ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം
മരം ഒന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരം എന്നോതുവാന്‍ മോഹം
എന്തു മധുരം എന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്നു മാത്രമായും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .