Skip to main content

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

വിക്കീപീഡിയ പഠനശിബിരം

ഷിജു അലക്സിന്റെ ബസ്സിലേക്ക്…

മലയാളം വിക്കി പഠനശിബിരം കൊല്ലം ജില്ലയില്‍

തീയതി: 2011 സെപ്റ്റംബർ 25
സ്ഥലം: ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)
സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ

പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ താഴത്തെ വിക്കി താളില്‍ ഒപ്പ് വെക്കുക

ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു മലയാളം വിക്കിമീഡിയന്റെ ഭവനത്തില്‍ ഔദ്യോഗിക പഠനശിബിരം നടക്കുന്നത്. 🙂 എല്ലാവിധ ആശംസകളും

വിക്കീപീഡിയ പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫെയ്‌സ്ബുക്ക് ഇവന്റ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights