ഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. അങ്ങനെയുള്ള ഭ്രാന്തന്മാരിൽ ചിലർ എന്റെ മനസ്സിലും ഉണ്ട്. വഴിയോരത്ത് പലപ്പോഴും പല ഭ്രാന്തന്മാരെയും കണ്ടു മുട്ടാറുണ്ട്. അവരുടെ ചലനങ്ങളിലെ അസാധാരണത്വം കാണുമ്പോൾ തന്നെ ഞാൻ മുഖം തിരിച്ചു കളയും; എനിക്കാവില്ല അതു കണ്ടു നിൽക്കാൻ! കണ്ണൊന്നൊഴിഞ്ഞു കൊടുത്താൽ അവർ വഴിയോര സാഗരത്തിൽ അലിഞ്ഞില്ലാതായിക്കൊള്ളും; ഇല്ലെങ്കിൽ വെറുതേ മനസ്സിലേറ്റി നടന്ന് ഉറക്കം കളയേണ്ടി വരും എനിക്ക്! ആ ഭയം കാരണം ഒഴിവാക്കാറാണുള്ളത്.
ആദ്യമായി കണ്ട ഭ്രാന്തൻ
ഭ്രാന്തനെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് ചെറുപ്രായത്തിൽ ഒടയഞ്ചാലിലൊക്കെ കറങ്ങിനടന്നിരുന്നു ഒരു ജോസ്സേട്ടനെയാണ് (ജോസഫ്?). മൂപ്പർക്ക് പഠിച്ചിട്ട് ഭ്രാന്തായതാണത്രേ! പഠിപ്പ് തലേൽ കേറിയിട്ട് പ്രാന്തായതാണെന്നാണ് വല്യമ്മ പറയാറുള്ളത്. കടത്തിണ്ണയിലിരുന്ന് അയാൾ അത്യുച്ചത്തിൽ ഇംഗ്ലീഷ് പദ്യങ്ങൾ ചൊല്ലും, വേർഡ്‌സ്‌വർത്തിന്റേയും കീറ്റ്സിന്റേയും ഷേക്സ്പിയറുടേയുമൊക്കെ കാവ്യങ്ങൾ അങ്ങനെ ലക്കും ലഗാനുമില്ലാതെ അവിടെ മുഖരിതമാവും! ഏറെ പഠിച്ചതാണത്രേ അയാൾ. ബിഎഡോ മറ്റോ കഴിഞ്ഞതുമാണ്. ആയിടയ്ക്ക് മനസ്സിന്റെ താളം തെറ്റി! ക്ലാസിൽ ഇംഗ്ലീഷ് എനിക്കൊരു ബാലികേറാമലയായിരുന്നു; അപ്പോളൊക്കെ ഞാനിയാളെ ഓർക്കുമായിരുന്നു – താനാരെന്നോ എന്തെന്നോ ബോധമില്ലാത്ത ഒരു ഭ്രാന്തൻ വരെ സുന്ദരമായി ഇംഗ്ലീഷ് പറയുമ്പോൾ എനിക്കുമാത്രമെന്തേ ഈ വിഷയം ഇത്ര കട്ടിയാവുന്നു എന്നതായിരുന്നു എന്റെ സങ്കടം! അക്കാലത്ത് വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു! പുസ്തകങ്ങൾ ഏറെ വായിക്കുന്ന സമയങ്ങളിൽ അമ്മ പറയും “അവസാനം ജോസിനെ പോലെ പഠിപ്പ് തലേല് കേറീറ്റ് പ്രാന്താവണ്ട” എന്ന്! അന്ന് ചിലപ്പോളൊക്കെ ആ ഒരു ഭയം എന്നെ അലട്ടിയിരുന്നു! ഒരിക്കൽ ആരോ പറയുന്നതു കേട്ടു, ഒടയഞ്ചാലിൽ ബസ്റ്റാന്റിനു നേരെ തിരിഞ്ഞ് അയാൾ തുണി അഴിച്ചിട്ടെന്ന് – അങ്ങോട്ടു നോക്കി മൂത്രമൊഴിച്ചെന്ന്! തന്റെ നഗ്നത തുറന്നു കാട്ടിയെന്ന്!! അതിനു ശേഷം എന്തോ ഞാനയാളെ കണ്ടതേ ഇല്ല! ബന്ധുക്കൾ എവിടെയോ കൊണ്ടുവിട്ടെന്നു ഒരു ശ്രുതി കേട്ടു! അതോ മരിച്ചുപോയോ?!
ഭ്രാന്തവിലാപം
ഭ്രാന്തിന്റെ മറ്റൊരു രൂപമായി എന്നും മനസ്സിൽ എത്തുന്നയാൾ ബളാൽ, വെള്ളരിക്കുണ്ട് ഭാഗത്തെങ്ങോ വീടുള്ള വെളുത്തു മെലിഞ്ഞ ഒരു സുന്ദരരൂപനാണ്. ആളൊരു ശുഷ്കരൂപിയാണ്. നല്ല തിളക്കമുള്ള കണ്ണുകൾ! രണ്ടു വലിയ പല്ലുകൾ എന്നും പുറത്തു തന്നെയായിരിക്കും!! എങ്കിലും നല്ല ഐശ്വര്യമുള്ള മുഖമായിരുന്നു! അല്പം ഊശാൻ താടിയുള്ള ഇയാൾ ഒടയഞ്ചാൽ ചുള്ളിക്കര ഭാഗങ്ങളിൽ മിക്കപ്പോഴും കാണും. ഷർട്ടിടാറില്ല; സ്പീഡിൽ നടക്കും. ഒന്നും സംസാരിക്കാറില്ല; മുഖത്തൊരു ചെറു ചിരി എന്നും കാണും! “ഒരക്ഷരം മിണ്ടരത്!” എന്ന് വിരൽ ചുണ്ടോട് ചേർത്ത് ആഗ്യഭാഷയിൽ പറയാറില്ലേ, ആ ഒരു ആക്ഷൻ മൂപ്പർ ഇടയ്ക്കിടെ കാണിച്ചു കൊണ്ടേയിരിക്കും. അതായിരുന്നു പ്രത്യേകത! എന്തു കഴിച്ചാലും ഉടനേ ചർദ്ദിക്കുമെന്നാണ് സ്ഥിരമായി ഭക്ഷണം കൊടുക്കാറുള്ള കച്ചവടക്കാർ പറയുന്നത്. ഇദ്ദേഹത്തിനു ഭ്രാന്തായതിന്റെ കാരണമായി ബന്ധുക്കളെ ചുറ്റിപ്പറ്റി പലതും പറഞ്ഞു കേൾക്കുന്നു – സത്യമെന്തെന്ന് അറിയില്ല. ഒരിക്കൽ ഇയ്യാൾ ചുള്ളിക്കര ടൗണിൽ നിന്നും ഈ ആക്ഷനും കാണിച്ചു നടക്കുമ്പോൾ ഒരു ജീപ്പ് ഡ്രൈവർ വലിയൊരു വടി എടുത്ത് ഇയാളെ പൊതിരെ തല്ലി. തല്ലുകൊണ്ട് ഇയാൾ അലറിക്കരയുകയാണ്. അയാൾ തലങ്ങും വിലങ്ങും തല്ലുകയാണ്. ഭ്രാന്തന്റെ വിലാപം അത്യുച്ചത്തിലാവുന്നു. തല്ലരുതേ എന്നു കരഞ്ഞപേക്ഷിക്കുന്നു! ഒത്തിരി തവണ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ആ ശബ്ദം ഞാൻ കേൾക്കുന്നത്! ക്രൂരനായ ആ ഡ്രൈവർ ഇയാളെ പേപ്പട്ടിയോടെന്ന പോലെയാണു പെരുമാറുന്നത്. ആരും തടയുന്നില്ല. ടൗണിലൂടെ ഈ ഭ്രാന്തൻ നീളത്തിലും കുറുകേയും തുള്ളിത്തുള്ളി പായുന്നു. പുറകെ വടിയുമായി ഡ്രൈവറും! ഇടയ്ക്ക് ഉടുമുണ്ട് അഴിഞ്ഞു വീണു; വള്ളിട്രൗസറിലായി ഭ്രാന്തന്റെ ഓട്ടം. അടി കിട്ടുന്നതു മുഴുവൻ പുറത്തും കൈകളിലും അരയ്ക്കു താഴെയുമായിരുന്നു. ഞാൻ ചെറുതായിരുന്നു. വളരെ ആത്മനിന്ദയോടെ അത് കണ്ടുനിൽക്കേണ്ടി വന്നു എനിക്ക്. ഒരു കല്ലെടുത്ത് ആ ഡ്രൈവറെ എറിഞ്ഞിട്ട് ഓടിയാലോ എന്നൊക്കെ ഒരുനിമിഷം തോന്നിയിരുന്നു. വേദനകൊണ്ട് സഹിക്കവയ്യാതെ അവസാനം അയാൾ ഒടയഞ്ചാൽ ലക്ഷ്യമാക്കി ഓടുകയായിരുന്നു. തല്ലിയെന്തിനെന്നറിയില്ല; പക്ഷേ എല്ലാവരും ആ ഡ്രൈവറെ കുറ്റപ്പെടുത്തി സംസാരിക്കുന്നതു കേട്ടു – ഇവർക്കാർക്കെന്തിലും ആ തല്ലുകളിൽ നിന്നും അയാളെ രക്ഷിക്കാമായിരുന്നു! പക്ഷേ എല്ലാവരും നോക്കി നിന്നതേയുള്ളൂ. അയാളെ ഞാൻ പിന്നെയും കണാറുണ്ടായിരുന്നു. വല്ലാത്തൊരു ദയനീയത തോന്നും മനസ്സിൽ! അന്ന്, ആ ഡ്രൈവർ കൊടുത്ത അടികളെല്ലാം എന്റെ പുറത്തു വന്നു പതിക്കുന്നതുപോലെ എനിക്കയാളെ കാണുമ്പോൾ തോന്നും!
ഇയാളെ കുറിച്ച് കഥകൾ ഏറെയുണ്ട്. ഒരിക്കൽ കാഞ്ഞങ്ങാട് ഗവ: ആശുപത്രിയിൽ നിന്നും ശവവുമായി വന്ന ഒരു ആമ്പുലൻസിൽ ആരുമറിയാതെ ഇയാൾ കയറി പുറകിലിരുന്നത്രേ! മാലോത്തോ മറ്റോ ആണ്. കയറിക്കിടന്നപാടെ മൂപ്പർ ഉറങ്ങിയിരിക്കണം! രാത്രി ഏറെ വൈകി തിരികെ പോവും വഴി പത്തമ്പത് കിലോമീറ്ററുകൾക്കപ്പുറം മാവുങ്കാലെത്താനാവുമ്പോൾ ഡ്രൈവർ പുറകിലെന്തോ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയതാണത്രേ!! വഴിയോര വിളക്കുകളുടെ മങ്ങിയ വെളിച്ചത്തിൽ വെളുത്തു തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഒരാൾ, തള്ളി നിൽക്കുന്ന രണ്ട് നീളൻ പല്ലുകൾ!! എല്ലുകൾ പുറമേക്ക് കാണുന്ന രീതിയിൽ മെലിഞ്ഞ ശരീരിയായ ഒരാൾ, “ഒരക്ഷരം മിണ്ടരുത്” എന്ന രീതിയിൽ വിരലുകൾ ചുണ്ടോട് ചേർത്ത് ആംഗ്യം കാണിക്കുന്നു!! കണ്ണാടിയിൽ അതേ ആംഗ്യം ഡ്രൈവർ ആവർത്തിച്ചു കണ്ടിരിക്കണം!! നിയന്ത്രണം വിട്ട ആമ്പുലൻസ് എവിടെയോ പോയി ഇടിച്ചെന്നും രണ്ടുപേരെയും അഡ്മിറ്റ് ചെയ്തെന്നും ഒക്കെ പറഞ്ഞു കേട്ടിരുന്നു. ഇപ്പോൾ കുറേയായി അയാളെയും കാണാറില്ല!
ഒരു ഭ്രാന്തി
ഇതൊരു ഭ്രാന്തിയുടെ കഥയാണ്. പി.ജിക്കു പഠിക്കുന്ന 2000-2001 സമയം കാഞ്ഞങ്ങാട് ബസ്റ്റാന്റാന്റിൽ നിത്യേന കാണാറുള്ള ഒരു പെണ്ണ്! നല്ല നീളമുള്ള ഒരു വികൃതരൂപി! കുളിക്കാതെ ചപ്രത്തലമുടിയും നിറവയറുമായി അവർ വെറുതേ ചിരിച്ചുകൊണ്ട് മുന്നിൽ വരും! അടുത്തു വരുമ്പോൾ തന്നെ ഒരു വൃത്തികെട്ട നാറ്റമായിരുന്നു! ഉടുതുണിക്ക് മറുതുണിയില്ലാത്ത ആ ഭ്രാന്തിയെ ആരോ ഗർഭിണിയാക്കിയിരുന്നു! ഒരുതുണ്ടം കീറസാരികൊണ്ടവൾ ഗർഭം പുതച്ച് കാഞ്ഞങ്ങാട് ടൗണിൽ അലയുമായിരുന്നു! പൂർണഗർഭിണിയായിരുന്നു അവർ. മുരുകൻ കാട്ടാക്കടയുടെ ഒരു കവിതയുണ്ട്, പിന്നീടാണത് ഞാൻ കേട്ടത്, അത് കേൾക്കുമ്പോളൊക്കെ എനിക്കീ ഭ്രാന്തിയെ ഓർമ്മ വരും! വഴിയരികിൽ നിന്നും ആരോ കൊടുത്ത ഒരു തുള്ളി ബീജം ഒരു കുഞ്ഞായി അവളിൽ ഉരുപം പൂണ്ടിരിക്കുന്നു. പെരുവയറും കാട്ടി അവൾ മലയാളി മാന്യതയ്ക്ക് നേരെ നോക്കി പല്ലിളിച്ചുകൊണ്ട് എന്നും ബസ്റ്റാന്റ് പരിസരത്ത് കറങ്ങി നടക്കുമായിരുന്നു! അവൾ പ്രസവിച്ചിരിക്കും! ഭ്രാന്തമായ ആ മസ്തിഷ്കമണ്ഡലത്തിൽ ഒരമ്മയുടെ വേദന ലഹരിയായി വീണിരിക്കാം!! പതിനാലോ പതിനഞ്ചോ വയസ്സുള്ള കുട്ടിയായി അവൻ/അവൾ ഒരുപക്ഷേ എവിടെയെങ്കിലും വളരുന്നുണ്ടാവാം!! വല്ലാത്തൊരു നോവായിരുന്നു അത്! ആ നോവ് അതേപടി ഇന്നും മനസ്സിൽ നില്പുണ്ട്!
………. …………. …………..
പ്രണയവും ഭ്രാന്തും
ഈ മൂന്നു ഭ്രാന്തന്മാരെയാണ് ഞാൻ എന്നും മനസ്സിൽ കൊണ്ടുനടക്കുന്നത്. ഭ്രാന്തിനെ പറ്റി ഓർക്കുമ്പോൾ പിന്നെ വരുന്ന മുഖം ഒരു പെൺകുട്ടിയുടേതാണ്. പ്രണയവും ഒരുതരം ഭ്രാന്താണെന്ന് തെളിയിച്ച ഒരു പെൺകുട്ടി! മുകളിലെ വകുപ്പിൽ പെടില്ലെങ്കിലും അവളെകുറിച്ചും അല്പമൊന്നു പറയാതെ വയ്യ! അവൾക്കും ഭ്രാന്തായിരുന്നു! പ്രണയവും കാമവും സുരതമോഹവും ചേർന്ന് ഭ്രാന്തിയായി എന്റെ പിന്നാലെ നാലഞ്ചുവർഷക്കാലം വിടാതെ പിന്തുടർന്നിരുന്നു അവൾ! എന്റെ ഇഷ്ടങ്ങളെ, എന്റെ പ്രിയപ്പെട്ടവരെ, എനിക്കു പ്രീയപ്പെട്ടവയൊക്കെയും എന്നോടു ചോദിക്കാതെ കണ്ടറിഞ്ഞ്, എന്നിൽ നിറയാനായി കൊതിച്ചൊരു പെണ്ണ്! എനിക്കവൾ ഒരു അത്ഭുതമായിരുന്നു! അവളുടെ ചിന്തകൾ, വികാരങ്ങൾ, ചിത്രങ്ങൾ, ഒക്കെ എനിക്കൊരു കൗതുകമായിരുന്നു! പനങ്കുല പോലെ മുടിയുള്ളവൾ; പഴുത്ത പപ്പായ പോലെ മുലകൾ ഉള്ളവൾ! അവൾ എന്നെ തേടി വരും, മലകേറി എന്റെ വീട്ടിലേക്ക്, ദൂരം വകവെയ്ക്കാതെ ഇവിടെ ജോലിസ്ഥലത്തേക്ക്, അവളെന്റെ മുന്നിൽ മുടി വിടർത്തിയാടും! ഇടയ്ക്ക് ഭ്രാന്തമായ പ്രണയത്താൽ സ്വയം കലഹിച്ച്, ആർത്തലച്ച് അവൾ ഒരു യക്ഷിയെ പോലെ ഉറഞ്ഞു തുള്ളുമായിരുന്നു! നിശ്ചിതമായ അകലത്തിൽ ഒരു വരവരച്ച് ഞാനവളെ മാറ്റി നിർത്തി! ഈ ഭ്രാന്തു തണുക്കുമ്പോൾ ഒരുപക്ഷേ, ഇവളും സാധാരണക്കാരിയാവും എന്ന ചിന്ത എന്നെ പിന്നോട്ടു വലിച്ചു. ഞാനവളെ തൊട്ടാൽ, ഞാനവളെ ഉമ്മ വെച്ചാൽ ഒരുപക്ഷേ അവൾ അതും പറഞ്ഞ് എന്റെ കഴുത്തിൽ പിടിമുറുക്കുമെന്ന് ഞാൻ ഭയന്നിരുന്നു! എങ്കിലും ഞാനവളെ വെറുത്തില്ല; സ്നേഹിച്ചുമില്ല! ഒരു തികഞ്ഞ കൗതുകമായി മാത്രം ഉള്ളിൽ നിറഞ്ഞുനിന്നു. ഞാനവളുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഒഴിഞ്ഞുമാറാൻ കാലങ്ങളെടുത്തെങ്കിലും ഒടുവിലവൾ മാറി! അവളുടെ ഭ്രാന്ത് തണുത്തുറഞ്ഞു! ദൂരെ ഒരു ടൗണിൽ അവളിപ്പോഴും ഉണ്ട്! അവളിപ്പോൾ ഒരമ്മയായിരിക്കുന്നു! ഇടയ്ക്ക് ഒരു ഫോൺകോളായി അവളെന്നെ തേടിയെത്തും. പഴയതൊക്കെ ഓർത്തെടുത്ത് ക്ഷമ ചോദിക്കും!!
ഭ്രാന്തും ഞാനും!
ഭ്രാന്തിനെ എനിക്ക് ഭയമാണ്. ബോധമനസ്സിന്റെ പിടിവിട്ടാൽ പിന്നെ അനേകലക്ഷം ജീവിവർഗത്തിലൊന്നായി കേവലം വിശപ്പിനെ മാത്രം ധ്യാനിച്ചു കഴിയേണ്ടി വരുന്ന ഒരു മൃഗമായി താഴ്ന്നുപോവും എന്ന ഭയം! ബോധം വിട്ടുപോകുന്ന ഒരു അവസ്ഥയും എനിക്കിഷ്ടമല്ല! ചിന്തകളും സ്വപ്നങ്ങളും ശൂന്യമായിക്കഴിഞ്ഞാൽ പിന്നെയെന്തു ജീവിതം! സുഖഭോഗചിന്തകളെങ്കിലും ഇല്ലെങ്കിൽ പിന്നെ ജീവിക്കുന്നതെന്തിന്! സ്നേഹിക്കാനോ പ്രണയിക്കാനോ കാമിക്കാനോ അറിയില്ലെങ്കിൽ ജീവിതത്തിൽ പിന്നെ എന്തുണ്ട്!
ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും – എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ ചിലപ്പോൾ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത… ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!
വളരെ ഇഷ്ടായി