തുളു ഒരു എഴുത്തുഭാഷയായി ഉപയോഗിച്ചതിന് ആദ്യത്തെ ഭൗതിക തെളിവുകൾ ലഭിക്കുന്നത് എ.ഡി. ഏഴാം നൂറ്റാണ്ടിലാണ്.

ചുരുക്കത്തിൽ, തുളു ഭാഷയുടെ ആദ്യ കാലഘട്ടത്തെ ഇങ്ങനെ സംഗ്രഹിക്കാം:

  • ഒരു സംസ്കാരമെന്ന നിലയിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയത്: ബി.സി. മൂന്നാം നൂറ്റാണ്ട് (സംഘകാലം).

  • എഴുത്തുഭാഷയായി തെളിവുകൾ ലഭിച്ചത്: എ.ഡി. ഏഴാം നൂറ്റാണ്ട്.

  • സാഹിത്യ ഗ്രന്ഥങ്ങൾ ലഭ്യമായത്: എ.ഡി. പതിനാലാം നൂറ്റാണ്ട്.

ഭൂമിശാസ്ത്രപരമായ വിതരണം

തുളു ഭാഷ സംസാരിക്കുന്ന പ്രദേശം പൊതുവെ തുളുനാട് എന്നറിയപ്പെടുന്നു. ചരിത്രപരമായി, കേരളത്തിലെ ചന്ദ്രഗിരിപ്പുഴ മുതൽ കർണാടകയിലെ ഗോകർണ്ണം വരെ വ്യാപിച്ചുകിടന്ന പ്രദേശമായിരുന്നു ഇത്. എന്നാൽ ഇന്ന് പ്രധാനമായും താഴെ പറയുന്ന പ്രദേശങ്ങളിലാണ് തുളു ഭാഷ സംസാരിക്കുന്നത്:

  • കർണാടക: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ.

  • കേരളം: കാസർഗോഡ് ജില്ലയുടെ വടക്കൻ ഭാഗങ്ങൾ, അതായത് ചന്ദ്രഗിരിപ്പുഴയുടെ വടക്കുള്ള പ്രദേശങ്ങൾ.

മംഗലാപുരം, ഉഡുപ്പി, കാസർഗോഡ് എന്നിവയാണ് തുളു സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ.

തുളു ലിപി (Tulu Script) ഉത്ഭവവും വികാസവും

തുളു ഭാഷയ്ക്ക് അതിൻ്റേതായ തനത് ലിപിയുണ്ട്. തിഗലാരി ലിപി എന്നും ഇത് അറിയപ്പെടുന്നു. തുളു ലിപിയുടെ വേരുകൾ പുരാതനമായ ഗ്രന്ഥ ലിപിയിൽ നിന്നാണ്. ദക്ഷിണേന്ത്യയിലെ പല ലിപികളുടെയും മാതൃസ്ഥാനത്തുള്ള ബ്രാഹ്മി ലിപിയിൽ നിന്നാണ് ഗ്രന്ഥ ലിപി രൂപപ്പെട്ടത്. ശ്രദ്ധേയമായ കാര്യം, മലയാള ലിപിയും ഇതേ ഗ്രന്ഥ ലിപിയിൽ നിന്നുതന്നെയാണ് വികസിച്ചത്. ഇക്കാരണത്താൽ തുളു ലിപിയും മലയാള ലിപിയും തമ്മിൽ കാഴ്ചയിൽ വളരെയധികം സാമ്യമുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, തുളു ലിപി മലയാള ലിപിയേക്കാൾ പഴക്കമുള്ളതും മലയാള ലിപിയുടെ വികാസത്തിൽ നിർണായക സ്വാധീനം ചെലുത്തിയതുമാണ്.

  • ഉത്ഭവം: ഈ ലിപി ഉത്ഭവിച്ചത് പുരാതനമായ ഗ്രന്ഥ ലിപിയിൽ നിന്നാണ്. മലയാള ലിപിയും ഇതേ ഗ്രന്ഥ ലിപിയിൽ നിന്നാണ് രൂപപ്പെട്ടത്. ഇത് ഈ രണ്ട് ലിപികളും തമ്മിലുള്ള സാമ്യത്തിന് കാരണമായി.

  • കേരളവുമായുള്ള ബന്ധം: നൂറ്റാണ്ടുകൾക്ക് മുൻപ്, തുളു ബ്രാഹ്മണർ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജകൾക്കും മറ്റുമായി പോയിരുന്നു. അവർ തങ്ങളുടെ ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന തുളു ലിപി കേരളത്തിൽ പ്രചരിപ്പിച്ചു. അക്കാലത്ത് മലയാളത്തിന് തനതായ ഒരു ലിപി പൂർണ്ണമായി വികസിച്ചിരുന്നില്ല. അങ്ങനെ തുളു ലിപിയിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് ഇന്നത്തെ മലയാള ലിപി രൂപപ്പെട്ടതെന്ന് പല പണ്ഡിതന്മാരും വാദിക്കുന്നു.

ലിപിയുടെ ഇന്നത്തെ ഉപയോഗം

19-ാം നൂറ്റാണ്ടിൽ അച്ചടി വന്നപ്പോൾ, ക്രിസ്ത്യൻ മിഷണറിമാർ തുളു പുസ്തകങ്ങൾ അച്ചടിക്കാൻ എളുപ്പത്തിൽ ലഭ്യമായിരുന്ന കന്നഡ ലിപി ഉപയോഗിച്ചു. ഇത് തുളു ലിപിയുടെ ഉപയോഗം കുറയുന്നതിന് കാരണമായി. എങ്കിലും, ഈ ലിപി പൂർണ്ണമായി അപ്രത്യക്ഷമായിട്ടില്ല.

  • ഉഡുപ്പിയിലെ അഷ്ടമഠങ്ങൾ പോലുള്ള പാരമ്പര്യ കേന്ദ്രങ്ങളിൽ ഇന്നും ഈ ലിപി ഉപയോഗിക്കുന്നുണ്ട്.

  • കർണാടക തുളു സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ലിപി പുനരുജ്ജീവിപ്പിക്കാനും സ്കൂളുകളിൽ പഠിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.

  • നിരവധി പുരാതന കൈയെഴുത്തു പ്രതികൾ ഈ ലിപിയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.

തുളു സാഹിത്യവും ഗ്രന്ഥങ്ങളും

ഏറ്റവും പഴക്കമുള്ള തുളു ഗ്രന്ഥം 15-ാം നൂറ്റാണ്ടിലെ തുളു മഹാഭാരതമാണ്. 17-ാം നൂറ്റാണ്ടിൽ എഴുതിയ ശ്രീ ഭാഗവതംകാവേരി എന്നിവയും തുളു ലിപിയിൽ കണ്ടെത്തിയ പ്രധാന ഇതിഹാസ കാവ്യങ്ങളാണ്. ഈ കൈയെഴുത്തുപ്രതികൾ പ്രധാനമായും ധർമ്മസ്ഥല പോലുള്ള പുരാതന കേന്ദ്രങ്ങളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

കാസർഗോഡ് ജില്ല തുളുനാടിന്റെ ഭാഗമാണെങ്കിലും, ഇവിടെ നിന്ന് പ്രത്യേകമായി ഏതെങ്കിലും പുരാതന ഗ്രന്ഥങ്ങൾ കണ്ടെടുത്തതായി വ്യക്തമായ രേഖകൾ ലഭ്യമല്ല. എങ്കിലും, ഈ പ്രദേശത്ത് തുളു ഭാഷയും സംസ്കാരവും ശക്തമായി നിലനിന്നതുകൊണ്ട് വാമൊഴി സാഹിത്യവും മറ്റ് എഴുത്തുകളും ഇവിടെയും പ്രചാരത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാണ്.

തുളു ഭാഷയുടെ ഇന്നത്തെ അവസ്ഥ

തുളു ഒരു മൃതഭാഷയല്ല. ലോകമെമ്പാടും ഏകദേശം 20 ലക്ഷത്തിലധികം ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഇത് ഒരു സജീവ ഭാഷയാണ്. എന്നാൽ, ഔദ്യോഗിക പദവി ഇല്ലാത്തതും വിദ്യാഭ്യാസ രംഗത്ത് ഉപയോഗിക്കാത്തതും ഭാഷയുടെ വളർച്ചയ്ക്ക് വെല്ലുവിളിയാണ്. തുളുവിനെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഔദ്യോഗിക ഭാഷാ പദവി നൽകണമെന്ന ആവശ്യം ശക്തമാണ്. ഭാഷയെയും ലിപിയെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നിരവധി സംഘടനകളും വ്യക്തികളും പ്രവർത്തിച്ചുവരുന്നു.

18-ാം നൂറ്റാണ്ടിൽ അച്ചടിയുടെ വരവോടെയാണ് തുളു ലിപിയുടെ പ്രചാരം കുറയാൻ തുടങ്ങിയത്. ക്രിസ്ത്യൻ മിഷണറിമാർ തുളു ഭാഷയിൽ പുസ്തകങ്ങൾ അച്ചടിക്കാൻ എളുപ്പത്തിൽ ലഭ്യമായിരുന്ന കന്നഡ ലിപി ഉപയോഗിച്ചു. കാലക്രമേണ, വിദ്യാഭ്യാസം, ഭരണം, സാഹിത്യം എന്നീ രംഗങ്ങളിലെല്ലാം കന്നഡ ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ഇത് തനത് തുളു ലിപിയുടെ പ്രാധാന്യം കുറയ്ക്കുകയും അതിനെ ഒരു ഗ്രന്ഥപ്പുരകളിലും മതപാഠശാലകളിലും ഒതുക്കുകയും ചെയ്തു.

ഇന്ന് തുളു ലിപിക്ക് പഴയ പ്രചാരമില്ലെങ്കിലും, ഭാഷാസ്നേഹികളുടെയും കർണാടക തുളു സാഹിത്യ അക്കാദമി പോലുള്ള സംഘടനകളുടെയും ശ്രമഫലമായി ഈ ലിപിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്

കാസർഗോഡിൻ്റെ ഓണം; ദീപാവലി!

ഓണാഘോഷവുമായി ബന്ധപ്പെട്ട കഥ ഏവരുക്കും അറിയാം, നല്ലവനായ മാവേലിത്തമ്പുരാനെ അസൂയമൂത്ത ദേവഗണങ്ങൾ കുള്ളൻ വാമനൻ മുഖേന വഞ്ചനയിലൂടെ പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞു എന്നാണു കഥ. മലയാളമാസാരംഭമായ ചിങ്ങമാസത്തിലാണ് ഓണം. നാടുകാണാനെത്തുന്ന മാവേലിയെ വരവേൽക്കാനായി പുതുവേഷങ്ങളണിഞ്ഞ്, നാടിനെ തന്നെ അലങ്കരിച്ച് ജനങ്ങൾ ഉത്സവാഘോഷങ്ങളാൽ കാത്തിരിക്കുന്ന ചടങ്ങാണിത്. കാസർഗോഡ് ജില്ലയിലും ഓണാഘോഷം സമാനമായി തന്നെ ആചരിക്കുന്നുണ്ട്, കൂടെ മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യ ഒട്ടാകെ നടക്കുന്ന ദീപാവലിയും പുരാതനകാലം മുതലേതന്നെ ആചരിച്ചു വരുന്നതും മഹാബലിയുടെ തിരിച്ചുവരവിൻ്റെ ആഘോഷം തന്നെയാണ്. നിലവിൽ കാസർഗോഡ് ജില്ലയിലും ബലീന്ദ്രനെ നാട്ടിലേക്ക് സ്വാഗതമരുളുന്ന ബലിപൂജയും ആരാധനയും നടക്കുന്നുണ്ട്. തുലാവത്തിലെ ദീപാവലി ദിവസം തന്നെയാണത്. കറുത്ത വാവു ദിവസമാണിതു നടക്കുന്നത്. പഴയ തുളുനാട്ടിൽ, ഇന്ന് കർണാടകയോടു ചേർന്നു പകുതിയോളം വരുന്ന കാസർഗോഡൻ പ്രദേശങ്ങളിലും ഉഡുപ്പി ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളിലുമായിട്ടാണിത് നടക്കുന്നത്.

കാഞ്ഞങ്ങാടിനടുത്ത് പൊടവടുക്കം അമ്പലത്തിൽ പൊലീന്ദ്രം പാല കുഴിച്ചിടുന്ന ചടങ്ങ്

ദ്രാവിഡസംസ്കൃതിയെ തൂത്തെറിഞ്ഞ ആര്യവംശമേൽക്കോയ്മയുടെ കഥയാണിതു കാണിക്കുന്നത്. പണ്ടു തുളുനാടു ഭരിച്ചിരുന്ന പൊലീന്ദ്രനെന്നറിയപ്പെടുന്ന ബലീന്ദ്രമഹാരാജനെ കണ്ട് അസൂയപൂണ്ട ആര്യവംശജർ, മഹാവിഷ്ണുവിൻ്റെ സഹായത്താൽ മുനികുമാര വേഷത്തിൽ വന്ന് മൂന്നടി മണ്ണ് ദാനമായി ചോദിച്ചെന്നും ത്രിവിക്രമരൂപിയായ മഹാവിഷ്ണുവിൻ്റെ ചതിയിൽ പെട്ടുപോയ ബലൊയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിക്കളഞ്ഞു. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് തുളുനാട്ടിൽ മാവേലിയറിയപ്പെടുന്നത്. ഭൂമിപുത്രനെന്ന പേരിൽ തന്നെ പ്രസിദ്ധനാണു മാവേലി. മാവേലിയെ തളയ്ക്കാൻ സവർണർ പലവട്ടം ശ്രമിക്കുന്നുണ്ട്. ആദ്യമായി ബലിയെ തളയ്ക്കാൻ പറഞ്ഞു വിടുന്നത് കലിയെയാണ്. അവർ പരാജയപ്പെട്ടു. കലിയുടെ വലതുകാൽ പൊൻ ചങ്ങലകൊണ്ടും വെള്ളിച്ചങ്ങല കൊണ്ട് ഇടം കാലും ഇരുമ്പുചങ്ങല കൊണ്ട് നടുവും ബന്ധിച്ച് മാവേലി കലിയെ ബന്ധസ്ഥനാക്കുന്നു. വാമനവേഷത്തിൽ മഹാവിഷ്ണുവന്ന് മാവേലിയെ ചതിച്ചതു പിന്നെയാണ്. മൂന്നടി മണ്ണ് നിനക്കെന്തിനാണെന്ന ചോദ്യത്തിന് വാമനൻ കൃത്യമായ ഉത്തരം കൊടുകുന്നുണ്ട്, ഒരടി സ്ഥലത്ത് വീടും ആലയും പണിത് കുളവും കിണറുമായി അവിടം കൃഷിസ്ഥലമാക്കുമെന്നും രണ്ടാമടിസ്ഥലത്ത് തെയ്യത്തിന് ആലയമുണ്ടാക്കി ഉത്സവം നടത്തുമെന്നും മൂന്നാമടി ബ്രാഹ്മണർക്കായി നീക്കി വെയ്ക്കുമെന്നുമായിരുന്നു വാമനൻ്റെ ഉത്തരം.

സമത്വ സുന്ദരമായിത്തന്നെ ഭരണയന്ത്രം തിരിച്ച ബലീന്ദ്രനോടുള്ള സ്നേഹവും വിശ്വാസവും ജനങ്ങൾ മറക്കാതെ പിൻതുടർന്നപ്പോളായിരിക്കണം ആര്യർ, ദ്രാവിഡജനതയ്ക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ബലീന്ദ്രസഹവാസം ഉറപ്പു നൽകിയത്. അന്നു വീടുകളിലേക്ക് സന്ദർശനത്തിനായി ബലീന്ദ്രരാജൻ എഴുന്നെള്ളുന്നു, അദ്ദേഹത്തെ സ്വീകരിച്ച്, പാട്ടുപാടി മനോഹരമാക്കി തിരിച്ചയകുകയാണിവർ ചെയ്യുന്നത്. അടിച്ചമർത്തപ്പെട്ടവൻ്റെ ഉയിർത്തെഴിന്നേൽപ്പിൻ്റെ നേർസാക്ഷ്യമാവുന്നു ഇവിടെ ബലീന്ദ്രൻ! കുത്തിനിർത്തിയ പാലക്കൊമ്പിൽ (പൊലീന്ദ്രംപാല) വെച്ച അലങ്കരിച്ച മൺവിളക്കുകളിൽ നെയ്ത്തിരി കത്തിച്ചാണ് കാസർഗോഡ് ജില്ലയിൽ ബലിന്ദ്രനെ ആരാധിക്കുന്നത്. തുലാവമാസത്തിലെ കറുത്തവാവു ദിനം മുതൽ മൂന്നുദിവസം മാവേലി നാടുകാണാനിറങ്ങാൻ അന്നു വരം ലഭിച്ചിരുന്നു. “മേപ്പട്ട് കാലത്ത് നേരത്തേ വാ” (അടുത്ത വർഷം നേരത്തേ തന്നെ വന്നേക്കണേ എന്ന്) എന്ന വായ്പ്പാട്ടുപാടി നാട്ടുകാർ ബലീന്ദ്രനെ പിന്നെ യാത്രയാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ദീപാവലിദിവസം ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, ‘പൊലിയന്ദ്രം’ എന്നപേരില്‍ ആണിതു നടക്കുന്നത്. പാലമരത്തിൻ്റെ കൊമ്പുകള്‍ കൊണ്ടുവന്ന് വീട്ടിൽ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം ‘ബലീന്ദ്രസന്ധി’യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. ‘അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും’ എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.

കേരളത്തിൽ ഓണക്കാലമാണ് ഈ മഹാബലി വാമനദ്വന്തസങ്കല്പം കൊണ്ടാടുന്നതെന്നു പറഞ്ഞുവല്ലോ. കാസർഗോഡ് ജില്ലയിലും ഓണാഘോഷം അതേപോലെ നടക്കുന്നു, കൂടെ ദീപാവലിദിനത്തിൽ ബന്ധപ്പെട്ട് ബലീന്ദ്രനേയും പൊലീന്ദ്രനായി കണ്ട് ഭൂരിപക്ഷം അമ്പലങ്ങളിൽ ആഘോഷിക്കുന്നുണ്ട്. കാഞ്ഞങ്ങാടിനടുത്ത് കൊടവലം ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാബലി കണ്ട വാമനമൂർത്തിയായ വിഷ്ണുവിൻ്റെ ത്രിവിക്രമ രൂപം തന്നെയാണ്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ നിന്നും കോട്ടപ്പാറയിൽ നിന്നും അടുത്താണു കൊടവലം. കൊടവലം ശിലാലിഖിതം ഉള്ളതും ഇവിടെ തന്നെയാണ്. എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മൻ ഒന്നാമൻ സ്ഥാപിച്ച ശാസനമാണിത്. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കല്പനയാണിതിൽ എഴുതി വച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും ആ പഴയ തുളുനാട്ടുകാര്‍ ഇന്നും ആഘോഷം കൊണ്ടാടുന്നു. കൊടവലത്തിനു തൊട്ടടുത്താണ് ഇരിയയ്ക്കു സമീപം പൊടവടുക്കം ഗ്രാമം, പൊടവടുക്കത്തും ഇന്നും ബലീന്ദ്രപൂജ നടക്കുന്നുണ്ട് പൊലീന്ദ്രനെ വരവേൽക്കാനായി ഇവർ പാലമരം ഘോഷയാത്രയായി തന്നെ കൊണ്ടുവന്ന് കുഴിച്ചിടുന്നുണ്ട്.പൊലീന്ദ്രൻ വിളികൾ ചെറുവത്തൂരും പരിസരങ്ങളിലും ഒരിക്കൽ സമൃദ്ധമായിരുന്നു. കിണറ്റുകരയിലും തൊഴുത്തിനു മുമ്പിലും പടിഞ്ഞാറ്റയിലുമായി വിളക്കുതെളിയിച്ച് അരിയിട്ട് മാവേലിയെ സന്തോഷവാനാക്കി തിരിച്ചയക്കുന്ന ജനതയാണിത്. കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധൻ തന്നെയാണ്. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്.

ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്നത് ഇന്നേവർക്കും അറിയാം. കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണ്. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍ അതു ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം. കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന്‍ വിജയനഗര സാമ്രാജ്യത്തില്‍നിന്ന് രണ്ട് വാമനന്മാര്‍ വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം തന്നെയുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ടും പ്രചാരത്തിലുണ്ട്. ദ്രാവിഡ – ബൗദ്ധപാര്യമ്പര്യത്തെ ചവിട്ടിത്താഴ്ത്തി മാധവസേവ ഊട്ടിയുറപ്പിച്ച കഥകളാണെവിടേയും പ്രധാനം. നമ്മൾ ആറുവരി മാത്രമായി കേട്ടുതഴമ്പിച്ച ഓണപ്പാട്ട് അവസാനിക്കുന്നതും അതു പറഞ്ഞുതന്നെയാണ്.

മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടുവാണീടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ…

ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. കേരളത്തിൽ ഇന്നുള്ള വാമനമാർ ആരൊക്കെയാണെന്ന് തിരിച്ചറിയണം! അതുകൊണ്ടുതന്നെ നമ്മള്‍ പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പറ്റുന്ന മാവേലിയെമാത്രം ആവണം. മാവേലിത്തമ്പുരാനെ കേരളജനതയെങ്കിലും മാറ്റി വരച്ചേ തീരൂ. മിത്തുകളുടെ പുനർവായന ഇന്നു കാലം ആവശ്യപ്പെടുന്നുണ്ട്. മിത്തുകൾ പോലും കവർച്ച ചെയ്ത് , മറ്റൊരു രൂപത്തെ എഴുന്നെള്ളിക്കാൻ പലഭാഗത്തു നിന്നും ശ്രമം നടക്കുന്ന കാലമാണിത്.

കേരളത്തിനു പുറത്തുള്ള ബലീന്ദ്രസങ്കല്പവും ദീപാവലിയുമായി ബന്ധപ്പെട്ടുതന്നെയാണ്. ദീപാവലിയുടെ നാലാം ദിവസമാണ് ബലി പാട്യമി, പദ്വ, വീരപ്രതിപദ അല്ലെങ്കിൽ ദ്യുതപ്രതിപദ എന്നൊക്കെ അറിയപ്പെടുന്ന ബലി പ്രതിപദ നടക്കുക. ദൈത്യരാജാവായ ബാലിയുടെ തിരിച്ചുവരവിന്റെ ആദരസൂചകമായി ഇതാഘോഷിക്കപ്പെടുന്നു. കാർത്തികമാസത്തിലെ ആദ്യദിനമാണിതു വരിക അതായത് ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടാവും ഇതുവരിക; മലയാളമാസപ്രകാരം തുലാവത്തിലാവും. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അവരുടെ മാസക്രമപ്രകാരം ഇതു പുതുവത്സരദിനം കൂടിയാണ്. വിക്രം സംവത്(Vikram Samvat), ബെസ്തു വാരസ് (Bestu Varas), വർഷ പ്രതിപദ(Varsha Pratipada) എന്നൊക്കെ ഈ ദിനം അറിയപ്പെടുന്നു.

BCE രണ്ടാം നൂറ്റാണ്ടിലെഴുതിയ പതഞ്ജലിയുടെ അഷ്ടാധ്യായിൽ ബാലികഥ പരാമർശിക്കുന്നുണ്ട്. വേദകാലഘടത്തിൽ തന്നെ സുരാസുരയുദ്ധവിവരൺങ്ങളിൽ അസുരരാജാവായ മഹാബലി പ്രമുഖനാണ്. മഹാഭാരതം, രാമായണമ്മ് പ്രധാനപുരാണങ്ങളായ ബ്രഹ്മപുരാണം, കൂർമ്മപുരാണം, മത്സ്യപുരാണം ബലിചരിതം പരാമർശിക്കുനുണ്ട്. ബലിപ്രതിപാദം മഹാബലിയുടെ ഭൂമിയിലേക്കുള്ള വാർഷിക മടങ്ങിവരവിനെയും വാമനന്റെ വിജയത്തെയും അനുസ്മരിക്കുന്നു – വിഷ്ണുവിന്റെ നിരവധി അവതാരങ്ങളിൽ ഒന്നും, ദശാവതാര പട്ടികയിലെ അഞ്ചാമത്തെ അവതാരവുമാണ് വാമനൻ. മഹാബലി അടക്കമുള്ള സകല അസുരരാജാക്കന്മാരുടേയും മേൽ വിഷ്ണു നേടിയ വിജയം പ്രധാനമായിരുന്നു അന്ന്, മഹാബലി പരാജയപ്പെടുന്ന വേളയിൽ അദ്ദേഹം ഒരു വിഷ്ണുഭകതനും സമാധാനപ്രിയനും ദയാലുവും ആയ ഭരണാധികാരി ആയിരുന്നുവത്രേ. അതുകൊണ്ടാണ് മൂന്നടി മണ്ണു ചോദിച്ച് വിഷ്ണു ബലിയെ ചതിക്കുകയായിരുന്നു. അവസാനവേളയിൽ മഹാബലി ചോദിച്ച വരം അപ്പോൾ വിഷ്ണുകൊടുക്കുന്നുണ്ട്, അതുവഴി വർഷത്തിൽ ഒരിക്കൽ ഭൂമിയിലേക്ക് ഒരുദിനം മടങ്ങിവരാൻ അവസരം ലഭിക്കുന്നു. ഭാവിയിൽ മഹാബലിക്ക് ഇന്ദ്രനായി പുനർജ്ജനിക്കാനും കഴിയും.

മഹാബലി വിഷ്ണഭക്തനായ പ്രഹ്ലാദന്റെ പൗത്രനായിരുന്നു. നരസിംഹാവതാര സമയത്ത് വിഷ്ണു വധിച്ച ഹിരണ്യകശ്യപുവിൻ്റെ മകനാണു പ്രഹ്ളാദൻ. പ്രഹ്ളാദൻ്റെ അഭ്യർത്ഥന മാനിച്ചാണ് മഹാബലിക്ക് ഇങ്ങനെ സ്വന്തം ജനതയെ വർഷത്തിൽ ഒരിക്കൽ കാണാനുള്ള വരം ലഭിച്ചതെന്നും ഭാഷ്യമുണ്ട്. എന്തായാലും അന്നത്തെ ആര്യദ്രവിഡസംഘട്ടനത്തെ കൃത്യതയാർന്ന ഭാഷയിൽ ദേവാസുര യുദ്ധമായി കലാപരമായി വർണിക്കാനും തലമുറകൾ കൈമാറാനും കഴിഞ്ഞു എന്നതാണു സത്യം. ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ ‘ബൃഹദ്‌സംഹിത’യില്‍ ശ്രീരാമന്‍, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്‍, ബുദ്ധന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരുകാലത്ത് മാവേലിമന്നനെ വരവേൽക്കുന്ന ആഘോഷങ്ങൾ ഇന്ത്യമുഴുവൻ നടന്നിരുന്നു. തുലാമാസത്തിലെ അമാവാസിദിവസമായിരുന്നു അത്. ദ്രാവിഡ-ബൗദ്ധഅവർണസംഘല്പാധിഷ്ഠിതമായ ആ ചരിതം തന്നെയാണ് ദീപാവലിയിലൂടെ പറയാതെ പറയുന്നത്. കാലക്രമത്തിൽ സവർണാധിപത്യത്താൽ ഹൈജാക്ക് ചെയ്യപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ ബലിത്തമ്പുരാൻ്റെ എഴുന്നെള്ളിപ്പ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.

“കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില് വയല്ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില് വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.” വാമനൻ ബലീന്ദ്രനു കൊടുത്ത വരമാണിത്!

ഇങ്ങനെയൊരു നാൾ ഒരിക്കലും വരില്ലെന്ന ബോധമുള്ളവർ തന്നെയാണു നമ്മൾ. സത്യത്തിൽ, ഇങ്ങനെയല്ലെങ്കിലും അല്പം മികച്ചൊരു ഭരണാധികാരി വരാനായി കാത്തിരിക്കുന്ന ജനതയാണിന്നും കാസർഗോഡ് ജില്ലയിലെ ജനത!! ബലീന്ദ്രനെപോലൊരു മുഖ്യൻ എന്നെങ്കിലും കേരളം ഭരിച്ചാൽ മാത്രമേ കാസർഗോഡ് ജില്ലയുടെ അവസ്ഥ അല്പമെങ്കിലും ഭേദപ്പെടുകയുള്ളൂ – അത്രമേൽ ദരിദ്ര്യമാണിവിടുത്തെ വികസന പ്രക്രിയകൾ ഒക്കെയും. നല്ലൊരു ഡോക്ടറെ കാണാൻ മങ്ങലാപുരത്തേക്ക് എത്താതെ നിവൃത്തിയില്ലാത്ത അവസ്ഥ! പേരിനൊരു മെഡിക്കൽ കോളേജുള്ളത് ബോർഡറിലെവിടെയോ സ്ഥിതിചെയ്യുന്നുണ്ടത്രേ!!

സഹോദരൻ അയ്യപ്പൻ്റെ കവിതയിൽ നിന്നും ചിലവരികൾ:
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതിനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാൾവഴിക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല മൂലധനത്തിൻ ഞെരുക്കലില്ല
ആവതവരവർ ചെയ്തു നാട്ടിൽ ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയേവർക്കും സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ
സൗഗതരേവം പരിഷ്‌കൃതരായ് സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നീ ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശലമാർന്നൊരു വാമനനെ വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ ശീർഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി
വർണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി
മർത്ത്യനെ മർത്ത്യനശുദ്ധനാക്കുമയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെമേലിൽക്കേറി തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും
സ്നേഹവും നാണവും കെട്ട രീതി മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻ വിയർപ്പു ഞെക്കി നക്കിക്കുടിച്ചു മടിയർ വീർത്തു
നന്ദിയും ദീനകരുണതാനും തിന്നുകൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു
സ്ത്രീകളിവർക്കു കളിപ്പാനുള്ള പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നുമെത്തിയോർക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകൾ നമ്മളേവം ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാമൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം നമ്മൾ വെടിയണം നന്മ വരാൻ.

വാമനനും മഹാബലിയും

നേപ്പാളിലെ ചങ്ങു നാരായണ ടെമ്പിളിൽ ഉള്ള ത്രിവിക്രമരൂപത്തിൽ ഉള്ള മഹാവിഷ്ണു മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതിമ

കർണാടകയിലെ ബദാമിയിൽ ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മൂന്നാമത് ഗുഹാക്ഷേത്രത്തിൽ കാണുന്ന് ശില്പമാണിത്. മഹാബലിയെ ത്രിവിക്രമരൂപിയായി മാറിയ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിതാഴ്തുന്നതുതന്നെയാണിത്.

ബദാമിയിലെ മറ്റൊരു പ്രതിമ

ബദാമിയിലെ തന്നെ മറ്റൊരു പ്രതിമ

ഇഡു

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
Idu ഇഡു
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

പുരാവൃത്തങ്ങൾ

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

Vishnu Moorthi Theyyam
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.