Skip to main content

സൂര്യകാന്തി നോവ്‌

[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

In love with nature by womenപാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…

പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…

പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…

ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍

അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…

പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…

ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…

…….
മുരുകൻ കാട്ടാക്കട

ഒരു നിമിഷം തരൂ നിന്നിലലിയാന്‍

[ca_audio url=”https://chayilyam.com/stories/poem/film/oru-nimisham-tharoo.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം

നീലാംബരത്തിലെ നീരദകന്യകള്‍,
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു…

നീലാംബരത്തിലെ നീരദകന്യകള്‍,
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു
ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ്
നിര്‍മ്മലേ… എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍.

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍,
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു…

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍,
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു…
ആ ചെഞ്ചൊടികളില്‍ ഒരു മൗനഗീതമായ്…
ഓമലേ.. എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍…

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
…………..

ചിത്രം -സിന്ദൂരം (1976)
സംവിധാനം -ജേസി
രചന -സത്യൻ അന്തിക്കാട്
സംഗീതം -എ. ടി. ഉമ്മർ
ആലാപനം -കെ. ജെ. യേശുദാസ്
അഭിനയിക്കുന്നത് -വിൻസെന്റ്, ജയഭാരതി

വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights