പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിലൂടെ മലയാളികളെ പരമാവധി വറുത്തു പൊടിച്ചെടൂക്കുകയാണ്. വിവിധതരം നികുതികളിലൂടെ അവർ നമ്മെ ഊറ്റിക്കുടിച്ചു രമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു ഉല്ലാസയാത്രയ്ക്കു പോകുന്നതിനോ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോ ഒന്നുംതന്നെ അവർക്കു കണക്കില്ല തന്നും! ഈ മഹാ ഭീകരത ഒരു ഭാഗത്തിരിക്കുന്നു…
കൊറോണക്കാലത്ത് ദൈവങ്ങളൊക്കെ ചത്തടിഞ്ഞു പോയെന്നു കരുതിയതായിരുന്നു. അക്കൂട്ടരും ഉയിർത്തെഴുന്നേറ്റു വരുന്നു. ദിവസേന സംഭവവനയ്ക്കായി വരുന്നവരുടെ എണ്ണം ക്രമാതീതമാവുന്നു. ഓരോ നാട്ടിലേയും അമ്പലങ്ങളും കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും ഒക്കെ ആ നാടിൻ്റെ ഐശ്വര്യം തന്നെയാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണത്. ആവും പോലെ അതാത് കൂട്ടായ്മകൾ അവർക്കിടയിൽ തന്നെ പിരിവെടൂത്തു കാശുണ്ടാക്കിയോ, അതാദ് ദേവസ്ഥാനങ്ങളിൽ ലഭ്യമായ വരുമാനം ഉപയോഗിച്ചോ ഉത്സവങ്ങൾ നടത്തണം. അതാ നാടിൻ്റെ മഹനീയത തന്നെയാണ്…
ഏതോ നാട്ടിലെ ആൾക്കുട്ടങ്ങൾ ഇങ്ങനെ പിരിവിനായി നോട്ടീസും കൂപ്പണും കരുതി, വീടാന്തരം അന്യദേശങ്ങളിൽ തെണ്ടി നടക്കുന്നത് എത്രമാത്രം വൃത്തികെട്ട ഏർപ്പാടാണ്. പണിയും കളഞ്ഞ് മെനക്കെട്ട് അത്രദൂരങ്ങളിൽ പോയി തൊഴാനും കുമ്പിടാനൊന്നും താല്പര്യമില്ലാന്നു പറഞ്ഞപ്പോൾ താല്പര്യമുള്ളവരും ഉണ്ടല്ലോ എന്നവരുടെ മറുപടി. അവരോടു കാശുവാങ്ങിച്ചോളൂ എന്നു ഞാനും പറയും. കാശിൻ്റെ കാര്യത്തിൽ പക്ഷേ അതൊന്നും ബാധകമല്ലവർക്ക്… അവർക്കു കാശുകിട്ടണം.
100/500 രൂപ കൊടുത്താൽ പുച്ഛമാണ്; വാങ്ങിക്കില്ലവർ. 5000 വേണമെന്നാവും ചിലർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ ഓട്ടോ സ്പെഷ്യലാക്കി ഇവിടേക്കു വന്നു. ആരേയും കണ്ട പരിചയം പോലും ഇല്ലെനിക്ക്. അവരുടെ നാടും ഏറെ ദൂരെ – ഞാനിന്നേവരെ പോയിട്ടുപോലും ഇല്ലായിരുന്നു ആ നാട്ടിൽ. ഞാൻ ചോദിച്ചു ഈ നാട്ടുകാരുണ്ടോ നിങ്ങളിൽ? ഇല്ലാത്രേ… പക്ഷേ, അവർക്ക് എന്നെ അറിയും… ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനിയർ അല്ലേ എന്നൊരാൾ.. അതേ എന്നും ഞാനും. ഒരു ആക്സിഡൻ്റു നടന്നിരുന്നുവല്ലേ എന്നയാൾ… ഞാൻ പറഞ്ഞു നടന്നിരുന്നു…
ഞാൻ ചോദിച്ചു, അന്നെനിക്ക് ഒത്തിരിപ്പേർ കാശു തന്നു സഹായിച്ചിരുന്നു. രണ്ടരവർഷത്തേക്ക് ഭീമമായ തുകയായിരുന്നു അന്ന്, ഇങ്ങനെ തന്ന സഹായം കൊണ്ടുമാത്രമായിരുന്നു പിടിച്ചു നിൽക്കാൻ പറ്റിയത്, നിങ്ങളുടെ അമ്പലക്കമ്മിറ്റിയും സഹായിച്ചിരുന്നോ? കാരണം, ചുറ്റുപാടിൽ നിന്നും പലരും സഹായിച്ചിരുന്നു അന്നെന്നെ. അവരുടെ പേരുപോലും എന്നോടാരും പറഞ്ഞതുമില്ലായിരുന്നു!! എന്നെ അറിയാമെന്നു പറഞ്ഞയാളുടെ മുഖം പെട്ടന്നു വല്ലാതെയായി… മറ്റൊരു വീട്ടിലും പോകാതെ, ഓട്ടോ പിടിച്ച് ഇത്ര ദൂരം എന്നെ മാത്രം കാണാൻ വരണമെങ്കിൽ അങ്ങനെ വല്യ പ്രത്യേകതയും കാണുമെന്നു ഞാൻ കരുതിപ്പോയി… ഞാൻ ചോദിച്ചു പിന്നെ എങ്ങനെ എന്നെ അറിയാം? എന്തുകൊണ്ട് അയല്പകത്തുള്ള ഡോക്ടറുടെ വീട്ടിൽ പോലും കയറാതെ ഇവിടേക്കു വന്നു.
നോട്ടീസു വയിച്ചു നോക്കി. പുനരുദ്ധരിക്കലാണവിടം!! കാവുമാറ്റി അമ്പലമാക്കാനുള്ള പുറപ്പാടാണവർ എന്നുതോന്നിയപ്പോൾ, കൂടുതൽ ചോദിക്കാമെന്നു കരുതി. എന്തിനാ ആ മരങ്ങൾ മുറിച്ചുമാറ്റി ഇങ്ങനെയൊരു കൂടാരം പണിയുന്നത്? മരങ്ങൾ ഒന്നും മുറിക്കുന്നില്ല. ചുറ്റുമതിലും ഉള്ളിൽ മുറ്റവും വഴിയും ഒക്കെ കോൺക്രിറ്റ് സ്ലാബുകൾ ആക്കുന്നതും ഒക്കെയേ ഉള്ളൂ. കാവു കാവായി നിൽക്കുന്നതല്ലേ ഭംഗിയെന്നു ഞാൻ. ഭംഗി കാണാനല്ലല്ലോ ദൈവം എന്നവർ. പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് സൗകര്യം വേണ്ടേ! മുട്ടൻ പരിപാടിയാണ്. 500 രൂപ കൊടുത്തിട്ടു 200 എടുത്തോളാൻ പറഞ്ഞു. 300 രൂപ തിരികെ ചോദിച്ചു. അവർ പറഞ്ഞു ഇതുപോരാ. ഒരു 5000 രൂപ എഴുതട്ടെ… പറ്റില്ലെന്നു ഞാൻ പറഞ്ഞു. കൈയ്യിൽ അത്ര കാശില്ലെന്നു ഞാൻ പറഞ്ഞു. ഗൂഗിൾ പേ ഇല്ലേ എന്നു മറ്റൊരാൾ തിരികെ ചോദിച്ചു!! എന്തായാലും 5000 തരാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു.
കൊറോണയ്ക്ക് മുമ്പ് അടുത്തുള്ള മൂന്നു തറവാടുകളിൽ നടന്ന പിരിവിൽ എല്ലാവർക്കും എല്ലാവർക്കും നല്ല തുക വെച്ചു കൊടുത്തിരുന്നു. ഒരു തറവാടിൽ നിരവധി അമ്പലങ്ങളിൽ ഒരമ്പലം തന്നെ കെട്ടിക്കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്! എല്ലാവരേയും ഒരേ നുകത്തിൽ കെട്ടാനായിഒരേതുക വെച്ചു മൂന്നിടത്തും കൊടുത്തതായിരുന്നു. അന്നു വന്നൊരു കമ്മിറ്റിയിലെ ആളാണെന്നെ ഈദ്ദേഹത്തോട് അറിയാമെന്നു പറഞ്ഞയാൾ. അയാൾക്കിവിടേക്കും 5000 തന്നെ വേണം. ഒത്തിരിപ്പറഞ്ഞും പിടിച്ചും അവസാനം 1000 കൊടുത്തവരെ വിട്ടു. ഇല്ലെങ്കിൽ ഓട്ടോക്കൂലി പോലും തികയാതെ വന്നെങ്കിലോ!!
അത്യാവശ്യം ജീവിക്കാൻ വകയുള്ള ചിലരുണ്ട്, സകല അമ്പലക്കമ്മിറ്റികളിലും കാണുമവർ, മിന്നുന്ന വസ്ത്രമണിഞ്ഞ് സഖലമാന ഘോഷയാത്രകളിലും മുൻനിരയിലവർ കാണും. ആരോടൊക്കെ എത്രവെച്ചു ചോദിക്കണമെന്നു പറയുന്നതും ഇവരൊക്കെയാണെന്ന് ഒരു സുഹൃത്തു പറഞ്ഞിരുന്നു. ഇതേ ടീം തന്നെ വിദേശങ്ങളിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് അവിടെ പോയും ലക്ഷങ്ങൾ വാരുന്നു. പിരിച്ചെടുത്ത തുകയുടെ ചെറിയൊരു അംശം മാത്രമേ ചിലപ്പോൾ ഉത്സാവാഘോഷങ്ങൾക്കാവുകയുള്ളൂ. ബാക്കി തുക ഇവർക്ക് അടുത്തുള്ള സ്കൂളിൽ ഒരു നല്ല കക്കൂസ് കെട്ടിക്കൊടുക്കാൻ ഉപയോഗിക്കാൻ പാടില്ലേ?
കാവുകൾ മാറ്റി അമ്പലങ്ങൾ ആക്കിയാണോ നാടിനെ ഉദ്ധരിക്കേണ്ടത്? ബസ്റ്റോപ്പിൽ നല്ലൊരു വെയിങ്ങ് ഷെഡ് കെട്ടുകയോ, പൊതുജനത്തിനു സൗകര്യപ്രദമായ മറ്റ് സംഗതികൾ ചെയ്യുകയോ കൂട്ടാക്കാതെ, ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞ് എന്തുകുന്തമുണ്ടാക്കാനാണിവർ സ്വപ്നം കാണുന്നത്!! ഈയിടെ വന്ന ഒരുകൂട്ടരോടു ചോദിച്ചു, ഒരു നാട്ടിൽ ഒരമ്പലവും ഒരു കാവും ഒക്കെ ആവാം. പഴയതും പുതിയതും പുനരുദ്ധരിപ്പിച്ചതും ഒക്കെ കൂടി ഈ നാട്ടിൽ എത്രയെത്ര ആരാധനാലയങ്ങൾ ഉണ്ട്!! എന്തിനാണിതു ചെയ്യുന്നത്? കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ ബാക്കിയൊന്നും അവശേഷിക്കുന്നില്ലേ? ഉത്സവാഘോഷം നടത്താതിരുന്നാൽ ദൈവം കോപിക്കുമെങ്കിൽ അതുപയോഗിക്കരുതോ?
അയാൾ പറഞ്ഞു ഈ അമ്പലത്തിനു 3000 വർഷത്തിലേറെ പഴക്കമുണ്ട്!! പണ്ട് അമ്പലത്തിലെ പ്രതിഷ്ഠ എടുത്ത് കുളത്തിലിട്ടതിൻ്റേയും മറ്റും കഥ അയാൾ വിശദീകരിച്ചുതന്നു. ഞാൻ ചോദിച്ചു ആരു പറഞ്ഞു ഈ നുണ? ഏതേലും ജ്യോത്സ്യർ കവടി നിരത്തി ചൊല്ലിത്തന്ന ബഡായിയല്ലേ ഇത്? AD 8, 9 നൂറ്റാണ്ടുകളിലാണ് കേരളത്തിലേക്ക് ബ്രാഹ്മിൻസ് എത്തിയതു തന്നെ. 2023 ആയേതേ ഉള്ളൂ. അത്രകാലത്തെ പഴമയിൽ ഇന്നത്തെ ഇന്ത്യയിൽ തന്നെ ബ്രാഹ്മിൻസ് ഉണ്ടോ എന്നറിയില്ല. ഈ അമ്പലം അവരുടേതല്ലേ? ജ്യോത്സ്യർ എന്തു ബഡായി പറഞ്ഞാലും നിങ്ങൾ അതു നോട്ടീസടിച്ച് കാശു പിരിക്കാൻ ഈ പൊരിവെയിലത്തു നടക്കുമോ!
അവർ കാശ് വാങ്ങിക്കാതെ പോയി! മാത്രമല്ലേ, കണ്ണിൽ കണ്ടവരോടൊക്കെ ദൈവഹിതമെന്നോണം എന്നെപറ്റി നല്ലവാക്കുകൾ ഓതിക്കൊടുക്കുന്നുമുണ്ടവർ! കാശാണിവർക്ക് ദൈവം!! കളികഴിഞ്ഞാൽ കാശ് വീതിച്ചെടുത്ത് മുക്കി ആറാട്ടു നടത്താനാവും ത്വര!!