Skip to main content

രാമലീല

Ramaleela movie posterരാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്.

അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം.


ഇതിവൃത്തം

കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ(സിദ്ധിക്ക്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെടുത്തത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പു രീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച്, കമ്മ്യൂണിസ്റ്റ് നേതാവായി രാഗിണിയെ സ്ഥാനാർത്തിയായി നിശ്ചയിച്ച, അമ്പാടി മോഹൻ മരിച്ചു വീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി(മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി. ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ (‌മുരളി – ഫോട്ടോ) മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ തുടരുമ്പോൾ ഇടയിലൂടെ നമുക്കു കാണാൻ സാധിക്കുന്ന പലതുണ്ട്.

  1. രാഷ്ട്രീയത്തെന്റെ ഇന്നത്തെ അവസ്ഥ
  2. രാഷ്ട്രീയക്കാരുടെ കാപട്യം
  3. മാധ്യമങ്ങൾക്കുള്ള പ്രാധാന്യം, അവർ പൊതുമനസ്സുകളിൽ നിറയ്ക്കുന്ന ധാരണ
  4. പൊലീസിന്റെ ശേഷി

ഇവയൊക്കെ വിഷയമാവുമ്പോൾ മനോരമ പത്രത്തെ പരിഹസിക്കുന്നതും, നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണശകലങ്ങളും സിനിമയിൽ ഉണ്ട് എന്നത് രസകരമായി തോന്നി. ചെയ്തു കഴിഞ്ഞത് തെറ്റായാലും ശരിയായാലും രാമനുണ്ണിമാർക്ക് ഇവിടെ നിര്‍ബാധം ഭരണാധികാരികളായി തന്നെ സഞ്ചരിക്കാമെന്നായിരിക്കുന്നു. മാധ്യമ വിചാരണയുടെ തീവ്രതയും അതനുസരിച്ചുള്ള പൊതുജനവികാരപ്രകടനങ്ങളും വോട്ടെടുപ്പിലൂടെയുള്ള പൊതുജനാഭിപ്രായവും സിനിമയി ചേർത്തിരിക്കുന്നു.

മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും ജാമ്യവും മറ്റുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ… ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ എന്നതാണു സത്യം. നല്ലൊരു മുതൽക്കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടുതന്നെയാവുന്നു.


സിനിമ കാണാൻ ആത്മികയും ഉണ്ടായിരുന്നു. അവൾ ആദ്യം കാണാൻ കയറിയത് ഒരു ഇംഗ്ലീഷ് 3D സിനിമയ്ക്കായിരുന്നു. 5 മിനിറ്റ് ഇരുന്നതേ ഉള്ളൂ, എസി തിയറ്റർ ആയിരുന്നിട്ടുപോലും എനിക്കവളെ എടുത്ത് പുറത്തിറങ്ങേണ്ടി വന്നു. രണ്ടാമത് കണ്ടത് മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. ആമി ഏറെ രസിച്ചു കണ്ടൊരു സിനിമയായിരുന്നു ഇത് എന്നു പറയാം. ഇതു കാണിക്കാൻ പ്ലാനിട്ടതുതന്നെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മുങ്കൂട്ടി അറിയാൻ സാധിച്ചതു കൊണ്ടായിരുന്നു.

എന്ന തമിഴ് സിനിമയും ബാഹുബലിയെന്ന തെലുങ്കു സിനിമയും പുലിമുരുകനുമായിരുന്നു ഇവൾക്കേറെ ഇഷ്ടപ്പെട്ട സിനിമകൾ. രാമലീല കാണാൻ കാരണം മഞ്ജുവിന്റെ നിർബന്ധമായിരുന്നു. തിയറ്റർ തീരെ രുചികരമായിരുന്നില്ല. കറന്റു പോവുക എന്നത് ഒരു തുടർക്കഥപോലെ തുടർന്നു കൊണ്ടിരുന്നു. കാഞ്ഞാങ്ങാടുള്ള തിയറ്ററുകളിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തീയറ്ററായിരുന്നു വിനായക പാരഡൈസ്. ഇപ്പോൾ അതൊരു വെയ്സ്റ്റ് ബോക്സിനു തുല്യമായി പലകാരണത്താൽ അധഃപതിച്ചുപോയി.

സിനിമയിൽ ഉടനീളം ദിലീപിനെ കാണുമ്പോൾ കാവ്യച്ചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന് ആമി ചോദിച്ചുകൊണ്ടിരുന്നു. കുറേ സമയം ചോദിച്ചിട്ടും കാണാതിരുന്നപ്പോൾ അവൾ സിനിമയെ മറന്ന് അവിടമൊരു കളിസ്ഥലമാക്കി മാറ്റി അവളുടേതായ ലോകത്തേക്ക് ഊളിയിട്ടു. പെൺശബ്ദം കേൾക്കുമ്പോൾ ഒക്കെയും സ്ക്രീനിലേക്ക് നോക്കി കാവ്യചേച്ചി വന്നോ എന്നു നോക്കിക്കൊണ്ടിരുന്നു. കാവ്യച്ചേച്ചി വന്നാൽ പറയണം എന്നും പറഞ്ഞ് അവൾ അവളുടേ ലോകത്തേക്ക് പറന്നു പോവുകയായിരുന്നു. സിനിമാ കാഴ്ചയിൽ ഉടനീളം ഒരു പ്രശ്നവും ഇല്ലാതെ അവൾ സമയം കളഞ്ഞു എന്നതും ഹൃദ്യമായി തോന്നി.

കാവ്യം സുഗേയം

crow, കാക്ക
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!

Malayalam Actor Dileep, മലയാള സിനിമാ അഭിനേതാവ് ദിലീപ്
Dileep | ദിലീപ്

സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.

ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!

malayalam actress manju warrier, മഞ്ജു വാര്യർ
Manju Warrier, മഞ്ജു വാര്യർ

സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.

മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.

malayalam actress Kavya Madhavan, കാവ്യാ മാധവൻ
Kavya Madhavan|കാവ്യാ മാധവൻ

ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.

കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.

കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!

Meenakshi Dileep, മീനാക്ഷി ദിലീപ്
Meenakshi Dileep | മീനാക്ഷി ദിലീപ്

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!

ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.

നടൻ ദിലീപ് മുമ്പ് ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യം

dileep ഫെയ്സ്ബുക്ക് post, നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എന്നും എപ്പോഴും

ennum eppozhum
എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു.
ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി!
പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായി തമാശിക്കാൻ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു – അക്കരകാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിൽ കണ്ട അതേ മാനറിസങ്ങൾ തന്നെ. “ഭഗവത്ഗീതയിലപ്പം മൊത്തം വയലൻസാണല്ലേ അണ്ണാ” എന്നൊക്കെയുള്ള ചോദ്യം ആ സന്ദർഭത്തിൽ നല്ല ചിരിക്കു വക നൽകിയിരുന്നു. കൂടെ മറ്റൊരു പയ്യൻസും (മാസ്റ്റര്‍ മിനോണ്‍) നന്നായി ചിരിപ്പിച്ചു.  ലാലുമൊത്തുള്ള ഒരു കെമിസ്ട്രി ഏറെ രസകരമായിരുന്നു. മഞ്ജു വാര്യരുടെ കിടിലൻ ഡാൻസുണ്ട്… മോഹൻലാലിന് ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടമായി. ലാലിന്റേയും മഞ്ജൂന്റേയും അഭിനയം കണ്ട് സത്യനന്തിക്കാട് കട്ട് പറയാൻ മറന്നുപോയി എന്നും അവസാനം ആ വഴി കടന്നുപോയ ഏതോ വഴിപോക്കൻ വന്ന് കട്ട് പറഞ്ഞ് ലാലിനേയും മഞ്ജൂനേയും രക്ഷിക്കുകയായിരുന്നു എന്നൊക്കെ വാട്സാപ്പിൽ മെസേജ് വന്നിരുന്നു! അതൊക്കെ പ്രതീക്ഷിച്ച് പോവരുത് കേട്ടോ! ചുമ്മാതാണ്. മഞ്ജുവിന് അഭിനയിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല; മുൻ ഭർത്താവിനെ കിട്ടിയ സന്ദർഭത്തിലെല്ലാം കുറ്റം പറഞ്ഞോണ്ടിരിക്കുന്ന ഒരു കഥാപാത്രം അത്രേ ഉള്ളൂ.  ലാല്‍ മാനറിസങ്ങളെ പുനരവതരിപ്പിക്കാനും കണ്ടമാനം ശ്രമിക്കുന്നുണ്ട് ഇതിൽ; ലാലിനെ തന്നെ ലാൽ മോണോആക്റ്റ് ചെയ്ത് വൃത്തികേടാക്കുന്നതായാണ് അതൊക്കെയും തോന്നിപ്പിച്ചത്.

അതിനിടയ്ക്ക് ഒരു വില്ലനും കുറച്ചു ഗുണ്ടകളും വന്ന് വല്ലാതങ്ങ് ബോറടിപ്പിച്ചു. എന്തിനാണോ? ഇതൊക്കെ കണ്ടാൽ ഇപ്പോഴും ചിരിക്കാൻ മലയാളികൾ കാണുമോ എന്തോ? കൊച്ചിൻ ഹനീഫയൊക്കെ വേണ്ടുവോളം അഭിനയിച്ച് വലിച്ചെറിഞ്ഞ കഥാപാത്രങ്ങളാണിവ. ഇന്നസെന്റിന്റേതായാലും ഗ്രിഗറിയുടേതായാലും എന്തിന് നായികാ നായകന്മാർ പോലും മറ്റു സിനിമകളിൽ നിന്നും കടം കൊണ്ടവ തന്നെയാണ്. കണ്ടു മടുത്ത കഥാപാത്രങ്ങളും ലാൽ മാനറിസങ്ങളുടെ പുനരാവിഷ്കാരവും മുമ്പ് പറഞ്ഞ പഞ്ചുഡയലോഗുകളുടെ ആവർത്തനവും ഒക്കെ കോർത്തിണക്കി എന്നും എപ്പോഴും ഇതൊക്കെയേ എനിക്കു തരാനുള്ളൂ എന്ന് സത്യൻ അന്തിക്കാട് വിളിച്ചു പറയുന്ന സിനിമയാണിത്.

അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ ഓർമ്മിപ്പിച്ചത് നിനച്ചിരിക്കാതെ ഉമ്മ കിട്ടിയപ്പോൾ കണ്ണുമിഴിച്ച് വാ പൊളിച്ച് നിന്ന ആ പഴയ പെണ്ണിനെ തന്നെയാ… വേണ്ടായിരുന്നു അത്! എന്നും എപ്പോഴും പെണ്ണിങ്ങനെയാണെന്ന് സത്യൻ അന്തിക്കാട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ആൺ തുണയില്ലാതെ പെണ്ണിന്റെ ജീവിതം മുന്നോട്ട് ഒരടി പോവില്ല എന്നുതന്നെയാണ് ഇതിലും പറഞ്ഞവസാനിപ്പിക്കുന്നത്!

പുതിയ മഞ്ജുവാര്യരുടെ ചിത്രങ്ങളിലെല്ലാം ദിലീപ് അദൃശ്യനായി അഭിനയിക്കുന്നുണ്ടെന്നു തോന്നുന്നു! ബോധപൂർവ്വമോ അല്ലാതെയോ അങ്ങനെ തോന്നിപ്പിക്കുന്നു; കാഴ്ചക്കാരനായ എന്റെ കുഴപ്പമാവാം. മഞ്ജൂ വാര്യർ ആയതു കൊണ്ട് നമ്മൾ അങ്ങനെയൊക്കെ ചിന്തിച്ചു പോവും… പലതും എവിടെയൊക്കെയോ കൊള്ളിക്കുന്നതു പോലെ! മഞ്ജുവിന്റെ കഥാപാത്രം വിവാഹമോചനം നേടിയ സ്ത്രീയാണ്. ഒരു മകളും ഉണ്ട്. ഭർത്താവ് ക്രൂരനാണെന്ന് മറ്റുള്ളവർക്ക് മുമ്പിലോ കോടതിക്കു മുമ്പിലോ സ്വന്തം അമ്മയുടെ അടുത്തോ തെളിയിക്കാൻ അവൾക്ക് പറ്റിയിട്ടില്ല… ഇങ്ങനെയൊക്കെ അവുമ്പോൾ എന്നെ പോലുള്ള കുരുട്ടു ബുദ്ധികൾ അത് ദിലീപാണോ എന്നൊക്കെ ശങ്കിച്ചു പോവും!… ഒരിക്കൽ പോലും ആ കഥാപാത്രം സ്ക്രീനിൽ മുഖം കാണിക്കുന്നില്ല… അല്ലെങ്കിൽ മുഖം കണ്ടെങ്കിലും അത് ദിലീപല്ലാന്ന് ഉറപ്പിക്കാമായിരുന്നു!

ഇങ്ങനനെയൊക്കെയാണെങ്കിലും സിനിമ കണ്ടിരിക്കാം. കരച്ചിലിനും ഉഴിച്ചിലിനും ഒന്നും നിൽക്കാതെ വയലൻസ് ഒന്നുമില്ലാതെ സന്തോഷത്തോടെ കണ്ടു തീർക്കാം!

ഇയ്യോബിന്റെ പുസ്തകം

Iyyobinte Pusthakam
അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടു. നല്ലൊരു സിനിമ; ഏതൊരാളും കാണേണ്ട സിനിമ തന്നെയാണിത്. പ്രണയവും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർത്തി ഒരു പുത്തൻ ദൃശ്യഭാഷ ഒരുക്കുകയായിരുന്നു ഫഹദ് ഫാസിലും കൂട്ടുകാരും. സമീപകാലത്ത് സിനിമ കണ്ട് തീയറ്റർ വിടുമ്പോൾ തോന്നുന്ന ഒരു വികാരമുണ്ട് – വേണ്ടായിരുന്നു എന്ന്. കാശുമുടക്കി കാണാനുള്ള വകയൊന്നും തന്നെ പലതിനും കാണാറില്ല; പക്ഷേ ഇയ്യോബിന്റെ പുസ്തകമങ്ങനെയല്ല. നിർബന്ധമായും നിങ്ങൾ ഇന്റെർവെൽ വരെയെങ്കിലും കണ്ടിരിക്കണം. ഇന്റെർവെൽ വരെ എന്നു പറയാൻ കാരണമുണ്ട് – അതുകഴിഞ്ഞ് നിങ്ങളുടെ വിവരവും ഭാവനയും .ഇടകലർത്തി പൂരിപ്പിച്ചെടുത്താലും കാശു മുതലാവും. അതുതന്നെ കാര്യം!

സമകാലിക സിനിമാക്കാരെ പരിഹസിച്ചുകൊണ്ട് അല്പം അഹങ്കാരത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത് – അതെന്തിനാണെന്നു ചോദിക്കരുത്, എങ്കിലും ആ അഹങ്കാരത്തിൽ തെറ്റില്ല എന്നു സിനിമ തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരകഥയും മികച്ച ക്യാമറയും പഴയകാലത്തെ പുനഃസൃഷ്ടിച്ച വേഷവിധാനവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനയത്തിൽ ലാലും ഫഹദുമൊന്നും വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ജയസൂര്യയും വില്ലൻ കഥാപാത്രങ്ങളായി എത്തിയവരും അതിലഭിനയിച്ച കുട്ടികൾ പോലും ഏറെ നന്നായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടേയും പത്മപ്രിയയുടേയും ഭാവഭേദങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വാക്കുപോലും പറയാതെ പത്മപ്രിയയുടെ കഥാപാത്രം നമ്മോട് പറയേണ്ടതൊക്കെ കൃത്യമായി തന്നെ പറയുന്നുണ്ട്!! കേരളത്തിലെ പറയപ്പെടാതെ പോയ ചില ചരിത്രഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. കമ്മ്യൂണിസം കപ്പലിറങ്ങി മല കേറുന്ന വരുന്നതും അത് തൊഴിലാളിവർഗത്തിനിടയിലേക്ക് നിശബ്ദം പടർന്നുകേറുന്നതും തൊഴിലാളിവർഗത്തിന്റെ വീര്യമായി മാറുന്നതും സിനിമയിൽ കാണാം. പോരായ്മകളേക്കാളേറെ മികച്ച ദൃശ്യവിരുന്നാണ് ഈ സിനിമ. മൂന്നാറിന്റെ സൗന്ദര്യം നിങ്ങളെ അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളയും. വലിയ സ്ക്രീനിൽ തന്നെ ഇതു കാണേണ്ടതുണ്ട്.

സിനിമ കാണാൻനുദ്ദേശിക്കുന്നവർ ഇനി താഴേക്ക് വായിക്കണമെന്നില്ല.
.
.
.
.
.
.
പറയാനുള്ളത് അല്പം കുറ്റം പറച്ചിലാണ്. കൊക്കയിലേക്ക് എറിയപ്പെട്ട നായകനെ കണ്ടപ്പോൾ തന്നെ കാണികൾക്ക് നിരൂപിക്കാനാവുന്നതാണ് ഒരു സാഗർ ഏലിയാസ് ജാക്കിയായി അവൻ തിരിച്ചു വരുമെന്ന്!; അതുകൊണ്ട് ഇന്റെർ‌വെല്ലിൽ നായകനെ കൊന്നു കൊക്കയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ല. അവിടുന്നങ്ങോട്ട് കഥ ഊഹിക്കാവുന്നതാണ്. രണ്ടു പാട്ടുകൾ ഉള്ളത് തികച്ചും അനാവശ്യം തന്നെ. നായകന്റെ തിരിച്ചു വരവിനു ശേഷമുള്ള കൊലവിളികൾ നമ്മൾ കണ്ടു മടുത്തവ തന്നെയാണ്. ഇന്റെർവെല്ലിൽ ഇറങ്ങിവന്നാലും കുഴപ്പമില്ലെന്ന് മുകളിൽ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെയെങ്കിലും ആരും തന്നെ ഈ സിനിമ ഒഴിവാക്കി വിടരുത്. തീർച്ചയായും കാണുക; സോഷ്യോ-പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടെങ്കിൽ നിർബന്ധമായും.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍


ഓൺലൈൻ സമൂഹം ലോകോത്തരസിനിമയെന്നും മലയാളപുണ്യമെന്നുമൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ടു, ഇന്നലെ…

  • ഒന്നേമുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല – നല്ലൊരു സിനിമ തന്നെ!!.
  • എടുത്തുകാട്ടി പറയാൻ വലിയ കഥയും കാര്യമൊന്നും ഇല്ല.
  • അഭിനേതാക്കളെല്ലാം നീതിപുലർത്തി – പക്ഷേ, കല്പനയെ മിണ്ടാപ്രാണിയാക്കി മാറ്റി നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ട്.
  • വില്ലത്തരത്തിൽ കണ്ടുമടുത്ത ബാബുരാജിനു കിട്ടിയിരിക്കുന്നത് അപൂർവനേട്ടം തന്നെയാണ് – പറയാതെ വയ്യ, പുള്ളി കലക്കി മറിച്ചു!
  • പ്രധാന കഥാപാത്രങ്ങൾക്കു പുറമേ ഭക്ഷണവും ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പക്ഷേ, അത് പരസ്യങ്ങൾ പറയുമ്പോലെ ദോശയല്ല; കേയ്‌ക്കാണ്!!.
  • സൂപ്പർ‌‌താരങ്ങളുടെ കലിപ്പ് കണ്ടുമടുത്ത മലയാളിക്ക് ഇതൊരു മാറ്റമാണ്.
  • നല്ല തിരക്കഥയും നല്ല സംവിധാനവും തന്നെയാണ് സൂപ്പർസ്റ്റാർ.
  • ഏച്ചുകെട്ടലുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാത്ത സ്വാഭാവിക നർമ്മം ഒരു വലിയ പ്ലസ്‌മാർക്കാണ്.
  • ത്രൈണഭാവത്തിലെത്തുന്ന ബാബുരാജിന്റെ കഥാപാത്രത്തെ ലാലിന്റെ കഥാപാത്രം ആദ്യമായി കണ്ടുമുട്ടുന്ന രംഗം സൂപ്പർ ആയിരിക്കുന്നു; ലാലിന്റെ പോരുന്നോ കൂടെ എന്ന ചോദ്യം മാത്രം മതി ഈ സിനിമയെ വിജയിപ്പിക്കാൻ!
  • സലിം കുമാറും സുരാജ് വെഞ്ഞാറുമ്മൂടും ഇല്ല.

ഇനി ഇതുകൂടി വായിക്കുക – ഇതുവായിച്ചിട്ടാരും എന്നെ തെറിപറയരത് 🙁

  • നായികാ പ്രാധാന്യമുള്ള സ്‍ത്രീകള്‍ മദ്യപിക്കുന്ന രംഗവും മറ്റും മലയാളസിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമായി കാണണമെങ്കിൽ കാണാം.
  • പ്രണയമെന്നാൽ ശാരീരികബന്ധം എന്നതാണെന്ന മിഥ്യാധാരണയും കൊച്ചുകേരളം ഒരുപക്ഷേ അംഗീകരിച്ചേക്കുമായിരിക്കും 🙁
  • എന്നാലും ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്നും വന്ന മിണ്ടാപ്രാണിയായ  ഒരു ആദിവാസിമൂപ്പനെ കണ്ട് പേടിച്ച യുവതയുടെ ചേഷ്ടയല്പം കൂടിപ്പോയി… ആദിവാസികൾ അത്ര അവജ്ഞ അർഹിക്കുന്നവരോ!
  • പ്രണയത്തിന്റെ തീവ്രത കാണിക്കാൻ വിജയരാഘവൻ ഒരു കഥയുമായി വന്നതും പിന്നീട് പുള്ളി കാസർഗോഡേക്കു പോയതും കല്ലുകടി തന്നെ.
  • ബ്യൂട്ടിപാർലറിൽ പോയി മുഖം മിനുക്കിവരുന്ന ഭാര്യയോട് വയസനായ ഭർത്താവ് നീ സുന്ദരിയാണെന്നു പറഞ്ഞതു കേട്ടപ്പോൾ കരച്ചിൽ വന്നു – സത്യം!!
  • സിനിമാക്കാരെല്ലാം തരികിടപാർട്ടീസ് ആണെന്നും പെണ്ണ് അവർക്കൊരു പ്രധാന വിഷയമാണെന്നും, സംവിധായകൻ മുതൽ പാത്രം കഴുന്നവർക്കു വരെയുള്ളത് കാമത്തിൽ പൊതിഞ്ഞ കണ്ണുമാത്രമാണെന്നും ഈ സിനിമ ഒരു സന്ദേശമെന്ന രൂപത്തിൽ നൽകുന്നുണ്ടോ എന്തോ 🙁
  • അവസാനത്തെ ഒരു ഒടക്കുപാട്ട് തീരെ പിടിച്ചില്ല ; എന്തായാലും 5 മിനിറ്റ് കൂടി സിനിമ നീട്ടിയേക്കാം എന്നു വിചാരിച്ചായിരിക്കും…
  • എല്ലാം കണ്ടിറങ്ങിയപ്പോൾ ഈ പടം ശരിക്കും കഴിഞ്ഞോ എന്നൊരു സംശയം – ഞാനത് അവിടെ ഉള്ള സെക്യൂരിറ്റിയോട് ചോദിക്കുകയും ചെയ്തു…

മാർക്കിടാൻ എന്നോടാരെങ്കിലും പറഞ്ഞാൽ ഒരു നാലേ മുക്കാൽ മാർക്കു കൊടുക്കും – അത്രയൊക്കെ ധാരാളം… ടോറന്റ് ഡൗൺലോഡ് ചെയ്തു കണ്ടാൽ മതി. മെനക്കെട്ട് 60 രൂപ കളയാനൊന്നും വകയുണ്ടെന്നു തോന്നുന്നില്ല…

ഒരുനാള്‍ വരും

ഞാനും കണ്ടു “ഒരുനാള്‍ വരും” എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.
നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം.

ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചു. ഒത്തിരി നടന്നിട്ടും കാര്യങ്ങള്‍ സാധിക്കാത്ത കോട്ടയം നസീറിന്റെ കഥാപാത്രം അവസാനം അടിമുതല്‍ മുടിവരെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ഭംഗിയായി നടത്തിയെടുക്കുന്നതും പട്ടാളക്കാരനായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രം കൈക്കൂലി കൊടുക്കുന്നത് രാജ്യദ്രോഹമെന്ന പോലെ കുറ്റകരമാണെന്നു പറഞ്ഞ് അവസാനം വീടുവരെ നഷ്‌ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും കൈക്കൂലിയില്‍ കുളിപ്പിച്ചെടുത്ത ശ്രീനിവാസന്റെ കഥാപാത്രവും ഈ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ വിജയിച്ചു.

ലാലിന്റെ മകളായി അഭിനയിച്ച കുട്ടി ലാളിത്യമുള്ള അഭിനയപാഠവം കൊണ്ട് മികച്ചുനിന്നു. ശ്രീനിവാസന്റെ ഭാര്യയായി വന്ന ദേവയാനിയും നന്നായി. ദേവയാനി ലാലിന്റെ തടിയനെന്നു വിളിച്ചത് അല്പം ചിരിയുണര്‍ത്തി. ശരിക്കും ലാലിന്റെ തടി സിനിമയില്‍ വല്ലാതെ മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആ അനായാസമായ അഭിനയ ശൈലി അതിനെ മറികടന്നു വിജയം കണ്ടു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം ഒരു കോമാളിവേഷം പോലെ തോന്നി. കടുത്ത വില്ലത്തരങ്ങളൊന്നുമില്ല. സിദ്ധിക്കിന്റെ സാന്നിദ്ധ്യം പ്രത്യേകിച്ചൊന്നും ഗുണം ചെയ്തില്ല.

ശ്രീനിവാസന്റെ മകളായി വന്ന കുട്ടി സ്‌ക്കൂളില്‍ നിന്നും പാടുന്ന പാട്ട് നന്നായിട്ടുണ്ട്. ലാലിന്റെ മുന്‍‌കാലജീവിതം സിനിമയില്‍ പലയിടങ്ങളിലായ പറഞ്ഞു പോവുന്നതേ ഉള്ളൂ. എങ്കിലും “സിനിമ കഴിഞ്ഞശേഷം” ഒരു പാട്ടിലൂടെ അതിന്റെ വിഷ്വല്‍‌സ് കാണിച്ചത് ഒരു പുതുമയായി തോന്നി. കറുപ്പിനോടുള്ള ശ്രീനിവാസന്റെ വിദ്ദ്വേഷം ഈ സിനിമയിലുമുണ്ട്.

ഇത്രയൊക്കെയാണെങ്കിലും സിനിമ എനിക്കിഷ്ടപ്പെട്ടു. എന്നുവെച്ച് വീണ്ടും ഒരിക്കല്‍കൂടി ഈ സിനിമ കാണാനൊന്നും (ഫ്രീ ടിക്കറ്റാണെങ്കില്‍ കൂടി) എന്നെ കിട്ടില്ല.

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ “വെബ്‍സൈറ്റ് ” എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു “ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ ” ഇവിടേയും‌ ദൃശ്യമാണ്.

നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ – ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും‌ രണ്ടുപേരും‌ പരസ്പരം‌ പിരിയാനാവത്തവിധം‌ അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട്‌ ലെനിന്‍‌ രാജേന്ദ്രന്‍‌ പറഞ്ഞുവെക്കുന്നത്‌ മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.

നെഗറ്റീവ്‌ വൈബ്രേഷന്‍‌സ്‌ ഒന്നും‌ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ‌ വില്ലത്തരങ്ങളോ ഒന്നും‌ തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍‌ക്കുകയാണ്‌ ഈ പ്രണയകഥ. വിനീതിന്റെ നര്‍‌ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍‌ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍‌ എല്ലാവരും‌ ഒന്നിനൊന്നു മെച്ചം‌, നൃത്തവിദ്യാലയം‌ നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍‌ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്‌. അഭിനയത്തില്‍‌ തന്റേതായ രീതി എന്നും‌ പുലര്‍‌ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍‌ത്താവായി വന്ന്‌ ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും‌ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ കണ്ടു… ഇഷ്ടപ്പെടാന്‍‌ മാത്രമൊന്നും ഇല്ല… മുണ്ടുപൊക്കിയും‌ ട്രൗസറൂരിയും‌ വൃത്തികേടു ധ്വനിപ്പിച്ചും‌ ഹരിശ്രീ അശോകന്‍‌ കുറേ ചിരിപ്പിക്കാനൊക്കെ നോക്കി… ജഗദീഷിന്റെ ആനമണ്ടത്തരങ്ങള്‍‌ 2 ഹരിഹര്‍‌ നഗറിനെ അപേക്ഷിച്ചു കൂറവുണ്ട്; എങ്കില്‍‌ക്കൂടി ഉള്ള തമശകള്‍‌ അസ്സഹനീയം‌ തന്നെ. നല്ലതെന്നു പറയാന്‍‌ ഒന്നുമില്ല.. എങ്കിലും‌ സിനിമയ്‌ക്കുശേഷം‌ കാണിക്കുന്ന ഷൂട്ടിങ്ങിനിടയിലെ തമാശകള്‍‌ രസകരമായിരുന്നു – തെല്ലൊരാശ്വാസം‌. നല്ലൊരു സിനിമയുടെ പാര്‍‌ട്ടുകളിറക്കി ലാല്‍‌ എന്തിനിങ്ങനെ സ്വന്തം‌ പേരു കളയുന്നു? രണ്ടു മണിക്കൂറേ ഉള്ളു എന്നു തോന്നുന്നു… ഭാഗ്യം‌. ക്ലൈമക്സ്‌ കണ്ടാല്‍‌ ഏറ്റു നിന്നു തെറിപറയാന്‍‌ തോന്നും. “പെട്ടിമാറ്റം‌” എന്ന കലാപരിപാടി ഇതിലും‌ ആവര്‍‌ത്തിക്കുന്നു. പാട്ടുകളൊന്നും‌ ഗുണമില്ലായിരുന്നു. കേരളത്തെ മെത്തം‌ ഒരു കാലത്തു ചിരിപ്പിച്ച ആ നാലു കഥാപാത്രങ്ങളെ കൊന്നു കൊലവിളി നടത്തുകയാണ് ശ്രീ. ലാല്‍‌. അധികമൊന്നും‌ പറയാനില്ല; കണ്ടുനോക്ക്‌… ഇൻ ഹരിഹർ നഗറിന്റെ തുടർച്ച എന്നു പറഞ്ഞിറങ്ങിയതിനാൽ ഇത്രയും പറഞ്ഞെന്നു മാത്രം!

വാല്‍‌കഷ്‌ണം‌
പ്രിയപ്പെട്ട ലാല്‍‌ ഞങ്ങളിതിന്റെ നാലാം‌ ഭാഗം‌ കൂടി പ്രതീക്ഷിക്കുന്നു. ഒരപേക്ഷ ഉണ്ട്, ഒരു ആക്സിഡന്റു നടത്തി ആ നാലു കഥാപാത്രങ്ങളേയും‌ അങ്ങു കൊന്നുകളഞ്ഞേക്കണം; at least ജഗദീഷിന്റെ അപ്പുക്കുട്ടനെയെങ്കിലും‌.

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും “ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു..” എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍!

അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം കൊണ്ട്,‍‍ മനസ്സില്‍‍‍ തങ്ങിനില്‍‍ക്കുന്നതു ശരത്‍കുമാറിന്റെ എടച്ചെന കുങ്കനും മനോജ്‍ കെ ജയന്റെ തലക്കല്‍ ചന്തുവും പത്മപ്രിയയുടെ നീലിയും മാത്രമാണ്. അതില്‍‍‍ തന്നെ പത്മപ്രിയയുടെ നീലി അവസാനം എവിടെപോയി മറഞ്ഞുവോ എന്തോ! വെട്ടേറ്റു വീണു കിടക്കുന്ന ശവ‌ശരീരങ്ങളില്‍‍‍‍‍, ആ സീന്‍‍‍ മറയുവോളം ഞാന്‍‍‍‍ പരതിനോക്കി കണ്ടില്ല. അവളുടെ ഉശിരോടെയുള്ള ചെറുത്തുനില്‍‍‍‍പ്പുകണ്ടപ്പോള്‍‍‍‍ അധികനേരം അങ്ങനെ നില്‍‍‍ക്കുമെന്നു തോന്നിയില്ല.

വേഷവിധാനങ്ങളൊക്കെ കൊള്ളാം. പണ്ട് കാലാപാനിയിലും ഏതാണ്ടിതുപോലെയൊക്കെ പഴയകാലത്തെ കൊണ്ടുവന്നതോര്‍‍ത്തുപോയി. ഓസ്‍ക്കാര്‍‍‍ ജേതാവ് റസ്സൂല്‍‍‍ പൂക്കുട്ടിയുടെ ശബ്ദ്സന്നിവേശവും എന്നെ ആകര്‍‍ഷിച്ചിട്ടില്ല. സംഘട്ടനങ്ങളിലൊക്കെ പതിവു സിനിമകളിലേതു പോലെ കര്‍‍‍ണകഠോര ശബ്ദങ്ങള്‍‍‍ തന്നെ. പിന്നണിസംഗീതവും കൊള്ളില്ല. ഇടിമുഴക്കത്തിനും വെടിയൊച്ചകള്‍‍‍ക്കും ഒരു പ്രത്യേകത തോന്നി.

പഴശ്ശിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള അറിവുകളൊക്കെ എനിക്കന്യമാണ്. വളരെ ചെറുപ്പത്തില്‍‌ തന്നെ തന്റെ നാടിനെ കമ്പനിയുടെ അടിമത്തത്തില്‍‌‌ നിന്നും രക്ഷിക്കുമെന്ന് പരദേവതയായ മുഴക്കുന്നില്‍ ശ്രീപോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നുള്ളൊരു കഥയും കേട്ടിട്ടുണ്ട്. ചരിത്രരേഖകളിലെവിടെയെങ്കിലുമൊക്കെ തപ്പി അതിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലുമൊക്കെ സിനിമയില്‍‍‍ കാണിക്കുമായിരിക്കുമെന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതിയെന്താണെന്നു വിശദീകരിക്കുന്നതിലും ഈ സിനിമ പരാചയപ്പെട്ടു. കമ്പനിക്കെതിരേ പടനയിച്ച ആദ്യത്തെ നാട്ടുരാജാവായ പഴശ്ശിത്തമ്പുരാന്റെ കഥ ഇത്ര ലാഘവത്തോടെ പറഞ്ഞുവെച്ചതു എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

മുസ്ലീം‌ സമുദായത്തിന്റെ എക്കാലത്തേയും വല്യ ശത്രുവായിട്ടാണ് വില്യം ലോഗന്‍‌ മലബാര്‍‌ മന്വലില്‍‌ വരച്ചുവെച്ചിട്ടുള്ളത്. താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെയും മറ്റു പലരേയും പഴശ്ശിരാജാവ്‌ ചതിച്ചുകൊന്നതിനേപ്പറ്റിയും അനേകം പള്ളികള്‍‌ തകര്‍‌ത്തതിനേപ്പറ്റിയും ഒക്കെ മലബാര്‍‌ മന്വലില്‍‌ വിശദീകരിക്കപ്പെടുന്നുണ്ട്. ഇതിനേപ്പറ്റി ആരാഞ്ഞ കമ്പനിയോട്‌ ഇതൊക്കെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നു മറുപടി പറഞ്ഞതിനേപ്പറ്റിയും ലോഗന്‍‌ വിശദീകരിക്കുന്നു. പഴശ്ശിത്തമ്പുരാന്‍‌ ടിപ്പു സുല്‍‌ത്താനുമായി ആയുധകൈമാറ്റം ചെയ്‌തിരുന്നു എന്ന്‍‌ കമ്പനി സംശയിച്ചിരുന്നു. ചരിത്രരേഖയായ മലബാര്‍‌ മന്വലിനെ മറികടന്ന്‌ മുസ്ലീം സമുദായത്തിന്റെ പ്രിയപ്പെട്ടവനായി തമ്പുരാനെ എം.ടി. വായിച്ചെടുത്തതെവിടെ നിന്നായിരിക്കും?

കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന സാഹിത്യവിദ്യാര്‍‌ത്ഥികള്‍‌ ഒറ്റശ്ലോകമെന്ന പേരില്‍‌ കേരളവര്‍‌മ്മ പഴശ്ശിരാജാവിന്റെ കവിത്വത്തെ തൊട്ടറിയുന്നു. തന്റെ പ്രിയതമയായ കൈതേരി മാക്കത്തെ കുറിച്ച്‌ ഒളിവില്‍‌ താമസിക്കുന്ന പഴശ്ശിരാജാവ്‌ വിരഹതാപത്താല്‍‌ എഴുതിയതാണത്രേ അത്. അത്തരം കാര്യങ്ങളൊന്നും തന്നെ സിനിമയില്‍‌ സൂചിതമാവുന്നില്ല. എവിടെനിന്നും സം‌ഘടിപ്പിച്ചു എം.ടി ഈ പഴശ്ശിയെ? ഈ സിനിമ ചരിത്രത്തോടു നീതി പുലര്‍‌ത്തുന്നതല്ല. ഇത്‌ എം.ടി യുടെ പഴശ്ശിയാണ്. ഇനിയുമുണ്ട് എം.ടിക്കു തൊട്ടശുദ്ധമാക്കാന്‍‌ ചരിത്രപുരുഷന്‍‌മാര്‍‌ ഏറെ. കുഞ്ഞാലിമരയ്‌ക്കാറും വേലുത്തമ്പിദളവയും അങ്ങനെയങ്ങനെ ഒത്തിരിപ്പേര്‍‌. വഴിപോലെ നമുക്കു കണ്ടറിയാം.

യാതൊരുവിധ ആവശ്യവുമില്ലാതെ കുറേ പാട്ടുകളും ഉണ്ട്. സിനിമയാവുമ്പോള്‍‍‍ പിന്നെ പാട്ട് വേണമല്ലോ എന്നു നിനച്ചുകാണും അണിയറക്കാര്‍‍‍. വയനാടിന്റെ സൌന്ദര്യമെങ്കിലും കാണാമെന്നു കരുതി; അതും കിട്ടിയില്ല.

എം ടി സാറിന് പൊതുവേ വിശ്വസിക്കുന്ന കഥകളെ മാറ്റി എഴുതുക എന്നുള്ളതൊരു ത്രില്ലാണെന്നു തോന്നുന്നു. പണ്ട് ചതിയന്‍‍‍ ചന്തുവിനെ മമ്മൂട്ടിയിലൂടെ തന്നെ വിശുദ്ധിയുടെ കച്ചകെട്ടിച്ച് അനശ്വരനാക്കി; വടക്കന്റെ ഓമനയായ ഉണ്ണിയാര്‍‍‍ച്ചയെ ഒരു നാലാംകിട തേവിടിശ്ശിയാക്കി. തെക്കന്മാരതു വിശ്വാസിച്ചാലും വടക്കന്റെ മനസ്സില്‍‍‍ ഇന്നും ചന്തു ചതിയന്‍‍‍ തന്നെയാണ്. ആരോമല്‍‍‍ ചേകവരെ അങ്ങനെയൊരു അഹങ്കാരിയായി കാണാനും അല്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. ഇവിടെയും ഉണ്ട് പഠഭേദം. പണ്ടുനമ്മളൊക്കെ പഠിച്ചതും പിന്നീട് കേട്ടറിഞ്ഞതും പുല്‍പ്പള്ളി കാട്ടില്‍ മാവിലാന്‍‍‍തോടിന്റെ കരയിലുള്ള അമ്പലത്തില്‍‍‍ ഒളിച്ചുതാമസ്സിച്ചു വന്ന പഴശ്ശിയെ അടുത്ത ചിലരുതന്നെ ഒറ്റികൊടുത്തതുമൂലം കമ്പനി പട്ടാളം വളയുകയും അവരുടെ വെടിയുണ്ട ദേഹത്തു പതിക്കും മുമ്പേതന്നെ വിരലിലണിഞ്ഞ വജ്രമോതിരം വിഴുങ്ങി അദ്ദേഹം ആത്മഹത്യചെയ്തുവെന്നും ആയിരുന്നു. മരണവേദനയോടെ പിടയുന്ന അദ്ദേഹം കമ്പനിപ്പട്ടാളത്തോടക്രോശിച്ചിതും നാട്ടില്‍‍‍ പാട്ടാണ്; “എന്റെ നാട്ടിനേയും എന്റെ ശരീരത്തേയും തൊട്ടശുദ്ധമാക്കാതെ കടന്നുപോകൂ.” എന്ന്.

ആത്മഹത്യ ചെയ്താല്‍‍‍ സിനിമയിലെ വീരപുരുഷന്‍‍‍‍ ഒരു ഭീരുവായിപ്പോകുമെന്നു കരുതിയോ ആവോ? ഹേയ്! അതാവില്ല. മുമ്പുതന്നെ പഴശ്ശിയുടെ സര്‍‍‍വ്വസൈന്യാധിപനായ ശരത്‍‍കുമാറിന്റെ എടച്ചെന കുങ്കനെ ഒരു തോടിന്റെ വക്കില്‍‍‍വെച്ച് ആത്മഹത്യ ചെയ്യിപ്പിച്ചതുമൂലം സിനിമയുടെ ക്ലൈമാക്‍സും അങ്ങനെയൊരു ആത്മഹത്യയിലൂടെ തീര്‍‍‍ക്കുന്നതിന്റെ ഔചിത്യമോര്‍‍‍‍ത്തോ മറ്റോ ആയിരിക്കും കമ്പനിപ്പട്ടാളത്തിന്റെ മുമ്പില്‍‍‍പോയി “ഇന്നാ വെച്ചോ വെടി..!” എന്നു പറയാന്‍‍‍‍ എം ടി സാറിന്റെ പഴശ്ശിയെ പ്രേരിപ്പിച്ചത്. ഇവിടെ ഇങ്ങനെ ഒരു തിരുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. പഴശ്ശിത്തമ്പുരാന്‍‍‍ വെടിയേറ്റു മരിച്ചു എന്നതിനേക്കാള്‍‍‍‍ പ്രചാരമുള്ള കഥ ആത്മഹത്യ ചെയ്തു എന്നുള്ളതിനു തന്നെയാണ്. ചന്തുവിന്റെ കഥ തിരുത്തിയതിലൂടെ എം ടി ചെയ്തത് എം ടിയുടേതായ പുതിയൊരു ചന്തുവിനെ സൃഷ്‍ടിക്കുകയായിരുന്നു; പുതിയൊരു വീരഗാഥ രചിക്കുകയായിരുന്നു. അന്നതെല്ലാവരും അകമഴിഞ്ഞു സ്വീകരിച്ചുകൊടുത്തതിന്റെ ദൂഷ്യഫലമാണോ ഇതെന്ന സംശയം ബക്കി നില്‍‍‍ക്കുന്നു. ഈ സിനിമയിനി ഹിന്ദിക്കാരും തമിഴന്‍‍മാരും തെലുങ്കന്‍‍‍മാരുമൊക്കെ കാണുമല്ലോ എന്നോര്‍‍‍ക്കുമ്പോള്‍‍‍‍ നന്നേ വിഷമമുണ്ട്. മലയാളത്തില്‍‍‍‍ വിരിഞ്ഞ ഓസ്‍കാര്‍‍‍ ചിത്രത്തിന്റെ ഒരു ഗതി!.

ഇരുപത്തേഴു കോടി മുടക്കിയ ഗോകുലം ഗോപാലേട്ടനോട് സഹതാപമുണ്ടു കേട്ടോ. മൂപ്പരോട്‍ ഒരു അപേക്ഷ കൂടിയുണ്ട്, മലയാളത്തില്‍‍‍ നിന്നു തന്നെ ആ തുക പിരിഞ്ഞു കിട്ടുകയാണെങ്കില്‍‍‍‍‍ ദയവുചെയ്‍ത് ഈ സിനിമ മറ്റു ഭാഷകാരെ കാണിക്കാതിരിക്കുക. “ഓ ഇത്രേ ഉള്ളോ പഴശ്ശിരജാവെന്ന ധീരയോദ്ധാവ്!” എന്നവര്‍‍‍‍ വിധി എഴുതും.

എങ്കിലും എല്ലാ മലയാളികളും ഈ സിനിമ കാണട്ടേ. ഗോകുലം ഗോപാലേട്ടന്റെ കമ്പനി പൂട്ടിച്ചേക്കരുത് ഈ സിനിമ. മൂപ്പര്‍‍‍‍ക്കിനി നടേശ്ശന്‍‍‍സാറിനെതിരെ പട നയിക്കാനുള്ളതാണ്.

ഫാന്‍സു‍‍‍കാര്‍‍‍‍ ഒരു മാറാശാപമായി മാറിയിരിക്കുന്നു. എന്തൊരു തോന്ന്യവാസമാണിക്കൂട്ടര്‍‍‍ തീയറ്ററിനുള്ളില്‍‍‍‍ കാട്ടിക്കൂട്ടിയത്! കേരളത്തിന്റെ ക്ഷുഭിതയൌവനം ഇത്രയും അധ:പതിച്ചുപോയല്ലോ എന്നോര്‍‍‍ത്തപ്പോള്‍‍‍‍ സങ്കടം തോന്നി. മമ്മൂട്ടിയുടെ ഫോട്ടോയില്‍‍‍‍ പാലഭിഷേകം നടത്തിയത്രേ വങ്കന്‍‍മാര്‍‍‍. മോഹന്‍‍‍‍ലാലിന്റെ ശബ്ദം തീയറ്ററില്‍‍‍‍ മുഴങ്ങിഅയപ്പോള്‍‍‍‍ തന്നെ ഒരു ഭാഗത്തു നിന്നും ലാലേട്ടനു ജയ്‍വിളികളും ആര്‍‍‍പ്പുവിളികളും തുടങ്ങി. ഉടനേ വന്നു പൂരത്തെറിയും കൂക്കിവിളികളും മറുഭാഗത്തുനിന്നും. എന്തോ ഭാഗ്യത്തിന്, ലാല്‍‍‍ പറയുന്നതൊക്കെ സ്‍ക്രീനില്‍‍‍‍ എഴുതിക്കാണിച്ചിരുന്നതിനാല്‍‍‍‍‍ മൂപ്പരെന്താ പറഞ്ഞെന്നു മനസ്സിലാക്കാനായി. അതും ഒരു വിരോധാഭാസമായി തോന്നി. ലാല്‍‍‍ പറയുന്നതൊക്കെ ഇംഗ്ലീഷില്‍‍‍ എഴുതിക്കാണിക്കുമ്പോള്‍‍‍‍ ഞാന്‍‍‍ കരുതി സിനിമയില്‍‍‍‍ അവസാനം വരെ ഇങ്ങനെ എഴുതിക്കാണിക്കും എന്ന്. എവിടെ! അതവിടം കൊണ്ടി നിര്‍‍‍ത്തിക്കളഞ്ഞു. ലാലിന്റെ ശബ്‍ദം കേള്‍‍‍ക്കുമ്പോള്‍‍‍ മമ്മൂട്ടി ആരാധകര്‍‍‍‍ തെറിപ്പാട്ടുപാടുമെന്നും അപ്പോളതു കേള്‍‍‍ക്കാനാവില്ലെന്നും അതുകൊണ്ട് അത്രയും ഭാഗം എഴുതിക്കാണിക്കുന്നതായിരിക്കും കൂടുതല്‍‍‍ ഉചിതമെന്നും കരുതിക്കാണുമായിരിക്കും. പൂക്കുട്ടി ശബ്ദമിശ്രണത്തില്‍‍‍ പകുതിയും ഫാന്‍‍‍സുകാരെന്ന ഈ ശാപജന്മങ്ങളുടെ ജയ്‍വിളികളില്‍‍‍‍ മുങ്ങിപ്പോവുകയും ചെയ്തു.

കേരളത്തില്‍‍‍ വളര്‍‍‍ന്നു വരുന്ന അരാഷ്‍ട്രീയവത്‍കരണമാണെന്നു തോന്നുന്നു ഇത്തരം വൃത്തികെട്ട കൂട്ടായ്‍‍മ‌കളുണ്ടാക്കാന്‍‍‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ദിനംപ്രതി ദുഷിച്ചുനാറുന്ന രാഷ്‍ട്രീയപാര്‍‍‍ട്ടികള്‍‍‍ക്കെവിടെ സമയം അവരുടെ യുവാക്കളെ നയിക്കാന്‍‍‍. ‍പണ്ടു പാലഭിഷേകവും എഴുന്നെള്ളിപ്പും അമ്പലം കെട്ടലുമൊക്കെ തമിഴന്റെ കുത്തകയായിരുന്നു. സമീപഭാവിയില്‍‍‍ നമുക്കും കേള്‍‍‍ക്കാമെന്നു തോന്നുന്നു മമ്മൂട്ടിക്ക് അമ്പലം പണിഞ്ഞു, മോഹന്‍ലാലിന്റെ അമ്പലം പണി നടക്കുന്നു എന്നൊക്കെ. ഫാന്‍സിന്റെ അഴിഞ്ഞാട്ടങ്ങളെ അതാതു നടന്‍‌മാര്‍‌ പ്രോത്സാഹിപ്പിചു വിടുന്നുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ. എന്തായാലും ഇതവര്‍‌ക്കും ഗുണ‌ം ചെയ്യുമെന്നു തോന്നുന്നില്ല. അവരുടെ പരാക്രമങ്ങള്‍‌ കണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights