സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്.
എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും – നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു.
“എൻഡോ സൾഫാൻ നിരോധിക്കുക” ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.