Skip to main content

ഞാറ്റ്യേല ശ്രീധരൻ

ഞാറ്റ്യേല ശ്രീധരൻ
ശ്രീധരേട്ടനും ഞാനും

നാലു പതിറ്റാണ്ടുകാലം പ്രമുഖ ദ്രാവിഡഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളോടൊപ്പം ഏകാകിയായി നടന്നൊരു മനുഷ്യനുണ്ട് ഇങ്ങു തലശ്ശേരിയിൽ. 85 വയസു കഴിഞ്ഞിരിക്കുന്ന ഞാറ്റ്യേല ശ്രീധരൻ എന്ന വ്യക്തിയാണിത്. അകമഴിഞ്ഞ ഭാഷാപ്രണയം കൊണ്ട്, തൻ്റെ ജീവിതവീഥിയിലൂടെ കൂടെ നടക്കാൻ ഇദ്ദേഹം ഭാഷകളേയും കൂട്ടുപിടിച്ചെന്നു പറയാം. അക്കാദമിക്ക് തലത്തിൽ മുൻപന്തിയിലായിരുന്നെങ്കിൽ ഇന്നേറെ പ്രസിദ്ധമായേനെ ഒരുപക്ഷേ ഇദ്ദേഹത്തിൻ്റെ പ്രയത്നം. പഴയ നാലാം ക്ലാസ് ജീവിതമേ സ്കൂൾ ജീവിതമായി ഇദ്ദേഹത്തിനുള്ളൂ. പിന്നീടു തുല്യതാപരീക്ഷയിലൂടെ 7 ക്ലാസ് സർട്ടിഫിക്കേഷനും നേടുകയുണ്ടായി. നാലു ദ്രാവിഡഭാഷകളെ നന്നായി പഠിച്ച്, ഇവയ്ക്കൊക്കെയും പര്യാപ്തമായ ചതുർഭാഷാ നിഘണ്ടു സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

അമ്മ കൂലിപ്പണിയെടുത്തായിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. നാലാം ക്ലാസിൽ തോറ്റുപോയ ശ്രീ ശ്രീധരൻ, നേരെ ബീഡിപ്പണിയെടുക്കാനായി പോയി. കൂടെ ബാലസംഘം പോലുള്ള സംഘടനകളിലൂടെ സാക്ഷരതാ മിഷനിലും മറ്റും പങ്കെടുത്ത് സംഘടനാതലത്തിൽ ജനസമ്മതനായി തീർന്നു. അന്ന് അക്ഷരം പഠിക്കാനായി വന്നു ചേർന്നവരിൽ വിവിധ പണികൾക്കായി എത്തിയിരുന്ന തമിഴ്, കന്നഡികരും ഉണ്ടായിരുന്നു. പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ നടന്ന് ഇദ്ദേഹമന്ന് അക്ഷരം പഠിപ്പിച്ചു, ഒരുപക്ഷേ, ഇദ്ദേഹത്തിൽ അക്ഷരസ്നേഹം ഉടലെടുത്തത് അങ്ങനെയാവും. തന്നേക്കാൾമുതിർന്നവർടെ ടീച്ചറായീന്നിദ്ദേഹമ്മാറി. വിവിധ ഭാഷക്കാരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്, അവരിലൂടെ ദ്രാവിഡഭാഷകളെ കുറിച്ച് പഠിക്കാനുള്ള പ്രതലം സൃഷിട്ടിച്ചത് ഈ കാലംതന്നെയായിരുന്നു. ബീഡിപ്പണിയെടുക്കുമ്പോൾ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഉണ്ടായതും വിശാലമായ ഭാഷാലോകത്തേക്കുള്ള പടിവാതിലായി മാറി. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം അടക്കം വിവിധ പുസ്തകങ്ങൾ ശ്രീധരേട്ടനന്നേ ഹൃദിസ്ഥമാക്കി. പ്രമുഖ വ്യാകരണപണ്ഡിതൻ, കോഴിക്കോടുകാരനായിരുന്ന മാധവ ശേഷഗിരി പ്രഭുവിൻ്റെ പുസ്തകങ്ങൾ അടക്കം ശേഖരിച്ചു പഠിച്ചെടുക്കാൻ അന്ന് അദ്ദേഹത്തിനും സാധിച്ചു.

സമകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റുമെഴുതുന്ന ശീലവും അന്നുണ്ടായിരുന്നു. റേഡിയോ ആയിരുന്നല്ലോ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം. കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ എന്നരീതിയിൽ റേഡിയോയിൽ പ്രേക്ഷണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് കൾ പ്രത്യയം മലയാളം വാക്കുകൾ അല്ലാത്ത മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പദങ്ങളോടു ചേർക്കുന്നു എന്നു ചോദിച്ച് എഴുത്തെഴുതി. സ്ത്രീകൾ, തൊഴിലാളികൾ, ഗുരുക്കൾ, മരങ്ങൾ, വീടുകൾ, നിങ്ങൾ, താങ്കൾ, നമ്മൾ, ഞങ്ങൾ, പെങ്ങൾ തുടങ്ങി കൾ പ്രത്യയം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നും വിശദീകരിച്ച് എഴുത്തുകൾ എഴുതി. അവരത് ഒഴിവാക്കിയപ്പോൾ ഇദ്ദേഹം ഇതൊക്കെ സമകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.

അന്നു ബീഡിക്കമ്പനിയിൽ സുള്ള്യ സ്വദേശിയായ ഗോവിന്ദ് നായ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സഹായത്തോടെ ആയിരുന്നു കന്നഡഭാഷാപഠനത്തിൻ്റെ തുടക്കം. കന്നഡ എഴുത്തുകാരൻ ശ്രീ നിരഞ്ജൻ്റെ പുസ്തകങ്ങൾ പരിഭാഷ പെടുത്തുന്ന കാസർഗോഡുള്ള സി രാഘവൻ എന്ന വ്യക്തിയെ ആ വഴിയിലൂടെ പരിചയപ്പെടാൻ ഇടവന്നു. രാവിലെ ട്രൈൻ വഴി കാസർഗോഡുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി കന്നഡ പഠനം നടത്തുകയായിരുന്നു അന്നു പതിവ്. പക്ഷേ, സംസാരിക്കാനും വായിക്കാനും അതുപോരെന്നു മനസ്സിലാക്കിയ ഇദ്ദേഹം, മൈസൂരിലും മാംഗ്ലൂരിലും താമസിച്ചുകൊണ്ടുതന്നെ ഈ കഴിവുകൾ വശപ്പെടുത്തിയെടുത്തു.

കരിമ്പത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആന്ധ്രക്കാരനായ ഒരാൾ ഉണ്ടെന്നറിഞ്ഞ ഇദ്ദേഹം, എന്നാൽ പിന്നെ തെലുങ്കും കൂടി പഠിച്ചേക്കാം എന്ന ബോധത്തോടെ അദ്ദേഹത്തെ സമീപിച്ചു. ഈശ്വരപ്രസാദ റാവുവിനന്നു ചെറിയപ്രായമേ ഉണ്ടായിരുന്നുള്ളു, വിവാഹിതനായിരുന്നു. അദ്ദേഹവും അയാളുടെ ഭാര്യ സീതമ്മയും കൂടിയാണ് തെലുങ്കു പഠനത്തിൽ അടിത്തറയിട്ടത്. തുടർന്ന് വെല്ലൂരിൽ പലവട്ടം പോയി മാസങ്ങളോളം താമസിച്ചു പഠിച്ച് സംസാരിക്കാനുള്ള കഴിവും നേടിയെടുത്തു. തിരികെ വീട്ടിലേക്കു വരുമ്പോൾ, അന്നവിടെ ഇറങ്ങിയിരുന്ന ദിനപത്രങ്ങളുടേയും മഗസിനുകളുടേയും ഓരോ വലിയ കെട്ടുകൾ കരുതുമായിരുന്നു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളും പത്രങ്ങളും സ്ഥിരമായി വായിച്ചു തുടങ്ങിയതിലൂടെ ഭഷാപ്രതലം ശുദ്ധവും വ്യക്തവും ആയി ഇദ്ദേഹത്തിൽ ഉറച്ചുകഴിഞ്ഞിരുന്നു.

സാമ്പത്തികവും മാനസ്സികവുമായ ഒട്ടേറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇദ്ദേഹം ഈ ചതുർഭാഷാ നിഘണ്ടു റെഡിയാക്കിയെടുത്തത്. പരിചയക്കാരധികവും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത മോഹത്തോടു കൂടി അദ്ദേഹം ആ പാതയിലൂടെ ചരിച്ചു. പരിചിതരായ മാധ്യമപ്രവർത്തകരുടെ പ്രോത്സാഹനം ഇദ്ദേഹത്തെ കർമ്മനിരതനാക്കി നിർത്തുന്നതിൽ ഒരു ഘടകമായിരുന്നു.

നിഘണ്ടു റെഡിയായെങ്കിലും അതു പ്രസിദ്ധീകരിച്ചാലല്ലേ, പൊതുവിടത്തിൽ ലഭ്യമാവുകയുള്ളൂ. ഇതു പ്രസിദ്ധീകരിക്കാനായിയുള്ള ശ്രമമായി പിന്നെ. കേവല വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്തതിൻ്റെ പേരിൽ പ്രമുഖ പ്രസിദ്ധീകരണക്കാരൊക്കെയും നിരസിച്ചിരുന്നു. കോട്ടയത്തുചേന്നു ഡീസി ബുക്സുമായി ചർച്ച ചെയതപ്പോൾ പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞതിൻ്റെ പ്രധാനകാരണം ഇതായിരുന്നു.

എങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം എന്നായി താല്പര്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ പി കെ പോക്കർ ആയിരുന്നു അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലപ്പത്ത് ഡയറക്റ്ററായി ഉണ്ടായിരുന്നത്. ശ്രീധരേട്ടനു ശ്രീ പോക്കർ സാറിനെ നേരിട്ടു പരിചയം ഇല്ലായിരുന്നെങ്കിലും ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾസമകാലികങ്ങളിൽ വായിച്ചറിഞ്ഞ ശ്രീ പോക്കർ സാറിദ്ദേഹത്തെ ഓർത്തുവെച്ചിരുന്നു. നിഘണ്ടു പരിശോദിച്ച്, റെഡിയാക്കാം എന്ന ഉറപ്പിൻ മേൽ ശ്രിധരേട്ടൻ സന്തോഷവാനായി. 11 മാസങ്ങളോളം എടുത്തു അവരത് പരിശോദിക്കുവാൻ, ഈ നാലു പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ ആവില്ല, കന്നഡ, തെലുങ്ക് നിഘണ്ടുക്കൾ ഒഴിവാക്കി മലയാളം തമിഴ് പ്രസിദ്ധീകരിക്കാം എന്നായി അവർ. പ്രസിദ്ധീകരിക്കാതെ മാറ്റിവെയ്ക്കാൻ പ്രധാന കാരണം, ഇദ്ദേഹത്തിൻ്റെ വിദ്യാഭ്യാസയോഗ്യതയായിരുന്നു. പേരിൻ്റെ കൂടി ബി. എ., എം. എ. എന്നോ പ്രൊഫസർ എന്നോ, ഡോക്റ്റർ എന്നോ ഉണ്ടായിരുന്നെങ്കിൽ പ്രസിദ്ധീകരിക്കാമായിരുന്നു എന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകാർ വരെ പറഞ്ഞുവെന്നതാണു സത്യം. ഭാഷാഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാലും കൂടി ഒരൊറ്റ പുസ്തകമായി അച്ചടിക്കണമായിരുന്നു എന്നതായിരുന്നു ശ്രീധരേട്ടൻ്റെ ആഗ്രഹം. ഒരെണ്ണം പോലും അച്ചടിച്ചു വരാത്തതിലും ഭേദമാണല്ലോ രണ്ടുഭാഷയിൽ ഉള്ളതെങ്കിലും പ്രസിദ്ധീകരിക്കുന്നത് എന്നു കരുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി രണ്ടെണ്ണം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായി. അങ്ങനെ ദ്വിഭാഷാ നിഘണ്ടു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.

കന്നട-തെലുങ്കു നിഘണ്ടു പ്രസിദ്ധീകരിക്കാമെന്നു പിണ്ണീടവർ പറഞ്ഞപ്പോൾ വീണ്ടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ കൈയ്യെഴുത്തു പ്രതികൾ ഏൽപ്പിച്ചു. ഭരണസമിതി മാറിയപ്പോൾ ആ കൈയ്യെഴുത്തുപ്രതികൾ പിന്നീടവിടെ നിന്നും അപ്രത്യക്ഷമായി എന്നായിരുന്നു അറിയിപ്പ്. അന്നത്തെ സാംസ്കാരിക വകുത്തു മന്ത്രി കെ. സി. ജോസഫ് വഴിയും, കൊടിയേരി ബാലകൃഷ്ണൻ വഴിയും ഒക്കെ പരാതി നിൽകിയിട്ടും അതു കിട്ടാതെ വന്നപ്പോൾ, അവരുമായുള്ള സംസാരം മൊബൈലിൽ റെക്കോഡ് ചെയ്തു വെയ്ക്കുകയും, പിന്നീട് വക്കീൽ നോട്ടീസ് നൽകുകയും ചെയ്തു. അങ്ങനെയാണു കൈയ്യെഴുത്തു പ്രതികൾ ലഭ്യമായത്.

ഇനിയും ഈ നെടിയ പരിശ്രമം എങ്ങനെയും പൂർണമായി വെളിച്ചം കാണിക്കേണ്ടതുണ്ടെന്ന ബോധം ഉള്ളതു കൊണ്ടും, ഈകൈയ്യെഴുത്തു പ്രതികൾ നഷ്ടമാവരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ഇവയുടെ കോപ്പി എടുത്തുവെയ്ക്കാൻ പ്രേരിതനായി. 3000 രൂപയിലധികം ചെലവിട്ട്, എല്ലാ പേപ്പറുകളും ഇദ്ദേഹം ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചു. ഇവയൊക്കെ ഡിജിറ്റലൈസ് ചെയ്യാനായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കൊടുത്തപ്പോൾ 2 പുസ്തകങ്ങൾക്കു തന്നെ ഒന്നേകാൽ ലക്ഷത്തോളം രൂപ അവർ വാങ്ങിച്ചു; പക്ഷേ, എഴുതിയവയിൽ മൊത്തം അക്ഷരത്തെറ്റുമായിരുന്നു. ചുരുക്കത്തിൽ ഇതേവരെയുള്ള യാത്ര അല്പം ദാരുണമായിരുന്നു എന്നു പറയാം.

ഔദ്യോഗികമായി നാലാംക്ലാസ് വിദ്യാഭ്യാസമേ ശ്രീധരേട്ടനുള്ളൂ, തുല്യതാ പരിക്ഷവഴി ഏഴാംക്ലാസ് സർട്ടിഫിക്കേറ്റും ഉണ്ട്. പി. ഡബ്ല്യു. ഡിയില്‍ ജീവനക്കാരനായിരുന്നു പിന്നീട് ശ്രീധരേട്ടൻ. ആ വഴി സീനിയർ സിറ്റിസൺ ഫോറം വഴി ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ, ഈ നാലു ഭാഷകൾ പ്രൂഫ് റീഡിങ്ങ് നടത്താനുള്ള വഴിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും തൻ്റെ കൂടെ നടന്ന സുഹൃത്തുക്കളുടെ നിരന്തരശ്രമം മൂലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ വർഷങ്ങളോളമുള്ള പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി ‘ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്” എന്നപേരിൽ ഒരു ഡോക്ക്യുമെൻ്ററി ശ്രീ നന്ദൻ ചെയ്തിരുന്നു. 2021 ഇൽ ദേശീയ ചലചിത്രാവാർഡു പ്രഖ്യാപിച്ചപ്പോൾ ഈ ഡോക്ക്യുമെൻ്ററിയും പുരസ്കാരത്തിനർഹമായി വന്നു.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ലിപി വ്യവസ്ത നിലവിലെല്ലാം മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിയാൽ റഫറൻസ് തെരയുന്നവർക്കും പഠിതാക്കൾക്കും കിട്ടുന്നൊരു സൗഭാഗ്യം മറ്റൊന്നില്ലതന്നെ. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറാൻ എന്തുകൊണ്ടും യോഗ്യമാണ് ഈ ചതുർഭാഷാ നിഘണ്ടു.എത്രയും പെട്ടന്ന് ഇതു പൊതുവിടത്തിൽ എത്തുമെന്നു തന്നെ പ്രത്യാശിക്കാം.

മാധവ ശേഷഗിരി പ്രഭു

മലയാളത്തിലെ വൈയ്യാകരണന്മാരില്‍ പ്രധാനിയാണ് മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
M Sheshagiri Prabhu

‘വ്യാകരണമിത്രം’ എന്ന മലയാളവ്യാകരണ ഗ്രന്ഥം രചിച്ചതു ശേഷഗിരി പ്രഭുവാണ്. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ. 1855 ആഗസ്റ്റ് 3-ന് തലശ്ശേരിയിൽ ജനനം, മലയാളം ബി.എ പാസായി. സ്കൂളില്‍ മലയാളം പണ്ഡിറ്റായി ജോലി ചെയ്തു. പിന്നെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായി. ആചാരപ്രകാരമുള്ള പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1875-ൽ മെട്രിക്കുലേഷനും 1877-ൽ എഫ്.എ. പരീക്ഷയും ജയിച്ചു. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1891-ൽ സംസ്കൃതത്തിൽ ബിരുദവും 1903-ൽ ബിരുദാനന്തരബിരുദവും നേടി. 1899-ൽ മംഗലാപുരം, രാജമുന്‍ട്രി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. കോളജ് അധ്യാപകനായി 1914-ൽ ജോലിയിൽനിന്നും വിരമിച്ചു.

കേരള പാണനീയത്തിലെ പല വാദങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു പ്രഭുവിന്‍റെ നിഗമനങ്ങള്‍. 1904ല്‍ കോഴിക്കോട്ട് നിന്നാണ് വ്യാകരണ മിത്രം ആദ്യം അച്ചടിച്ചിറക്കിയത്. അതിനു ശേഷം മൂന്നു പതിപ്പുകള്‍ ഇറക്കി. 1919ല്‍ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അന്തരിച്ചിരുന്നു. പരിഷ്ക്കരിച്ച നാലാം പതിപ്പ് 1922 ജൂ ണ്‍ 15നാണ് പ്രസിദ്ധീകരിച്ചത്. മംഗലാപുരത്തെ കാറ്ററീസ് മിഷന്‍ പ്രസിലാണ് കൃതി അച്ചടിച്ചത്. സാഹിത്യ അക്കാദമി 1983 ഡിസംബര്‍ അഞ്ചിന് ഇതിന്‍റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തലശ്ശേരിയിലെ ഭാഷാപോഷിണി സഭയില്‍ വ്യാകരണ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ശേഷഗിരി പ്രഭു അക്കാലത്തു തന്നെ വൈയ്യാകരണന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. വ്യാകരണമിത്രം, വ്യാകരണ ദര്‍ശം തുടങ്ങി അഞ്ച് വ്യാകരണ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ചില വിവരണങ്ങളും വത്സരാജചരിതം, ശ്രീഹര്‍ഷ ചരിതം, നാഗാനന്ദം, വേദവ്യാസന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

വത്സരാജചരിതം, നാഗാനന്ദം, ശ്രീഹർഷചരിതം, വേദവ്യാസൻ, ഗീത, സാവിത്രി, ഉമ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. വൈയാകരണൻ എന്ന നിലയിലാണ് പ്രഭുവിന്റെ പ്രശസ്തി കേരള പാണിനീയ വിമർശനവും മറ്റും, ബാലവ്യാകരണം, ശിശുമോദകം, ബാലാമതം, കൊങ്കണഭാഷാവ്യാകരണം, വ്യാകരണമിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥങ്ങൾ. ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ് തിരുമല ദേവസ്വം ഹൈസ്കൂളില്‍ മൂന്നു വര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശാലന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. 1924 മെയ് 24-ന് അന്തരിച്ചു.

പ്രധാന വർഷങ്ങൾ

  • 1855 ജനനം
  • 1865 പ്രൊവിഡൻസ് സ്കൂളിൽ
  • 1875 മെട്രിക്കുലേഷൻ
  • 1877 എഫ്.എ.
  • 1888 ചരിത്രത്തിൽ ബി. എ.
  • 1891 സംസ്കൃതത്തിൽ ബി. എ.
  • 1892 സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി
  • 1899 എം.എ.; മംഗലാപുരം ഗവൺമെന്റ് കോളേജ് ലക്ചറർ
  • 1910 ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജിൽ
  • 1914 സർക്കാർ സർവീസിൽ നിന്നു പെൻഷൻ
  • 1916 കൊച്ചി ടി.ഡി. ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ
  • 1924 മരണം

പ്രസിദ്ധ കൃതികൾ

  • 1898 ബാലവ്യാകരണം
  • 1903 വ്യാകരണാദർശം
  • 1904 വ്യാകരണമിത്രം
  • 1919 വ്യാകരണാമൃതം
  • 1923 ശിശുമോദകം
  • 1923 ബാലാമൃതം

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.

കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.

Kumaran Asan with guru, കുമാരനാശാനും നാരാണ ഗുരുവും
കുമാരനാശാനും നാരാണഗുരുവും
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.

കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

Kumaranasan handwriting from notebooks kept at Thonnakkal museum
ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ

ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.

അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.

പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights