കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം – കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്.
പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ.
കുട്ടിത്തം
കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം… പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ പരിപാടി! അത്രമാത്രം സന്തോഷമേ ഈ പ്രായത്തിൽ അവൾക്ക് ആവശ്യമുള്ളൂ. അവൾക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതിൽ ഒരു ചോക്കലേറ്റ് കൊടുക്കുന്നതിൽ ഒക്കെയാണവൾക്കേറെ ഇഷ്ടം. കുറച്ചു നാൾ മുമ്പ് ആമിമോളോട് മുത്തപ്പൻ തെയ്യം ഏറെ സംസാരിച്ചിരുന്നു, ഒടുവിൽ മുത്തപ്പൻ തെയ്യം ചോദിച്ചു കുഞ്ഞിനെന്താ മുത്തപ്പൻ തരേണ്ടത് എന്ന്!! ആമിമോൾക്ക് ഒരു ഡൗട്ടും വന്നില്ല; അവൾ പറഞ്ഞു ചോക്കലേറ്റ് എന്ന്!! ഇവരുടെ വികാരങ്ങൾ ഇത്രയ്ക്ക് ലളിതമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും കരുതലുകളും മനസ്സിലാക്കാൻ മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിയും എളേമ്മമാരും സഹോദരങ്ങളും ഒക്കെ ആയി നിരവധിപ്പേരുണ്ടായിരുന്നു. അതിനനുസരിച്ച് ഓരോരുത്തർ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പലതും പറഞ്ഞുകൊടുത്തുമിരുന്നിരുന്നു. ആ അറിവൊക്കെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചുപോന്നു. അവരുടെ ഭാവി അതുപ്രകാരം പുഷ്ടവുമാവുമായിരുന്നു!!
ആമിക്കുട്ടിയുടെ കൗതുകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീടിനു സമീപമുള്ള എല്ലാ കുഞ്ഞുങ്ങളും മൊബൈൽ ഫോൺ കണ്ടമാനം ഉപയോഗിക്കുന്നവരാണ്. ഒരിക്കലോ മറ്റോ ഞാൻ പറഞ്ഞിരിക്കണം, മൊബൈൽ ഫോൺ കുഞ്ഞിനുള്ളതല്ല, ഇതുപയോഗിക്കരുത് എന്ന് – അവൾ ഒരിക്കൽ പോലും ഞങ്ങളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല. ടാബ് ഉപയോഗിക്കാൻ പ്രായമായപ്പോൾ നിറയെ വിജ്ഞാനപ്രദവും സുന്ദരവുമായ അക്ഷരപ്പാട്ടുകളും നഴ്സറിഗാനങ്ങളുമായി ഞാനത് ആമീസിനു കൊടുത്തു. ആരോ പറഞ്ഞതു കേട്ട് ആമീസിന്റെ കണ്ണ് കേടാവും എന്നും പറഞ്ഞ് മഞ്ജു അത് ഒളിപ്പിച്ചുവെച്ചു; ഏറെ തപ്പിയിട്ട്, എനിക്കുപോലും അതു കണ്ടെത്താനായില്ല. ആമീസും ഞാനും മിക്കപ്പോഴും തപ്പിനടന്ന് ക്ഷീണിക്കും. ആമിമോൾക്കത് ഏറെ നിരാശ ഉളവാക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു; പലപ്രാവശ്യം ചോദിച്ചിട്ടും മഞ്ജുവത് തന്നില്ല. ആകെ കുറച്ചു നാളുകളിലേ അവളുടെ സ്വന്തമായ ടാബുപോലും ഉപയോഗിക്കാൻ പറ്റിയുള്ളൂ, എന്നിട്ടും ആമീസ് ഒരിക്കൽ പോലും മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല!! ആമീസിനെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊക്കെ അവൾ മൊബൈൽ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞാൻ നാട്ടിൽ പോയ സമയത്ത് ഒരിക്കൽ അടുത്ത വീട്ടിലെ കുഞ്ഞു വന്ന് മഞ്ജുവിനോട് മൊബൈൽ ചോദിച്ച് വാങ്ങി അതിലെ ഗെയിം കളിക്കാൻ തുടങ്ങിയത് ആമീസിന്റെ കുട്ടിത്തത്തിനു തീരെ ദഹിക്കാനായില്ല. “അമ്മേടെ മോളല്ലേ ഞാൻ എനിക്കെന്താ മൊബൈലിൽ ഗെയിം തരാത്തത്?“ എന്നവൾ അറിയാതെ ചോദിച്ചുപോയി. സങ്കടം മഞ്ജുവിനും വന്നു. അവൾ ഒളിപ്പിച്ചു വെച്ച ടാബുതന്നെ ആമീസിനു കൊടുത്തു. ആമീസിനത് ചാകരയായിരുന്നു, സന്തോഷം സഹിക്കാതെ തുള്ളിച്ചാടി… പിറ്റേ ദിവസം അവളതിൽ വീഡിയോ കാണുമ്പോൾ മറ്റേ വീട്ടിലെ കുരുന്നുകുഞ്ഞു വന്നത് തട്ടിപ്പറിച്ച് ഓടിപ്പോയി. പോകും വഴി ടാബ് നിലത്ത് വീണ് പൊട്ടിപ്പോവുകയും ചെയ്തു! അമീസിന്റെ സങ്കടം അവൾ തീർത്തെങ്കിലും അതിലേറെ സങ്കടം എനിക്കായിരുന്നു. ഒരു ടാബ് നേരാം വണ്ണം കാണാൻ പോലും ആമീസിനു പറ്റിയിരുന്നില്ല; ഒളിപ്പിച്ചുവെച്ച ആ സാധനം, ഉപയോഗിച്ച് തുടങ്ങും മുമ്പേ അബന്ധത്തിൽ പൊളിഞ്ഞും പോവുകയും ചെയ്തു. പുതിയൊരെണ്ണം വാങ്ങാനായി നെറ്റിൽ വിലനിലവാരം നോക്കിയപ്പോൾ സമാനമായതിന് 19000 രൂപയുടെ നിലവാരം വരുന്നുണ്ടെന്നറിയാനായി. ആ വിലയ്ക്ക് നല്ലൊരു ലാപ്പ്ടോപ്പ് വാങ്ങിക്കാമെന്ന് എനിക്കു തോന്നി. ലാപ്പവൾക്ക് നന്നായി ഉപയോഗിക്കാനറിയാം. പഠിപ്പിക്കാതെ തന്നെ സ്വന്തമായി ഞാൻ പോലും അറിയാതെ അവൾ മടിയിലിരുന്നു പഠിച്ചെടുത്തതാണതിന്റെ ഉപയോഗം പലതും. ടാബിലെ പരിപാടികൾ ലാപ്പിലും ആകുമല്ലോ. അമീസിന്റെ കൗതുകങ്ങൾക്ക് വേണ്ടുന്ന വിലകൊടുക്കാൻ എന്നെ പ്രാപ്തനാക്കുന്നത് ഇത്തരം കൊച്ചുകൊച്ചു സങ്കടങ്ങൾ ഒക്കെ ചേർത്തുവെച്ചുമാണ്. അവളുടെ കുട്ടിത്തം നാലു ചുവരുകൾക്കിടയിൽ കേവലം രണ്ടാളുകൾക്കിടയിൽ ഒതുങ്ങുമ്പോൾ ഇത്തരം കൊച്ചു നൊമ്പരങ്ങൾ ഏറെ വേദനിപ്പിക്കുന്നു.
വിദ്യാഭ്യാസം
വിദ്യ വരുന്നത് നാലുതരത്തിലാണത്രേ. നീതിസാരം പറയുന്നു,
ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തുഃ
നാലിലൊന്ന് അദ്ധ്യാപർക്ക് കൊടുക്കാനാവും, പുസ്തകം കേന്ദ്രീകരിച്ചുള്ള വിജ്ഞാനമൊക്കെ നാലിൽ ഒന്നുമാത്രമാണ്. നല്ല പുസ്തകങ്ങൾ കണ്ടെത്താനും അതു പകർന്നു നൽകാനും നല്ല അദ്ധ്യാപകർ ആവശ്യവുമാണ്. കൈക്കൂലി വങ്ങിച്ച് കുഞ്ഞുങ്ങളെ ലഗോൺ കോഴിയെ എന്നപോലെ നോക്കുന്ന ഇവിടുള്ള അദ്ധ്യാപരിൽ നിന്നും കിട്ടുന്ന ആ നാലിൽ ഒന്ന് എന്താവുമോ എന്തോ!! പിതാക്കൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണു സത്യം.
നാലിൽ ഒരുഭാഗം സ്വന്തമായ കണ്ടെത്തലുകളാണ്. അമ്മയും അച്ഛനും എങ്ങനെ പെരുമാറുന്നു, അവർ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു; മറ്റുള്ളവർ പോയ ശേഷം അവരെ പറ്റി എന്തു പറയുന്നു, എത്തിച്ചേരുന്ന കളിക്കൂട്ടുകാരെ പറ്റി എന്തു പറയുന്നു, ഇങ്ങനെ ചുറ്റിലും കാണുന്നതൊക്കെ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അടിസ്ഥാന ശിലകളാവും ഈ തിരിച്ചറിവുകൾ.. അവരുടെ നാളെ എന്നത് ഈ വിചാരങ്ങളുടെ നിറവിലായിരിക്കും രൂപീകൃതമാവുക എന്നു തോന്നുന്നു. പിതാക്കൾ ചെയ്യാൻ പറ്റുന്നത് ഈ നാലിൽ ഒന്നിനെ അവൾപോലും അറിയാതെ അവളുടേതാക്കി ക്രമീകരിക്കുക എന്നതിലാണ്. സ്നേഹപൂർവം അവരുടെ പരിഭവങ്ങൾ കേട്ട് ആശ്വസിപ്പിച്ചു വേണം കുഞ്ഞുകുഞ്ഞറിവുകൾ അവർ പോലും അറിയാതെ അവർക്കുള്ളിലേക്ക് എത്തിക്കേണ്ടത്.
പിന്നെ വരുന്നതിൽ നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും ലഭിക്കേണ്ടതാണ്. അമ്മയും അച്ഛനും നല്ല കൂട്ടുകാരായിരുന്നാൽ മാത്രമേ കുഞ്ഞിന്റെ മറ്റുള്ള കൂട്ടുകാരെപറ്റിയും അറിയാൻ പറ്റൂ. അവർ അറിയാതെ നൽകുന്ന പാഠങ്ങൾ ഇവർ പഠിച്ചുവെയ്ക്കും. തെറ്റും ശരിയും അറിയാതെ ഉഴലുന്ന പതിപ്രായം കൂട്ടുകാർ നൽകുന്ന രഹസ്യഭാഷ്യത്തിൽ ഒരുപക്ഷേ മുഴുകിപ്പോയേക്കാം. വീട്ടുകാരോട് പറയാൻ മടിയുള്ളത് കൂട്ടുകാരോട് പറയാനാവും എന്നൊരു ബോധം കുഞ്ഞിനെ ചിന്തിപ്പിച്ചേക്കും. കുഞ്ഞിനോടുള്ള നല്ല സൗഹൃദത്തിലൂടെ മാത്രമേ പിതാക്കൾക്ക് അതൊക്കെ തിരിച്ചറിഞ്ഞ് നല്ല നിർദ്ദേശങ്ങൾ കൊടുക്കാനാവൂ. കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ബലമാണിതിനു പിന്നിൽ.
ബാക്കിവരുന്ന നാലിൽ ഒന്ന് സ്വയം വന്നു ചേരുന്ന അനുഭവജ്ഞാനം തന്നെയാണ്… തിരിച്ചറിവുകാളാണ് അവ. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും നല്ല സാഹചര്യങ്ങളും നല്ല പുസ്തകങ്ങളും ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവന്നേക്കും. നല്ല ഭാഷാജ്ഞാനം ഏറെ വഴികൾ തൊട്ടറിയാനുള്ള മാർഗം കൂടിയാണ്. അവരുടെ ജീവിത ക്രമീകരണത്തിൽ അവരതിനെ വേണ്ടും വിധം ഉപയോഗിച്ചോളും. ഇതു കാലം കൊണ്ടുക്കൊടുക്കുന്നതാണ്. പൂർവ്വകാലം, അതായത് നാലിൽ ബാക്കി മൂന്നുഭാഗം തന്നെയായിരിക്കും ഇതിനെ രൂപീകരിക്കാനുള്ളതിലെ പ്രധാനി. വളർന്നു വന്ന രീതിയിൽ അവർ നേടിയെടുത്ത വിജ്ഞാനശകലങ്ങൾ ചേർത്തുവെച്ചായിരിക്കും എന്തിനേയും വിലയിരുത്താൻ മുതിരുന്നതു തന്നെ.
ഇന്നുള്ള വിദ്യാഭ്യാസ രീതിയിൽ പ്രധാനം
കുഞ്ഞുമനസ്സിലേക്ക് വിദ്യവരുന്നത് ഇങ്ങനെ പലരൂപത്തിലാണ്; അങ്ങനെ മാത്രമേ അവർ വിദ്യാസമ്പന്നരുമാവൂ. പക്ഷേ, ഇന്നിവിടെ വിദ്യ കുഞ്ഞുമനസ്സിലേക്ക് കെട്ടിവെയ്ക്കുകയാണ്. നഴ്സറിയിൽ പഠിക്കുന്ന ആമിമോളുടെ ഗൃഹപാഠങ്ങൾ കാണുമ്പോൾ തന്നെ ഭയമാണ്. ജോലി കിട്ടാനുള്ളൊരു മാർഗം മാത്രമാണിന്നു വിദ്യയും സർട്ടിഫിക്കേറ്റുകളും; ഇവയിൽ പ്രകടനം എത്രമാത്രം പദർശിപ്പിക്കുന്നുവോ അവർക്ക് ജോലി എന്ന കാര്യത്തിൽ വിദ്യ എന്ന സംഗതി അന്യം നിൽക്കുകയാണ്. ഹോം വർക്ക് കൂടാതെ കുഞ്ഞുങ്ങൾ പഠിപ്പിസ്റ്റാക്കി മാറ്റാൻ ട്യൂഷനു വിടുക, സംഗീതം പഠിക്കാൻ വിടുക, ഡാൻസു പഠിക്കാൻ വിടുക തുടങ്ങിയ കലാപരിപാടികളും കൂടെ തന്നെയുണ്ട്. ആസ്വാദ്യമായ കുട്ടിക്കാലം മുഴുവൻ ഇങ്ങനെ തീറെഴുതിക്കൊടുക്കേണ്ട ഗതികേട്ട് ഓർക്കാൻ പോലും പറ്റാതാവുന്നത് അത്തരം ഒരു കുട്ടിക്കാലം മനസ്സിൽ ഇന്നും പച്ചയായി ജീവിക്കുന്നതുകൊണ്ടാവണം; എന്റെ അറിവില്ലായ്മയും ആവണം!!
വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലായാവേണ്ടതാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഇവിടെ, ബാംഗ്ലൂരിൽ 3 വയസ്സുള്ള കുഞ്ഞിനെ നഴ്സറിയിൽ വിടാൻ 40000 രൂപ വേണം, നഴ്സറിപഠനപ്രകാരം നടക്കുന്ന ഇന്റെർവ്യൂവും സർട്ടിഫിക്കേറ്റും കാണിച്ച് അതിൽ ജയിച്ചാലേ മിനിമം 2 ലക്ഷത്തിന് എൽ. കെ. ജിയിൽ ചേർക്കാനാവൂ… കൈക്കൂലി ഇല്ലാത്തെ എക്സ്ട്രാ ഒരു ലക്ഷത്തിന് യുക്കെജിയും കടന്നു കൂടാം. ഈ രണ്ടുവർഷത്തെ സർട്ടിഫിക്കേറ്റും ഇന്റെർവ്യൂവും ജയിച്ചാലേ ഒന്നാം ക്ലാസ്സിൽ ചേർക്കൂ… യൂണിഫോം, പുസ്തകങ്ങൾ, യാത്രാചെലവ്, മാസാമാസം ട്യൂഷൻ ഫീസ് എന്നൊക്കെ പറഞ്ഞ് വർഷാവർഷങ്ങളിൽ തുക കൂടിക്കൂടി വരും!! വർഷം തോറും ഇത് മാറിവരികയും ചെയ്യുന്നു. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും കോടികൾ എത്ര കഴിയും!! കുഞ്ഞിനെ ഗവണ്മെന്റ് ജോലികിട്ടിയാലെങ്കിലും നല്ല കൈക്കൂലി വാങ്ങിക്കാൻ കൂടി ഇങ്ങനെ പഠിപ്പിക്കാൻ വിധിക്കപ്പെട്ട ഏത് അച്ഛനാണു ഓർക്കാതിരിക്കുക!! വിദ്യാഭ്യാസം പൊതുമേഖലയുടെ കച്ചവടതന്ത്രം മാത്രമാണിന്ന്; ഗവണ്മെന്റ് അതിനു കൂട്ടും നിൽക്കുന്നു. മുകളിൽ പറഞ്ഞ തുകയൊക്കെ 6 സ്കൂളുകളിൽ അന്വേഷിച്ചതിൽ മിനിമം തുക പറഞ്ഞതിന്റെ വിവരങ്ങളാണ്. കൈക്കൂലി (ഡൊണേഷൻ) മാക്സിമം കാണാൻ പറ്റിയത് എട്ടര ലക്ഷമാണ് – എൽക്കെജിക്ക്!! മുകളിൽ ഞാനെഴുതിയത് മിനിമം തുകയായ ഒരു ലക്ഷം മാത്രമാണ്; ട്യൂഷൻ ചാർജായും യൂണിഫോം, പുസ്തകങ്ങൾ, വാഹനചാർജ്ജ് ഒക്കെയായി ഇതേ തുക അധികമായും ഉണ്ട്!!
എൽ. കെ. ജി. കുട്ടികളും സെക്കന്റി വിദ്യാർത്ഥിയോ?
ഓരോ സ്കൂളിലേയും സിലബസ്സൊക്കെ കിടിലനാണെന്ന് അവർ പറയുന്നു!! ICSE (Indian Certificate of Secondary Education), CBSE (Central Board of Secondary Education) ഒക്കെ തന്നെയാണെന്ന്!! രണ്ടിലും കാണുന്ന Secondary Education എന്നത് എൽ. കെ. ജി. മുതലുള്ളതാണെന്നും അവർ പറയുന്നു!! സത്യമണോ എന്നത് അറിയാവുന്ന വല്ല അദ്ധ്യാപകരോടും ചോദിച്ചു മനസ്സിലാക്കണം. 8 ആം ക്ലാസുമുതലൊക്കെയല്ലേ ഇതൊക്കെ വേണ്ടൂ എന്ന് ഇവിടെ ബാംഗ്ലൂരിൽ ആരോട് ചോദിക്കാനാ!! നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്നേ അവർ പറയൂ.. കാരണം, കുഞ്ഞുങ്ങൾ ഇത്തരം മൃഗശാലയിൽ ചേർക്കാൻ പിതാക്കളുടെ നീണ്ടനിരയാണിവിടെ കാണുന്നത്!! ചേർക്കുന്ന പിതാക്കളൊക്കെ എന്റെ കുഞ്ഞ് ICSE ക്കു പഠിക്കുന്നു CBSE ഒക്കെ പഴഞ്ചനല്ലേ എന്നും ചിലരൊക്കെ CBSE ആണു കുഞ്ഞുങ്ങൾക്കു നല്ലത്, അതുതന്നെയാ പഠിപ്പിക്കേണ്ടത് സ്റ്റേയ്റ്റ് സിലബസ്സൊക്കെ പഴഞ്ചനല്ലേ എന്നും ഒക്കെ പറഞ്ഞു കളയുന്നു. കൂടുതൽ തുക മുടക്കി കുഞ്ഞുങ്ങളെ സ്കൂളിൽ മുറുക്കുന്നതിലാണ് പിതാക്കളുടെ സംതൃപ്തി! ഹോം വർക്ക് കൂടാതെ ഇടവിട്ട മാസങ്ങളിൽ പ്രോജക്റ്റ് വർക്കും ഇവരെ തേടി എത്താറുണ്ട്. ഏറെ കഠിനമാണതൊക്കെ. കുഞ്ഞുങ്ങൾക്ക് പോയിട്ട് വലിയവർക്കു പോലും പറ്റാതെ, സമീപസ്ഥമായി ഇതിനായിമാത്രമുള്ള പീട്യകളിൽ ഏൽപ്പിക്കാറാണു മിക്കവരും – ഒക്കെ ഒരു ബിസിനസ്!!
ആത്മികായനം ഇങ്ങനെ തുടരുന്നു. അവളെ തനിച്ചാക്കി നാട്ടിൽ വിട്ട് നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ എന്തായാലും പറ്റില്ല. നാട്ടിൽ തന്നെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹവും. കോടോത്ത് ഗവണ്മെന്റ് സ്കൂളിൽ അന്വേഷിച്ചതുമാണ്. പക്ഷേ, ഞാനിവിടേയും അവളവിടെ ഒറ്റയ്ക്കും ഉള്ളൊരു ജീവിതം ചിന്തിക്കാനേ പറ്റാത്തതും പ്രശ്നം തന്നെയാവുന്നു. അവളുടെ വിദ്യാഭ്യാസം ചെറുപ്പം മുതലേ കണ്ടറിയാൻ ഇവിടെ തന്നെ അവൾ വേണമെന്നുണ്ട്.
സിലബസ്സിനെ പറ്റി പറഞ്ഞ് പ്രൈവറ്റ് സ്കൂളുകൾ കാണിക്കുന്ന കടത്തത്തെക്കുറിച്ച് പരിചയമുള്ള അദ്ധ്യാപകർ പറയുന്നത് ഫെയ്സ്ബുക്കിൽ നിന്നും അറിയാൻ പറ്റി – താഴെ കൊടുത്തിരിക്കുന്നു. ഇത് ബാംഗ്ലൂരിൽ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലും ഇങ്ങനെയൊക്കെ തന്നെയാണവസ്ഥ. സ്കൂളുകളെപോലെ തന്നെ കുറ്റക്കാരാണ് ഇതാണു മികച്ചതെന്നു പറഞ്ഞ് കുങ്ങുങ്ങൾകൂടെ ജീവിതം മടുപ്പിപ്പിക്കുന്നതിലേക്ക് തള്ളിവിടുന്ന പിതാക്കളും.