Skip to main content

കാഞ്ഞങ്ങാട് ബാംഗ്ലൂർ ബസ്സ് സർവ്വീസ്

Ambalathara Bangalore KSRTC Service
അമ്പലത്തറയിൽ നൽകിയ സ്വീകരണം

കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ യാത്രാസൗകര്യം കിട്ടുകയെന്നത് അതുകൊണ്ടുതന്നെ ഏറെ സൗകര്യപ്രദമാവുന്നു. മുമ്പ് ഒരു കെ. എസ്. ആർ. ടി. സി. ബസ്സുണ്ടായിരുന്നത് പ്രൈവറ്റ് ബസ്സുകാരുടെ നിരന്തരമായ ശല്യം കാരണം നിർത്തിവെയ്ക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അധികം പ്രൈവറ്റ് ബസ്സൊന്നുമില്ല. ആകെ ഉള്ളത് മുമ്പ് സഫർ ട്രാവൽസ് എന്നറിയപ്പെട്ടിരുന്ന കൊഹിനൂർ സർവ്വുസുക്കാർ തന്നെയാണ്. അടുത്ത കാലത്തായി ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് ഒക്കെയുള്ളതുകാരണം പ്രത്യേകിച്ചും പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്.

Eriya Bangalore KSRTC Service
ഇരിയയിൽ നൽകിയ സ്വീകരണം

ബാംഗ്ലൂരിലെ പ്രധാന ബസ് സ്റ്റാറ്റാന്റായ മജസ്റ്റിക്കിനോടടുത്തുള്ള ശാന്തിനഗറിലേക്കാണ് കെ. എസ്. ആർ. ടി. സി. ബസ്സ് എത്തിച്ചേരുന്നത്.
കാഞ്ഞങ്ങാടു നിന്നും വൈകുന്നേരം 6:30pm നു പുറപ്പെട്ട് ബാംഗ്ലൂർ ശാന്തിനഗറിൽ രാവിലെ 5:30am നുതന്നെ എത്തിച്ചേരുന്ന നിലയിലാണ് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരേക്കുള്ള യാത്ര. തിരിച്ച് കാഞ്ഞങ്ങാടേക്ക് രാത്രി 9:30 ഓടെ ശാന്തിനഗറിൽ നിന്നും വിട്ടിട്ട് രാവിലെ 9 മണിയോടെ എത്താനാണിപ്പോൾ ഉള്ള പ്ലാനിങ്. സമയത്തിലും ബസ്സിൽ തന്നേയും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നല്ലൊരു പുഷ്ബാക്ക് സീറ്റിങ് ഉള്ള ബസ്സുതന്നെ ഈ റൂട്ടിൽ ഇടാനായി ഒരു സംസാരം നടക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ ഈ ബസ്സിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. 366 യ്ക്ക് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിൽ ഈ ബസ്സിനിപ്പോൾ എത്തിച്ചേരാം; പുഷ്ബാക്കാക്കിയാൽ 550 രൂപയോളം കൂടിയേക്കും.

ശാന്തിനഗർ ബസ്സ്റ്റാൻഡ്

Odayanchal Bangalore KSRTC Service
ഒടയഞ്ചാലിൽ നൽകിയ സ്വീകരണം

ബാഗ്ലൂരിലെത്തിച്ചേരുന്ന കാഞ്ഞങ്ങാടുകാർക്ക് ഏറെ പ്രാധാന്യമുള്ള ബസ് സ്റ്റാന്റാണ് ശാന്തിനഗർ. കാരണം പ്രധാനമായിട്ടുള്ളത് ഏറെ മലയാളികൾ പഠിക്കുന്ന ക്രൈസ്റ്റ് യൂണിവേർസിറ്റി, കർണാടകയിലെ പ്രസിദ്ധ ആശുപത്രിയായ നിംഹാൻസ് (Nimhans – National Institute of Mental Health and Neurosciences), ഏറെ പ്രസിദ്ധമായ കെ. ആർ. മാർക്കറ്റ് (ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വയറിങ് സാധനങ്ങൾ എന്നിവ ഹോൾസെയിൽസായി കേരളത്തിലങ്ങോളമിങ്ങോളം മാർക്കറ്റിങ് നടത്തുന്ന സ്ഥലം) മലയാളികൾ ഏറെ താമസ്സിക്കുന്നതും കേരളത്തിലെ എല്ലാ ജില്ലകളിലേയും ബസ്സുകൾ വന്നുചേരുന്ന മഡിവാള, തൊട്ടടുത്തുള്ള മജസ്റ്റിക് സ്റ്റേഷൻ,.. എന്നിവിടങ്ങളിലേക്ക് എല്ലാം മിനിമം ബസ്സ് ചാർജുമാത്രം ദൂരമുള്ള സ്ഥലമാണ് ശാന്തിനഗർ. വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം എന്നിവയ്ക്കാണ് ജനങ്ങൾ ഏറെയും ബാംഗ്ലൂരുപോലൊരു സിറ്റിയെ ആശ്രയിക്കുന്നതുതന്നെയാണ്. നിരവധിപ്പേരെ യാത്രാ വേളയിൽ പരിചയപ്പെടാൻ സാധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടും കെ. എസ്. ആർ. ടി. സി. തെരഞ്ഞെടുത്തിരിക്കുന്ന ഈ ബസ്റ്റോപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നത് ഇത്തരത്തിലാണ്.

ആദ്യം വരുന്നവർക്ക് പ്രൈവറ്റ് ബസ്സിൽ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ

chakkittadukkam Bangalore KSRTC Service
ചക്കിട്ടടുക്കത്ത് നൽകിയ സ്വീകരണം

കഴിഞ്ഞ വെള്ളിയാഴ്ച (17 ഫെബ്രുവരി 2017) ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ വെച്ചൊരു സംഭവം നടന്നു. ചില സാധനങ്ങൾ വാങ്ങിക്കാനായി ചെറുവത്തൂരിൽ നിന്നും എത്തിച്ചേർന്ന മൂന്നുപേരായിരുന്നു ഇരകൾ. അശോകൻ എന്നായിരുന്നു അതിലെ മുഖ്യ വ്യക്തിയുടെ പേര്. ഗാന്ധിനഗറിലെ കൊഹിനൂർ ട്രാവൽസിൽ അവർ പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായിട്ട് ഏൽപ്പിക്കുകയുണ്ടായി. എന്നാൽ ടിക്കറ്റ് ഒക്കെ ഫുൾ ആയതിനാൽ സീറ്റ് കിട്ടിയില്ല. പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായി സാധങ്ങൾ ഒക്കെ നോക്കിയിട്ട് അവർ ഇങ്കം ടാക്സിനായി അടയ്ക്കാനാണെന്നും പറഞ്ഞ് 2000 രൂപ ഫീസായി വാങ്ങിച്ചിരുന്നു. അതിനൊരു ബില്ലോ, മറ്റു റെസിപ്റ്റോ അവർ കൊടുത്തിരുന്നില്ല!

തുടർന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി അവർ മറ്റു ട്രാവൽസ് അന്വേഷിച്ചു നടന്നു. അങ്ങനെയാണ് മജസ്റ്റിക്കിലെ ആനന്ദറാവൂ സർക്കിളിൽ ഉള്ള സലിം ട്രാവൽസ് കണ്ണിൽ പെട്ടത്. SRS Bus നെ പറ്റി ആരോ പറഞ്ഞതു കേട്ട് അന്വേഷിച്ച് പോകുമ്പോൾ കണ്ടതായിരുന്നു അത്. സലിം ട്രാവത്സുകാർ ഇവരോട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു, കാഞ്ഞങ്ങാടേക്ക് മഹാലക്ഷ്മി എന്ന ബസ്സുണ്ടെന്ന് പറയുകയും ചെയ്തു. ആദ്യാമായി ബാംഗ്ലൂരിൽ എത്തിയ ഇവർക്ക് ഇങ്ങനെയൊരു ബസ്സുണ്ടോ എന്നറിയില്ലായിരുന്നു. സത്യത്തിൽ അങ്ങനെയൊരു ബസ്സ് കാഞ്ഞങ്ങാടേക്കില്ല. ഒരാൾക്ക് 1200 രൂപ വെച്ച് അവർ മൂന്നു സ്ലീപ്പർ ടിക്കറ്റ് ബുക്കുചെയ്തു. രാത്രി ഒമ്പതരവരെ അവരെ അവിടെ ഇരുത്തി. ഒമ്പതരയ്ക്ക് സലിം ട്രാവത്സിലെ ഒരാൾ ഒരു ഓട്ടോ സ്പെഷ്യലാക്കിയിട്ട് കൊഹിനൂർ ട്രാവത്സിൽ തന്നെ എത്തിച്ചു. അവിടെ നിന്നും പറഞ്ഞതു പ്രകാരമുള്ള ടിക്കറ്റ് മൂന്നെണ്ണം എടുത്തു കൊടുത്തു!!

Naikkayam Bangalore KSRTC Bus Service
നായിക്കയത്ത് നൽകിയ സ്വീകരണം

പറഞ്ഞതു പ്രകാരമല്ല. കിട്ടിയത് സ്ലീപ്പർ അല്ലായിരുന്നു; സ്ലീപ്പറാണെങ്കിൽ തന്നെ കൊഹിനൂറിൽ ഓൺലൈൻ ബുക്കിങിനു പോലും 700 രൂപയേ ഒരാൾക്ക് വരികയുള്ളൂ. പുഷ്ബാക്കിന് 580 രൂപയേ ഉള്ളൂ; ഇവർക്ക് കിട്ടിയതും അതുതന്നെയാണ്. യഥാർത്ഥത്തിൽ ചാർജ് ചെയ്ത 1200 രൂപ എന്തിനായിരുന്നു?? സാധാരണഗതിയിൽ ഓണം, കൃസ്തുമസ് പോലുള്ള സീസൺ സമയങ്ങളിൽ പ്രൈവറ്റുബസ്സുകാർ ടിക്കറ്റ് ചാർജ് കണ്ടമാനം കൂട്ടാറുണ്ട്. ഇത് അതൊന്നുമില്ലാതെ കൂട്ടിയതാണ്. ഈ തുകയും, ഇങ്കം ടാക്സാണെന്നും പറഞ്ഞ് കൊഹിനൂർ വാങ്ങിച്ച തുകയും ഇവർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. ഇങ്കം ടാക്സെന്നും പറഞ്ഞ് ബില്ലുകൊടുക്കാതെ വാങ്ങിച്ച തുകയുടെ കാര്യം അശോകേട്ടൻ തന്നെ കാഞ്ഞങ്ങാട് മെയിൻ ഓഫീസിൽ പറഞ്ഞിരുന്നു. ടിക്കറ്റ് ചാർജിൽ വന്ന പിശക്കുകൾ ബാംഗ്ലൂരിലെ ഓഫീസിലും കാഞ്ഞങ്ങാടുള്ള രണ്ട് ഓഫീസുകളിലും പറഞ്ഞിരുന്നു. പ്രൈവറ്റ് മേഖലയിൽ നടക്കുന്ന പലതരം അബദ്ധങ്ങളിൽ ഒന്നാണിത്, കെ. എസ്. ആർ. ടി. സി. സർവ്വീസിനോട് ചേർത്തുവായിക്കാൻ പറ്റുന്ന കാര്യമാണിത്.

കെ. എസ്. ആർ. ടി. സി. യുടെ ഗുണങ്ങൾ

യാത്രാവേളയിൽ കെ. എസ്. ആർ. ടി. സി. യുടെ ഗുണഗണങ്ങൾ അനുഭവിച്ചിട്ടുള്ള ഒരാളാണു ഞാൻ. ആമീസ് വന്നതിനു ശേഷം യാത്രയൊക്കെ ട്രൈനിലാക്കി മാറ്റിയിരുന്നു. ഇത് അതിനും മുമ്പു നടന്നതാണ്; അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ. കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ.

Parappa Bangalore KSRTC Service
പരപ്പയിൽ നൽകിയ സ്വീകരണം

അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല. ഒരു പ്രൈവറ്റുബസ്സുകാരൻ ഈ ബാംഗ്ലൂർ തിരക്കിൽ ഇങ്ങനെ ചിന്തിക്കുമെന്നെനിക്ക് കരുതാനേ വയ്യായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights