Skip to main content

ചന്ദ്രഗിരിക്കോട്ട

chandragiri fort - fort district of kerala, kasaragodവടക്കൻ കേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ്‌ ജില്ലയിൽ തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.

ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യ സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. തൊട്ടടുത്തായുള്ള ബേക്കലം കോട്ട പണിതതും ശിവപ്പ നായിക്ക് തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി കൈകൾ മറിഞ്ഞെത്തിയ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചരിത്ര സ്മാരകം എന്നൊക്കെ പറയാമെങ്കിലും യാതൊരുവിധ ശ്രദ്ധയും കിട്ടാതെ നശിച്ചുകൊണ്ടിരിക്കുകയാണിന്നു കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.

കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ ചന്ദ്രഗിരിക്കോട്ടയ്ക്കുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ കോട്ട ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നതു കാണാറുണ്ട്. പക്ഷേ, അങ്ങുമെത്താതെ ആവശ്യങ്ങൾ നിലച്ചുപോവും. നിത്യേന നശിച്ചു കൊണ്ടിരിക്കുന്ന ഒരു കോട്ടയാണിതെന്നു പറയാം, കോടയ്ക്കകത്ത് കാടും പ്ലാസ്റ്റിങ് ബോട്ടിലുകളും നിറഞ്ഞിരിക്കുന്നു.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി ദൂരമുണ്ട് കോട്ടയിലേക്ക്. കാസർഗോഡ് കാഞ്ഞങ്ങാട് പാതയിൽ മേൽപ്പറമ്പിലാണ് ചന്ദ്രഗിരിക്കോട്ട. മേൽപ്പറമ്പിൽ നിന്നും അരക്കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ചന്ദ്രഗിരിക്കോട്ട കൂടാതെ, ബേക്കൽ കോട്ട, റാണിപുരം ഹിൽ സ്റ്റേഷൻ, വലിയപറമ്പ തടാകം, പെസഡിഗുംബെ, അനന്തപുര തടാകക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിങ്ങനെ മറ്റു പല ടൂറിസ്റ്റ് സ്പോട്ടുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights