Skip to main content

ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മയ്ക്ക്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

കുറേയേറെയായി ആള്‍ക്കാര്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ തോണ്ടാന്‍ തുടങ്ങിയിട്ട്! എന്താ പെണ്ണുകെട്ടാന്‍ പ്ലാനില്ലേ? ഇങ്ങനെ നടന്നാല്‍ മതിയോ! ഒരു കുടുംബവും പ്രാരാബ്ധവുമൊക്കെ വേണ്ടേ … ചോദ്യങ്ങള്‍ കേട്ടു മടുത്തു. പെണ്ണുകെട്ടാതെ ജീവിക്കുന്നത് ഏതാണ്ട് അപരാധം പോലെ!! ഇവിടെ ബാംഗ്ലൂരില്‍ പലരോടും പ്രേമത്തിലാണെന്ന അഭ്യൂഹം മറ്റൊരു വശത്ത്; നാട്ടില്‍ പോയാല്‍ നാട്ടുകാരും പറയുന്നത് ഇതൊക്കെ തന്നെ… അവർക്ക് സങ്കല്പങ്ങളേറെയാണ് – ‘ബാംഗ്ലൂരല്ലേ!! കുടുംബം മാതിരി തന്നെയാവും ജീവിതം അല്ലേ!’ ഇവിടെ പ്രേമിച്ച് ഉന്മത്തരായി ജീവിതം ആസ്വദിക്കാന്‍ വരുന്നതാണെന്ന വിശ്വാസമോ എന്തോ…

കുറച്ചുനാള്‍ ലീവെടുത്ത് വീട്ടില്‍ പോയി വന്നാല്‍ കൂട്ടുകാരുടെ ചോദ്യവും മറ്റൊന്നല്ല; പെണ്ണുകണ്ടില്ലേ എന്ന്!! ഇതൊക്കെ കേട്ടുകേട്ടാവണം, ഞാന്‍പോലുമറിയാതെ പെണ്ണുകാണല്‍ എന്ന ചടങ്ങ് എന്റെ മനസ്സില്‍ മെല്ലെ ഉരുവം കൊണ്ടു. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് നന്നേ ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണല്‍ ചടങ്ങിന്റെ ദൃശ്യം ഉള്ളില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. സുന്ദരിയും സുശീലയുമായ ഒരു പെണ്ണ് നാണം കുണുങ്ങിയായി വന്ന്, വാതില്‍പ്പടി ചാരി ഇടയ്ക്കൊക്കെ എന്നെ എത്തിനോക്കി തുടങ്ങി; ചായയുമായി മന്ദം മന്ദം വന്ന് ഏഴുതിരിയിട്ട നിലവിളക്കുപോലെ അവള്‍ എന്റെ മുന്നില്‍ ജ്വലിച്ചുയര്‍ന്നു. അവ്യക്തമെങ്കിലും ആ മുഖം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി – ഉടനെ അതിനൊരു മൂര്‍ത്തരൂപം നല്‍കി പ്രതിഷ്ഠ നടത്തണം.

ഷെറിന്‍. പഴയകൂട്ടുകാരിയാണ്‌. ഒന്നിച്ചു പഠിച്ചവള്‍. ടൗണിലൊരു ഹോസ്പിറ്റലില്‍ അവള്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍ ബാങ്കില്‍ പോയി വരുന്ന വഴിക്ക് അവളുടെ ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പോള്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി.
“എടാ, ഇങ്ങോട്ടു വാടാ – കുറേ ആയില്ലേ കണ്ടിട്ട്, ഞാനിപ്പോള്‍ ഫ്രീയാണ്‌. നീ ഇങ്ങോട്ട് വാ”
ഞാന്‍ കേറി ചെല്ലുമ്പോള്‍ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവിടെ ഉണ്ട്. പലതും പറഞ്ഞ് ഞങ്ങള്‍ ഒരു ചായ കുടിച്ചേക്കാം എന്നു കരുതി പുറത്തിറങ്ങി. ചായകുടിക്കുമ്പോള്‍ അവളും ചോദിച്ചു പെണ്ണുകെട്ടാന്‍ പ്ലാനില്ലേ എന്ന്.
“പെണ്ണിനെയൊന്നും കിട്ടാനില്ലല്ലോ ഷെറിന്‍” – ഞാന്‍
“ഞാന്‍ അന്വേഷിക്കണോ – നിനക്കെത്ര പെണ്ണിനെ വേണം!! സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നു പറഞ്ഞാൽ പെൺപിള്ളേർ ഓടിവരില്ലേ!! ” – അവള്‍
“ആഹാ! അതു കൊള്ളാല്ലോ, എങ്കില്‍ ആവട്ടേ” എന്നായി ഞാന്‍

പിറ്റേന്ന് രാവിലെ ഒരു കോള്‍, ഷെറിന്റേതാണ്‌. “എടാ, ഞാന്‍ നിന്റെ കാര്യം ഇവിടെ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞു, ഇവിടെ ഉള്ള ഒരു ചേച്ചിയുടെ റിലേറ്റീവ് അടുത്തു തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട് – നീ വാ നമുക്കു പോയി നോക്കാം” എല്ലാം വളരെ പെട്ടന്നായിരുന്നു.

രാവിലെ കാഞ്ഞങ്ങാട് എത്തി ഷെറിനെ വിളിച്ചപ്പോള്‍ അവൾ പറഞ്ഞു നീ ഇങ്ങോട്ട് വാ. ആദ്യം ഇവിടെ ഒരു സ്ക്രീനിങ് ടെസ്റ്റ് ഉണ്ട്. എന്റെ ഫ്രണ്ട്സിനൊക്കെ നിന്നെ ഒന്നു കാണണം! ഈശ്വരാ – ഞാന്‍ ഒരു കാഴ്ചവസ്തുവാകാന്‍ പോകുന്നു എന്ന ചിന്ത എന്നെ വേട്ടയാടി. ഇതെന്താ ആണുകാണല്‍ പരിപാടി ആണോ. ങാ എന്തും വരട്ടെ – ഒന്നുമില്ലെങ്കില്‍ ഒരാണല്ലേ!! നേരെ വിട്ടു അവളുടെ അടുത്തേക്ക്…

ഷെറിനെ കൂടാതെ അഞ്ചാറു സുന്ദരിമാര്‍ – എല്ലാവരുടേയും മുഖത്ത് പുഞ്ചിരി! നല്ല പരിചിതഭാവം എല്ലാ മുഖത്തും ഉണ്ട്. ഞാന്‍ നോക്കി, ഇതില്‍ ആരാവും അവള്‍? രണ്ടുപേരുടെ നെറ്റിയില്‍ നോ വേക്കന്‍സി എന്നറിയിക്കാനെന്നപോലെ സിന്ദൂരമുണ്ട് – അവരെ ഫില്‍ടര്‍ ചെയ്ത് മാറ്റി ഞാന്‍ വീണ്ടും അവരില്‍ അവളെ തെരഞ്ഞു.

അതിലൊരാളെ ചൂണ്ടിക്കാട്ടിയിട്ട് ഷെറിന്‍ പറഞ്ഞു
“ഈ ചേച്ചിയുടെ ബന്ധുവാണു കുട്ടി. കുട്ടി ഇവിടെയല്ല, അവള്‍ വര്‍ക്കുചെയ്യുന്ന സ്ഥലം വേറെയാണ്‌ – വാ നമുക്ക് അങ്ങോട്ടു പോകാം.”
ചേച്ചി സുന്ദരിയാണ്. എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ ബന്ധുവും ഇതുപോലെയൊക്കെ തന്നെയാവും. ശ്രുതി മധുരമായ ഒരു പേരായിരുന്നു ആ കുട്ടിക്ക്. ഞങ്ങള്‍ രണ്ടുപേരും അവള്‍ വര്‍ക്ക് ചെയ്യുന്നിടത്തേക്കു നടന്നു. കുറച്ചപ്പുറമുള്ള മറ്റൊരു ഹോസ്പിറ്റലില്‍ ആണവള്‍ വര്‍ക്കു ചെയ്യുന്നത്. BPharm ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂവത്രേ – റിസൽട്ട് വന്നിട്ടില്ല…

“എടാ, ഞാനവളെ കണ്ടിട്ടൊന്നുമില്ലാട്ടോ – അധികം പൊക്കമില്ലാന്നാണു ചേച്ചി പറഞ്ഞത്… എന്തായാലും എന്റെയത്ര സുന്ദരിയാവാന്‍ വഴിയില്ല!!” ഞാനൊരു രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മനസ്സില്‍ നാണംകുണുങ്ങിയായ പെണ്‍കുട്ടി വാതില്‍‌പ്പടിക്കു ചാരെ വന്നിരുന്നു പുഞ്ചിരിച്ചു. ഓ പൊക്കം അല്പം കുറഞ്ഞാല്‍ എന്താ കുഴപ്പം! പൊക്കത്തിലല്ലല്ലോ പൊരുത്തത്തിലല്ലേ കാര്യം – മനസ്സ് വെറുതേ തത്ത്വബോധം വിളമ്പുന്നു…

എങ്കിലും ഒരു നെഗറ്റീവ് ചിന്ത എങ്ങനെയോ ഉള്ളിൽ കടന്നുകൂടി… എനിക്കവളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തു പറയും? ഷെറിനും അതൊരു ഫീലിംങാവില്ലേ! ആ കുട്ടിയുടെ മനസ്സിലും കാണില്ലേ ഒത്തിരി സങ്കല്പങ്ങള്‍ – അതിനെയൊക്കെ ചവിട്ടിത്തേച്ച് ‘നിന്നെ എനിക്കിഷ്ടപ്പെട്ടില്ല പെണ്ണേ’ എന്നെങ്ങനെ പറയും? മനസ്സാകെ കലുഷിതമായി… ഒരു മുന്‍‌കൂര്‍ ജാമ്യമെന്ന പോലെ ഞാന്‍ ഷെറിനോടു പറഞ്ഞു, “എടീ, എനിക്കിഷ്ടപ്പെട്ടതോണ്ടു മാത്രം കാര്യമാവില്ല കേട്ടോ – ജാതകം ചേരണം, ഇല്ലം വേറെവേറെ ആവണം….” ഈ ജാതകത്തിനെയൊക്കെ തെറിപറഞ്ഞു നടന്നതിൽ ഞാൻ ആത്മാർത്ഥമായി ഖേദിച്ചു.

“എടാ ആദ്യം നീ പെണ്ണിനെ കാണ്‌ – എന്നിട്ടുപോരെ അതൊക്കെ”
“മതി മതി – ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ”

ഞങ്ങൾ അവിടെ എത്തി. എന്നെ അവിടെ ഒരിടത്ത് ഇരുത്തി ഷെറിൻ ഉള്ളിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു. “കുട്ടിയിപ്പോൾ വരും – ഞാൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്” പണ്ടാരം വന്നില്ലേ! അവൾ വാതിൽപ്പടിയിൽ നിന്ന് ഒളിച്ചു കളിക്കുന്നോ! അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു… 🙁

കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്നു കാളി!! അയ്യേ! ഇതെന്തു പെണ്ണ്! ബോബുചെയ്ത മുടി അനുസരണയില്ലാതെ പാറി നടക്കുന്നു. മെലിഞ്ഞ് ഒരു കോലുപോലെ. പേരിനു പോലും അവൾക്ക് മുലകൾ ഉള്ളതായി തോന്നിയില്ല… ഇരുണ്ട നിറം. സോഡാക്കുപ്പിക്കണ്ണട വെച്ചിരിക്കുന്നു! ഒരു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പഠിപ്പിസ്റ്റും ബുജിയുമായ ഒരു കുട്ടിയെപോലെ തോന്നി. പെണ്ണാണെന്നു മനസ്സിലാക്കിയെടുക്കാൻ തന്നെ അല്പം പാടാണ്. ഞാൻ ദയനീയമായി ഷെറിനെ നോക്കി. അവളും ആദ്യമായി കാണുകയാണ്. സംസാരിച്ചപ്പോൾ പെണ്ണ് വിചാരിച്ചതുപോലെയൊന്നുമല്ല. ശരീരം ഒമ്പതിലാണെങ്കിലും നാക്ക് എം എ ക്കാണു പഠിക്കുന്നത് എന്നു തോന്നി…

എനിക്കൊന്നും ചോദിക്കാനും പറയാനും തോന്നുന്നില്ല. ഷെറിൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. “അവൾ ചോദിച്ചു നിന്റെ ഇല്ലം ഏതാണ്?”

“എന്റെ അമ്മ കോഴിക്കോട് കാരിയാ, ഞങ്ങൾക്കങ്ങനെ ഇല്ലമൊന്നും ഇല്ല” ഈശ്വരാ അതും പോയി!! ഇനിയുള്ളത് ജാതകം ആണ്. ഞാൻ പറഞ്ഞു, “നാളെ നീ ഷെറിന്റെ കയ്യിൽ ജനനതീയതി കൊടുക്കൂ, ഞാൻ ജാതകപൊരുത്തം നോക്കാം എന്റെ കയ്യിൽ അതിനുള്ള സോഫ്റ്റ്‌വെയർ ഉണ്ട്”

“എന്നാൽ പിന്നെ ഇപ്പോൾ തന്നെ നോക്കാമല്ലോ” ലാപ്ടോപ്പ് നോക്കി ഷെറിൻ പറഞ്ഞു. ശ്ശെടാ ഇവൾ വിടാൻ ഭാവമില്ലല്ലോ!!
“ഷെറിനേ, ഇതിൽ ചാർജില്ല – നീ നാളെ തന്നാൽ മതി, ബാംഗ്ലൂരെത്തി ഞാൻ വിളിക്കാം”

തിരിച്ചു വരുമ്പോൾ ഷെറിന്റെ വക കമന്റ് – “നീയാകെ ചമ്മിപ്പോയല്ലോടാ – ഇങ്ങനെയാണോ പെണ്ണുകാണാൻ വരിക സ്മാർട്ടാവണം – വാചകമൊക്കെ മാത്രമേ ഉള്ളു അല്ലേ!” ഷെറിൻ വാചാലമാവുകയാ. ഇവൾക്കവളെ ഇഷ്ടപ്പെട്ടോ? ഞാനെന്തു പറയും ഇവളോട്! ഹോ! പണ്ടാരം വേണ്ടായിരുന്നു… വാതിൽപ്പടിക്കപ്പുറം ഇപ്പോൾ ശൂന്യമാണ് – ആ സുന്ദരിയുടെ പൊടിപോലുമില്ല!!

“എടാ ഇക്കാലത്താരാണ് ജാതകമൊക്കെ നോക്കുന്നത്? അതൊക്കെ ഞങ്ങളെ ക്രിസ്ത്യാനികളെ കണ്ടു പഠിക്ക്…” ഷെറിൻ കത്തിക്കേറുകയാണ്… ഇന്നലെ വരെ ജാതകത്തെക്കുറിച്ച് ഞാനും ഇതൊക്കെ തന്നെയാണു ഷെറിനേ പറഞ്ഞു നടന്നത്…! അതിന്റെയൊക്കെ ആവശ്യം ഇപ്പോഴല്ലേ മനസ്സിലാവുന്നത്!

ബാംഗ്ലൂരെത്തി. ഒരു ഒമ്പതുമണിയായപ്പോൾ ഞാൻ ഷെറിനെ വിളിച്ചു – “എടീ അവൾ ജനനതീയതിയും മറ്റു ഡീറ്റൈൽസും തന്നോ?”
“എടാ നമുക്കതു വേണ്ടടാ – അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലെന്ന്, നീ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ നമുക്കു വേറെ നോക്കാം…”!!!

എനിക്കുറക്കെ ചിരിക്കണമെന്നു തോന്നി! ഞാൻ വളരെയേറെ സങ്കടം വരുത്തി ചോദിച്ചു, “എന്താടി അവൾ കാര്യം പറഞ്ഞോ?”
“ഇല്ലെടാ, ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, എന്തിനാ വെറുതേ, എനിക്കും വിഷമമാവും നിനക്കും വിഷമമാവും – അതു വിട്ടേക്ക് – അഹങ്കാരമല്ലാതെ വേറെന്തു പറയാൻ”

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights