Skip to main content

പരീക്ഷാക്കാലം

Aatmika Rajesh Odayanchal nursery Annual Exam Time Tableരസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക…

Aatmika Rajesh Odayanchal nursery Annual Exam Time Tableഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു… കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും – കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76 കുട്ടികളിൽ ഒന്നാം റാങ്കുകാരിയായി ആമീസ് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇത്രമാത്രം രസകരമായി ഒക്കെ പഠിച്ചെടുത്തുകൊണ്ടാവണം.

ഇന്നത്തെ പരീക്ഷയ്ക്ക് മറ്റൊരു കാഠിന്യമുള്ളത് ഒരു വലിയ ചിത്രശേഖരം മനഃപാഠമാക്കലാണ്. ഒരു പേജിൽ 30 ചിത്രങ്ങൾ വെച്ച് A മുതൽ Z വരെ ഉള്ള അക്ഷരങ്ങൾക്ക് അനിയോജ്യമായ ചിത്രങ്ങളും പേരുകളും ആണു പഠിക്കേണ്ടത്. ഏകദേശം 800 ഓളം ചിത്രങ്ങൾ… A യുടെ പേജിൽ Aple, Axe, Airplane എന്നിങ്ങനെ A യിൽ തുടങ്ങുന്ന പേരുകൾ മാത്രമാവും… അങ്ങനെ ഓരോ അക്ഷരത്തിനും. ടീച്ചർക്ക് ഇഷ്ടമുള്ള പേജിൽ നിന്ന് ഇഷ്ടമുള്ളത് ചോദിക്കും. അത് എന്താണെന്ന് ആമീസ് പറയണം. ഇത്രയുമാണ് ഇന്നേത്തെ പരീക്ഷയിലെ ടൈം ടേബിളിലെ വിഷയങ്ങൾ…

ഓർമ്മയിലേക്കൊരു വൺ റ്റു റ്റ്വന്റിഫൈവ്…

രസകരമായ സംഗതി ഇതല്ല; ഇതുമായി ബന്ധപ്പെട്ടതാണ്. ഓഫീസിൽ നിന്നും വന്ന മഞ്ജു അടുക്കളയിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആമീസിനോടു പറഞ്ഞു, “മോളേ, ആമീസേ 1 to 25 ഒന്ന് ബുക്കിൽ എഴുതിക്കാണീച്ചേ, നാളെ പരീക്ഷയല്ലേ“, എന്ന്. അമിക്ക് ചിത്രം വരച്ച് കളിക്കാൻ ഒരു നോട്ടുബുക്കുണ്ട്, അവൾ ഉടനേ തന്നെ ബുക്കെടുത്ത് പെൻസിൽ കൊണ്ട് 1 2 25 എന്ന് എഴുതീട്ട് മഞ്ജുവിനെ കാണിച്ചും കൊടുത്തു… 🙂 മഞ്ജു പറഞ്ഞത് ആമീസ് അവളുടെ അറിവ് വെച്ച് കൃത്യമായി തന്നെ എഴുതിക്കാണിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്നതാണ് ആമി എഴുതിയ വൺ റ്റു റ്റ്വന്റിഫൈവ്.

അബദ്ധം മനസ്സിലായ മഞ്ജു ഒന്നുമുതൽ ഇരുപത്തിയഞ്ച് വരെ എന്ന് കൃത്യമായി പറഞ്ഞപ്പോൾ ആമീസ് മറ്റൊരു പേജിൽ അതും എഴുതിക്കൊടുക്കുകയുണ്ടായി. എത്രമാത്രം നിഷ്കളങ്കമാണ് കുട്ടിക്കാലം എന്നോർക്കാൻ ഇതൊക്കെ ധാരാളമാണ് 1 2 25 എന്നെഴുതിയത് പൊട്ടത്തെറ്റാണെന്ന് പറഞ്ഞ് കുരുന്നുകളെ വടിയെടുത്തടിക്കുന്ന പിതാക്കൾ വരെ ഉള്ള കാലമാണിത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights