Skip to main content

ശലഭജീവിതം

ചതിക്കുഴിയിൽ വീഴുന്ന കൗമാരംപ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം.

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ കള്ളപ്രൊഫൈലുകളുണ്ടാക്കി പേരുമാറ്റി, മതം മാറ്റി, ജാതിമാറ്റി പെൺചിന്തകളെ തൊട്ടറിഞ്ഞ് അവർക്കുവേണ്ടരീതിയിൽ അപ്‌ഡേറ്റ് ചെയ്ത് വലവിരിച്ചിരിക്കുന്ന കാപാലികരുണ്ട് നെറ്റിൽ. രാത്രിയുടെ നിശബ്‌ദതയിൽ ഇക്കൂട്ടർ പെൺമനം ഭേദിച്ചകത്തുകടക്കുന്നു. മുറിയിലെ ലൈറ്റണച്ചാൽ ബോധമണ്ഡലത്തിലേക്കുള്ള പകുതിവെളിച്ചം പോയികിട്ടും. പിന്നെ നെയ്തെടുക്കുന്ന കാമനകൾ അതിരുകളില്ലാത്തതാവും; പറയുന്ന വാകുകൾക്ക് പരിധികളില്ലാതാവുന്നു. എന്തുപറയണം എന്തു പറയരുത് എന്നുപോലും മറക്കുന്ന ഇവർ ആ സ്വർഗം വിട്ട് ചിന്തിക്കാൻ കൂടി മടിക്കുന്നു.

കണ്ണീരുണങ്ങാത്ത രാത്രികളാവരുത് പ്രണയത്തിനു പ്രതിഫലംപരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും. കാമുകൻ വിളിക്കുന്നിടത്ത് സകലപ്രതിബന്ധങ്ങളേയും മറികടന്നവർ എത്തിച്ചേരുന്നു.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം… തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍. ഒരുനിമിഷത്തെ ചിന്തമതിയാവും ചിലപ്പോൾ ഒരു വലിയ വിപത്തിൽ നിന്നും രക്ഷപെടാൻ. പക്ഷേ, ആ ഒരുനിമിഷം എന്നത് ഇക്കൂട്ടർക്ക് ഒരു യുഗമാണെന്നതാണു പരമാർത്ഥം.

പ്രണയം അനുഭവിച്ചു തന്നെ അറിയേണ്ട വികാരമാണ് - അതു കണ്ണീരില് കുതിർക്കതിരിക്കൻ ഒരല്പം ശ്രദ്ധമതിയ്യാവുംപ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസം തെറ്റാണെന്ന് ആരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക…
തമിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights