Skip to main content

കണികാണും നേരം

sri krishna bhavatgita kani kanum-neram

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ…

ഹരിനാമകീർത്തനം – മലയാള അക്ഷരമാലയുടെ ക്രമീകരണം – എഴുത്തച്ഛൻ

ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം പ്രചരിക്കുന്നതിനു ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് സംസ്കൃതപദങ്ങളും ദ്രാവിഡപദങ്ങളും ഒരുപോലെ എഴുതാൻ പറ്റിയ ഒരു അക്ഷരമാലയുടെ അഭാവമാണെന്നു മനസ്സിലാക്കി. അക്കാലത്ത് മലയാളഭാഷ എഴുതാൻ ഉപയോഗിച്ചിരുന്ന 30 അക്ഷരങ്ങൾ ചേർന്ന വട്ടെഴുത്ത് അതിനു മതിയാവില്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ അക്ഷരമാലയിൽ പ്രധാനമായും ഉപയോഗിച്ചത്, ദക്ഷിണഭാരതത്തിലെ പ്രാചീന ലിപിയായ ഗ്രന്ഥലിപിയിലെ അക്ഷരങ്ങൾ ആയിരുന്നു. ഒപ്പം മലയാളത്തിന്റെ തനതായ ശബ്ദങ്ങളുൾ രേഖപ്പെടുത്താൻ ആവശ്യമായ റ, ഴ തുടങ്ങിയവയുടെ ഛിഹ്നങ്ങൾ വട്ടെഴുത്തിൽ നിന്ന് ചില്ലറ ഭേദഗതികളോടെ സ്വീകരിച്ചു. ഗ്രന്ഥലിപിയും വട്ടെഴുത്തും ചേർന്ന ഈ പുതിയ അക്ഷരമാല 51 അക്ഷരങ്ങൾ ചേർന്നതായിരുന്നു.

പുതിയ അക്ഷരമാലയുടെ പ്രചരണത്തിനുപകരിക്കുന്ന ഒരു കീർത്തനം കൂടി എഴുതാൻ തീരുമാനിച്ച എഴുത്തച്ഛൻ, ഹരിനാമകീർത്തനം എഴുതി. 4 പ്രാരംഭപദ്യങ്ങളും, ഹരി, ശ്രീ, ഗ, ണ, പ, ത, യേ, ന, മ എന്നീ തുടക്കങ്ങളുള്ള 9 പദ്യങ്ങളും പുതിയ അക്ഷരമാലയിലെ അക്ഷരക്രമത്തിൽ ഓരോ അക്ഷരത്തിലായി തുടങ്ങുന്ന 51 പദ്യങ്ങളും, 3 സമാപനപദ്യങ്ങളും ചേർന്ന് 67 പദ്യങ്ങൾ ഉള്ള ആ കീർത്തനവും അക്ഷരമാലയും വളരെ വേഗം പ്രചരിച്ചു. അമ്മാവന്റേയും സഹോദരന്റേയും കീഴിൽ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്ന എഴുത്തച്ഛൻ തഞ്ചാവൂരെ തിരുവാവാടുതുറ ആധീനത്തിലേയ്ക്ക് ഉപരിപഠനത്തിനായി പോയി. അവിടത്തെ പ്രധാനാദ്ധ്യാപകൻ ഗുരു നീലകണ്ഠർ ആയിരുന്നു. അധീനത്തിലെ ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ എഴുത്തച്ഛനും സഹപാഠികളും ഗുരുജനങ്ങളും ഭാരതപര്യടനത്തിനിറങ്ങി. ഹരിനാമകീർത്തനത്തിൽ മലയാളം സ്വരാക്ഷരങ്ങളിൽ ആദ്യാക്ഷരമയ തുടങ്ങുന്നതുതന്നെ ആ അദ്ധ്യാപകനെ മനസാ സ്മരിച്ചുകൊണ്ടാണ്. 51 അക്ഷരങ്ങൾ ക്രമമായി അൻപോടെ വന്നുചേരാൻ അനുഗ്രഹം ചോദിക്കുന്നതായി അതിനെ നമുക്കു കാണാം. വരികൾ താഴെ കൊടുക്കുന്നു. ഈ കീർത്തനത്തിന്റെ ഓഡിയോ മുകളിൽ ഉണ്ട്.

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരി ശ്രീ ഗണപതയേ നമഃ – എന്ന ക്രമത്തിൽ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽത്തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമ നാരായണായ നമഃ

ർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
ത്വദ്ഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ

ത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനിതി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

ച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമഃ

ത്വത്തിനുള്ളിലുദയം ചെയ്തിടുന്നപൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലേഖനഗിരം കേട്ടു ധർമ്മപതി
എൻ പക്കലുള്ള ദുരിതം പാർത്തു കാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

ക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

ത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

മലയാളഭാഷാ സ്വാരാക്ഷരങ്ങലുടെ ക്രമത്തിൽ

ൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ
അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടു ചേർക്ക ഹരി നാരായണായ നമഃ

ദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

ക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമഃ

രിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേ എന്നതിന്നൊരുവർ
നാവൊന്നേ വേണ്ടു ഹരി നാരായണായ നമഃ

തുവായപെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ

ഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

ത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരുകോടികോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

ണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടികേറികടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമഃ

കാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരി നാരായണായ നമഃ

യ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ

ന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം
എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി
മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ

തുന്നു ഗീതകളിതെല്ലാമിതെന്നപൊരു-
ളേതെന്നു കാണ്മതിനുപോരാമ നോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേ കദാപി സുഖമില്ലെന്നു തത്പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോഽഹമെന്ന വഴി നാരായണായ നമഃ

അംഭോജസംഭവനുമൻപോ ടുനീന്തിബത
വൻമോഹവാരിധിയിലെന്നേടമോർത്തു മമ
വൻ പേടി പാരമിവനൻപോടടായ്‌വതിന്നു
മുൻപേ തൊഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്പാടുചെന്നഥ തടുത്തോരുനാൽവരെയു-
മപ്പോലെ നൗമി ഹരി നാരായണായ നമഃ

മലയാളഭാഷാ വ്യഞ്ജനാക്ഷരങ്ങലുടെ ക്രമത്തിൽ

ഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനതു-
മോർക്കാവതല്ല ഹരി നാരായണായ നമഃ

ട്വാംഗനെന്ന ധരണീശന്നു കാൺകൊരു
മുഹൂ൪ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ നാരായണായ നമഃ

൪വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടു നില്പതിനു പോരാ നിനക്കു ബല൦
അവ്വാരിധൗ ദഹനബാണ൦ തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

ർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെപ്പിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത!
കൂന്നോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമഃ

മ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ന്നത്വമാർന്ന കനൽപോലേ നിറഞ്ഞുലകിൽ
ചിന്നുന്ന നിൻ മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

ന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ങ്കാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്ന ഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരിനാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ

ങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമഃ

ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി-
തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ

ക്കാമൃദംഗതുടിതാളങ്ങൾ പോലെയുട-
നോർക്കാമതിന്നിലയിലിന്നേടമോർത്തു മമ
നിൽക്കുന്നതല്ല മനമാളാനബദ്ധകരി-
തീൻകണ്ടപോലെ ഹരിനാരായണായ നമഃ

ത്വാപരം പരിചു കർമ്മവ്യാപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ പരമുദിച്ചോരു ബോധമതു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളിൽ വിലസീടുന്ന നിന്നടിയിൽ
മുക്തിക്കു കാരണമിതേശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

ല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപോടിതത്തരുവിൽ വാഴായ്‌വതിന്നു ഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമഃ

ന്നായ് ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റിൽ നിൻകരുണ വന്മാരി പെയ്‌തുപുനഃ
മുന്നം മുളച്ചമുള ഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

ലതും പറഞ്ഞു പകൽ കളയുന്നനാവുതവ
തിരുനാമകീർത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ

ലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേയുദിപ്പതിന്നു
കളയായ്‌ക കാലമിനി നാരായണായ നമഃ

ന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻ‌തത്ത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ-
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

ന്നിങ്കൽ വന്നിഹ പിറന്നന്നു തൊട്ടു പുന-
രെന്തൊന്നു വാങ്മനസുകായങ്ങൾ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ

യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

വികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ

ക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമഃ

ദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാ വിദേഹദൃഢവിശ്വാസമോടു ബത
ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമഃ

ഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ ഹി സദ്ധ്യാനരംഗമതിൽ
തത്രാപി നിത്യവുമൊരിക്കലിരുന്നരുൾക
ചിത്താംബുജേ മമ ച നാരായണായ നമഃ

ത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽ വീണു ഹരി നാരായണായ നമഃ

രനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായ തൻ മഹിമ
അറിവായ്‌ മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽത്തെളിക നാരായണായ നമഃ

ത്വം കലർന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ ഹരി നാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവപരമാക്ഷരസ്യ പൊരുൾ
അറിയാറുമായ്‌ വരിക നാരായണായ നമഃ

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരായണായ നമഃ

ജ്ഞാനപ്പാന – രചന:പൂന്താനം നമ്പൂതിരി

മംഗളാചരണം

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!

കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍.

അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.

പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സർവ്വവും;

തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേൾപ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌

ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ .
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് ‌.

കർമ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്‌മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

ജീവഗതി

നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു.
സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമര‍ന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌ പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌ പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.

ഭാരതമഹിമ

കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.

അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.

ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുർല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!

സംസാരവർണ്ണന

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.

സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌ മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.

ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ടികൾ.

ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.

നാമമഹിമ

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-

ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.

കണികാണും നേരം

കണികാണും നേരം കമലനേത്രനെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!

രകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

ലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

വാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണ്മാൻ.

യെതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ.

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

ജ്ഞാനപ്പാന, പൂന്താനം നമ്പൂതിരി, ജി ദേവരാജൻ, വയലാർ രാമവർമ്മ, പി. മാധുരി, കെ. രാഘവൻ, പി. ഭാസ്ക്കരൻ, ശാന്താ പി. നായർ, രഘു കുമാർ, പൂവച്ചൽ ഖാദർ, എസ് ജാനകി, പി. സുശീല, മുരുകൻ കാട്ടാക്കട

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം…
പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..
രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ…
നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതം
നിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…
ചന്ദനം പോല്‍ മാറിലണിയുന്നൂ‍….
നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതം
പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..
നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights