മങ്ങലം കളി

വടക്കേ മലബാറിൻ്റെ ഗോത്രസംസ്കാരത്തിൽ വേരൂന്നിയ ഒരു അനുഷ്ഠാനകലാരൂപമാണ് മംഗലംകളി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാവിലർ, മലവേട്ടുവർ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിൽ വിവാഹമെന്ന മംഗളകർമ്മത്തിന് ‘മങ്ങലം’ എന്ന് പറഞ്ഞ്, പാട്ടിലൂടെയും നൃത്തത്തിലൂടെയും അവർ അതിന് ഊർജ്ജം പകരുന്നു. പാട്ടുകളെ മംഗലംപാട്ടുകൾ എന്നും നൃത്തത്തെ മംഗലംകളിയെന്നും വിളിക്കുന്നു. ഈ കലാരൂപം വെറുമൊരു വിനോദോപാധി എന്നതിലുപരി, ഒരു ജനതയുടെ ചരിത്രവും സംസ്കാരവും വിശ്വാസവും ഒളിഞ്ഞുകിടക്കുന്ന ഒരു വാമൊഴി പാരമ്പര്യമാണ്.

കളിയുടെ ഘടനയും അവതരണരീതിയും

മംഗലംകളിയുടെ പ്രധാന ആകർഷണം അതിൻ്റെ അവതരണരീതിയാണ്. സ്ത്രീപുരുഷന്മാർ വട്ടത്തിൽ നിന്ന് പാടിക്കൊണ്ട് ആടുന്ന ഈ കലാരൂപത്തിൽ, തുടി എന്ന തനതായ വാദ്യോപകരണമാണ് താളം നൽകുന്നത്. മുരിക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കൊണ്ട് നിർമ്മിച്ച്, വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുടെ തോലുകൊണ്ട് പൊതിഞ്ഞ് ഉണ്ടാക്കുന്ന ഈ തുടി, ചെണ്ടയെപ്പോലെ കയറുകൾ ഉപയോഗിച്ച് ശബ്ദം ക്രമീകരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു കളിക്കായി ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ആൺകുട്ടികളും പുരുഷന്മാരും മാത്രമാണ് തുടി വായിക്കുക.

ഒരു കളിയിൽ മുപ്പതോളം ആളുകൾ വരെ പങ്കെടുക്കാം. രാത്രി മുതൽ പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഈ നൃത്തം വിവാഹപ്പന്തലിൻ്റെ മധ്യഭാഗത്തുള്ള തൂണിന് ചുറ്റുമാണ് സാധാരണയായി അരങ്ങേറുന്നത്. വിവാഹത്തിന് പുറമെ താലികെട്ട് മംഗലം, തിരണ്ട് മംഗലം, കാതുകുത്ത് മംഗലം തുടങ്ങിയ മറ്റ് ആഘോഷങ്ങൾക്കും സമാനമായ കളികളും പാട്ടുകളും ഈ വിഭാഗങ്ങൾക്കിടയിലുണ്ട്.

മംഗലംപാട്ടുകൾ: ചരിത്രത്തിൻ്റെ വാമൊഴിവഴികൾ

മംഗലംകളിയുടെ ആത്മാവ് അതിൻ്റെ പാട്ടുകളാണ്. കേൾക്കുന്നവർക്ക് ആശ്ചര്യം തോന്നാം, ഈ പാട്ടുകളിൽ വിവാഹത്തെയോ വിവാഹജീവിതത്തെയോ കുറിച്ച് അധികം പരാമർശിക്കാറില്ല. പകരം, അവ ഒരു ജനതയുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലം ഓർമ്മിപ്പിക്കുന്നു. നമ്മൾ ആരായിരുന്നു, എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയത് എന്നതിനെക്കുറിച്ചുള്ള ശുദ്ധമായ ചരിത്രകഥകൾ ഈ പാട്ടുകളിലുണ്ട്.

ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ പാട്ടുകൾ ഒരു സമൂഹത്തിൻ്റെ ചരിത്രാഖ്യായികകളായി വർത്തിക്കുന്നു. അതുകൊണ്ടുതന്നെ, പുതുജീവിതം ആരംഭിക്കുന്ന ദമ്പതികൾക്ക് തങ്ങളുടെ വേരുകൾ എന്താണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സമർപ്പണമായാണ് ഈ പാട്ടുകളും കളികളും മാറുന്നത്. തുളുവിൻ്റെയും മലയാളത്തിൻ്റെയും സ്വാധീനമുള്ള ഈ പാട്ടുകൾക്ക് ഓരോന്നിനും വ്യത്യസ്ത താളങ്ങളും ശൈലികളുമുണ്ട്.

ഗോത്രവർഗ്ഗവും അതിജീവനവും

മംഗലംകളി പ്രധാനമായും അവതരിപ്പിക്കുന്നത് മാവിലർ എന്ന ആദിവാസി വിഭാഗമാണ്. മലയാളവും തുളുവും ചേർന്ന ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്ന ഇവർ, പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കുന്നവരാണ്. അതുപോലെ, മലവേട്ടുവർ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗവും ഈ കലാരൂപം ആഘോഷിക്കുന്നു. ഇരുവിഭാഗങ്ങൾക്കും അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ഇവരുടെ പാട്ടുകൾക്ക് വ്യത്യാസങ്ങളുണ്ടെങ്കിലും, നൃത്തച്ചുവടുകൾക്ക് പൊതുവായ സാമ്യമുണ്ട്.

മാറുന്ന കാലവും ഭാവിയും

ആധുനികതയുടെ കടന്നുവരവിൽ പല തനത് കലകളെയും പോലെ മംഗലംകളിയും അതിൻ്റെ തനിമയിൽ നിന്ന് അകന്നുപോവുകയാണ്. കല്യാണങ്ങൾ ആധുനിക ഓഡിറ്റോറിയങ്ങളിലേക്ക് മാറിയപ്പോൾ, ഈ കലയുടെ ഇടം ചുരുങ്ങി. എന്നാൽ, കേരള സ്കൂൾ കലോത്സവം പോലുള്ള വേദികൾ മംഗലംകളിയെ വീണ്ടും ജനകീയമാക്കാൻ സഹായിക്കുന്നുണ്ട്. അത്തരമൊരു വേദിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അതിൻ്റെ അനുഷ്ഠാനപരമായ പരിശുദ്ധി നഷ്ടപ്പെടുമെന്നൊരു വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

എങ്കിലും, ഈ കലയെ സംരക്ഷിക്കാൻ സാംസ്കാരിക കൂട്ടായ്മകളും ഗവേഷകരും ശ്രമിക്കുന്നുണ്ട്. മംഗലംകളി വെറുമൊരു നൃത്തരൂപമല്ല, അത് ഒരു ജനതയുടെ സ്വത്വത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാൽ മാത്രമേ ഈ കലയെ നമുക്ക് ഭാവിതലമുറയ്ക്കായി സംരക്ഷിക്കാൻ കഴിയൂ.

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും