ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ – 11/09/2017) കേസ് പരിഗണിക്കും.
മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം
കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം.
എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. രക്ഷയായാലും ശിക്ഷയായാലും കാര്യങ്ങൾ മാതിരിക്ക് നടക്കണം. നല്ലരീതിയിൽ അവസാനിക്കണം. ഒന്നുമില്ലെങ്കിൽ വർഗബോധവും മതവെറിയും ആര്യാഢ്യത്തവും വരുത്തിവെച്ച കഴിഞ്ഞകാല പോരായ്മകളിൽ പുതുമതമായ സംഘിമതം പച്ചപിടിക്കാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലാക്കാനെങ്കിലും ഇതുപകരിക്കണം. കളികൾ പതിയെ മാറ്റി ജനനന്മതന്നെ രക്ഷ്യം വെച്ച് നല്ലൊരു യാത്ര വീണ്ടും നടത്താൻ ഇടവരട്ടെ.
കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു… നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. ഒഴിവാക്കലുകൾ പലതരത്തിൽ നേരിടുന്നൊരു ജില്ലയാണു കാസർഗോഡ്. കോൺഗ്രസ്സായാലും മാർക്സിസ്റ്റായാലും കേരളയാത്രകളോ, മനുഷ്യചങ്ങലകളോ തുടങ്ങാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു മഞ്ചേശ്വരം. ഇന്നും അതു തുടരുന്നു. ആ സമയത്താണ് ഈയൊരു തെയ്യം കളിക്ക് ബിജെപ്പിയും തയ്യാറായത്.
രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.