തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ് ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോൾ ആയിരുന്നു. പുലികേശി ഒന്നാമനാണ് തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു.
ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു.
ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംപി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്; ഒരു അത്ഭുതമാണ്! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ!
ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ.
രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി തോന്നും ഏതൊരുവനും. കൃഷ്ണദേവരായരുടെ വരവും പ്രതീക്ഷിച്ച് ആകുലചിത്തരായി നടന്ന സുരസുന്ദരിമാരായ രാജ്ഞിമാരെ നമ്മൾ അറിയാതെ തേടിയലഞ്ഞുപോവും!
ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:
ദേവദാസികൾ അവരുടെ മാദാലസയാമങ്ങളെ പുളകം വിരിയിച്ച വഴിയോരവാണിഭശാലകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു കാണാം ആ ക്ഷേത്രനഗരിയിൽ. പൊന്നും വൈരക്കല്ലുകളും പറകണക്കിന് അളന്നു നൽകിയ വഴിയോരവാണിഭകേന്ദ്രങ്ങൾ കരിങ്കൽതൂണുകളായ് അവശേഷിച്ച് ഏതോ കഥനകഥ നിശബ്ദം പറയുന്നതായി തോന്നി! കൃഷ്ണദേവരായർ തന്റെ തൂക്കത്തിന് സ്വർണം ക്ഷേത്രങ്ങൾക്ക് സംഭാവനനൽകാനായി പണിത ഭീമൻ തുലാസ് അനാഥമായി അമ്പലപരിസരത്ത് കാണാം! ഹനുമാൻ ജനിച്ച പർവ്വതം ഇന്നും തലയുയർത്തി ഏതോ അസുലഭ അഹങ്കാരത്താൽ വിലസുന്നു. ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകചലം സുഗ്രീവസ്മൃതിയിൽ തിളങ്ങുന്നു. സീതാന്വേഷണത്തിനു പോയ ഹനുമാൻ തിരിച്ചുവന്ന് മറ്റു വാനരന്മാരോടൊപ്പം ആനന്ദനൃത്തമാടിയ ആ കദളിവാഴത്തോട്ടത്തിനു സമമായ വാഴത്തോട്ടങ്ങൾ ഹമ്പിക്കുചുറ്റും ഭംഗി വിതയ്ക്കുന്നു. അങ്ങനെ ഒരു വാഴത്തോപ്പിലാണ്, ഏതോ ഒരു വയസ്സായ സ്ത്രീ തന്റെ ദാരിദ്ര്യമകറ്റാനായി ശിവപൂജയ്ക്കുവേണ്ടി തീർത്ത ഒറ്റക്കൽ ശിവലിംഗമിരിക്കുന്നത്!
നിരവധി ക്ഷേത്രങ്ങളുണ്ട് ഹമ്പിയിൽ; അതുപോലെ കൽമണ്ഡപങ്ങളും, കൊട്ടാരങ്ങളും. വിശദീകരണത്തിൽ ഒതുങ്ങുന്നവയല്ല അവയൊന്നും തന്നെ. കണ്ടുതന്നെ അറിയേണ്ട പുണ്യമാണു ഹംപി. ഏതൊരു യാത്രികനേയും ആശ്ചര്യത്തിന്റെ നെറുകയിലെത്തിക്കുന്ന ദൃശ്യവിസ്മയമാണത്. എങ്കിലും പറയാം. ഹമ്പിയിലെത്തിയാൽ നിങ്ങൾ പ്രധാനമായും കാണേണ്ടതിവയൊക്കെയാണ് :
വീരുപാക്ഷാ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, മന്മദ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്ര നരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹാൽ, എലിഫന്റ് സ്റ്റേബിൾ, തുംഗഭദ്ര നദീതടം, വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയ ത്രാസ്, നവമി മണ്ഡപവും പരിസരവും അവിടുത്തെ കുളവും, രഹസ്യയോഗം ചേരാനുള്ള ഭൂഗർഭാറകൾ, രാജ്ഞിമാർ കുളിക്കുന്ന കുളിമുറി, വിവിധ മാർക്കറ്റുകൾ, പിന്നെ അവിടവിടങ്ങളിലായ് തകർന്നു കാണുന്ന മറ്റു ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും കൽപ്രതിമകളും. രണ്ടു ദിവസം മെനക്കെട്ടിരുന്നു കാണാനുള്ള കാഴ്ചകൾ ഉണ്ട് ഹമ്പിയിൽ; അടുത്തുള്ള തുംഗഭദ്രാ അനക്കെട്ടും കണ്ട് പ്രൗഢഗംഭീരമായ നമ്മുടെ ചരിത്രവിസ്മയത്തെ മനസാ ആവാഹിച്ച് നിങ്ങൾക്കു തിരിച്ചുവരാം!
ചിത്രങ്ങൾ കാണാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുമല്ലോ!
ഹംപിയിലെ ശിലാസ്മാരകങ്ങളെ ഇവിടെ കാണാം.. വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.
ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്…
നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന് തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത് സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര…
ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെന്നാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര… പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി.
അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! 🙂 ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലുള്ള ഒരു പുരതന പട്ടണമാണു ഐഹോളെ. ഹംപിയിൽ നിന്നും നൂറോളം കിലോമീറ്ററുകളിലൂടെ ഗ്രാമാന്തരങ്ങൾ താണ്ടിയാൽ നമുക്ക് വാതാപിയിൽ എത്തിച്ചേരാനാവും. രണ്ടിനും ഇടയിലുള്ള സ്ഥലമാണു ഐഹോളെ. ശില്പകലകളും വാസ്തുവിദ്യയിലും ഒരുകാലത്ത് സൗത്തിന്ത്യയ്ക്കുണ്ടായിരുന്ന നിറമാർന്ന തുടക്കത്തിന്റെ ശേഷിക്കുന്ന തെളിവുകൾ നമുക്കിവിടെ കാണാനാവും. ഐഹോളയിലെ ഓരോ നിർമ്മിതികളും നമ്മെ കാണികുന്നത് ആ വിസ്മയക്കാഴ്ച തന്നെയാണ്. ചാലൂക്യസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. ഐഹോളയ്ക്കും ബദാമിക്കും ഇടയിലായി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പട്ടടക്കൽ എന്ന സ്ഥലത്തു നിരവധി ക്ഷേത്രങ്ങൾ നമുക്ക് കാണാനാവും. പല്ലവരെ തോൽപിച്ച് ബദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ ഒന്നാമൻ തന്റെ മകൻ വിനയാധിത്യന്റെ പട്ടാഭിഷേകം നടത്താൻ തിരഞ്ഞെടുത്ത ചെറിയ ഗ്രാമം പിന്നീട് പട്ടടക്കൽ എന്നപേരിൽ അറിയപ്പെട്ടുകയായിരുന്നു. കദംബരും ചാലൂക്യർക്ക് ശേഷം യാദവരും ഡൽഹി കേന്ദ്രമായിരുന്ന ഖിൽജിമാരും പേർഷ്യൻ പാരമ്പര്യം ഉൾചേർത്തുവെച്ച ബാഹ്മനിക്കാരും ആദിൽഷാഹി സുൽത്താനേറ്റുകളും മുഗളരും നിസാമുകളും നവാബും മറാത്തരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മാറിമാറി ഭരിച്ചിരുന്നു. അയ്‌ഹോളെയില്‍നിന്നും കണ്ടെടുത്ത നിരവധി പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉർവ്വരതയുടെ പ്രതീകമായ ലജ്ജാഗൗരിയെന്ന പ്രജനനദേവതയുടെ സാമീപ്യം കാണിക്കുന്നതു മറ്റൊന്നാവാൻ വഴിയില്ല. (വാതാപിയിൽ ഒരു മ്യൂസിയത്തിൽ ലജ്ജാഗൗരിയെ നമുക്കു കാണാനാവും)
ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണിതെടുത്ത ക്ഷേത്ര സമുച്ചയങ്ങൾ നമുക്കവിടെ കാണാം. ഒരു ക്ഷേത്രത്തിലല്ലാതെ മറ്റൊന്നിലും തന്നെ ഇന്ന് ആരാധന നടക്കുന്നില്ല. മാലപ്രഭ നദിയോടു ചേർന്നാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. പട്ടടക്കല്ലിൽ നിന്നും 22 കിലോമീറ്ററോളം സഞ്ചരിച്ചാൽ ബദാമിയിൽ എത്തിച്ചേരാം. വഴിയോരക്കാഴ്ചകളും ഏറെ ഹൃദ്യമാവും, കാളവണ്ടികളും നിലക്കടല, സൂര്യഗാന്ധിപ്പൂവിൻ പാടങ്ങൾ, ഗോതമ്പുപാടങ്ങൾ, പരുത്തികൃഷി തുടങ്ങിയുള്ള കാർഷിക സപര്യകളും നിറയെ കാണാനാവും. ഇടവിട്ടിട്ടിടവിട്ട് ജനവാസകേന്ദ്രങ്ങളും കാണാനാവും. ഇരുമ്പയിർ നിക്ഷേപം ഏറെയുള്ള സ്ഥലമാണിത്; ഖനനമാഫിയകളുടെ കണ്ണിലിതു പെടാത്തതിനാലാണോ നിയമം മൂലം നിരോധിച്ചതിനാലാണോ എന്നറിയില്ല, ആ ഒരു ആക്രമണം എങ്ങും കാണാനില്ലായിരുന്നു. ചാലൂക്യരുടെ ഉദയകാലമായ ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നു വന്നിരുന്നു. 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ഭരണരഥം ഓടിച്ച രാജവംശമാണു ചാലൂക്യർ. വാതാപി /ബദാമി കേന്ദ്രീകരിച്ചായിരുന്നു ഒന്നാം ചാലൂക്യസാമ്രാജ്യം ഉദയം ചെയ്തത്. ആറാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ ആയിരുന്നു ഇത്. ബദാമി പിടിച്ചടക്കും വരെ ഇവർ തൊട്ടടുത്ത ഐഹോളെയിൽ ആയിരുന്നു അധികാരം കൈയ്യാളിയിരുന്നത്. പുലികേശി ഒന്നാമന്റെ സമയത്തായിരുന്നു ബനാവശിയിലെ കദംബരിൽ നിന്നും ബദാമി പിടിച്ചെടുത്ത് അവിടേക്കു മാറിയത്. ചാലൂക്യ രാജാക്കന്മാരെല്ലാം പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം, തീർച്ചയായും ഈ രാജവംശം ദ്രാവിഡഗോത്രത്തിന്റെ ശേഷിപത്രം തന്നെയാണ്. കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്നൊരു പൊതുധാരണയും ഉണ്ട്.
ക്ഷേത്രങ്ങൾ
ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് പട്ടടക്കല്ലിൽ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻകല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.
പേരുമായി ബന്ധപ്പെട്ട ഐതിഹ്യം
ഐഹോളെയുടെ ചരിത്രം കേരളസൃഷ്ടാവെന്നു പഴമൊഴികളിലൂടെ പാടിനടക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ജമദഗ്നി മഹർഷിക്ക് ഭാര്യ രേണുകയിൽ അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ അവസാനത്തെ പുത്രൻ ആയിരുന്നു പരശുരാമൻ. സപ്തർഷികളിൽ ഒരാളും പരശുരാമന്റെ അച്ഛനുമായ ജമദഗ്നി മഹർഷിയുടെ കൈവശമുള്ള മാന്ത്രിക പശുവായിരുന്ന കാമധേനുവിനെ സ്വന്തമാക്കാൻ ഒരിക്കൽ കാർത്യവീരാർജ്ജുനൻ ആഗ്രഹിച്ചു. മൂപ്പരക്കാര്യം ജമദഗ്നി മഹർഷിയോടു തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹർഷിക്കത് ഇഷ്ടമായിരുന്നില്ല. ഇതിൽ വൈര്യം മൂത്ത കാർത്യവീരാർജ്ജുനൻ ജമദഗ്നി മഹർഷിനെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. കാര്യങ്ങൾ ഗ്രഹിച്ച് കോപാന്ധനായ പരശുരാമൻ രംഗത്തുവന്ന് കാർത്യവീരാർജ്ജുനനോട് ഏറ്റു മുട്ടി, മൂപ്പരെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. മാന്ത്രികപശുവായ കാമധേനുവിന്റെ ശക്തിയാൽ അച്ഛന്റെ ജീവൻ വീണ്ടെടുത്തു. കാർത്യവീരാർജ്ജുനന്റെ മക്കൾ അടങ്ങിയില്ല. അവർ വീണ്ടും ജമദഗ്നി മഹർഷിയെ വദിക്കുന്നു. കലിപൂണ്ട പരശുരാമൻ ആ വിഖ്യാതമായ മഴുകൊണ്ട് കാർത്യവീരാർജ്ജുനന്റെ മക്കളേയും ക്ഷത്രിയകുലത്തേയും അപ്പാടെ നിഗ്രഹിച്ച് പകരം വീട്ടുന്നു. ചോരയിൽ കുളിച്ചൊലിച്ച പരശുരാമൻ മാലപ്രഭാനദിയിൽ ഇടങ്ങി ശുദ്ധുവരുത്തി. മാലപ്രഭാനദിയിലെ വെള്ളം നിണമണിച്ച് ചുവന്ന നിറത്തിലൊഴുകിയപ്പോൾ ഇതുകണ്ട ഗ്രാമവാസികൾ അയ്യോ ഹോളെ എന്നലറിക്കരയാൻ തുടങ്ങിയത്രേ! ശേഷം മാലപ്രഭാനദിയുടെ ആ തീരഭൂമി ഐഹോളെ എന്നപേരിലറിയപ്പെട്ടു തുടങ്ങി.
വാതാപി ഗുഹാക്ഷേത്രങ്ങൾ
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ നഗരിയായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഐഹോളെ, പട്ടടക്കൽ, ബാദാമി, മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്.
മേഗുത്തി മലയുടെ ചുറ്റുപാടുകൾ അക്കാലം മുതൽ തന്നെ പ്രസിദ്ധമായിരുന്നു. പട്ടടക്കല്ലിലും ചുറ്റുപാടുകളിലും ആയി കൊത്തുപണികളാൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങൾ ചിതറികിടക്കുന്നതു കാണാം. ബുദ്ധ, ജൈന, ഹിന്ദുമതങ്ങളുടെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വഴിയോരത്ത് ഒരു ജൈനക്ഷേത്രത്തിലെ ഒറ്റക്കൽപ്പടികൾ തന്നെ അന്നത്തെ ആ കരവിരുതിന്റെ ശേഷിപ്പാണ്. ഐഹോള ഇന്‍സ്‌ക്രിപ്ഷന്‍സ് എന്ന പേരിൽ പ്രസിദ്ധമായ ശിലാലിഖിതങ്ങളിൽ ചാലൂക്യൻ രണ്ടാമൻ വരെയുള്ളവരുടെ വിവരങ്ങൾ കാണാനാവും. പുലികേശി രണ്ടാമന്റെ സഭയിൽ കവിയും ജൈനനുമായ രവികൃതിയൂണ്ടായിരുന്നു. പട്ടടക്കലിലും സമീപദേശത്തും കാണുന്ന ക്ഷേത്രങ്ങൾ ഒക്കെയും ശില്പചാരുതയുടെ വിസ്മയങ്ങൾ തന്നെയാണ്. അതു കണ്ടുതന്നെ അറിയേണ്ടതാണു താനും. വാസ്തുവിദ്യ നന്നായി സമന്വയിപ്പിച്ച് ശില്പകലയിലൂടെ പ്രാവർത്തികമാക്കിയ ചാരുത ഇന്ന് ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടെന്നു കരുതാനാവില്ല. ഹംപിയിൽ വിരൂപാക്ഷാക്ഷേത്രത്തിലും സമാനമായ കരവിരുതു കാണാനാവും. പ്രകാശം നേരിയ രീതിയിൽ ഉള്ളിലേക്ക് എത്തുന്ന രീതിയിലാണ് ഈ പടുകൂറ്റൻ നിർമ്മിതികളുടെ എടുപ്പിരിക്കുന്നത്. ഇന്നു നാം കാണുന്ന ആർട്ട് ഗാലറീകളെ പിന്നിലാക്കുന്ന ചാരുവിദ്യാശകലങ്ങളാണു നമുക്കവിടെ കാണാനാവുന്നത്. പലതും സുൽത്താനേറ്റുകളുടെ അക്രമണത്തിൽ തകർന്നു പോയെങ്കിലും കാലത്തെ വെല്ലുവിളിച്ച് അടർന്നുപോയ ശില്പചാരുത നമ്മെ ഇന്നും മാടി വിളിക്കുന്നുണ്ട്. മുസ്ലീം പേരിൽ അറിയപ്പെടുന്ന ക്ഷേത്രവും നമുക്കവിടെ കാണാനാവും. ലാഡ്ഖാന്‍ ക്ഷേത്രം എന്നാണു പേരു്. ചാലൂക്യകാലഘട്ടത്തിനു മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിത്. ചാലൂക്യസാമ്രാജ്യവും പിന്നീടു വിജയനഗര സാമ്രാജ്യവും തകർത്തെറിഞ്ഞ സുൽത്താനേറ്റുകൾക്ക് ശേഷം ആദിൽ ഷാഹി മുൻകൈ എടുത്ത് ഈ ക്ഷേത്രം പുതുക്കിയെടുത്തിരുന്നു. ആദിൽഷ ഭരണകൂടത്തിന്റെ തുടക്കക്കാരൻ യൂസഫ് ആദിൽഷ ആയിരുന്നു. പേരിനാധാരം അതാവാം. ശബരിമലയുമായി ബന്ധപ്പെട്ട് വാവരുസ്വാമിയുടെ ലള്ളിയിൽ സ്വാമിമാർ പോകുന്നുണ്ടെന്നല്ലാതെ ഇങ്ങനെ മറ്റൊന്ന് ഇതേവരെ കേട്ടിട്ടില്ല. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . അന്ന് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നതായി കുറിച്ചിട്ടിരിക്കുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ആ സാമ്രാജ്യം.
പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി.
ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം… കപ്പെ അരഭട്ടയുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം (CE 700) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു
യുഗാന്തരങ്ങൾ പിന്നിട്ടുള്ള ഒരു യാത്രയാണ് ഹംപി മുതൽ വാതാപി (ബദാമി) ഗുഹാക്ഷേത്രങ്ങൾ വരെയുള്ള യാത്ര. ആര്യദ്രാവിഡ ശൈലികൾ സമന്വയ രൂപം പൂണ്ട് ശില്പചാരുതകളാൽ മഹനീയമായി നിൽക്കുന്നതു നമുക്കവിടെ കാണാനാവുന്നു. ഇന്നും ഗ്രാമീണർ മാത്രമാണവിടങ്ങളിൽ പലയിടങ്ങളിലും അധികാരികൾ. ലോകപൈതൃകപട്ടികയിൽ ചിലതൊക്കെ ഇടം തേടിയിട്ടുണ്ട്, പലയിടങ്ങളിലും ശേഷിപ്പുകളിൽ കൂട്ടിച്ചേർത്ത് കൂടാരങ്ങൾ ഒരുക്കി ഗ്രാമീണർ തന്നെ അതിവസിക്കുന്നുമുണ്ടവിടെ. ചിലയിടങ്ങളിലൊക്കെയും കുഞ്ഞു പുസ്തകങ്ങളും ലഭ്യമാവും വായിച്ചറിയാൽ ഏറെ കാര്യങ്ങൾ അതിലുണ്ട്.