അഗസ്ത്യഹൃദയം

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനല്ക്കാടു താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍‌ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളിലെത്താൻ.

ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…?
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..? രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെ
നീർക്കണിക തേടി ഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൗഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള്‍‌ പെറ്റ മക്കള്‍‌ക്കു നീ കവചമിട്ടു
അന്യോന്യമെയ്യുവാന്‍‌ അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ടു മേനിക‌ള്‍‌ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍‌ മെനഞ്ഞു
രാമന്നു ജയമെന്നു പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില്‍‌ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌‌ ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌ ഒരുക്കി ക്കൊടുത്തു

ആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു –
മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൗരസൗമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..?

Poem By: V.Madhusoodanan Nair

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

iraq bagdhad - war photo

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/bagdhad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ (2)
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ് (2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍ (2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (2)
ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ.. (2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു (2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍ (2)
ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ (2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍ (2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം (2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ…(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ് (2)
അറബിക്കഥയിലെ ബാഗ്ദാദ്… (4)

മുരുകൻ കാട്ടാക്കടയുടെ കവിത: ബാഗ്ദാദ്

പൂതപ്പാട്ട്‌

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/poothappattu.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
‘ക്കലപലെ’ പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!’

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

By : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

പറശ്ശിനിക്കടവ് മുത്തപ്പന്‍

കുറിച്യരെ ഒന്നിച്ചു നിർത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തിൽ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനും വേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളിൽ. നാടുകാർ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേർന്ന് അവർക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങൾ അവനോടുള്ള സ്നേഹാദരങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി. പുരാവൃത്തങ്ങൾക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിത തപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതർ‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങൾക്കു പുതിയ വ്യാഖാനങ്ങൾ നൽകിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പൻ. അവസനാകാലത്ത്‍ മുത്തപ്പൻ താമസിച്ചത് കുന്നത്തൂർപാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താൽ പ്രസിദ്ധമായിത്തീർ‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങൾ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. സവർണഹൈന്ദവതയിൽ നിന്നുള്ള ശക്തമായ വ്യതിചലമായി ഉദാഹരിക്കാവുന്ന ഒന്നും കൂടിയാണിത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താൻ പണ്ടു നയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനർ‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പൻ. അവരുടെ ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തിൽ ജൈനമതക്കാർ തങ്ങളുടെ ദേവനായ തീർത്ഥങ്കരനേയും ബുദ്ധമതക്കാർ ബുദ്ധനേയും (ശ്രീബുദ്ധനുൾപ്പടെ) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ആ വഴിയിലൂടെ ചിന്തിക്കിൽ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌ മലയാറ്റൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്.

സവർ‍വണ്ണരിൽ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂർത്തിയായി‍ -തെയ്യമായി- വിളിച്ചാൽ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന‌ ദൈവമാണു മുത്തപ്പൻ. കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നൽകിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പൻ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ‍, കോലത്തുനാട്ടുകാരുടെ മനസ്സിൽ‍ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനൽ‍രൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം.

ഇനി മുത്തപ്പന്റെ പുരാവൃത്തത്തിലേക്കു

പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ പ്രാർ‍ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ ദമ്പതികൾ. ഒരിക്കൽ, ഒരു പുലർ‍കാലവേളയിൽ കുളിക്കാനായി ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ പാടിക്കുറ്റിയമ്മ. ആറ്റിൻകരയിലെത്തിയ അവരുടെ കാതുകളിൽ‍ ഒരു കൊച്ചുകുഞ്ഞിന്റെ ദീനരോദനം വന്നലച്ചു. അവർ ചുറ്റും കണ്ണോടിച്ചു. ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ വെളിച്ചം കുറവായിരുന്നു. ചിറയിലിറങ്ങിയൊന്നു മുങ്ങിനിവർന്നപ്പോൾ വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചിൽ‍. പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചിൽ‍ കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!

മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകൾ‍ക്കു നടുവിൽ‍, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്‍…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചിൽ‍ നിർ‍ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്‍. അവർ‍ ഓടിച്ചെന്ൻ ആ കുഞ്ഞിനെ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവർ അയ്യങ്കരയില്ലത്തേക്കു നടന്നു.

കുളിക്കാൻപോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി ഓടിച്ചെന്നു.
“കൊട്ടിയൂരപ്പൻ നൽകിയ നിധിയാണ്…” പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ മൊഴിഞ്ഞു. അവർ കുഞ്ഞിനെ ഭർ‍ത്താവിനു കൈമാറി, നടന്നകാര്യങ്ങൾ വിസ്തരിച്ചു. തിരുമേനി കുഞ്ഞുന്റെ നെറുകയിൽ‍ വാത്സല്യപൂർ‍വം ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന ഇല്ലത്തെ രക്ഷിക്കാൻ കൊട്ടിയൂരപ്പനായ ശിവപ്പെരുമാൾ‍‍ കനിഞ്ഞുനൽകിയ നിധിയായി തന്നെ ആ ദമ്പതികളവനെ കണ്ടു. മനയിൽ‍ ആനന്ദം പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം താരാട്ടുപാട്ടിനാൽ മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും നൽകി. അവൻ പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്‍കളങ്കമായി ചിരിച്ചു. ആ പുഞ്ചിരിയിൽ അവരുടെ സർവ്വസങ്കടങ്ങൾക്കും അറുതിവന്നു. അവന്നു ആയുസ്സും ആരോഗ്യം കിട്ടാൻ പാടിക്കുറ്റിയമ്മ കൊട്ടിയൂരപ്പനോട്‍ നിത്യവും പ്രാർ‍ത്ഥിച്ചു.

ദിവസങ്ങൾ കടന്നുപോയതവർ അറിഞ്ഞില്ല. കുഞ്ഞിന്റെ പാൽപുഞ്ചിരിയിലും തരിവളകളുടെ കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിലും അവർ പുതിയൊരു നിർ‍വൃതി കണ്ടു. വളരെ പെട്ടന്നവൻ വളർന്നുവന്നു. എല്ലാം കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവർ കണ്ടു. എന്നാൽ‍ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ അവർ കണ്ടുതുടങ്ങി.

പകൽ സമയങ്ങളിൽ മുഴുവൻ അവൻ മനയ്‍ക്കു പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം. നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാൻ അവൻ തീരെ ഇഷ്‍ടപ്പെട്ടില്ല. മലമുകളിൽ കഴിയുന്ന കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്. അവരോടൊപ്പം കൂടി കീഴ്‍ജാതിക്കാരുടെ പുരകളിൽ നിന്ന് തിന്നും കുടിച്ചും അവൻ തെണ്ടിനടന്നു. മനയിലെ പാൽ‍ച്ചോറിനേക്കാൾ അവനിഷ്‍ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു. മകന്റെ സ്വഭാവത്തിൽ‍ പ്രകടമായി വന്ന ഈ മാറ്റം പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവർ മകന്റെ ദുരവസ്ഥയോർ‍ത്തു പൊട്ടിക്കരഞ്ഞു. അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണിൽ രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതൽ മനയിൽ കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” ‍- തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗർ‍ജ്ജിച്ചു.

അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാനോ അവൻ നിന്നില്ല. അവന്റെ നിശ്ചയദാർ‍ഢ്യവും കുലുക്കമില്ലായ്‍മ‌യും ആ പിതാവിനെ ദു:ഖത്തിലാഴ്‍ത്തി. എല്ലാ പ്രതീക്ഷകളും നശിച്ച അവർ തളർ‍ന്നിരുന്നുപോയി. മദ്യലഹരിയിൽ ആടിക്കുഴഞ്ഞു നിൽക്കുന്ന മകനെ കണ്ടുനിൽ‍ക്കാനവർ പ്രാപ്തരല്ലായിരുന്നു. അവർ തളർന്നുങ്ങി.

അന്ത്യയാമം പിറന്നു..

Sri Muthappan Old Photo
Muthappan theyyam Old photo
ആ ദമ്പതികൾ ഒരു സ്വപ്‍നത്തിലെന്നപോലെ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ട കാഴ്‍ച അവരെ അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ നിധിയായ തങ്ങളുടെ മകൻ ആയിരം സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും ധരിച്ചിരിക്കുന്നു. പൊൻചിലമ്പും അരമണിയും ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം കൈകൂപ്പി നിൽ‍ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപൻ പറഞ്ഞു.
“പോകാൻ സമയമായി… പോയാലും മറക്കില്ല ഈ പൊൻമ‌കൻ. പിതാക്കൾ നിനയ്ക്കുന്ന മാത്രയിൽ ഓടിയെത്തും ഞാൻ. ജന്മലക്ഷ്യത്തിലേക്കുള്ള പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലൻ നടന്നകന്നു.
എവിടെ പോകുന്നു..! ആർക്കും അറിയില്ല.
മലയും കാടും കടന്നവൻ കുന്നത്തൂർപാടിയിലെത്തി (പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവർഷം തപം ചെയ്തു ആ മലഞ്ചെരുവിൽ മലമക്കളോടൊത്തവൻ താമസിച്ചു. നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു. അടുത്തു കണ്ട പനയിൽ കയറി കള്ളുംകുടമെടുത്ത് അവൻ വായിലേക്കു കമഴ്‍ത്തി. മധുര‌കള്ളിന്റെ സ്വാദിൽ അവൻ ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോൾ അവനത്‍ പൂർവ്വസ്ഥിതിയിൽ വെച്ച് പട്ടക്കിടയിൽ ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരൻ ചന്തൻ. അവൻ കള്ളെടുക്കുവാനുള്ള വരവാണ്. പനമുകളിൽ അപരിചിതനെ കണ്ടപ്പോൾ‍ കൂക്കിവിളിച്ചതാണ്. മുകളിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തപ്പോൾ‍ അവൻ കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള അധികാരം ആരാണു നിനക്കു തന്നത്‍?”
അവന്റെ സിംഹഗർജന‍ം ആകാശത്തോളം മുഴങ്ങിക്കേട്ടു.

പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില കല്പിക്കാതെ പനമുകളിൽ‍ കള്ളും കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവൻ വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന ശരത്തെ അവൻ കൈകൊണ്ടു പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.

ശരമയച്ച ചന്തനാവട്ടെ പാറയായി മലർന്നടിച്ചു വീണു. കാതോടുകാതു പകർന്ന് ആ വാർത്ത നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ ചന്തനെ പ്രദക്ഷിണം വെച്ച്, അടുത്തുനിൽക്കുന്ന വൃദ്ധരൂപത്തെ നോക്കി തൊഴുത് അവൾ വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പൻ അവളെ അനുഗ്രഹിച്ചു. ചന്തൻ പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു. ആ കാല്പാദങ്ങളിൽ നമസ്‍കരിച്ചു.
“ഇനിമുതൽ എനിക്കുവേണ്ടി കള്ളും മീനും നിവേദ്യമൊരുക്കാൻ ഞാൻ നിന്നെ ചുമതലപ്പെടുത്തുന്നു. വിഘ്‍നം കൂടാതെ പ്രവർത്തിക്കുക, എന്നും എന്റെ അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തിൽ നിന്നും അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ ദീനരോധനം ഉയർന്നു. ഗ്രാമവാസികൾ കൂട്ടമായി അങ്ങോട്ടു പ്രവഹിച്ചു.
എന്തുപറ്റി?
ആർക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്. പാടിക്കുറ്റിയമ്മയ്‍ക്ക് അതുകണ്ടുനിൽ‍ക്കാനുള്ള ശക്തിയില്ലാതെ തളർന്നിരിക്കുകയാണ്. അവർ കൊട്ടിയൂരപ്പനെ വിളിച്ചുകേണു. പൊൻമകനെ മനസ്സിൽ നിരൂപിച്ചു. തനിക്കു താങ്ങായി ആരുമില്ലാത്തതിൽ അവർ വ്യസനിച്ചു.

ആ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാൻ ജനങ്ങൾ പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു സൂര്യനുദിച്ചതുപോലെയതാ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊൻമകൻ മുമ്പിൽ നിൽക്കുന്നു. അവർ മകനെ വാരിപ്പുണർന്നു പൊട്ടിക്കരഞ്ഞു. പുത്രൻ ആ അമ്മയുടെ കണ്ണുനീർ തുടച്ച് അവരെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകനോടൊപ്പം ആ ദിവ്യപ്രകാശത്തിൽ വിളങ്ങി. മനയും സർ‍വസ്വവും ഗ്രാമവാസികൾക്കു നൽ‍കി ആ ദമ്പതികൾ ജീവൻവെടിഞ്ഞു. മുത്തപ്പൻ ദൈവം ഗ്രാമസംരക്ഷകനായി വാഴ്‍ത്തപ്പെട്ടു. തെയ്യം കെട്ടിയാടിയാൽ മുത്തപ്പൻ അവിടെയെത്തി ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.

തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക – മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).

മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു പട്ടിക്കാണ്. മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം).

നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസിലാ‍ക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ്‌ കഥ.

പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന – വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.
1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ.
3. ക്ഷേത്രത്തിലെ “നിറ” ദിവസം.
4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.

മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

മടയൻ ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അർപ്പിക്കാറുണ്ട്. എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കൊട് – കണ്ണൂരിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ.
  • വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 കിലോമീ‍റ്റർ സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരിൽ ഇറങ്ങുകയാണെങ്കിൽ ദേശീയപാത 17-ൽ ഏകദേശം 110 കിലോമീറ്റർ സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്താം.
  • കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിൽ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

 

കുട്ടിച്ചാത്തന്‍ തെയ്യം

ശിവാംശത്തില്‍ നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍‍‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍‍ക്കവ‍‍ന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍‌ത്ഥന ആരാധനാമൂര്‍‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനര‍ന്‍‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം.
ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍‍ത്തിയും മന്ത്രമൂര്‍ത്തിയാണ്‌ കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ്‌ കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്.

ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.

ഇനി പുരാവൃത്തത്തിലേക്ക്

കാള‌ക്കാട്ടുമനയ്‍‍ക്കലെ തിരുമേനി വേദപണ്ഡിതനും ശ്രേഷ്‍ഠനുമായിരുന്നു. ഭൂസ്വത്തും അതിയായ സ‌മ്പത്തും തിരുമേനിക്കുണ്ടായിരുന്നു. എന്നാല്‍ ഇല്ലത്തൊരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം തിരുമേനിക്കുണ്ടായില്ല. തിരുമേനി ആത്തോലുമായി കയറിയിറങ്ങാത്ത മഹാക്ഷേത്രങ്ങളില്ല; ചെയ്യാത്ത വഴിപാടുകളില്ല. എന്നിട്ടും ആത്തോലിന്റെ ഒടുങ്ങാത്ത കണ്ണീരുമാത്രം മിച്ചം.

ഒരിക്കല്‍ കൈലാസേശ്വരനായ ശിവന്‍ പാര്‍വ്വതീ സ‌മേതനായി മലനാട്ടിലെത്തി. വേടന്റേയും വേടത്തിയുടേയും വേഷം ധരിച്ച് കാട്ടിലൂടെ കളിച്ചും വേട്ടയാടിയും നടന്നു. ഇടയ്‍ക്കെപ്പോഴോ വേടത്തി ഗര്‍‍ഭം ധരിച്ചു.. കര്ക്കിടകമാസത്തിലെ കരിമ്പൂരാടവും കറുത്തവാവും ഒന്നിച്ചുവന്ന ഒരു മൂന്നാംനാളില്‍ ദേവി പ്രസവിച്ചു.
കൊടുങ്കാറ്റും പേമാരിയും ഈടിവെട്ടും കണ്ട് കാടന്‍‍മാര്‍ വിറങ്ങലിച്ചു നിന്നു.

അശുഭലക്ഷണങ്ങളുടെ പടപ്പുറപ്പടിലുള്ള ജനനം! പാര്‍‍വ്വതി നെടുവീര്‍‍പ്പിട്ടു.

കാഴ്‍ചയില്‍ തനിക്കാടനായ കുഞ്ഞില്‍ ദിവ്യത്ത്വമുള്ളതായി പിതാക്കള്‍‍ തിരിച്ചറിഞ്ഞു. പക്ഷേ, കൈലാസത്തിലേക്കു കൊണ്ടുപോകുന്നതെങ്ങനെ? കുഞ്ഞുപിറന്നതു ഭൂമിയിലായിപ്പോയില്ലേ! ശിവന്റെ സംശയം പാര്‍‍വ്വതിയിലെ മാതൃത്വത്തെ വേദനിപ്പിച്ചു. കാട്ടിലുപേക്ഷിക്കാനവര്‍ തയ്യാറായില്ല. പാലൂട്ടി വളര്‍‍ത്താനുള്ള ആഗ്രഹം ദേവി മഹാദേവനെ അറിയിച്ചു. ശിവന്‍ അതിനു മറ്റൊരി പോംവഴി പറഞ്ഞുകൊടുത്തു. തന്റെ ഭക്തനായ കാളക്കാട്ടു നമ്പൂതിരി അടുത്തുതന്നെയുണ്ടെന്നും അദ്ദേഹം സന്താനഭാഗ്യമില്ലാതെ ദു:ഖിക്കുകയാല്‍ ഈ കുഞ്ഞിനെ നമുക്കു നമ്പൂതിരിയെ ഏല്‍‍പ്പിക്കാമെന്നും അവിടെ സുഖസമൃദ്ധിയിലിവന്‍ ഓമനയായി വളരുന്നതു നമുക്കു കൈലാസത്തിരുന്നു കാണാമെന്നും പറഞ്ഞതു കേട്ട് ദേവി പിടിവാശി ഉപേക്ഷിച്ച് അതിനു തയ്യാറായി.

നേരം വെളുത്തു. മഴ നിലച്ചു. കാളക്കാട്ടുമനയിലെ മുറ്റം തൂത്തുവാരുകയായിരുന്ന സ്ത്രീയുടെ കാതുകളിലൊരു കുഞ്ഞിന്റെ കരച്ചില്‍ വന്നു പതിഞ്ഞു. ചൂലുതാഴെയിട്ട് പടിപ്പുരയ്‍ക്കലേക്കോടിച്ചെന്ന അവര്‍ കണ്ടത്‍ വിങ്ങിപ്പൊട്ടിക്കരയുന്ന കൈക്കുഞ്ഞിനെയാണ്. കളങ്കം പുരളാത്ത കൈക്കുഞ്ഞിനെ പെരുമഴയത്തുപേക്ഷിച്ചു മഹാപാപികളെ ശപിച്ചുകൊണ്ട് ആ സ്ത്രീ കുഞ്ഞിനേയുമെടുത്ത് മനയ്‍‍ക്കലേക്കോടി. കറുത്തുപോയെങ്കിലും ഏഴഴകുള്ള ആ കുഞ്ഞിനെ ആത്തോലമ്മ രണ്ടു‍കൈയ്യും നീട്ടി സ്വീകരിച്ചു. അവന്റെ കളിയും ചിരിയും അവരുടെ മനസ്സിലെ മാതൃഹൃദയത്തെ അലിയിപ്പിച്ചു.

കുഞ്ഞിന്റെ നെറ്റിയില്‍ തെളിഞ്ഞുകാണപ്പെട്ട ചന്ദ്രക്കല കാണിച്ചുകൊടുത്തുകൊണ്ടു തിരുമേനി പറഞ്ഞു, “ഇതു നമുക്കു മഹാദേവന്‍ തന്ന നിധിയാണ്..” എങ്കിലും കുഞ്ഞിന്റെ കുറിയ ശരീരവും ചെറിയ കണ്ണുകളും എണ്ണക്കറുപ്പും തിരുമേനിയെ അല്പമൊന്ന് അത്ഭുതപ്പെടുത്തിയിരുന്നു.

വാര്‍‍ത്ത നാടെങ്ങും പരന്നു. ആളുകളൊഴുകിയെത്തി. ഇല്ലത്തില്‍ പിന്നീട് ഉത്സവത്തിന്റെ നാളുകളായിരുന്നു.

അവന്‍ വളര്‍‍ന്നുവന്നു. അസമാന്യബുദ്ധിമാനയിത്തന്നെ അവന്‍ പെരുമാറി. എന്നാല്‍ വളര്‍‍ന്നു വരുംതോറും അവന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അവന്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ അവനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.

അച്ഛനമ്മമാര്‍ തളര്‍‍ന്നിരുന്നു. പൂജാപാത്രങ്ങളും ഹോമദ്രവ്യങ്ങളും ഹോമകുണ്ഡവും അവന്‍ നശിപ്പിച്ചു. ഉടയാടകള്‍ വാരിക്കൂട്ടി കത്തിച്ചു. വേദമന്ത്രങ്ങള്‍‍ ഉരുവിടുന്നതു കേട്ടാലവനു കലിയാണ്. എല്ലാം തല്ലിത്തകര്‍‍ക്കും. മന്ത്രങ്ങള്‍ പിഴപ്പിച്ചു ചൊല്ലി അതാണു ശരിയെന്നും പറഞ്ഞു തര്‍‍ക്കിക്കും. സഹികെട്ട തിരുമേനി അവനെയൊരു കുറ്റപ്പേരു വിളിച്ചു, ‘കുട്ടിച്ചാത്താ!’ എന്ന്. പിന്നീടതവന്റെ വിളിപ്പേരായി മാറി.

ഇല്ലത്തിലെ സ്വൈര്യജീവിതം അസാധ്യമായപ്പോള്‍ ദൂരെ തന്റെ കാലിത്തൊഴുത്തിലേക്കു പോകാനും അവിടെ കാല്യാന്‍മാര്‍‍ക്കൊപ്പം ജീവിച്ചുകൊള്ളാനും തിരുമേനി കല്‍‍പ്പിച്ചു. ഇല്ലത്തുള്ള ശല്യം മാറണമെന്നേ തിരുമേനിക്കുണ്ടായിരുന്നുള്ളു. കുറച്ചുകാലം കാലികളേയും മേച്ചു നടക്കട്ടെ, ആത്തോലമ്മയ്‍ക്കും അതുതന്നെയായിരുന്നു അഭിപ്രായം. തിരുമേനിയുടെ ഉത്തരവ് നാലുകെട്ടില്‍ മുഴങ്ങിയപ്പോള്‍ കുട്ടിച്ചാത്തന്റെ പൊട്ടിച്ചിരി ആകാശത്തോളമുയര്‍‍ന്നു. അവന്‍ തിരുമേനിയുടെ കുടുമയില്‍ കേറിപ്പിടിച്ച് പൊട്ടിപ്പൊട്ടി ചിരിച്ചു.
എന്തുപറഞ്ഞാലും അവന്‍ ചിരിക്കുന്ന ഈ വിഡ്ഢിച്ചിരികേട്ട് തിരുമേനി മടുത്തിരുന്നു.

എത്രയും പെട്ടന്ന ചാത്തനെ ഇല്ലത്തുനിന്നും കൂട്ടിക്കൊണ്ടു പോകാന്‍ തിരുമേനി ഉത്തരവിട്ടു. ചാത്തന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ചു. കാടും കുന്നും കയറിയിറങ്ങി അവന്‍ കാലികളോടോപ്പം മേഞ്ഞുനടന്നു. മൃഗങ്ങളോടൊപ്പം അന്തിയുറങ്ങുന്നത്‍ അവന്‍ ശീലമാക്കി. നേരം വെളുത്താല്‍ കുരങ്ങന്‍‍മാരോടൊപ്പം മരം കേറി നടക്കും. കുരുവികളോടോപ്പം പാടും, വണ്ടുകള്‍ മൂളുമ്പോള്‍ അവനതേറ്റുമൂളും. അല്ലലില്ലാതെ നാളുകള്‍ കടന്നുപോയപ്പോളവനൊരാഗ്രഹം തോന്നി, അമ്മയെ കാണണം! സ്വര്‍‍ണ്ണക്കിണ്ടിയില്‍‍, അമ്മ തരുന്നു പാലുകുടിക്കണം.

പിന്നെ നിന്നില്ല. ചാത്തന്‍ നേരെ നടന്നു മനയിലേക്ക്. പാലുചോദിച്ച ചാത്തനുനേരെ ആത്തോലമ്മ കുപിതയായി.
“പൊന്‍‍കിണ്ടീലല്ല, മണ്‍‍കിണ്ടീയില്ലാണു തരേണ്ടത്.. ദുഷ്‍ടന്‍ ഇല്ലത്തെ സമാധാനം കളഞ്ഞവന്‍‍..”
ചാത്തന്റെ മുഖം ചുവന്നു!
കണ്ണുകള്‍ ചുവന്നു തിളങ്ങി..
അതുകണ്ട ആത്തോലമ്മ അകത്തുകയറി കുറ്റിയിട്ടു.
ചാത്തന്‍ തുറക്കാന്‍ പറഞ്ഞിട്ടവര്‍ തുറന്നതേയില്ല‍… ചാത്തന്‍ ഇല്ലത്തിന്റെ പടിയിറങ്ങി.

ചാത്തനു ദാഹം പെരുകി. നട്ടുച്ച! പൊള്ളുന്ന വെയില്‍‍… ശരീരം ചുട്ടുപൊള്ളിയപ്പോള്‍ ചാത്തനും കോപം ഇരട്ടിച്ചു. ആത്തോലമ്മയുടെ കോപിച്ച മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. അവനു വെറുപ്പായി.
പ്രതികാരാഗ്നി ആളിക്കത്തി.
അവന്‍ അതിഘോരമായി അട്ടഹസിച്ചു.. കാടുകള്‍ വിറങ്ങലിച്ചു നിന്നു. മേഞ്ഞുനടന്ന കാലികള്‍ നടുങ്ങിവിറച്ചു നാലുപാടുമോടി… മദയാനകള്‍ കാട്ടില്‍ നിന്നുമിറങ്ങിവന്നു. അതിലൊരു കാട്ടാനയുടെ പുറത്തവന്‍ ചാടിയിരുന്നു.. ആന കാലിക്കൂട്ടങ്ങള്‍‍ക്കിടയിലേക്കോടിക്കയറി.. വലിയൊരു കാളക്കൂറ്റന്‍ മദയാനയുടെ തുമ്പിക്കൈലമര്‍‍ന്നു.. ചാത്തനാ കാളയുടെ കഴുത്തറുത്ത്, ചുടുചോര കുടിച്ചു..

ദാഹം ശമിച്ചു.
കാളയെത്തേടിയെത്തിയ കാടന്‍‍മാരോട് “കാള കൈലാസം പ്രാപിച്ചെ”ന്നും പറഞ്ഞ് അവന്‍ കാളത്തോലെടുത്തു കാണിച്ചു.

പുച്ഛസ്വരത്തിലുള്ള കുട്ടിച്ചാത്തന്റെ മറുപടി അവരെ ക്ഷുഭിതരാക്കി. കാളക്കാട്ടില്ലത്തമ്മ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു: “ദുഷ്‍ടാ നി കാളയെ കൊന്നു തിന്നുവല്ലേ..!” സഹിക്കാവുന്നതിനുമപ്പുറമായൊരുന്നു അവര്‍‍ക്കത്‍. ചാത്തന്‍ ഇതൊക്കെ കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ചു. ആ പൊട്ടന്‍ ചിരി തന്നെ കളിയാക്കിയതാണെന്നവര്‍ തിരിച്ചറിഞ്ഞെങ്കിലും ഒന്നു മിണ്ടിയില്ല.
“പാലു തരാതെ എന്നെ പടിയിറക്കിവിട്ട കാളക്കാട്ടാത്തോലേ! വെറുപ്പാണെനിക്കു നിങ്ങളോട്. പാലിനു പകരം കാളക്കാട്ടെ കാളയുടെ ചോരകുടിച്ചു ഞാന്‍ വിശപ്പടക്കി.”
കുട്ടിച്ചാത്തന്റെ പുറത്ത് കാഞ്ഞിരക്കോലുകള്‍ തെരുതെരെ പതിച്ചു. അവന്‍ കാടന്‍‍മാരുടെ അടിയേറ്റു തളര്‍‍ന്നുവീണു. കാടന്‍‍മാര്‍ അവനെ ദൂരെ തോട്ടിലെക്കു വലിച്ചെറിഞ്ഞു.കറുത്തിരുണ്ട ശരീരം കരിമ്പാറകളില്‍ പതിച്ച്‍ ചുടുചോര കുത്തിയൊഴുകി. കുറ്റബോധം അവനെ തളര്‍‍ത്തിയില്ല. അവനില്‍ പക നുരഞ്ഞുപൊന്തി. പ്രതികാരാഗ്നി കത്തിയുയര്‍‍‍ന്നു.

ചാത്തന്‍ നിരങ്ങിനീങ്ങി കാളക്കട്ടില്ലത്തെത്തി. കാളക്കാട്ടമ്മ വെള്ളംകോരുകയായിരുന്നു. ചാത്തനൊരു കല്ലെടുത്ത് കാളകാട്ടാത്തോലിനെ ഉന്നം വെച്ചു. അമ്മ ഏറുകൊണ്ടു നിലപതിച്ചു. കീണറ്റുവക്കത്ത് കൂട്ടക്കരച്ചിലുയര്‍‍ന്നു. ഈ പൊട്ടിത്തെറിച്ച സന്തതിയെ ഒതുക്കാന്‍ എന്തുവേണം കാടന്‍‍മാര്‍ കൂടിയാലോചിച്ചു. കാഞ്ഞിരക്കോല്‍ മുറിയുവോളം തല്ലുകിട്ടിയിട്ടും പഠിക്കാത്തവനാണ്.

ഓടുവില്‍ ചാത്തനെ അവര്‍ പിടിച്ചുകെട്ടി കാഞ്ഞിരപ്പുഴ കടവിലെത്തിച്ചു. കടവിലെ കരിങ്കല്ലില്‍ അവനെ ചേര്‍‍ത്തുകിടത്തി. കാട്ടുമൂപ്പന്‍ ഉറഞ്ഞുതുള്ളി. കാട്ടാറു കരഞ്ഞൊഴുകി. ഉഗ്രമായ പേമാരിയും കാറ്റും വന്നു. കാട്ടുമൂപ്പന്‍ കൈവാള്‍ ആഞ്ഞുവീശി! ചാത്തന്റെ തലയറ്റുവീണു. കറുത്തിരുണ്ട ആ ശരീരം പുഴയുടെ ഓളങ്ങളില്‍ തലയില്ലാതെ കറങ്ങിത്തിരിഞ്ഞു. ഇതുകണ്ട കാടന്‍‍മാര്‍ ഇല്ലത്തേക്കോടി. കുട്ടിച്ചാത്തനെ വകവരുത്തിയ കഥ പറയുവാന്‍ വേണ്ടിയുള്ള പാച്ചിലായിരുന്നു അത്..
“കുളിച്ചിട്ട് വേണം ഇല്ലത്തിന്റെ പടി കയറാന്‍‍‍..!” ആരോ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു.
കാടന്‍‍മാര്‍ ചിറയില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്തു മനയ്‍ക്കലെത്തി.
ആശ്ചര്യം!
വെട്ടിക്കൊന്ന കുട്ടിച്ചാത്തന്‍ കണ്ണുരുട്ടി മിഴിച്ച് മുന്നില്‍ നില്‍‍‍ക്കുന്നു.
പ്രേതം പ്രേതം.. എല്ലാവരും അലറിവിളിച്ചു.
നാലുകെട്ടിനകത്തും പുറത്തും ചാത്തന്റെ പൊട്ടിച്ചിരി. വിലക്കില്ലതെ എവിടേയും അവനു കടന്നുചെല്ലാം.. പാത്രങ്ങള്‍ ആകാശത്തില്‍ പറന്നു നടക്കുന്നു. കത്തിച്ചുവെച്ച വിളക്കുകള്‍ ഒഴുകി നടക്കുന്നു. പൂജാപാത്രങ്ങള്‍ തലകീഴായി മറിയുന്നു. അട്ടഹാസം മുഴങ്ങിക്കേള്‍‍ക്കുന്നു.കണ്ണടച്ചുപിടിച്ചവരും തുറന്നുപിടിച്ചവരും ചാത്തന്റെ ഭീകരരൂപം കണ്ടു ഭയന്നു. മൂപ്പനു മൌനാനുവാദം നല്‍‍കിയ തിരുമേനി ന‌ടുങ്ങി വിറച്ചു. തികഞ്ഞ നിസ്സഹായത ആ മുഖത്തു പ്രകടമായി. മന്ത്രവാദികള്‍ പാഞ്ഞെത്തി. ഹോമകുണ്ഡങ്ങള്‍ പുകഞ്ഞു. പാതിരാത്രിയുടെ ഏകാന്തതയില്‍ മന്ത്രവാദികള്‍ കുട്ടിച്ചാത്തനെ ആവാഹിച്ചു പിടിച്ചു. കര്‍‍മ്മ‌ങ്ങള്‍ തുടര്‍‍ന്നു. കുട്ടിച്ചാത്തന്‍ അലമുറയിട്ടു. ആരും ഗൌനിച്ചില്ല.

കര്‍‍മ്മികളായ മന്ത്രവാദികള്‍ ചാത്തനുനേരെ തിരിഞ്ഞു. അവര്‍ ചാത്തന്റെ ശരീരം കഷണങ്ങളായി കൊത്തിയരിഞ്ഞു. ഓരോ ശരീര ഭാഗങ്ങളും അവര്‍ അഗ്നിയില്‍ ഹോമിച്ചു.

ചാത്തന്റെ മുന്നൂറ്റിത്തൊണ്ണൂറമത്തെ കഷ്‍ണം അഗ്നിയില്‍ കിടന്നു പുകഞ്ഞു. ആ പുകച്ചുരുള്‍ അന്തരീക്ഷ‌ത്തിലേക്കു വ്യാപിച്ചു.. അതില്‍ നിന്നും നൂറുകണക്കിനു ചാത്തന്‍‍മാര്‍ ഉയര്‍‍ന്നുവന്നു. പോര്‍‍‍വിളികളും ആരവങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. മന്ത്രവാദികള്‍ ഭയന്നോടി. ചാത്തന്‍‍മാര്‍ ഓരോരുത്തരേയും പിടിച്ച്‍ അഗ്നിക്കിരയാക്കി. മനയെല്ല്ലാം കത്തി നശിച്ചു.

എല്ലാവരും കൂടി പെരുമലയന്റെ അടുത്തു ശരണം പ്രാപിച്ചു. പെരുമലയന്റെ വെളിപാടുപ്രകാരം ‘ജനം’ കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിച്ചു. കുട്ടിച്ചാത്തന്‍ മലനാട്ടിലെ ദൈവമായി. ചാത്തന്‍ തെയ്യം ആശ്വാസമരുളി; അനുഗ്രവും.

പടയാളികള്‍

വൈലോപ്പിള്ളിയുടെ പടയാളികള്‍‍ എന്ന കവിത

പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;

ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;

ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.

തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,

ഗദ്‍ഗദരുദ്ധമാം രോദനം പോലവേ,
ദുഃഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ം വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!

കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!

ഹാ കഷ്‍‍ടമെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;

പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.

മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍

കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി

പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.

ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?

കവി: വൈലോപ്പിള്ളി ശ്രീധരമേനോൻ

കരിഞ്ചാമുണ്ഡി തെയ്യം

ജാതിമതങ്ങൾക്കതീതമായി നിലനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു വടക്കേ മലബാറിന്. തെയ്യങ്ങൾ പോലുള്ള ആരാധനമൂർത്തിക്കളെ പൊതുവേ മുസ്ലീം സമുദായത്തിൽ പെട്ടവർ ആരാധിക്കാറില്ല, എങ്കിലും മാപ്പിള തെയ്യം എന്ന പേരിൽ തന്നെ തെയ്യങ്ങൾ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ഏക ദൈവ വിശ്വാസികളാണു മുസ്ലീങ്ങൾ, എങ്കിലും ഗ്രാമത്തിൽ നടക്കുന്ന തെയ്യാട്ടങ്ങളിൽ പലതിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്.

കാട്ടുമൂർത്തിയാണു കരിഞ്ചാമുണ്ഡി. മുമ്പ് ഈ തെയ്യം കാണാൻ മാപ്പിളമാരും സ്ത്രീകളും പോകാറില്ലായിരുന്നു. അതിനു പിന്നിലൊരു കഥയുണ്ട്; ഒരു പുരാവൃത്തം.
 പായ്യത്തുമലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുമായി ബന്ധപ്പെട്ടതാണ് കരിഞ്ചാമുണ്ടിയുടെ പുരാവൃത്തം. നമുക്കതു നോക്കാം.

പുരാവൃത്തം

തെയ്യം കാണാനെത്തുന്ന മാപ്പിളമാരോട് തെയ്യം ഉരിയാടുന്നത് ശ്രദ്ധിക്കുക:
ചേരമാന്‍ പെരുമാൾ കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടി ക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ് നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാർ കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി… ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലേ ന്റെ മാടായി നഗരേ?

സമയം പാതിരാത്രി! കൂരിരുട്ട്! കാര്‍മേഘങ്ങള്‍കൊണ്ട് മൂടിയ ആകാശം. ഇടയ്ക്കിടെ സര്‍വ്വരേയും ഭയപ്പെടുത്തിക്കൊണ്ട് ഇടിവെട്ടിക്കൊണ്ടിരിക്കുന്നു; മിന്നലും. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവ് തുടങ്ങി. പേറ്റുനോവിന് തടയില്ല, സമയമില്ല. പടച്ചതമ്പുരാന്റെ നിശ്ചയം! വേദന കടിച്ചമര്‍ത്തുന്നത് കണ്ട് ആലി തളര്‍ന്നു.

വയറ്റാട്ടിയെ കൊണ്ടുവരൂ!- ആലിയുടെ ഭാര്യ കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ നോക്കി
നിസ്സഹായയായി പറഞ്ഞു. ആലിയുടെ മനസ്സ് പെടച്ചു. എന്തു വേണം? ഒന്നും അവനറിഞ്ഞുകൂടാ. പുത്തന്‍ അനുഭവം! അകത്ത് എരിയുന്ന ചിമ്മിണി വിളക്കില്‍ നിന്ന് ‘ചൂട്ട്’ കത്തിച്ച് അവന്‍
പുറത്തേക്കിറങ്ങി. അപ്പോഴും അവളുടെ ഞരക്കവും നിലവിളിയും കേള്‍ക്കുന്നുണ്ടായിരുന്നു.
പടച്ചോനേ രക്ഷിക്കണേ….പ്രാര്‍ത്ഥനയോടെ ആലി നടന്നു.

ആരാണ് വയറ്റാട്ടി?
ആ സ്ത്രീ താമസിക്കുന്ന സ്ഥലമേത്?
ഒന്നും ആലിക്കറിയില്ല. മലയുടെ അടിവാരത്തില്‍ താമസിക്കുന്ന ഏതോ ഒരു സ്ത്രീയാണെന്ന് മാത്രമറിയാം. അടിവാരത്തിലെത്തിയാല്‍ ഏതെങ്കിലും കൂരയില്‍ കയറി അന്വേഷിക്കാമെന്നവന്‍ കരുതി നടത്തത്തിന് വേഗത കൂട്ടി. ഭാര്യയെ തനിച്ചാക്കി പുറത്തിറങ്ങിയത് ശരിയല്ലെന്ന് ആലിക്കറിയാം. പക്ഷേ പാതിരാത്രിയില്‍ ആരെ കിട്ടാനാണ്. പെണ്ണിന് പെണ്ണ് തുണയാകേണ്ട സമയം ജീവിതത്തിലുണ്ടെന്ന് ആലി തിരിച്ചറിഞ്ഞു.അവള്‍ ചിമ്മിണി വിളക്കിന്റെ നേരിയ വെട്ടത്തില്‍ കിടന്നു പുളഞ്ഞു. തേങ്ങിക്കരഞ്ഞു. അവള്‍ കിടക്കുന്ന പായയ്ക്കരികില്‍ ഒരു കരിമ്പൂച്ച മാത്രം എല്ലാറ്റിനും സാക്ഷിയായ് ഇടയ്ക്കിടെ കണ്ണുചിമ്മിക്കൊണ്ടിരുന്നു. ചൂട്ടുവീശി  കത്തിച്ചു കൊണ്ട് ആലി ചവിട്ടടിപാതയിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചു. വെളിച്ചം കണ്ടൊരു കുടിയില്‍ കയറി ആലി വയറ്റാട്ടി താമസിക്കുന്ന ഇടം തിരക്കി. മൂന്ന് കാതം ഇനിയും നടക്കണം. കുടിയിലെ മുത്തശ്ശി അയാളെ അറിയിച്ചു.

അയ്യോ! പേറ്റുനോവ് തുടങ്ങീട്ട് ഏറെ സമയമായല്ലോ. ഇനിയും വൈകിയാല്‍ ആപത്തുണ്ടാകുമോ? വഴിതെറ്റിക്കാണുമോ? നാട് മുഴുവന്‍ അറിയപ്പെടുന്ന വയറ്റാട്ടിയെ കണ്ടെത്താന്‍ ഇത്ര ബുദ്ധിമുട്ടോ? അശുഭചിന്തകള്‍ ആലിയെ ദുര്‍ബ്ബലനാക്കിയെങ്കിലും ശക്തി സംഭരിച്ച് അയാള്‍ വേഗം നടന്നു.

“ഹാ….ഹാ….” പെട്ടെന്നൊരു പൊട്ടിച്ചിരി ചെവിയില്‍ തുളച്ചുകയറി. ആരാണത്?- ആലി ചുറ്റും ആരാഞ്ഞു. ചൂട്ട് വീശി കത്തിച്ചു. വെട്ടം പരന്നു! അരുവിക്കരയിലെ പാലമരചുവട്ടിലെ പാറപ്പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നു. വെളിച്ചം കണ്ടപ്പോള്‍ അവള്‍ ആലിയെ കൈകൊട്ടിവിളിച്ചു. അവളുടെ തിളങ്ങുന്ന കണ്ണുകളും മുല്ലമൊട്ടുകള്‍ പോലെ നിരന്ന പല്ലുകളും, നീണ്ടു കിടന്നാടുന്ന തലമുടിയും, സ്വര്‍ണ്ണനിറവും അയാളെ അത്ഭുതപ്പെടുത്തി. സ്വപ്നമാണോ?- ആലി കണ്ണുകള്‍ തിരുമ്മി സൂക്ഷിച്ചുനോക്കി. പരിചയമില്ല അല്ലേ?- അടുത്തേക്ക് നടന്നുകോണ്ടവള്‍ മൊഴിഞ്ഞു. വശ്യതനിറഞ്ഞ അവളുടെ ചിരി ആലിയെ ആകര്‍ഷിച്ചു. “ഞാനും പേറ്റിച്ചി തന്നെയാണ്. ആ കാണുന്നതാ കുടി. ഉഷ്ണം കലശലായപ്പോള്‍ കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരുന്നതാ. ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. ഇനി  വൈകിക്കേണ്ട. വേഗം പോകാം”- ആ സ്ത്രീ നടക്കാനൊരുങ്ങി ആലിയുടെ അടുത്തേക്ക് നീങ്ങി.

പടച്ചോന്‍ കാണിച്ചുതന്നതാകും. ആലി കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഭാര്യയ്ക്ക് ഒരു മിനുറ്റ് മുമ്പെങ്കിലും ആശ്വാസം കിട്ടാന്‍ കഴിയട്ടെ. ആലിമാപ്പിള സ്ത്രീയേയും കൂട്ടി ധൃതിയില്‍
നടന്നു.പടിക്കലെത്തിയപ്പോഴേയ്ക്കും ഭാര്യയുടെ തേങ്ങിക്കരച്ചില്‍ കേട്ടു. മങ്ങിയ വെളിച്ചത്തില്‍ വാതില്‍ പഴുതിലൂടെ ആലി അവളെ കണ്ടു. തീരെ അവശയാണ്. ചാരിയിരുന്ന വാതില്‍ തുറന്ന് സ്ത്രീ അകത്തേക്ക് കടന്നു. ആലി അസ്വസ്ഥനായി ഉമ്മറത്ത് തിണ്ണയിലിരുന്നു. കരിമ്പൂച്ച വീണ്ടും കരഞ്ഞു. വീണ്ടും വീണ്ടുമുള്ള കരിമ്പൂച്ചയുടെ കരച്ചില്‍ എന്തെങ്കിലും ദു:സൂചനയാണോ?- ആലി
ഭയപ്പാടോടെ മനംനൊന്ത് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു.

“കുട്ടിക്കും തള്ളയ്ക്കും ആപത്ത് വരുത്തല്ലേ?”
അസ്വസ്ഥത വര്‍ദ്ധിച്ചു. ഒരു നാഴിക കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനില്ല. എന്തു പറ്റി? ഭാര്യയുടെ തേങ്ങലും നിലച്ചോ? പരിഭ്രാന്തനായി മാപ്പിള ഉമ്മറത്ത് തെക്കുവടക്ക് നടന്നു. ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. വാതിലില്‍ തട്ടി നോക്കി.ആരും വാതില്‍ തുറന്നില്ല. കരിമ്പൂച്ച ഉച്ചത്തില്‍ കരഞ്ഞു.
“വയറ്റാട്ടീ….വയറ്റാട്ടീ….”
ആലി ക്ഷമകെട്ടപ്പോള്‍ ഉറക്കെ വിളിച്ചു; ഫലമില്ല. അകത്ത് നിന്നും രക്തം ഒഴുകി വാതില്‍ പഴുതിലൂടെ പുറത്തേയ്ക്ക് വരുന്നു. എന്തോ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ആലി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. കരിമ്പൂച്ച കരഞ്ഞുകൊണ്ട് പുറത്തേക്ക് ചാടി. കത്തിക്കൊണ്ടിരുന്ന ചിമ്മിണിവിളക്ക് തട്ടിത്തെറിപ്പിക്കാന്‍ സ്ത്രീ തുനിഞ്ഞപ്പോള്‍ ആലി അവളുടെ കൈ കടന്നുപിടിച്ചു. പെട്ടെന്ന് ഒരു ഭീകരരൂപം ആ മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി. ഉരുണ്ട കണ്ണുകളുംദംഷ്ട്രെങ്ങളും ചപ്രത്തലയും ആലിയെ ഭയപ്പെടുത്തി.

ദുഷ്ടേ!- നീ ചതിച്ചുവല്ലേ?- ആലി അവളുടെ നേര്‍ക്ക് ചവിട്ടാന്‍ കാലോങ്ങി. ചോരയില്‍ കുളിച്ച് വയര്‍പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നില്‍ കണ്ടത്. ആലി ഞെട്ടിവിറച്ചു. അയാള്‍ സര്‍ വ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി.
അലറിവിളിച്ചുകൊണ്ടവള്‍ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടര്‍ന്നു. ശത്രുക്കളെ നേരിടാന്‍ കരുതിയ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക വായുവില്‍ സഞ്ചരിച്ചു. പാലമരച്ചുവട്ടില്‍ അപ്പോഴും ആ ഭീകരരൂപിയുടെ അലര്‍ച്ച കേള്‍ക്കാമായിരുന്നു. അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ച് ആലി ഇരുമ്പുലക്ക അവള്‍ക്ക് നേരെ പ്രയോഗിച്ചു. തലയ്ക്കടിയേറ്റ അവള്‍ പാലമരച്ചുവട്ടില്‍ പിടഞ്ഞു വീണു. ആ ദുഷ്ടയുടെ അട്ടഹാസം മലയെ പിടിച്ചു കുലുക്കി. വികൃത രൂപിണിയായ അവള്‍ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയര്‍ന്നു. ആലിയുടെ നിലവിളി ആരു കേള്‍ക്കാന്‍? ആലിയുടെ ചുടു ചോര കുടിച്ചവള്‍ ശരീരം താഴേയ്ക്കിട്ടു. നാട്ടില്‍ കഥ പരന്നപ്പോള്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്‍ദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുര്‍ദേവതയെ കാവും സ്ഥാനവും നല്‍കി ആദരിച്ചു. തെയ്യക്കോലം കെട്ടിയാടി കരിചാമുണ്ഡിയെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടി. ആ പതിവ് ഇന്നും നടന്നു വരുന്നു.

പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.
“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍ തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.
“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”. സ്വാമികള്‍ അവനെ ആക്ഷേപിച്ചു.

അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു.

ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..” സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്? താനെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:
“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

പൊട്ടൻ തെയ്യം, pottan theyyam

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
……………………………………………..
……………………………………………..

വിഷ്‍ണുമൂര്‍‍ത്തി

vishnumoorthi theyyam - aritual art of malabar

ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍‍‍ജനിക്കുന്നു. ത്രിമൂര്‍‍ത്തിസങ്കല്‍‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതല്‍ തെയ്യസങ്കല്‍‍‍പ്പങ്ങളുള്ളത്‍‍. പലതും കാലാന്തരണത്തിൽ ഉണ്ടായി വന്നതാണ്. നായാടി നടന്ന ആദിമ‌ദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു പിന്നീടുവന്ന ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനു കാണിക്കയാവുന്നതും അതുകൊണ്ടുതന്നെയാണ്. മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു മുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം‍ മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോല‌ങ്ങളേറെയും ശൈവസങ്കല്‍‍‍പ്പങ്ങളോ അമ്മസങ്കല്‍‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.

ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ”കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍‍. ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാട‌മാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അധികവും അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍‍പ്പുണ്ടാവും. പുലര്‍‍ച്ചയോടെ അതുകത്തിയമര്‍‍ന്ന് കനല്‍‍‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം. “ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു… അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട്‌ വന്നിരിക്കുന്നതായോരപരാധത്തിനു ഇടവരുത്തരുതല്ലോ… ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ. എന്റെ പൈതങ്ങളേ…” എന്നും പറഞ്ഞാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം.

മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടുന്ന ആള്‍‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍‍പ്പിക്കുന്ന ചടങ്ങാണിത്‍‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇതുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മ‌ലയന്‍‍പണിക്കര്‍‍ക്ക് അടയാളം കൊടുക്കേണ്ടത്.

പാലന്തായികണ്ണന്റെ സംഭവബഹുലമായ പുരാവൃത്തം നമുക്കൊന്നു നോക്കാം
Vishnumoorthi theyyam - A Ritual Art of North Kerala
കാസര്‍‍ഗോഡു ജില്ലയിലെ നീലേശ്വരം ഗ്രാമം. മന്നംപുറത്തുകാവിന്റെ മനോഹാരിതയും താമരക്കുളങ്ങളും പുഴയും വയലേലകളും കൊണ്ട് അനുഗൃഹീതമായ ഉത്തരമലബാറിലെ ഒരു കൊച്ചുഗ്രാമം. ഗ്രാമസംരക്ഷകനും പടനായകനുമായ കുറുവാടന്‍കുറുപ്പിന്റെ ദേശമാണവിടം. കരുത്തനും പ്രതാപിയും സമ്പന്നനുമാണ് കുറുവാടന്‍ കുറുപ്പ്‍. കുന്നും വയലുമായി ധാരാളം ഭൂമിയും വലിയതോതിലുള്ള കാലിക്കൂട്ടവും കുറുപ്പിനും സ്വന്തമായിട്ടുണ്ട്. സൂത്രശാലിയായിരുന്നു കുറുപ്പ്‍. നാട്ടുകാര്‍‍ക്ക്‍ അയാളെ ഭയമായിരുന്നു. എങ്കിലും നാട്ടിലെന്തെങ്കിലും തർക്കങ്ങളോ മറ്റോ ഉണ്ടായാല്‍‍‍ അത്‍ ഒത്തുതീര്‍‍പ്പാക്കാന്‍ നാട്ടുകാര്‍ സമീപിക്കുന്നത്‍ കുറുപ്പിനെയായിരുന്നു. അതിനുകാരണമുണ്ട്, കുറുപ്പൊന്നു പറഞ്ഞാല്‍ അതിനുപിന്നെ അപ്പീലില്ല. അയാളോടേറ്റുമുട്ടാന്‍ ആര്‍‍ക്കും ധൈര്യമില്ലായിരുന്നു. തന്ത്രങ്ങളുപയോഗിച്ച്‍ എല്ലാവരേയും അയാള്‍ തന്റെ കാല്‍‍ക്കീഴിലാക്കി.

തീയ്യസമുദായത്തില്‍ പെട്ട പാലന്തായി കണ്ണന്‍ കുറുപ്പിന്റെ ജോലിക്കാരനായിരുന്നു. കാലികളെ മേയ്‍ക്കണം, വൈകുന്നേരം അവയെ പുഴയിലേക്കുകൊണ്ടുപോയി കുളിപ്പിക്കണം, കറവക്കാരെ സഹായിക്കണം, കൃഷിയിലേര്‍‍പ്പെട്ടിരിക്കുന്ന പുലയര്‍‍ക്ക്‍ ഉച്ചഭക്ഷണമെത്തിക്കണം ഇതൊക്കെയായിരുന്നു കണ്ണന്റെ പ്രാധാന പണികള്‍. പണിയിലെന്തെങ്കിലും വീഴ്‍ച്ച വന്നു പോയാല്‍ കുറുപ്പ്, കണ്ണനെ അതികഠിനമായിത്തന്നെ ശാസിക്കുമായിരുന്നു.

കുറുപ്പ് വീട്ടിലില്ലാത്ത ഒരു ദിവസം, കണ്ണന്‍ കാലികളെ മേയാന്‍ വിട്ടിട്ട് മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. കുറുപ്പു വീട്ടിലില്ലെങ്കില്‍‍പ്പിന്നെ കണ്ണന് ആഘോഷമാണ്. ആരേയും പേടിക്കാതെ പണിയെടുക്കാമല്ലോ. അത്തരം ദിവസങ്ങളില്‍ കണ്ണന്‍ നേരത്തേതന്നെ പണികളൊക്കെ തീര്‍‍ത്ത്, പുഴയില്‍‍പോയി അല്പനേരം നീന്തിക്കുളിച്ചിട്ടൊക്കെയാവും വീട്ടിലേക്കുപോവുക.

കണ്ണന്‍ വിശ്രമിക്കാനിരുന്ന തേന്‍മാവിന്റെ മുകളില്‍ ധാരാളം പഴുത്തമാങ്ങകള്‍ ഉണ്ടായിരുന്നു. പഴുത്തമാങ്ങകള്‍ കണ്ടു കൊതിമൂത്ത കണ്ണന്‍ തേന്മാവിലേക്കു വലിഞ്ഞുകേറി. കൊതിതീരെ പഴങ്ങള്‍ തിന്നു. അപ്പോഴാണ് കുറുപ്പിന്റെ മരുമകള്‍‍, കാവിലെ ഉച്ചപൂജ തൊഴുതു കഴിഞ്ഞിട്ടാവഴി വന്നത്‍. തേന്മാവിലിരുന്ന്‍ കണ്ണന്‍ കടിച്ചു തുപ്പിയ ഒരു മാമ്പഴം ആ സുന്ദരിയുടെ ശരീരത്തില്‍ പതിച്ചു. മനപ്പൂര്‍‍വം ചെയ്‍തതൊന്നുമല്ല, യാദൃശ്ചികമായി സംഭവിച്ചതായിരുന്നു.

തന്റെ പൂപോലുള്ള ശരീരത്തില്‍ കണ്ണന്‍ കടിച്ചുതുപ്പിയ പഴച്ചാറു പതിച്ചതില്‍ അവള്‍ കണ്ണനെ കുറ്റപ്പെടുത്തി. കണ്ണന്‍ അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്നവള്‍‍ ആരോപിച്ചു. കണ്ണന്‍ തന്നെ അപമാനിച്ച വിവരം ഒന്നിനെട്ടുകൂട്ടി അവള്‍ കുറുപ്പിനോടു പറഞ്ഞുകൊടുത്തു. കണ്ണന്റെ പ്രവൃത്തികള്‍ പലപ്പോഴും അതിരുവിടുന്നുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍‍ത്തു. ഒരു പരാതിയെന്ന നിലയ്‍ക്കു പറയുമ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞുപോയതാണവള്‍‍‍. അമ്മാവന്‍ രോഷാകുലനായാലുണ്ടാവുന്ന ഭവിഷ്യത്തുകളേപ്പറ്റിയവള്‍ ഓര്‍‍ത്തതേയില്ലായിരുന്നു.

കുറുപ്പാകട്ടെ ഇതുകേട്ടപാടെ കോപംകൊണ്ടു വിറച്ചു. താന്‍ പൊന്നുപോലെ നോക്കുന്ന അനന്തിരവളെ വെറുമൊരു പണിക്കാരന്‍ തീയ്യച്ചക്കൻ അപമാനിക്കുകയോ? അയാള്‍ക്കതാലോചിക്കാന്‍ പോലുമായില്ല. അയാള്‍ കണ്ണന്റെ വീട്ടിലേക്കു പാഞ്ഞുചെന്നു. കണ്ണനെ വിളിച്ചു കാര്യം പോലും പറയാതെ പൊതിരെ തല്ലി… അവനെ പുറങ്കാലുകൊണ്ടു ചവിട്ടി…

കണ്ണന്‍ വാവിട്ടു കരഞ്ഞു. പക്ഷേ, അവന്റെ കരച്ചില്‍ കേട്ട് ആരും തന്നെ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയതുപോലുമില്ല. കുറുപ്പിനോടു കാരണം തിരക്കാന്‍മാത്രം ധൈര്യമുള്ളവരാരും തന്നെ അവിടെയുണ്ടായിരുന്നില്ല.

“എന്റെ മുത്തിനെ അപമാനിച്ച നീ എന്നെ അപമാനിച്ചതിനു തുല്യമാണ്. യാതൊരു കരുണയും നീ അര്‍‍ഹിക്കുന്നില്ല…” അയാളുടെ ബലിഷ്‍ഠങ്ങളായ കരങ്ങള്‍ വീണ്ടും വീണ്ടും കണ്ണന്റെ ദേഹത്തുപതിച്ചു. പിന്നെ അയാള്‍ തന്റെ കൂടെവന്നവരോടായി അജ്ഞാപിച്ചു:
“ഇവനെ ഉടനെ നാടു കടത്തൂ… ഈ ധിക്കാരിയെ നീലേശ്വരം ഗ്രാമത്തില്‍ ഇനി കണ്ടുപോകരുത്‍.”

നായര്‍ പടയിലെ ഒരു ഭടന്‍ കണ്ണന്റെ അടുത്തുവന്നു. അവനെ തൂക്കിയെടുത്ത്‍ ദൂരേക്കു വലിച്ചുകൊണ്ടുപോയി. കുറുപ്പിന്റെ കല്പനപോലെ എല്ലാം നടന്നു. ഭടന്‍‍, കണ്ണനെ നാടുകടത്തി തിരിച്ചുവന്നു.
Vishnumoorthi theyyam - A Ritual Art of North Kerala
കണ്ണന്‍ നാടുവിട്ട് ദൂരേക്കു പോയി..
നടന്നുനടന്ന് കണ്ണന്‍ മംഗലാപുരത്തെത്തി. അവിടെയൊരു ജോലിതേടി നടന്ന കണ്ണന്‍ ഒരു വൃദ്ധയായ തുളു സ്ത്രീയെ പരിചയപ്പെട്ടു. അടിയുറച്ച കൃഷ്ണ ഭക്തയായിരുന്നു അവര്‍. അവരുടെ വീട്ടിലായി പിന്നീടുള്ള കണ്ണന്റെ ജീവിതം. ആ വൃദ്ധസ്‍ത്രീ കണ്ണന് ശ്രീകൃഷ്‍ണന്റേയും മഹാവിഷ്‍ണുവിന്റേയും കഥകള്‍ പറഞ്ഞുകൊടുത്തു. പതിയെപ്പതിയെ അവരെപ്പോലെത്തന്നെ കണ്ണനും നല്ലൊരു വിഷ്‍ണുഭക്തനായിമാറി. എന്നും പടിഞ്ഞാറ്റയില്‍ (പൂജാമുറി) വിളക്കുവെയ്‍ക്കുന്നത്‍ കണ്ണനായി. ജീവിതത്തിന് പുതിയൊരു അര്‍‍ത്ഥമുണ്ടായതുപോലെ തോന്നി കണ്ണന്.
………
കുറുവാടന്‍ തടവാട്ടിലെ അനന്തിരവള്‍ കണ്ണന് താന്‍ മൂലം സംഭവിച്ചു ദയനീയ അവസ്ഥയില്‍ അതിയായ അസ്വസ്ഥത തോന്നി. പശ്ചാത്താപം അവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു. കണ്ണനെ ഉപദ്രവിച്ച അമ്മാവന്റെ രൌദ്രഭാവം മറക്കാന്‍ ശ്രമിക്കുന്തോറും അവളുടെ മനസ്സിലത്‍ കൂടുതല്‍ കൂടുതലായി തെളിഞ്ഞുവന്നു. കുറ്റബോധം അവളെ തളര്‍‍ത്തി.
……….

വര്‍ഷങ്ങള്‍ ആറ് കടന്നുപോയി…
നീലേശ്വരം ഗ്രാമത്തിന്റെ പച്ചപ്പ് കണ്ണനെ മാടിവിളിച്ചു തുടങ്ങി. വീട്ടില്‍ ചെന്നു താമസ്സിക്കാനൊരു മോഹം. കുറുപ്പിനോടും അനന്തിരവളോടും ക്ഷമാപണം നടത്തണം. നാട്ടുകാരോടും വീട്ടുകാരോടുമൊത്തു ജീവിക്കണം..
അവന്‍ ഇക്കാര്യം വൃദ്ധയായ ആ അമ്മയെ അറിയിച്ചു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. എന്നാല്‍ കണ്ണന്റെ മനസ്സുമാറില്ലെന്നു കണ്ട അവര്‍ അവനെ പോകാനനുവദിച്ചു. യാത്ര തിരിക്കുമ്പോള്‍ വൃദ്ധ, തന്റെ പടിഞ്ഞാറ്റയില്‍ വെച്ചാരാധിക്കുന്ന ചുരികയും ഓലക്കുടയും അവനു സമ്മാനിച്ച് അനുഗ്രഹിച്ചു. വിഷ്‍ണുമൂര്‍‍ത്തിയുടെ ഈ ചുരിക നിന്റെ പ്രാണന്‍ കാത്തുകൊള്ളുമെന്നും, എന്നും ഇതു കൈയ്യില്‍ തന്നെ കരുതണമെന്നും അവര്‍ പറഞ്ഞു. കണ്ണന്‍ എല്ലാം തലകുലുക്കിസമ്മതിച്ചു. പിന്നീട് ആ അമ്മയോടു യാത്രയും പറഞ്ഞ്, നീലേശ്വരം ലക്ഷ്യമാക്കിയവന്‍ നടന്നു.

“നീലേശ്വരം ഗ്രാമത്തിലിനി കണ്ടുപോകരുത്‍..” ‍ കുറുപ്പിന്റെ ഉഗ്രശാസനം കണ്ണന്റെ കാതുകളില്‍ മുഴങ്ങി. ശരീരത്തിലൊരു വിറയല്‍‍… ധൈര്യം കൈവിട്ടുപോകുന്നതുപോലെ.. അവന്‍ ചുരികയില്‍ പിടിമുറുക്കി. ആപത്തൊന്നും വരത്തരുതേയെന്ന്‍ അവന്‍ മഹാവിഷ്‍ണുവിനോടു പ്രാര്‍‍ത്ഥിച്ചു‍. അപ്പോള്‍ പെട്ടന്നൊരു ഉണര്‍‍ച്ച അവന് അനുഭവപ്പെട്ടു. കാസര്‍‍ഗോഡും കോട്ടച്ചേരിയും കഴിഞ്ഞ് അവന്‍ നീലേശ്വരത്തെത്തി. അവന്റെ മുഖത്ത്‍ ആനന്ദത്തിന്റെ തിരയിളക്കം.

താന്‍ പണ്ടു കുളിച്ചിരുന്ന താമരക്കുളം! കണ്ണന്‍ കുളക്കരയിലിരുന്നു… നാട്ടുകാരില്‍ പലരും അവനെ തിരിച്ചറിഞ്ഞു. പലരും കുശലം ചോദിച്ചു. ചിലരൊന്നും കണ്ട ഭാവം നടിച്ചില്ല‍. കുട്ടിക്കാലത്തു കളിച്ചുകുളിച്ച കുളം കണ്ടപ്പോള്‍‍ ഇനി കുളി കഴിഞ്ഞിട്ടാവാം യാത്ര എന്നവന്‍ തീരുമാനിച്ചു. ചുരികയും ഓലക്കുടയും അവന്‍ കുളക്കരയില്‍ വെച്ചു. കരിങ്കല്‍‍വിളക്കില്‍ തിരിവെച്ച് വിഷ്ണുമൂര്‍‍ത്തിയോടു പ്രാര്‍‍ത്ഥിച്ചു.

അവന്‍ കുളത്തിലേക്കിറങ്ങി. മധുരസ്മരണകളുണര്‍‍ത്തിക്കൊണ്ട് ഇളം തണുപ്പ് അവന്റെ ശരീരത്തിലേക്ക്‍ ഇരച്ചു കയറി. അപ്പോഴേക്കും കാതോടുകതറിഞ്ഞ്‍ കൂറുവാടന്‍ കാരണവര്‍ കണ്ണന്‍ വന്ന വിവരം അറിഞ്ഞു. കേട്ടപാടെ, ഉറുമി (പയറ്റിനുപയോഗിക്കുന്ന ഒരു ആയുധം, രണ്ടുഭാഗത്തും മൂര്ച്ചയുള്ള‍തും നീളമേറിയതുമാണിത്.)യുമെടുത്ത്‍ അയാള്‍ ചാടിയിറങ്ങി. ഇതൊന്നുമറിയാതെ നീന്തിക്കുളിക്കുകയായിരുന്നു കണ്ണന്‍‍.

“നാടുകടത്തിയിട്ടും വീണ്ടും നീലേശ്വരം നാട്ടിലേക്കു കാലെടുത്തുവെയ്‍ക്കാന്‍ നിനക്കു ധൈര്യമുണ്ടായോ..! നാട്ടാചാരം മറന്നുപോയോടാ അഹങ്കാരീ…?”

കുറുപ്പും പടയും കുളക്കരയില്‍ നില്‍‍ക്കുന്നതു‍കണ്ട കണ്ണന്‍ അമ്പരന്നുപോയി. ഉറുമിയുടേയും പരിചയുടേയും കൂട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അവന്റെ സകല ധൈര്യവും ചോര്‍‍ന്നുപോയി… ആള്‍ക്കാര്‍ ചുറ്റും കൂടിനില്‍‍ക്കുന്നു… ഊരിപ്പിടിച്ച ഉറുമിയുമായി കരയില്‍ കുറുപ്പ്‍.! അവന്‍ മെല്ലെ കരയിലേക്കു നടന്നു…

കരയില്‍ വെച്ചിരിക്കുന്ന വിഷ്‍ണുമൂര്‍‍ത്തിയുടെ ചുരികയെ അവനൊന്നു നോക്കി. എന്തോപറയാനായി അവന്‍ നാക്കെടുത്തതേയുള്ളൂ… കുറുപ്പ്‍ ഉറുമി ആഞ്ഞുവീശി… കണ്ണന്റെ ശിരസ്സ്‍ വായുവിലേക്ക്‍ ഉയര്‍‍ന്നുതെറിച്ചു.! ശിരസ്സറ്റ ശരീരം കുളത്തിലേക്കു മറിഞ്ഞുവീണു… കുളം ചോരക്കുളമായി. ജനഹൃദയത്തില്‍ നിന്നു ദയനീയമായൊരാരവമുയര്‍‍ന്നു, അവര്‍ കണ്ണടച്ചു പിടിച്ചു. കുറുപ്പതു നോക്കി പൊട്ടിച്ചുരിച്ചു. ഉറുമി കുളത്തില്‍ നിന്നും കഴുകി.

കരയില്‍ കണ്ണന്‍ വെച്ച ചുരിക അയാള്‍ തട്ടിത്തെറിപ്പിച്ചു.. ആ ചുരിക അവിടെകിടന്നൊന്നു തിളങ്ങിയോ..! പലരും അതു ശ്രദ്ധിച്ചു.

അയാള്‍ തിരിച്ചു നടന്നു… ഒരദ്ധ്യായം അവസാനിപ്പിച്ച ഗമയോടെത്തന്നെ. കുറുപ്പ് തറവാട്ടില്‍ തിരിച്ചെത്തി. കുറുപ്പിന്റെ തറവാട്ടില്‍ പിന്നീട് ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. നാടു നീളെ പകര്‍ച്ചവ്യാധി പടര്‍ന്നു, കുറുപ്പിന്റെ കന്നുകാലികള്‍ ഒന്നൊഴിയാതെ ചത്തൊടുങ്ങി. കുറുപ്പിന്റേയും ബന്ധുജനങ്ങളുടേയും ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കരിനാഗങ്ങള്‍ ഇഴഞ്ഞുപോകുന്നു. കണ്ണടച്ചാല്‍ ഒരു ചുരികയും ഓലക്കുടയും ഉറഞ്ഞുതുള്ളുന്നു. പടിപ്പുരവാതില്‍ മെല്ലെ തകര്‍‍ന്നുവീണു…

നായര്‍ ഞെട്ടിവിറച്ചു… മനസ്സില്‍ ഭയം പത്തിവിടര്‍‍ത്തിയാടുന്നു. യുദ്ധക്കളത്തില്‍ മുറിവേറ്റവരുടെ ജീവന്‍ പിടയുമ്പോഴും ധൈര്യപൂര്‍‍വം മുമ്പോട്ടുപോയിരുന്ന‌ പടനായകന്‍ ഇതാ തളര്‍‍ന്നിരിക്കുന്നു. ദുര്‍‍നിമിത്തങ്ങള്‍‍ക്കു കാരണമതുതന്നെ…! കുറുപ്പ്‍ നിരൂപിച്ചു. അയാള്‍‍ ജ്യോത്സ്യരെ വിളിച്ചു. പ്രശ്‍നം വെച്ചു.

കണ്ണന്‍ നിഷ്‍കളങ്കനാണ്, നിരപരാധിയാണ്. അവനെ തിരിച്ചറിയാതെ പോയതാണ് ആപത്തുകള്‍‍ക്കാധാരം. കണ്ണന്‍ മനസ്സറിഞ്ഞൊന്നു ശപിച്ചിരുന്നുവെങ്കില്‍ ഉടന്‍തന്നെ വംശം മുടിയുമായിരുന്നു. വിഷ്‍ണുഭക്തനായ കണ്ണനെ വധിച്ചതില്‍ ദൈവകോപമുണ്ടെന്നും, ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്‍ന്ന് ചെയ്തുപോയ അപരാധത്തിന്‌ മാപ്പായി കണ്ണന്‌ ഒരു കോലം കല്‍പ്പിച്ച്‌ കെട്ടി സമര്‍പ്പിക്കാമെന്ന് പ്രാര്‍ത്ഥിക്കുകയും ക്ഷമയാചിച്ച് അവനെ അവനെ പ്രീതിപ്പെടുത്തുകയുംചെയ്യണമെന്നായി. വീണ്ടും പ്രശ്നം വച്ചപ്പോള്‍ ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു.

കുറുപ്പിന്റെ കണ്ണുക‌ള്‍ നിറഞ്ഞൊഴുകി. ഉടനെ തെയ്യക്കോലം കെട്ടിയാടാനുള്ള ഏര്‍പ്പാടുണ്ടാക്കി. ബഹുമാനപുരസരം വണങ്ങി മാപ്പപേക്ഷിക്കുകയും ചെയ്‍തു. അങ്ങനെയാണ്‌ വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടായതെന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്‍പ്പിച്ചു വരുന്നുണ്ട്. കാരണം തെയ്യാട്ടത്തിനിടയില്‍ നരസിഹമൂര്‍‍ത്തിയായി വന്ന്‍ ഹിരണ്യാസുരനെ വധിക്കുന്ന രംഗം അവതരിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ മരം കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമണിഞ്ഞ് നരസിംഹമൂര്‍‍ത്തിയെ അനുസ്മരിപ്പിക്കുന്നുമുണ്ട്. കഥകളൊക്കെ കാലക്രമത്തിൽ തിരുത്തപ്പെടവയാണ്. കൂടിച്ചേരലുകൾ പലവിധം നടന്നിരുന്നതാണു നമ്മുടെ ചരിത്രം തന്നെ.

കുറുപ്പുമയി ബന്ധപ്പെട്ടതും കണ്ണൻ മംഗലാപുരത്തേക്ക് പോകേണ്ടി വന്നതുമായി ബന്ധപ്പെട്ട് മറ്റൊരു വിശ്വാസം കൂടി നിലനിൽക്കുന്നു. കുറുപ്പിന്റെ തറവാട്ടിലെ ദൈവത്തറിഅയിൽ തൊഴുകൈയ്യുമായി നിൽക്കുന്ന കണ്ണനെ കുറുപ്പ് പലപ്പോഴും കണ്ടിരുന്നു. ഒരിക്കൽ കൂപ്പറിയാതെ ദൈവത്തറയിൽ കണ്ണൻ ഒരു കുപ്പി പാൽ അഭിഷേകം ചെയ്യുന്നു. ഇതറീഞ്ഞ രോക്ഷാകുലനായ കുറുപ്പിന്റെ മുന്നിൽ നിന്നും കണ്ണൻ ഓടി ഒളിക്കുന്നു. കാരണം ഒരു നായർ ദൈവത്തെ തീയ്യച്ചെക്കൻ ആരാധിക്കുക എന്നതു തന്നെ അന്ന് നിരക്കുന്നതായിരുന്നില്ല. നാടുവിട്ടു പോയ പാലന്തയി കണ്ണൻ അങ്ങനെയാണു മംഗലാപുരത്ത് എത്തിയതെന്നാണു വിശ്വാസം. ശേഷമെല്ലാം മുകളിൽ പറഞ്ഞവ തന്നെ!

മുച്ചിലോട്ടു ഭഗവതി

മുച്ചിലോട്ടുഭഗവതി; പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടും തീയില്‍ ഒരുപിടി ചാമ്പലായി മാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തു മനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവു കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.

പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാര കേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത‍‍ തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍‌ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന!

 

ഒരുപാടു പ്രാര്‍‌ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍‌ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍‌ന്നില്ല. മകളെ വൈദിക പാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍‌ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കി മാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി.

 

എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍ അവളെ തരംതാഴ്‍ത്തിക്കാട്ടാനുള്ള ഒരവസരത്തിനായി കാത്തിരുന്നു. ചിലര്‍ നേരിട്ടുപോയി അവളോടേറ്റുമുട്ടി; ചിലരാവട്ടെ ആളുകളെ വിട്ട് അവളുടെ പാണ്ഡിത്യത്തെ അളക്കാന്‍ ശ്രമിച്ചു. എന്നാലവര്‍ക്കൊന്നും തന്നെ അവളെ തോല്പികാനായില്ല എന്നുമാത്രമല്ല, നാണംകെട്ടു മടങ്ങേണ്ടിയും വന്നു. അവളുടെ ജ്ഞാനം പ്രകാശിക്കുന്ന ചോദ്യങ്ങള്‍ക്കും തര്‍‌ക്കങ്ങള്‍‌ക്കും മുമ്പില്‍ ഉത്തരം കണ്ടെത്താനാവാതെ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിലെ പുരുഷപാണ്ഡിത്യം കുഴങ്ങിനിന്നു. അവരിലെ പരാജയഭീതി കൊടിയ വൈരാഗ്യബുദ്ധിക്കു വഴിമാറി. കുതന്ത്രങ്ങളാല്‍ അവളെ ഒരുക്കാന്‍ തന്നെ പണ്ഡിതപ്രമുഖര്‍ വട്ടമിട്ടു.

കാലം പിന്നേയും കുറേ നീങ്ങി. വേദത്തിനും വേദശാസ്ത്രപഠനത്തിനും പുത്തന്‍ വ്യാഖ്യാനങ്ങളുണ്ടായി. എന്നാലതൊന്നും ഉള്‍‌ക്കൊള്ളാന്‍‌ ബ്രാഹ്മണസഭയിലെ പുരുഷമേധാവിത്വത്തിനായില്ല. അവര്‍ അവളുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്കു തിരിച്ചുവിടാന്‍വേണ്ടി വിവാഹാലോചനകളുമായി ഇല്ലത്തെത്തി. ഭര്‍‌ത്താവും കുട്ടികളുമൊക്കെയായാല്‍ വേദാന്തകാര്യത്തില്‍ നിന്നവള്‍ പിന്തിരിയുമെന്നവര്‍ നിനച്ചു.

ഒരു ദിവസം മാണിയോടന്‍ തിരുമേനി മനയിലെത്തി. തന്റെ പുത്രനുവേണ്ടി വേദാന്തക്കരിയുടെ ജാതകം വാങ്ങി പരിശോദിച്ചു. ഉത്തമജാതകം! മുറപ്പെണ്ണുമാണ്. സൗന്ദര്യദേവത! പുത്രനുയോജിച്ചവള്‍ തന്നെ. അങ്ങനെ വേളീ മുഹൂര്‍ത്തവും നിശ്ചയിച്ചു… മാണിയാട്ടുമനയിലും ആഹ്ളാദത്തിന്റെ പൂത്തിരി.

വാര്‍ത്തയറിഞ്ഞ് വേദാന്തക്കാരിയുടെ മനസ്സില്‍ സ്വപ്‍നങ്ങള്‍ വിരിഞ്ഞു. മുറച്ചെറുക്കന്റെ മുഖം അവളുടെ ദിവാസ്വപ്‍നങ്ങള്‍ക്കു ചൂടേകി. ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി! വേദമന്ത്രങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയപ്പോള്‍ ആ മുഖത്തു നാണം പെരുകി. തലകുനിച്ചവള്‍ നിര്‍വൃതിയിലാണ്ടു.

രണ്ടുമനകളിലും വേളിയൊരുക്കങ്ങള്‍ തകൃതിയില്‍ ആരംഭിച്ചു. ഇരുകൂട്ടരും ബന്ധുക്കളേയും ഗ്രാമത്തിലെ പ്രമാണിമാരെയും ക്ഷണിച്ചു തുടങ്ങി. വിവാഹപന്തലും സദ്യപന്തലുകളും ഒരുങ്ങി. ദിവസങ്ങളടുക്കുംതോറും മനകളിലെ തെരക്കും വര്‍ദ്ധിച്ചുവന്നു. നാലുകെട്ട് അന്തര്‍ജനങ്ങളെകൊണ്ടും പുറത്തെ നെടുംപുര പുരുഷന്‍മാരെക്കൊണ്ടും നിറഞ്ഞു. പ്രതിശ്രുതവരന്റെ രൂപം അവളുടെ മനസ്സിനെ മഥിച്ചു. വിവാഹചടങ്ങുകളിലും അനുഷ്‍ഠാനങ്ങളിലും ഒളിഞ്ഞിരിക്കുന്ന അര്‍‌ത്ഥം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. ജീവിതത്തിന് താന്‍ വിചാരിച്ചതിലും കൂടുതല്‍ വ്യാപ്തിയുണ്ടെന്നവള്‍ക്കു മനസ്സിലായി.

വേളിക്കിനി മൂന്നുനാള്‍ ബാക്കി!
മനസ്സുനിറയെ തന്റെ ഹൃദയേശ്വരനെ നിനച്ചുകൊണ്ട് രായമംഗലത്തെ ഓമനക്കുട്ടി ഉറക്കച്ചടവോടെ നാലിറയത്തേക്കു കടന്നുവന്നു!

ആരാണിത്..! അവള്‍ സൂക്ഷിച്ചുനോക്കി…!
പയ്യന്തര്‍ ഗ്രാമാധിപനായ പച്ചനമ്പി തിരുമേനി…! കൂടെ ആരും ഇല്ല. ഓര്‍‌ക്കാപ്പുറത്തുള്ള ഈ വരവിന്റെ ഉദ്ദേശമെന്താവാം? വേളിക്കാര്യം കേട്ടറിഞ്ഞുവന്നത്തവുമോ? അവളുടെ മനസ്സിലൂടെ ഒരുപാടു ചോദ്യങ്ങള്‍ കടന്നുപോയി.

അതിനു വിരാമമിട്ടുകൊണ്ടു നമ്പി പറഞ്ഞു: “നാം വന്നത്…ഒരു സഹായം അഭ്യര്‍ത്ഥിക്കാനാണ്”

“പറയൂ എന്തു വേണം?”

“വേളി തീരുമാനിച്ചു നില്‍ക്കുന്ന പെണ്ണ് സഭയില്‍ ചെന്ന് തർക്കിക്കുന്നത് നാട്ടുനീതിക്കെതിരാണെന്നറിയാം, ത‌ർക്കവിഷയം എത്രനാള്‍ നീണ്ടു നിൽക്കുമെന്നും അറിഞ്ഞുകൂടാ. തർക്കം തുടങ്ങിയാല്‍ അതുതീരുന്നതിനു മുമ്പ് തർക്കം ഉപേക്ഷിച്ചു വരുന്നതും ശരിയല്ല. അപ്പോളതു വേളി മുടങ്ങുന്നതിനു കാരണമാവും.”

നമ്പിയുടെ മനസ്സില്‍ വേവലാതികള്‍ പെരുകിവന്നു. എന്തുപറയണമെന്നറിയാതെ അല്പസമയം മിഴിച്ചുനിന്നിട്ടയാള്‍ തുടര്‍ന്നു.

“പെരുഞ്ചെല്ലൂര്‍ നമ്പൂതിരിമാര്‍‌ അഹംഭാവികാളായി മാറിയിരിക്കു‍ന്നു. അതിനു പരിഹാരം കണ്ടെത്താന്‍ രായമംഗലത്തു സന്തതിക്കേ കഴിയൂ…”

“ക്ഷമിക്കാനും സഹിക്കാനും പുരുഷനേക്കാള്‍ കരുത്തുള്ളവളാണു സ്‍ത്രീ. അതുകൊണ്ട്..” ‍‍ അവള്‍ ആലോചനയിലാണ്ടു.
“അതുകൊണ്ട്?” തമ്പുരാന്‍ അവളുടെ അഭിപ്രായം ചോദിച്ചു.

“ഉദയമംഗലം പണ്ഡിതസഭയില്‍ ഞാന്‍ പെരുഞ്ചെല്ലൂര്‍ അഹംഭാവത്തെ തോല്‍പ്പിച്ചിരിക്കും. അങ്ങു സമാധാനമായി പൊയ്‍ക്കോളൂ. സ്‍ത്രീയാണെന്നു കരുതി ജീവിതത്തില്‍ ഒരാനുകൂല്യവും കൈപ്പറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല‍.”

തന്നെ താഴ്‍ത്തിക്കെട്ടാന്‍ കൊതിച്ച പെരിഞ്ചൊല്ലൂര്‍ പണ്ഡിതന്‍മാരെ ഇതാ നേര്‍‌ക്കുനേര്‍‌ കിട്ടിയിരിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിച്ചുവിടാന്‍ തന്നെ അവള്‍ തീരുമാനിച്ചു. എല്ലാറ്റിനും ഒരന്ത്യം വേണമല്ലോ.

നമ്പിക്കു സന്തോഷമായി. പെരിഞ്ചെല്ലൂര്‍ സഭയോടേറ്റുമുട്ടാന്‍ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ പിറന്ന ഒരാള്‍ക്കേ കഴിയൂ എന്നുതന്നെയായിരുന്നു നമ്പിയുടെ വിശ്വാസം. തിരുമേനി കന്യകയ്‍ക്കു സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സംതൃപ്‍തനായി തിരിച്ചുപോയി.

കന്യകയുടെ ശപഥവാര്‍‌ത്ത രായമംഗലത്തുതിരുമേനിയെ അത്യതികമായ ദു:ഖത്തിലാഴ്‍ത്തി. എങ്കിലും ഒരക്ഷരം അദ്ദേഹം മറുത്തുപറഞ്ഞില്ല. അതുകൊണ്ടു ഫലമുണ്ടാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പെരുഞ്ചെല്ലൂര്‍ ഗുരുകുലവാസക്കാലത്ത് പുരുഷപ്രജകളില്‍ നിന്നും അവള്‍ക്കു സഹിക്കേണ്ടിവന്ന അപമാനവും ദുരിതവും അത്രയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതു പലിശസഹിതം തിരിച്ചുനല്കാനുള്ള അവസരമാണിത്.

ഉദയമംഗലത്തുക്ഷേത്രനടയില്‍ തര്‍‌ക്കപ്പന്തലുയര്‍‌ന്നു. എത്തിച്ചേര്‍ന്ന പണ്ഡിതന്‍മാര്‍ യഥാക്രമം സഭയെ വന്ദിച്ച് സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചു. അന്തര്‍ജനവും സംഘവും ജനത്തേയും പണ്ഡിതന്‍മാരേയും പ്രത്യേകിച്ചു പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളേയും വന്ദിച്ചാദരിച്ച് ഉദയമംഗലത്തുദേവനെയും തൊഴുത് വേദിയില്‍ കയറി. അപ്പോഴേക്കും മത്സരപ്പന്തലും തര്‍‌ക്കവേദിയും നിറഞ്ഞു കഴിഞ്ഞിരുന്നു.

പണ്ഡിതസഭയില്‍ ആരംഭംകുറിച്ചതു പെരുഞ്ചെല്ലുര്‍ വലിയ‌പണ്ഡിതന്‍ തന്നെയായിരുന്നു. അഹങ്കാര‍വും പുഛവും കലര്‍ന്ന സ്വരത്തില്‍ അവര്‍ വിഷയങ്ങളവതരിപ്പിച്ച് ചോദ്യങ്ങള്‍ തൊടുത്തുവിട്ടപ്പോള്‍ അന്തര്‍ജനവും സംഘവും സവിനയം അതിനെയൊക്കെ വിഛേദിച്ചു. അന്നു പെരുഞ്ചെല്ലൂര്‍ സംഘം പരാജയപ്പെട്ടു പിന്‍മാറി. പിറ്റേന്ന് അദ്ദേഹം കൂടുതല്‍ ശക്തി സംഭരിച്ച് വേദിയിലെത്തിയെങ്കിലും ബ്രാഹ്മണകന്യകയ്‍ക്കു മുമ്പില്‍ തോറ്റുപിന്‍മാറാന്‍ തന്നെയായിരുന്നു വിധി. രണ്ടാം ദിവസവും ജയിച്ച് പൊന്നും വളയും വാങ്ങി അവള്‍ വേദി വിട്ടപ്പോള്‍ പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളുടെ ഉള്ളില്‍ പക നുരഞ്ഞുപൊന്തി. എങ്ങനെയെങ്കിലും അവളെ തോല്‍പ്പിക്കാനുള്ള കുബുദ്ധിക്കു അവര്‍ രൂപകല്പന ചെയ്തു. നാണക്കേടും അഹങ്കാരം ആ മനുഷ്യരെ മൃഗതുല്യരാക്കിമാറ്റി. പിറ്റേ ദിവസം നിഷ്‍കരുണം അയാള്‍ ആ ജ്ഞാനസുന്ദരിയുടെ മുഖത്തുനോക്കി ഗര്‍ജ്ജിച്ചു:

“പറയൂ, ഏറ്റവും വലിയവേദനയേത്?” മറുപടിപറയാന്‍ ബ്രാഹ്മണകന്യകയ്‍ക്ക് തീരെ സമയമെടുക്കേണ്ടിവന്നില്ല. അവള്‍ പറഞ്ഞു:

“പ്രസവവേദന.”

“ഏറ്റവും വലിയ സുഖമോ…?” പെരിഞ്ചല്ലൂര്‍ മറുപടിക്കു കാത്തുനിന്നു.

“രതിസുഖം”… രതിസുഖം…! ആ വാക്കു കന്യകയുടെ നാവില്‍ നിന്നുതിര്‍ന്നുവീഴാന്‍ തന്നെയാണു ഗുരുക്കള്‍ കാത്തുനിന്നത്.

പെട്ടെന്നു സഭയില്‍ പരിഹാസച്ചിരികളുയര്‍ന്നു.പെരിഞ്ചെല്ലൂര്‍ പണ്ഡിതന്‍മാര്‍ അര്‍ത്ഥഗര്‍ഭമയി മിഴികള്‍ പായിച്ചു. പ്രസവവേദനയെക്കുറിച്ചും രതിസുഖത്തെക്കുറിച്ചും ആദികാരികമായിപ്പറയാന്‍ കന്യകയ്ക് അവകാശമില്ലെന്ന് പണ്ഡിതസഭ ഒന്നടങ്കം ആക്ഷേപിച്ചു. കുടിലയെന്നാളെ മുദ്രകുത്തി. രഹസ്യമായി രതിസുഖമാസ്വദിച്ചിട്ടുണ്ടായിരിക്കുമെന്നവളെ അതിക്ഷേപിച്ചു. സമുദായത്തിനു തന്നെ ഇവള്‍ പേരുദോഷം വരുത്തിയെന്നും അതുകൊണ്ടിവളെ സമുദായത്തില്‍ നിന്നും ഇവളെ പുറത്താക്കണമെന്നും അവര്‍ വിധിച്ചു. ആ ബ്രാഹ്മണമേധാവിത്വത്തിനുനേരേ വിരല്‍ ചൂണ്ടാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല.

ഇല്ലത്തുനിന്നും കന്യകയെ പുറത്താക്കി.

പടിയടച്ചു പിണ്ഡം വെച്ചു ബന്ധം വേര്‍പെടുത്തി ശുദ്ധി വരുത്തി.

കന്യകയ്‍ക്കു വിധിച്ച ശിക്ഷകണ്ടു നാട്ടുകാര്‍ ഞെട്ടി. അവര്‍ വിലപിച്ചു. നാട്ടുക്കൂട്ടം വിങ്ങിപ്പൊട്ടി. ബ്രാഹ്മണമേധാവികളോടും പണ്ഡിതന്‍മാരോടും കന്യക കരുണകാട്ടാന്‍ കേണപേക്ഷിച്ചു. അവളുടെ കരച്ചിലാരും കേട്ടില്ല. അവളെ നാടുകടത്തി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ഉദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. വിശന്നുവലഞ്ഞവള്‍ ഒരിടത്തു തളര്‍ന്നുവീണു. പയ്യന്നൂരപ്പനോടു പരമപദം പ്രാപിക്കാനായവള്‍ കേണപേക്ഷിച്ചു. അങ്ങനെ തീയില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിച്ചു.

അഗ്നികുണ്ഡമൊരുങ്ങി. തീജ്വാലകള്‍ ജ്വലിച്ചുയര്‍ന്നു. കുളിച്ച് ഈറനുടുത്ത് വേദമന്ത്രങ്ങളുരുവിട്ടുകൊണ്ടവള്‍ തീയിലേക്കു ചാടി കൈകൂപ്പി നിന്നു. അപ്പോഴാണ് ഒരുകുടം എണ്ണയുമായി മുച്ചിലോടന്‍ വാണിയന്‍ ആ വഴി നടന്നുവന്നത്. തീയുടെ ശക്തിപോരെന്നു കണ്ട കന്യക വേഗം ആ എണ്ണകുടം തീയിലേക്കൊഴിക്കാന്‍ പറഞ്ഞു. അവനാ എണ്ണ തീയിലേക്കു പകര്‍ന്നു. തീജ്വാലകള്‍ ആകാശത്തോളമുയര്‍ന്നു. ആ കന്യക അഗ്നിയില്‍ വെന്തുമരിച്ചു! അവള്‍ അഗ്നിപ്രവേശത്താല്‍‌ തന്റെ ആത്മപരിശുദ്ധി തെളിയിച്ചു.

മുച്ചിലോടന്‍ ഒരു വിഭ്രാന്തിയിലായിരുന്നു. താനെന്താണു ചെയ്തതെന്നു പോലും ഒരു നിമിഷം അയാള്‍ മറന്നുപോയി. സ്ഥലകാലബോധം വന്ന അയാള്‍ താന്‍ ചെയ്ത അപരാധമോര്‍ത്ത് പൊട്ടിക്കരഞ്ഞു. പെട്ടന്നവിടെയാകെ ഒരു ദിവ്യപ്രകാശം പരന്നു. നിഷ്‍കളങ്കനായ വാണിയനു നേർക്കാ പ്രകാശമടുത്തു വന്നു. ആ പ്രകാശം വാണിയനെ അനുഗ്രഹിച്ചു. ആ പ്രകാശം, അഗ്നിയില്‍ ദഹിച്ചുപോയ വേദാന്തക്കാരിയായി വാണിയനു തോന്നി. വാണിയന്‍ ആ പ്രകാശത്തെ വന്ദിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യകയ്‌ക്കു കരിവെള്ളൂരപ്പന്റെയും, ഉദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ വേദാന്തക്കരി വാണിയരുടെ ആരാധനാമൂര്‍ത്തിയായി. മുച്ചിലോട്ട് ഭഗവതിയെന്ന പേരിലവള്‍ പ്രസിദ്ധയായിത്തീര്‍ന്നു. ഒമ്പതില്ലം വാണിയകുലത്തിന്റെ പരദേവതയായ ദേവകന്യാവിന്റെ കഥ മുച്ചിലോട്ടു ഭഗവതിയിലൂടെ ഉയിർത്തെഴുന്നേറ്റു വന്നു! വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ. നാട്ടുകാര്‍ വേദാന്തക്കാരിയെ ഇന്നും ബഹുമാനിച്ചുവരുന്നു. മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

മുച്ചിലോട്ടുഭഗവതിയെന്ന തെയ്യക്കോലത്തിലവള്‍ ഇന്നും വടക്കന്‍കേരളത്തില്‍ പുനര്‍ജ്ജനിക്കുന്നു. തെയ്യാട്ടത്തിനടയില്‍ താലിമാല കൊണ്ടുവരുന്നതും സദ്യയൊരുക്കുന്നതും ദേവിയുടെ മുടങ്ങിപ്പോയ വേളിയെ ഓര്‍‌മ്മിപ്പിക്കുന്ന അനുഷ്ടാനങ്ങളാണ്.

കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.