Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ
പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു.
പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു.
ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും. ഒരു ചുരുളിയെന്ന പോലെ കമ്മറ്റികളും പ്രശ്നങ്ങളും തുടർന്നും മാറിമാറി വന്നേക്കും. അമ്പലവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ മനസ്സ് അല്പകാലം കഴിയുമ്പോൾ പ്രശ്നസങ്കീർണമായി മാറുന്നു എന്നുവേണം കരുതാൻ. ശാന്തിക്കാരനെ ഇഷ്ടമില്ലാത്ത കമ്മിറ്റി ഭാരവാഹികളും; ഭാരവാഹികളെ ഇഷ്ടമല്ലാത്ത കമ്മിറ്റിക്കാരും, കമ്മിറ്റിയുടെ ചെയ്തികളെ സംശയത്തോടെ വീക്ഷിക്കുന്ന ജനതതിയും വർഷങ്ങളുടെ ഇടവേളയിൽ കൂടിവരുന്നു.
12 വർഷം കഴിയുമ്പോൾ പുനഃപ്രതിഷ്ഠ ആവശ്യമാണ്. ആരൂഢസ്ഥാനത്തിന്റെ ചൈതന്യം വിലയിരുത്താൻ പ്രശ്നക്കാരൻ എന്നു പേരുള്ള ജ്യോത്സ്യരെ ഇവർ കൂട്ടത്തോടെ കാണുന്നു. അങ്ങനെ അമ്പലത്തിൽ വെച്ച് സ്വർണപ്രശ്നമോ താമ്പൂലപ്രശ്നമോ വെച്ച് കമ്മറ്റിക്കാരും നാട്ടുകാരും ഒന്നിച്ചിരുന്നു ചർച്ച ചെയ്യുന്നു. വെറുതേ കവടികൾ മറിച്ചും തിരിച്ചും ഉഴിഞ്ഞ് അവിടേയും ഇവിടേയും അല്പാല്പം മാറ്റിവെച്ച് ശേഷിക്കുന്ന നമ്പർ വെച്ചവർ രാഹുവിനേയും കേതുവിനേയും ബുധനേയും ശുക്രനേയും ശനിയേയും ഒക്കെ വിളിച്ചുവരുത്തി നടയ്ക്കിരുത്തി, കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം അവർ വിശദമായി വിലയിരുത്തുന്നു.
വരാഹമിഹിരന്റെ ഹോരാശാസ്ത്രമോ, ഫലദീപികയോ ഹൃദ്യപഥമോ ദശാദ്യായിയോ ജ്യോതിഷമഞ്ജരിയോ ഒന്നുമല്ല അപ്പോൾ ഇവിടെ വേണ്ടത്, സഹായത്തിനായി അതിലുള്ള സ്ലോകം ഇടയ്ക്കിടെ തട്ടിവിടാം എന്നേ ഉള്ളൂ. മുമ്പിലിരിക്കുന്നവരുടെ മനസ്സറിഞ്ഞ്, ആശാനും ഉള്ളൂരും വള്ളത്തോളും മണിപ്രവാളചരിത്രത്തിൽ സകല കവ്യവര്യരും തരം പോലെ പ്രശ്നവേദിയിൽ വന്നു പോകുന്നതു കാണാം. കുത്തിക്കുത്തി ചോദിച്ച് അമ്പലത്തിലെ പരിചാരകവൃന്ദത്തെ ജ്യോതിഷികൾ അവർ ചോദ്യം ചെയ്യുന്നു. ബന്ധപ്പെട്ടവർ ഭയഭക്തിയോടു കൂടി അവർ മനസ്സിൽ ഒളിപ്പിച്ചുവെച്ച വ്യഥകളും സങ്കടങ്ങളും കുശുമ്പും ഒക്കെ എണ്ണിയെണ്ണി പറയുന്നു. എതിരാളിവൃന്ദവും നാട്ടുകാരുൻ ഇതൊക്കെ കേൾക്കുന്നു. പ്രശ്നക്കാരൻ ഇടയാളായി അവർ എല്ലാവരും ചേർന്ന് അതേപ്പറ്റി ചർച്ച ചെയ്യുന്നു. ദൈവത്തിനു മുമ്പിൽ വെച്ച്, ആരേയും കുറ്റപ്പെടുത്താതെ രണ്ടുകൂട്ടരേയും മുന്നിൽ നിർത്തി ജ്യോതിഷികൾ തന്നെ ജഡ്ജായി തീർപ്പുകല്പിക്കുന്നു. സമീപദേശങ്ങളിലെ അമ്പലങ്ങളിൽ പോയി സ്പെഷ്യൽ പൂജ വേണ്ടപ്പെട്ടവർ തടത്തി പ്രായശ്ചിത്തം നടത്താനും ദൈവവിധിയുണ്ടാവുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ദേവനു മുന്നിൽ നമസ്കരിച്ച് മനശുദ്ധി വരുത്തുന്നു. അമ്പലവുമായി ബന്ധപ്പെട്ടുള്ള ഓരോ വിചാരധാരയും, അമ്പലത്തിലെ ഓരോ കൂട്ടായ്മയും, ഓരോ പ്രവർത്തനങ്ങളും കൂട്ടം ചേർന്നവർ ചർച്ച ചെയ്യുന്നു. പോരാളിയും എതിരാളിയും ഒന്നുചേർന്നത് തിരുനടയിൽ വെച്ചു കൈകൂപ്പി പ്രാർത്ഥിച്ച് ഒന്നാവുന്ന ഈ മുഹുർത്തമാണ് സ്വർണ/താമ്പൂല പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നത്.
അമ്പലത്തിലെ പുനഃപ്രതിഷ്ഠ കേവലമൊരു ചടങ്ങു മാത്രമെങ്കിലും കൂട്ടത്തിൽ നടത്തുന്ന ഈ പ്രശ്നവിധി ആൾക്കാരുടെ മനസ്സുകളെ എത്രപൊടുന്നനെയാണ് കൈയ്യിലെടുത്ത് അമ്മാനമാടിക്കളിക്കുന്നത്. ദൈവത്തിനു മുന്നിൽ സമന്മാരാണെന്നോ, ഞാൻ തെറ്റുമറന്നു ക്ഷമിച്ചില്ലെങ്കിൽ ദോഷം എന്റെ മക്കളെ കൂടി ബാധിക്കുമെന്ന പേടിയോ ഒക്കെകൂടി വൈരാഗ്യബുദ്ധിയേയും പിണക്കങ്ങളേയും വികൃതചിന്തകളേയും ഭൂരിപക്ഷം ആൾക്കാരിൽ നിന്നും കളയുന്നുണ്ട്. അങ്ങനെ കഴുകി വൃത്തിയാക്കിയെടുത്ത മനസ്സുകളുടെ കൂട്ടായ്മയായി അമ്പലവും പരിസരവും മാറിവരുന്നു. ആൾക്കാരുടെ കാര്യമല്ലേ, വർഷങ്ങൾ പിന്നിടുമ്പോൾ മറ്റുപല രൂപഭാവങ്ങളിൽ പിന്നെയും ഇതാവർത്തിക്കുമ്പോൾ ഒരുപക്ഷേ 12 വർഷം പൂർത്തിയാവുമ്പോൾ വീണ്ടുമൊരു റിഫ്രഷ്മെന്റ് ട്രീറ്റ്മെന്റ് അനിവാര്യമായി വരുന്നു.
ആൾക്കാരുടെ മാനസിക നില അറിഞ്ഞു ചോദ്യങ്ങൾ ചോദിക്കാനും, നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് അത് സീറോ ലെവലിൽ എത്തിച്ചാൽ മാത്രമേ പുനഃപ്രതിഷ്ഠയിലൂടെ ദേവനു തൃപ്തി കിട്ടുകയുള്ളൂ, അല്ലെങ്കിൽ ഈ പുനഃപതിഷ്ഠ നടത്തിയിട്ടു ഫലമില്ലെന്നും ചേർന്നു നിൽക്കുന്നവരുടെ മനസ്സു ശുദ്ധമായാലേ അമ്പലത്തിൽ ദൈവമുണ്ടാവൂ; ചൈതന്യമുണ്ടാവൂ, അതിലൂടെ മാത്രമേ നാടിനു മേന്മയുണ്ടാവൂ എന്നു തുറന്നു പറയാനും ശഠിക്കാനും ഉള്ള ജ്യോത്സ്യരുടെ ആർജ്ജവം ഇവിടെ അനിവാര്യമാണ്. ദേവന്റെ പുനഃപ്രതിഷ്ഠയിലുപരി ആൾക്കാരുടെ പുനസമാഗമത്തിനും, ഒന്നുചേർന്ന് ഞങ്ങൾ ഒന്നെന്നു പറയാനുള്ള ധീരതയ്ക്കും അനുഗുണമാണ് ആ ആർജ്ജവബുദ്ധി. ഒക്കെയും കഴിയുമ്പോൾ, വന്നുപോയ തെറ്റുകളെ പരിതപിച്ച്, മനസ്സിൽ കരഞ്ഞും, ചിലരൊക്കെ ദേവനുമുന്നിൽ പരസ്യമായി ക്ഷമ ചോദിച്ചും അവർ ദൈവത്തിനു മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നു. പ്രശ്നചിന്തകൻ അത്യാവശ്യം വേണ്ടുന്ന ദോഷമാർഗങ്ങൾ പറയുന്നു. ആവശ്യമുള്ളവർ അതും ചെയ്ത് മനസ്സ് ശുദ്ധമാക്കി അമ്പലത്തെ പുനഃപ്രതിഷ്ഠയ്ക്ക് സജ്ജമാക്കുന്നു. മനസ്സുകൊണ്ടുള്ളൊരു യാത്രയാണ് സ്വർണ/താമ്പൂല പ്രശ്നവിധികളിലേക്ക് എത്തിക്കുന്നത്. ഓരോമനസ്സിലും ദൈവമുണ്ട്; വൈരുദ്ധ്യങ്ങൾ മറന്ന് അവയുടെ ഏകീകരണം കൂടിയായി മാറുകയാണ് പുനപ്രതിഷ്ഠ!!