ഐതിഹ്യത്തിൻ്റെ താളിയോലകളിൽ, പണ്ട് ആര്യവംശജനായ വാമനൻ ദ്രാവിഡരാജൻ ബലീന്ദ്രനെ ചവിട്ടിത്താഴ്ത്തുമ്പോൾ കൊടുത്തൊരു വരമുണ്ട്. വരദാനം ഒരു പ്രഹേളികയായിരുന്നു. ഒരുപക്ഷേ, ആര്യശ്രേഷ്ഠർ ദ്രാവിഡാധിപത്യത്തെ മറികടന്നപ്പോൾ, ഒരിക്കലും നടക്കാത്തൊരു കാലം വാഗ്ദാനം ചെയ്തതാകാം:
“കല്ലുകൾ കായ്ക്കും കാലം, വെള്ളാരംകല്ല് പൂക്കും നേരം, ഉപ്പ് കർപ്പൂരമായി മാറും കാലം, ഉഴുന്ന് മദ്ദളമാകും നാളിൽ, കുന്നിക്കുരുവിൻ്റെ കറുത്ത കല മായും കാലം, മോരിൽ വെണ്ണ മുങ്ങും കാലം, മരംകൊത്തി കുടുമയിറക്കും കാലം— അപ്പോൾ, ഭൂമിപുത്രാ, ബലീന്ദ്രാ, അങ്ങേക്ക് തിരിച്ചുവന്ന് നാട് ഭരിക്കാം!”
ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പിച്ച ആ ‘അസാധ്യകാല’ത്തെ തങ്ങളുടെ വിശ്വാസത്തിൻ്റെ ശക്തികൊണ്ട് സാധ്യമാക്കുകയാണ് തുളുനാട്ടുകാർ. ഓണം കേരളത്തിന് മഹാബലിയുടെ ഓർമ്മപ്പെടുത്തലെങ്കിൽ, ഈ മണ്ണിൽ, ദീപാവലി ബലിരാജൻ്റെ പുനരാഗമനത്തിനുള്ള പുണ്യനാളുകളാണ്. (കാലം മാറുമ്പോൾ, ഓണാഘോഷം വാമനോത്സവമായി പരിണമിച്ചാലും, ഈ മണ്ണിൽ ബലി പൂജകൾ കെടാതെ സൂക്ഷിക്കും. വാമനശ്രേഷ്ഠർ ഇപ്പോൾ സൗത്തിന്ത്യയും കാശും അധികാരവും ഉപയോഗിച്ചു പിടിച്ചടക്കി വരികയല്ലേ ) 😊

വടക്കേ മലബാറിൻ്റെ തുളുനാടൻ ഗ്രാമങ്ങളിൽ, വിശേഷിച്ച് കാസർകോട് ജില്ലയിലും കുന്ദാപുരം ഉൾപ്പെടുന്ന പഴയ തുളുനാട്ടിലും, മാവേലി മന്നൻ്റെ എഴുന്നള്ളത്ത് ദീപാവലി നാളുകളിൽ ബലിരാജനെ പൂജ ചെയ്യാനായി മാറ്റിവെച്ചിരിക്കുന്നു. ‘ബലീന്ദ്ര പൂജ‘ അഥവാ ‘പൊലിയന്ദ്രം‘ എന്ന പേരിലറിയപ്പെടുന്ന ഈ തനത് ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തുലാം മാസത്തിലെ കറുത്തവാവ് അഥവാ ദീപാവലി ദിനം മുതൽ അടുത്ത മൂന്ന് ദിവസങ്ങളിലായാണ് ഭക്തിയും കാർഷിക സംസ്കാരവും ഇഴചേർന്ന ഈ അനുഷ്ഠാനം കൊണ്ടാടുന്നത്. ഈ ദിവസം, ഐതിഹ്യത്തിൻ്റെയും പ്രകൃതിയുടെയും പ്രതീകമായ ഏഴിലംപാലയുടെ മൂന്നുവീതം ശിഖിരങ്ങളുള്ള കൊമ്പുകൾ ശേഖരിച്ച് വീടിൻ്റെ പ്രധാന ഇടങ്ങളിൽ സ്ഥാപിക്കുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകൾ വീട്ടുമുറ്റത്തും കിണറ്റിൻകരയിലും തൊഴുത്തിലുമെല്ലാം ഇടംപിടിക്കും. ഈ പാലക്കൊമ്പിൻ്റെ കവരങ്ങളിൽ ചിരട്ടത്തുണ്ടുകൾ ഇറക്കിവെയ്ക്കുന്നു.
എൻ്റെ വീടിനടുത്ത് പൊടവടുക്കം ധർമ്മശാസ്താക്ഷേത്ര പരിസരത്തും പൊലിയന്ദ്രം ചടങ്ങു നടന്നിരുന്നു. പാലക്കുന്നു കഴകം പരിധിയിൽ വരുന്ന കീഴൂർ ശാസ്താക്ഷേത്രത്തിലും, പരപ്പ ശ്രീ തളീക്ഷേത്രത്തിലും ഈ ചടങ്ങു നിത്യേന നടക്കാറുണ്ട്. തൃക്കരിപ്പൂർ മുതൽ മാംഗ്ലൂരിലെ കുന്ദാപുരം വറ്റെയുള്ള ഇടങ്ങളിൽ വീടുകളിൽ പോലും ഈ ചടങ്ങ് ലളിതമായി നടന്നിരുന്നു; ഇന്നത് ശോഷിച്ചു പോയിട്ടുണ്ട്.
സന്ധ്യാനാമത്തിനുശേഷം, കുടുംബാംഗങ്ങൾ പടിഞ്ഞാറ്റയിൽ നിന്നും നിലവിളക്കും അരിയും തിരിയും വെച്ച തളികയുമേന്തി വീട്ടുമുറ്റത്തേക്ക് വരുന്നു. തിരിയെണ്ണയിൽ മുക്കി കത്തിച്ചതിന് ശേഷം ചിരട്ടയിൽ ഇറക്കിവച്ച്, മഹാബലിയെ വരവേൽക്കുന്ന മന്ത്രം പോലെ, “പൊലിയന്ത്രാ, പൊലിയന്ത്രാ അരിയോ അരി” എന്ന് മൂന്ന് തവണ ഉറക്കെ വിളിക്കും. കാഞ്ഞങ്ങാടിന് തെക്കുള്ള പ്രദേശങ്ങളിൽ അരി വറുത്ത് കിഴികെട്ടി എണ്ണയിൽ മുക്കി ചിരട്ടയിൽ വെച്ച് കത്തിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. വീടുകൾക്ക് പുറമെ, തെയ്യക്കാവുകളിലും കഴകങ്ങളിലും ശാസ്താക്ഷേത്രങ്ങളിലും മറ്റ് ആരാധാനാലയങ്ങളിലും പൊലിയന്ത്രം വിളി മുടങ്ങാതെ നടക്കുന്നു.
ശാസ്താക്ഷേത്രങ്ങളിൽ ഇത് വലിയ ഉത്സവമായി കൊണ്ടാടുന്നു. സന്ധ്യാനേരത്ത് 21 ദീപങ്ങൾ പാലമരത്തിൽ കൊളുത്തി ഗ്രാമം ഒന്നായിച്ചേർന്ന് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആർത്തുവിളിച്ച് ആദരപൂർവം സ്വീകരിക്കുന്നു. ഗ്രാമത്തിലെ വീടുകളിൽ പൊലിയന്ത്രം വിളി ആരംഭിക്കുന്നത് ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ശേഷമാണ് എന്നതും ഈ ആചാരത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു.
കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളിൽ ഈ വിളി ‘ബലീന്ദ്രാ ബലീന്ദ്രാ’ എന്നുതന്നെയാണ്. മൂന്നാം ദിവസം വിളി പൂർത്തിയാക്കുമ്പോൾ, അടുത്ത വർഷം നേരത്തെ വരാനുള്ള അപേക്ഷയും മഹാബലിയോട് സമർപ്പിക്കും. തുളുഭാഷയിൽ ಪೊಸ ವರಪ್ಪಟ್ ಬೇಕ್ಕ ಬಲ್ಲ, ಬಲಿ ಮಾಯಾ ರಾಜನೆ, ಬೂದಿಪುಡ ದಿನೋ ಬಲ್ಲ! (Posa varappat beka balla, Bali maaya raajane, budipuda dino balla!) = പുതുവർഷത്തിൽ വേഗം വരിക ബലി മഹാരാജാവേ, ഭക്തരുടെ വീടുകൾ അനുഗ്രഹിക്കുക.
ചരിത്രത്തിൻ്റെ പിൻബലം
ദീപാവലി ദിവസം ഈ ചടങ്ങുകൾ നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. പ്രാചീനകാലത്ത് ഇന്ത്യയിൽ പരക്കെ ബലിപൂജ നടന്നതിന് തെളിവുകളുണ്ട്. വരാഹമിഹിരൻ്റെ ‘ബൃഹത് സംഹിത’യിൽ ദൈവങ്ങളുടെ പ്രതിമാ നിർമ്മാണത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ബലി പ്രതിമയെക്കുറിച്ച് പ്രാധാന്യത്തോടെ പ്രസ്താവിക്കുന്നുണ്ട്. ഭാരതത്തിൽ നിന്ന് ബലിപൂജ ഏറെയൊക്കെ തുടച്ചുനീക്കപ്പെട്ടപ്പോഴും, കർണാടകയിലെ കുന്ദാപുരം മുതൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ വരെയുള്ള തുളുനാടൻ പ്രദേശം ഇന്നും ഈ ബലിയാരാധന അതേപടി തുടരുന്നു എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്.
പാലമരത്തിൻ്റെ പങ്ക്
ഈ അനുഷ്ഠാനത്തിലെ പ്രധാന ഘടകമാണ് പാലമരത്തിൻ്റെ സാന്നിധ്യം. പാലയും പനയുമെല്ലാം അദൃശ്യശക്തികളുടെ വാസകേന്ദ്രമാണെന്ന വിശ്വാസം ഇതിനു പിന്നിലുണ്ട് (യക്ഷികളുടെയൊക്കെ വിഹാരകേന്ദ്രം പാലമരമല്ലേ!!). തമിഴ്നാട്ടിലെ ‘ചൊക്കപ്പനൈ’ എന്ന അനുഷ്ഠാനത്തിലും ഇതിനോട് സാമ്യമുണ്ട്. അവിടെ വനമരം (പന) സാഘോഷം ഏറ്റിക്കൊണ്ട് വന്ന് ക്ഷേത്രത്തിനരികിൽ സ്ഥാപിക്കുന്നത് ബലിപൂജയാണെന്ന് വിശ്വസിക്കപ്പെടുന്നു.

