കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.
‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.