Skip to main content

കാസർഗോഡൻ ഗാഥ!

കാസർഗോഡ് ലോകസഭാ മണ്ഡലം - 2014ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, (more…)

ആരാണ് അണ്ണാ ഹസാരേ?

Anna Hazare Lokpal Bill Movementആരാണ് അണ്ണാ ഹസാരേ?
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്നു മുഴുവൻ പേര്. 1940 -ഇൽ ജനുവരി 15 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനനം. ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നു. ഏഴാം ക്ലാസ് വരെ മാത്രമേ ജീവിതസാഹചര്യം അദ്ദേഹത്തെ പഠിക്കാൻ അനുവദിച്ചിട്ടുള്ളൂ. 1962 -ലെ ഇന്ത്യ-ചൈനാ യുദ്ധവേളയിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1965 -ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ത്യാഗോജ്വലമായ സേവനം അനുഷ്‌ഠിച്ചു. ഗാന്ധിജി, വിവേകാനന്ദസ്വാമി, ആചാര്യ വിനോബാഭാവെ എന്നിവരുടെ എഴുത്തുകളിൽ പ്രചോദിതനായി പ്രവർത്തിക്കുന്ന ഒരു രു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ഹസാരെ. തികഞ്ഞ ഗാന്ധിയനായി ജീവിതം തന്നെ ജനസേവനമാക്കിമാറ്റിയ ഒരു 71 വയസ്സുകാരൻ.

Anna Hazareശരി, ഇയാൾക്കെന്താണിത്ര പ്രത്യേകത?
1990 -ഇൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1992 അദ്ദേഹത്തിനു പത്മഭൂഷൺ ലഭിച്ചു. കൂടാതെ സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരമടക്കം നിരവധി അംഗീകരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വെറും ഏഴാംക്ലാസ് വിദ്യാഭാസം മാത്രമുള്ള ഹസാരെയെ ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് ആദരിച്ചു. ജനഹൃദയങ്ങളിൽ കോടികളുടെ ജ്യേഷ്ഠസഹോദരനായി അണ്ണനെന്ന് അറിയപ്പെടുന്നു.

അതിന്? ഇതൊക്കെ ആർക്കും കിട്ടാവുന്നതല്ലേ? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്!!
പ്രത്യേകതകൾ ഉണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റൈൽഗാൻ സിദ്ധി (Ralegaon Siddhi) എന്ന ഗ്രാമത്തെ അദ്ദേഹം ഒരു മാതൃക ഗ്രാമമാക്കി. ഗ്രാമങ്ങൾ സ്വയംപര്യാപ്തരാവണം എന്ന ആശയം അദ്ദേഹം വിജയകരമായി അവിടെ നിറവേറ്റി. അവിടെ നിലനിന്നിരുന്ന ദാരിദ്ര്യവും വരൾച്ചയും അദ്ദേഹം മാറ്റിയെടുത്തു അവർക്കുവേണ്ടിവരുന്ന പച്ചക്കറികൾ, ഇന്ധനം, വൈദ്യുതി, വസ്ത്രങ്ങൾ മുതലായവയൊക്കെ സാധ്യമായ രീതിയിൽ ഗ്രാമത്തിൽ തന്നെ ഉണ്ടാക്കിയെടുത്തു. ആളുകളെ ഒന്നടങ്കം മദ്യപാനത്തിൽ നിന്നും മുക്തമാക്കി ഗ്രാമം മദ്യവിമുക്തമാക്കി. ജനതയെ വേർതിരിച്ചു നിർത്തുന്ന അയിത്തമെന്ന ദുരാചാരത്തെ ജനമനസ്സുകളിൽ നിന്ന് അദ്ദേഹം വേരോടെ പിഴുതെടുത്ത് നീക്കം ചെയ്തു. ആരോഗ്യപരമായ ചുറ്റുപാടുകൾക്കൊപ്പം ആരോഗ്യപരമായ മനസ്സും വാർത്തെടുക്കുന്നതിൽ ഹസാരെ വിജയിച്ചു. വ്യക്തമായ ആസൂത്രണത്തിലൂടെ 1975 -ഇൽ ആ ഗ്രാമം ദാരിദ്ര്യത്തെ നിർമാർജനം ചെയ്ത് മാതൃകാഗ്രാമമായി. ഇന്നു നല്ലൊരു സമ്പന്നഗ്രാമമായി നമുക്കു മുന്നിൽ റൈൽഗാൻ സിദ്ധി തല ഉയർത്തി നിൽക്കുന്നു.

 

corruption in indiaശരി, ഇപ്പോൾ ഇയാൾക്കെന്താ കുഴപ്പം? എന്തിനാണ് ഈ ബഹളമൊക്കെ?
അഴിമതി, അഴിമതിതന്നെയാണു പ്രശ്നം. പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നവരിൽ പ്രമുഖനാണു ഹസാരെ. സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം എന്നറിയപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാരിനെ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അണ്ണാ ഹസാരെയാണ്. പൊതുജീവിതത്തിലെ അഴിമതി തടയാൻ പറ്റുന്നവിധത്തിൽ ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും പറഞ്ഞാണ് ഹസാരെയുടെ ഇപ്പോഴത്തെ സമരം.

ഓഹോ, എന്താണപ്പോൾ ഈ ലോക്പാൽ ബിൽ?
അഴിമതി പരിഹരിക്കുന്നതിന്, സ്വതന്ത്ര അധികാരവ്യവസ്ഥ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ കരടു നിയമമാണ് ജന ലോക്പാൽ (The Citizen Ombudsman Bill). തെരഞ്ഞെടപ്പ്‌ കമ്മീഷനെപ്പോലെ സ്വതന്ത്ര അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്ന് ഈ ബിൽ അനുശാസിക്കുന്നു. കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും ആണ് വിവക്ഷിച്ചിട്ടുള്ളത്. ഈ ബിൽ ഈ അടുത്തൊന്നും ഉണ്ടായ ഒന്നല്ല, മറിച്ച്, 42 വർഷങ്ങൾക്ക് മുൻപുതന്നെ 1972 -ഇൽ അന്നത്തെ നിയമ മന്ത്രിയായിരുന്ന ശാന്തിഭൂഷൻ തയ്യാറാക്കിയതായിരുന്നു ലോക്പാൽ കരടു നിയമം. പക്ഷേ ഇതന്നു പാസ്സാക്കിയെടുക്കുവാൻ രാജ്യസഭക്ക് കഴിഞ്ഞിട്ടില്ല. 1969 ലെ നാലാം ലോകസഭ ലോക്പാൽ നിയമം പാസ്സാക്കിയെങ്കിലും നടപ്പാക്കാനായില്ല; കാരണം രാജ്യസഭ അതു പാസ്സാക്കാൻ കൂട്ടാക്കിയില്ല. പലതവണ ഇതു പാസ്സാക്കിയെടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.

അതായത് അഴിമതിക്കാരെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം കിട്ടുമെന്ന് അല്ലേ? അതു രാഷ്‌ട്രീയ സ്ഥിരതയ്‌ക്ക് യോജിച്ചതാണോ?
അതിന് ഇതിൽ ജനങ്ങൾ മാത്രമല്ല ഉള്ളത് ഗവൺമെന്റിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ഉൾപ്പെട്ടവർക്ക് 50% വും ബാക്കി 50% പൊതുജനത്തിനും ആണുള്ളത്.

അപ്പോൾ ഈ ബില്ല് പാസാക്കാതെ ഇങ്ങനെ ഉരുട്ടിക്കൊണ്ടുപോവാൻ കാരണമെന്താണ്?
ഓരോ സംസ്ഥാനത്തും ലോകായുക്‌ത എന്ന പേരിൽ സംഭവം സ്ട്രോങ്ങായി വന്നാൽ പിന്നെ അഴിമതിക്കാരെ പിടിച്ച് ശിക്ഷിക്കാൻ മാക്സിമം 2 വർഷമേ എടുക്കുകയുള്ളൂ. 25 ഉം 30 വർഷങ്ങൾ കേസുനടത്തി നീട്ടിക്കൊണ്ടുപോകുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാവില്ല. ബോഫേഴ്‌സ് കേസും ഭോപ്പാൽ ദുരന്തത്തിന്റെ കേസും എന്തിനേറെ നമ്മുടെ പാമോയിലും ലാവ്‌ലിനും ഒക്കെ നീണ്ട് നീണ്ട് പോകുന്നതു കണ്ടില്ലേ. ഈ ഒരവസ്ഥ ഈ നിയമം മൂലം ഇല്ലാതാവും.

അഴിമതിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള അധികാരം പബ്ലിക്കിനു കിട്ടുന്നു എന്നതു തന്നെ രാഷ്ട്രീയക്കാരന്റേയും അവന്റെ വാലാട്ടി ഉദ്യോസ്ഥന്റേയും ഉറക്കം കെടുത്തുന്നുണ്ട്. കൊടിപിടിച്ച ജഡ്‌ജിയെവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും ഈ ബിൽ വഴിയൊരുക്കുന്നു. Chief Justice of India യുടെ അനുമതിയോടെ മാത്രമേ നിലവിൽ ഇതൊക്കെ സാധിക്കൂ. അന്വേഷണ റിപ്പോർട്ടുകളൊന്നും തന്നെ എവിടേയും മൂടിവെയ്ക്കുന്നില്ല, എല്ലാം തുറന്നപുസ്തകമായി ജനങ്ങളുടെ മുന്നിൽ എത്തിക്കും. ഗവൺമെന്റ് മാറിവരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനമാരെ മാറ്റിയും തങ്ങൾക്കിഷ്ടപ്പെട്ടവരെ അന്വേഷണം ഏൽപ്പിച്ചും ഒക്കെ പലരും തടി തപ്പുന്നത് നമ്മുടെ നാട്ടിൽ സുപരിചിതമാണല്ലോ. ഇവിടെ ലോകായുക്‌തയുടേയോ ലോക്‌പാലിന്റേയോ രാഷ്ട്രിയക്കാർക്ക് നിർദ്ദേശിക്കാനോ നിയമിക്കാനോ സ്ഥലംന്മാറ്റാനോ പറ്റില്ല. അഴിമതികാണിച്ച് പിടിച്ചാൽ തന്നെ ഇപ്പോൾ മാക്സിമം 7 വർഷം ജയിലിൽ കിടന്ന് ഒരു രാഷ്ട്രീയക്കാരനു പുറത്തുവരാം. അവൻ അഴിമതി കാണിച്ചുണ്ടാക്കിയ പണം കണ്ട്കെട്ടാൻ ഇന്നു യാതൊരു നിയമവും ഇല്ല. എന്നാൽ ലോക്‌പാലിൽ മിനിമം ശിക്ഷ 6 വർഷവും മാക്സിമം എന്നത് ജീവപര്യന്തവും ആണ്. മാത്രമല്ല അയാൾ ഗവണ്മെന്റിനു നഷ്ടമാക്കി തുക അയാളിൽ നിന്നും തന്നെ കണ്ടു കെട്ടും.

ഇതൊക്കെ ശക്തമായി നടപ്പാക്കിയാൽ ഇന്നത്തെ ഭൂരിപക്ഷം പേരും അഴി എണ്ണും എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം ഈ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.

I am also a Gandhian - prime minister of indiaഅപ്പോൾ എന്താണിപ്പോൾ ഗവണ്മെന്റ് പറയുന്നത്?
കഴിഞ്ഞ ദിവസം ആഗസ്‌ത് 15 – നു ഇന്ത്യൻ ദേശിയപതാകയിൽ കൈവെച്ച് ചെങ്കോട്ടയില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളംബരം ചെയ്യുകയുണ്ടായി, നിരാഹാരവും സത്യാഗ്രവും കൊണ്ട് രാജ്യത്തെ അഴിമതി തടയാമെന്നാരും വ്യാമോഹിക്കേണ്ടാ എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് അണ്ണാഹസാരെയെ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു അഭിപ്രായം പ്രധാനമന്ത്രി നടത്തിയതിൽ നിന്നും നമുക്കു മനസ്സിലാക്കാനാവുന്നത് നിരാഹാരവും സത്യാഗ്രഹമൊക്കെ അങ്ങ് ബ്രിട്ടീഷുകാരോടു മതി, ഞങ്ങളിതുകൊണ്ടൊന്നും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല എന്നുതന്നെയാണ്. അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തുവാൻ ആരെയും അനുവദിക്കില്ലെന്നാണ് അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ പിന്നീട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, അണ്ണാ ഹസാരെയെ തേജോവധം ചെയ്യാൻ കോൺഗ്രസ് പാർട്ടി കച്ചകെട്ടി ഇറങ്ങിയെന്നതും ഈ സമയത്ത് കൂട്ടിവായിക്കാവുന്നതാണ്.

71 പിന്നിട്ട ഈ വയസൻമൂപ്പർക്കിത് മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റുമോ?
ഹസാരെ ഒറ്റയ്‌ക്കല്ല ഈ സമരമുഖത്തുള്ളത് കിരൺ ബേഡി, ശാന്തി ഭൂഷൻ, ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ടെ, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ധോ, “ആഴിമതിക്കെതിരെ ഇന്ത്യ” എന്ന സംഘടന തുടങ്ങിയവർ മുൻനിരയിൽ നിൽക്കുമ്പോൾ ഇന്ത്യാമഹാരാജ്യത്തെ വിദ്യാർത്ഥി സമൂഹം, ഓൺലൈൻ സമൂഹം, വിവിധ സന്നദ്ധസംഘടനകൾ, സമൂഹ്യസംഘടനകൾ, വനിതാ സംഘടനകൾ തുടങ്ങി നിരവധിപേരുടെ സമ്പൂർണ പിന്തുണയും അണ്ണാ ഹസാരെയ്‌ക്കുണ്ട്.

ഓക്കെ, എനിക്കെന്തു ചെയ്യാൻ പറ്റും ഇപ്പോൾ?
ഹസാരെ ലക്ഷ്യമിടുന്ന അഴിമതിരഹിത ഭാരതം തന്നെയാണു നമ്മുടെ ലക്ഷ്യമെങ്കിൽ, അദ്ദേഹം പറയുന്നതിൽ കാര്യമായതെന്തൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെങ്കിൽ നമുക്കും ഹസാരെയ്ക്ക് ധാർമ്മിക പിന്തുണ നൽകാം. രാജ്യത്തെ ദരിദ്ര്യനാരായണന്മാരുടെ നികുതിപ്പണം പിരിച്ച് സ്വിസ്‌ബാങ്കിലും മറ്റും ഇട്ട് സുഖലോലുപതയുടെ പട്ടുമെത്തയിലിരുന്നു നമ്മളെ ഭരിച്ചു മുടിച്ചവർക്കിനിയും മാപ്പുകൊടുക്കരുത്. രാജമാരും ബാലകൃഷ്‌ണപ്പിള്ളമാരും അല്ല നമുക്കാവശ്യം നാളെയെ സ്വപ്‌നം കാണുന്ന ആർജവമുള്ള രാഷ്ട്രീയക്കാരനെയാണ്. അവന്റെ പൊതുജീവിതം സംശുദ്ധമാവണം. അതിനായി ഹസാരെയെ നമുക്കിപ്പോൾ സപ്പോർട്ട് ചെയ്യാം. അതിനായി സ്വയം പ്രചാരകരാവാം. അഴിമതിക്കെതിരെ തിളച്ചുമറിയട്ടെ ഇന്ത്യൻ യൗവനങ്ങൾ. ഹസാരെയെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ മെസേജുകളും നമുക്കു കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനായി റീഷെയർ ചെയ്യാം… മുന്നിൽ നെടുംതൂണയി നിൽക്കാൻ ഹസാരെയുടെ ആരോഗ്യം അദ്ദേഹത്തെ അനുവദിക്കട്ടെ എന്നു പ്രത്യാശിക്കാം.

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം!

തെരഞ്ഞെടുപ്പ്‌ അടുക്കാറായി. പരസ്പരം‌ തെറി വിളിച്ചും‌ വിഴുപ്പലക്കിയും‌ അവര്‍‌ വീണ്ടും‌ നമ്മുടെ മുമ്പിലേക്കു വരും – ഒരു നാണവുമില്ലാതെ. നാടു ഭരിക്കാനായി നമ്മള്‍‌ തെരഞ്ഞെടുത്തു വിടുന്നവര്‍‌, (more…)
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights