ഇന്നു നീയെന്റെ ദേശിയ സങ്കടം!

 പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,
കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!
—————————————–
പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു,
പണം‌ ദേവോ മഹേശ്വര:
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌,
തസ്‌മൈ ശ്രീ പണമേ നമ:

മലയാള അക്ഷരം – fa | fa കാരം!

അല്പം ചരിത്രം

മലയാള അക്ഷരമാല ഇന്നും സ്ഥിരതയില്ലാതെ അമ്പത്തൊന്നിലും അമ്പത്തിയാറിലും ഒക്കെയായി തത്തിക്കളിക്കുന്നു. ഇതിനെ പറ്റി തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു രസകരമായ കഥ ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത് കാണുക. എനിക്കുതോന്നുന്നത് അക്ഷരങ്ങൾ എത്ര കൂടിയാലും അതു നല്ലതുതന്നെ എന്നാണ് എന്റെ പക്ഷം. മലയാള ദ്രാവിഡ ഭാഷാഗോത്രത്തിൽ പെട്ട ഒരു ഭാഷയാണ്. ദ്രാവിഡ ഭാഷയിൽ 12 സ്വരങ്ങളും 18 വ്യജ്ഞനങ്ങളും അടക്കം മുപ്പത് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ.

സ്വരാക്ഷരങ്ങൾ:

വ്യഞ്ജനങ്ങൾ:

എന്നിവയാണവ. എന്നാൽ പിന്നീട് ആര്യന്മാരുടെ വരവോടെ അമിതമായ സംസ്‌കൃതഭാഷാസ്വാധീനം മലയാളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അതിന്റെ ഫലമായി മലയാളത്തിലേക്ക് പുതിയതായി നാലു സ്വരാക്ഷരങ്ങളും 19 വ്യഞ്ജനാക്ഷരങ്ങളും കൂടി ചേർക്കപ്പെട്ടു. അങ്ങനെ മലയാളത്തിന്റെ അക്ഷരമാല അല്പം കൂടി വിപുലമായി 53 ആയി.
 സംസ്‌കൃതഭാഷയിൽ നിന്നും വന്ന സ്വരങ്ങൾ:

സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ:

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ മലയാള അക്ഷരമാല കാണുക.

പഴയലിപികൾ തന്നെ വരട്ടെ!
ഉപയോഗക്കുറവും എണ്ണക്കൂടുതലും ഒക്കെയായിരുന്നു അന്ന് അക്ഷരങ്ങളെ വെട്ടിക്കുറക്കാൻ പ്രധാന കാരമായത് എന്നുകാണാം. ഇന്ന് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് എന്തും ഏതും എളുപ്പം ഉണ്ടാക്കിയെടുക്കാം എന്ന നിലവന്നിരിക്കുന്നു. അതിവിപുലമായ നമ്മുടെ അക്ഷരസമ്പത്ത് അതേ പടി കാത്തുസൂക്ഷിക്കുന്നതിൽ ഇനി അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഇല്ല. ഏതു ചിഹ്നങ്ങളേയും പ്രോഗ്രാമിങിന്റെ സഹായത്തോടെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അക്ഷരങ്ങൾ ഉണ്ടാവുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് മറ്റേതൊരു ഭാഷയും എളുപ്പം വഴങ്ങുന്നതിനു കാരണമാവും. അതുകൊണ്ട് മലയാളത്തിൽ പണ്ടുണ്ടായിരുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) അടക്കം എല്ലാം ഉൾക്കൊള്ളിച്ചുതന്നെ വികസിപ്പിക്കണം.

മലയാളത്തിലെ faകാരം

ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്. നമ്മുടെ ഫകാരം സ്വത്ത്വമറ്റുപോകാതിരിക്കാൻ faകാരത്തിനായി ഒരു ചിഹ്നം ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു 🙂
ഒരുകാലത്ത്, fa കാരത്തിനായി ആരെങ്കിലും ശബ്ദമുയർത്തിക്കൂടെന്നില്ല – അപ്പോൾ നിസംശയം ഇതുപയോഗിക്കാൻ ഇടവരട്ടെയെന്നാശിക്കുന്നു.

എങ്ങനെയുണ്ട് fa കാരത്തിന്റെ ഈ പുതിയ സിമ്പൽ. കാണുമ്പോൾ തന്നെ fa എന്ന ശബ്ദം ഉള്ളിൽ വിരിയുന്നില്ലേ!  പകാരത്തിന്റെ ചിഹ്നവും ഭകാരചിഹ്നവും കൂട്ടിക്കലർത്തി ഏവർക്കും പെട്ടന്ന് ഓർത്തിരിക്കാവുന്നതും എഴുതാൻ എളുപ്പമുള്ളതും ആണ് ഈ fa-കാരം.

ഗൂഗിൾ പ്ലസിൽ കൊടുത്തത് കാണുക

ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം

സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പേരില്‍ ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം വരുന്നൂ. ബ്രിട്ടനിലെ വെയ്ല്‍സ് നഗരത്തിലെ മൗണ്‍മൗത്താണ് ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം. ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്ന വിക്കിനഗരത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആയിരത്തിലധികം ക്യു.ആര്‍ ((ക്യുആര്‍ പീഡിയ) കോഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ക്യു.ആര്‍ കോഡിന്റെ സഹായത്തോടെ 25 ഭാഷകളിലായി അഞ്ഞൂറോളം ലേഖനങ്ങളാണ് ഇവിടെ വിക്കിപീഡിയ അംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

നഗരത്തില്‍ പതിപ്പിച്ചിട്ടുള്ള ക്യു.ആര്‍കോഡുകളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വഴി പ്രാദേശിക ഭാഷയില്‍ ഈ വിവരങ്ങളുടെ വിക്കിപീഡിയ പേജിലെത്താനും സാധിക്കും. നഗരത്തിലെ സ്‌കൂളുകള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഷോപ്പുകള്‍ എന്നിവയാണ് ഈ ക്യു.ആര്‍ കോഡില്‍ അടങ്ങിയിട്ടുള്ളത്.ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് മൗണ്‍മൗത്തിനെ വിക്കിപീഡിയ നഗരമായി മാറ്റിയെടുത്തത്.  നഗരം മുഴുവന്‍ വൈ ഫൈ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കിയത്.

ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്‍ റി നാലാമന്റെ ജന്മ നഗരമാണ് വെയ്ല്‍സ്. മൗണ്‍മൗത്തിന്റെ സാസ്‌കാരിക ചരിത്രമാണ് നഗരത്തെ വിക്കിപീഡിയ നഗരമായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വിക്കിപീഡിയ വിക്കിമീഡിയ യുകെ വക്താവ് സ്റ്റവി ബെന്‍ടന്‍ പറഞ്ഞു.

ക്യു.ആര്‍ കോഡിന്റെ പ്രവര്‍ത്തനം

ക്യു.ആര്‍ ബാര്‍കോഡ് റീഡറുകള്‍ക്കും, ക്യാമറ ഫോണുകള്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കുന്ന മെട്രിക്‌സ് ബാര്‍കോഡുകളെയാണ് ക്യു.ആര്‍ കോഡ് എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ക്യു.ആര്‍ കോഡുകള്‍ സൃഷ്ടിക്കുന്നത്. വസ്തുവിന്റെയോ, പ്രദേശത്തിന്റെയോ വിവരങ്ങള്‍, യു.ആര്‍.എല്‍(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) എന്നീ വിവരങ്ങള്‍ എന്‍കോഡ് ചെയ്യുകയാണ് പതിവ്.

ക്വിക്ക് റെസ്‌പോണ്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ക്യു.ആര്‍. ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെന്‍സോ വേവ് 1994ല്‍ ആണ് ക്യു.ആര്‍ കോഡ് ആദ്യമായി അവതരിപ്പിച്ചത്.

വാർത്ത ഇന്ത്യാവിഷനിൽ നിന്നും…

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു.

സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും വാതോരാതെ അസഭ്യം പറഞ്ഞ് പ്രസംഗിച്ചു തെളിയിക്കേണ്ടതല്ല പാർട്ടിയുടെ നിരപരാധിത്വം! സഖാവ് ടിപിയുടെ കൊലയുമായി ബന്ധപ്പെട്ടവരെ കുറിച്ച് ഇപ്പോൾ പൊലീസിനു കിട്ടിയതിലും കൂടുതൽ തെളിവുകൾ പാർട്ടിക്ക് കിട്ടിയിരിക്കും. കൊലപാതകികളുടെ സംരക്ഷണം ഏറ്റെടുക്കാതെ അവരെ പിടിക്കാൻ പാർട്ടിഗ്രാമങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് സഖാക്കൾ ചെയ്യേണ്ടത്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയൊക്കെ പുറത്തുകൊണ്ടുവരാൻ സമയം ഇനിയും ഉണ്ട്. ഇപ്പോൾ വേണ്ടത് സഖാവ് ടിപിയുടെ ഘാതകരെ പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്.  കൊലപാതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കൊലപാതകാരാഷ്ട്രീയത്തെ തള്ളിപ്പറയാനും സിപിഎം തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങളൊന്നടങ്കം സിപിഎമ്മിനെ തള്ളിപ്പറയുന്ന കാലം വിദൂരമായിരിക്കില്ല. കൊലപാതക രാഷ്ട്രിയത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയസമീപനം എന്തെന്ന് വിടുവായിത്തം പറയാതെ അവരത് പ്രവൃത്തിപഥത്തിൽ കാണിക്കട്ടെ…

സഖാവ് ടിപിയുടെ അറുകൊലയുമായി ബന്ധപ്പെട്ട് ശക്തമായ കമ്മ്യൂണിസ്റ്റ് വിദ്ദ്വേഷം പടരുകയാണ്, തെളിവുകൾ പാർട്ടിനേതാക്കൾക്കു നേരെ വിരൽചൂണ്ടുമ്പോൾ അവരെ നോക്കി കണ്ണുരുട്ടുന്ന നേതാക്കന്മാരെ വെറുക്കാൻ മാത്രമേ നമുക്കു കഴിയുകയുള്ളു… ചില നേതാക്കന്മാരുടെ ദുഷിച്ചനാക്കും ദുഷ്‌ടലാക്കോടെയുള്ള പദപ്രയോഗങ്ങളും കേൾക്കുമ്പോൾ തന്നെ തോന്നുന്നത് ഇവറ്റകളോടുള്ള അടങ്ങാത്ത വെറുപ്പാണ്. തികഞ്ഞ ദാർഷ്ട്യം കൊണ്ട് പാർട്ടിവളർത്താൻ ഇറങ്ങിയിരിക്കുകയാണ് അഭിനവസഖാക്കൾ. കൃഷ്ണപ്പിള്ളയേയും എകെജിയേയും ഇഎമെസ്സിനേയും സൃഷ്ടിച്ച പാർട്ടിയാണിത് നയനാരും വിഎസും അടക്കമുള്ളവർ തങ്ങളുടെ സഹനസമരത്തിലുടെ ഉയർത്തിക്കെട്ടിയതാണാ ചെങ്കൊടി. അതാണിന്ന് ഒരുകൂട്ടം കാപാലികൾ വ്യഭിചരിക്കുന്നത്!! മഹത്തായ വർഗസമരത്തിന്റെ പ്രതിരൂപമാവേണ്ടതാണു ചെങ്കൊടി. അതിനെ ഇന്നു കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥയേതാണ്? അതിനുത്തരവാദികൾ കാപട്യം മുഖമുദ്രയാക്കിയ ഈ നേതാക്കൾ തന്നെയല്ലേ!

കുഞ്ഞുങ്ങളെ ഇന്നു പെറ്റിടുന്നതുവരെ ഫെയ്‌സ്‌ബുക്കിലേക്കാണ്… അത്തരത്തിലുള്ള ഒരു മീഡിയയിൽ വൻതോതിലുള്ള പരസ്യപ്രചരണമാണ് പാർട്ടിക്കെതിരെ നടക്കുന്നത്… കൊച്ചുകുഞ്ഞുങ്ങളെ വരെ പാർട്ടിയിൽ നിന്നും പിടിച്ചുമാറ്റി നിർത്താനും വെറുപ്പിക്കാനും വിജയൻ സഖാവിനു കഴിഞ്ഞു… കുട്ടികൾക്കറിയില്ല ഈ പാർട്ടിയുടെ പ്രസക്തിയും ചരിത്രവും, അവർക്കത് അറിയേണ്ടതുമില്ല. വർത്തമാനകാല പ്രവർത്തനങ്ങളെ വിലയിരുത്തിയേ അവർ പാർട്ടിയെ അപഗ്രഥിക്കുകയുള്ളൂ. ആ അപഗ്രഥനത്തിൽ പിണറായിരുടെ അഹന്തയ്‌ക്ക് അവർ എത്ര മാർക്കുകൊടുക്കും?

മാർക്സിസ്റ്റ് പാർട്ടിയെ ജനങ്ങളിൽ നിന്നും ഇത്രമാത്രം അകറ്റുകയും തികഞ്ഞ പുച്ഛവും അവജ്ഞയും പ്രതിപലിപ്പിക്കുന്ന സംസാരരീതികൊണ്ട് ജനങ്ങളെ വെറുപ്പിക്കുകയും ചെയ്ത മറ്റൊരു നേതാവുണ്ടോ!… അഹന്തയ്ക്ക് ആൾരൂപം വെച്ച് ഇയാൾ വന്ന് സെക്രട്ടറി പദം ഏറ്റെടുത്തന്നു തുടങ്ങിയതാണ് ഒരു മഹാപ്രസ്ഥാനത്തിന്റെ അധഃപതനം!!  ശരിക്കും ഇദ്ദേഹമല്ലേ പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആ അമേരിക്കൻ ചാരൻ!!!

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു…!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!! ഞായറാഴ്ച അവധി ആയതിനാലാണ് തിങ്കളാഴ്ചത്തേക്ക് അത് മാറ്റിവെച്ചതുതന്നെ!!

വിഷുദിനമായതിനാൽ സകല കടകളും അടഞ്ഞിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (കാവ്യാമാധവന്റെ റിലേറ്റീവാണ് വിനോദും) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു… വിനോദ് വൈകുന്നേരങ്ങളിൽ ഇടയ്ക്കിടെ അവിടേക്ക് വന്ന് ചുമ്മാ തമാശകൾ പറഞ്ഞിരിക്കാറുണ്ടായിരുന്നു.

ആ കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്… വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ… എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും…

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

പകയും വിദ്വേഷവും വെച്ചുപുലർത്തി രാഷ്ട്രീയം ആചരിക്കുന്നത് പണ്ടെന്നോ രക്തത്തിൽ അലിഞ്ഞു ചേർന്ന വടക്കൻപാട്ടുകളുടെ തീഷ്ണതയാവണം എന്നു തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ഉറക്കാൻ വരെ വല്യമ്മമാർ വടക്കൻപാട്ടുകൾ മൂളുന്നത് കേട്ടിട്ടുണ്ട്. ഇതു മനസ്സിരുത്തി കേട്ടുറങ്ങുന്ന കുഞ്ഞുങ്ങൾക്കുള്ളിൽ പകയുടെ, ശക്തിയുടെ, തിരിച്ചടിയുടെ കടുത്ത മുദ്ര പതിയാതിരിക്കില്ലല്ലോ!

Marriage Invitation Card

A Beautiful Journey Continued…

Together with our parents we invite you with great pleasure
to our wedding reception On Sunday, 1st July , 2012 10:30 AM – 11:45 AM
at
Bellur Sri Shiva Temple
Attenganam, Kasaragod Dist.
Kerala, 671531.

Please join us and share our joy as we celebrate a new life together.

Manjusha & Rajesh K

 

Marriage Invitation Card Template 5x7
ഈ വിവാഹ ക്ഷണക്കത്തിന്റെ പ്രിന്റബിൾ വേർഷൻ ആവശ്യമുള്ളവർക്ക് അയച്ചുതരുന്നതാണ്. നിങ്ങൾക്കിത് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റെടുക്കാനുള്ള ഫയലിന് സൈസ് അല്പം കൂടുതലായതിനാൽ ലോഡായി വരാൻ താമസിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം സൈസ് കുറഞ്ഞതാണ്. ഇതിന്റെ ഇംഗ്ലീഷ് വേർഷനും കൈയിൽ ഉണ്ട്. ആവശ്യക്കാർ ചോദിക്കാൻ മടിക്കേണ്ട. ടെപ്ലേറ്റ് അയച്ചു തരുന്നതായിരിക്കും.

==കൂട്ടിച്ചേർക്കൽ – 10 May, 2017 ==
ഇനിയാരും ഈ കാർഡ്, ഈ പോസ്റ്റ് കണ്ടിട്ട് ചോദിച്ചേക്കരുത് കേട്ടോ 🙂 സോഴ്സ് ഫയലിന്റെ കോപ്പിയൊക്കെ അപ്ഡേറ്റ് ചെയ്ത് ആർക്കൊക്കെയോ കൊടുത്തിരുന്നു, ഇപ്പോൾ ഒന്നും കയ്യിൽ ഇല്ല; അതൊക്കെ ഉണ്ടാക്കിയ കമ്പ്യൂട്ടർ പോലും ഇല്ല.

പുതിയ കുപ്പിയിലെ ആ പഴയ കഥ!!

സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനുമായ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ തന്റെ മാനേജരുമായി പൂനയിൽ നിന്നും ട്രൈനിൽ തിരിച്ചുവരികയായിരുന്നു. തൊട്ടടുത്ത സീറ്റിൽ ആരും നോക്കിനിന്നു പോവുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ വല്യമ്മയോടൊപ്പം ഇരിപ്പുണ്ടായിരുന്നു…
——————- ——————- ——————-
കഥാപാത്രങ്ങൾ നാല്
1) സോഫ്‌റ്റ് വെയർ എഞ്ചിനീയർ
2) അയാളുടെ മാനേജർ
3) പെൺകുട്ടി
4) അവളുടെ വല്യമ്മച്ചി
——————- ——————- ——————-
കഥ തുടരുന്നു:
അല്പസമയതന്തിനു ശേഷം ചെറുപ്പക്കാരന്റേയും പെൺകുട്ടിയുടേയും കണ്ണുകൾ പരസ്പരം ഇടഞ്ഞു, അവ തമ്മിൽ കോർത്തുവലിച്ചു… അതിന്റെ സുഖവും ആലസ്യവും അവർ അറിഞ്ഞു തുടങ്ങി…

ട്രൈൻ നീങ്ങുകയാണ്, അല്പസമയത്തിനു ശേഷം വണ്ടി ഒരു ടണലിൽ കയറി. ട്രൈനിലാകെ കട്ടപിടിച്ച ഇരുട്ടു നിറഞ്ഞു.

പൊടുന്നനെ സകലരേയും പുളകിതരാക്കിക്കൊണ്ട് ഒരു ചുംബനത്തിന്റെ ശീൽകാര ശബ്‌ദം അവിടെ മുഴങ്ങി… തൊട്ടുപുറകേ മുഖമടച്ച് ഒരടി കിട്ടിയതിന്റെ ശബ്‌ദവും!!

ട്രൈൻ ടണലിനു പുറത്തെത്തി!! എല്ലാവരും പരസ്‌പരം നോക്കി!!

വല്യമ്മച്ചി ചിന്തിച്ചു:
ച്ഛെ!! ഈ പയ്യൻസ് തീരെ ശരിയില്ല!! ഇവനെങ്ങനെ എന്റെ മോളെ ഇങ്ങനെ പരസ്യമായി ഉമ്മവെച്ചു!! എന്തായാലും എന്റെ പൊന്നുമോൾ നല്ലകുട്ടിയാ മുഖമടച്ച് ഒന്നു കൊടുത്തുവല്ലോ!! അതുമതി…

മാനേജർ ചിന്തിച്ചു:
വിശ്വസിക്കാൻ കഴിയുന്നില്ല!! എന്തിനാ ഇവനവളെ ഉമ്മവെച്ചത്!! എന്തോ, കാലക്കേടിന് ആ പെണ്ണ് തല്ലിയത് എന്നേയും… എന്തായാലും മിണ്ടേണ്ട..

പെൺകുട്ടി:
വൗ!! എന്തു സുന്ദരമായിരുന്നു ആ നിമിഷങ്ങൾ! ഒരുമ്മയ്ക്ക് ഇത്ര വികാരപാരവശ്യം ഉണ്ടാക്കാനാവുമോ!! വണ്ടി ഇനിയും ഒരു ടണലിൽ കയറിയിരുന്നെങ്കിൽ!! വല്യമ്മച്ചി അടിച്ചതിൽ പ്രയപ്പെട്ട ചെറുപ്പക്കാരാ ഞാൻ ക്ഷമ ചോദിക്കുന്നു… 🙁

അവസാനം നമ്മുടെ ചെറുപ്പക്കാരൻ ഇങ്ങനെ ചിന്തിച്ചു:
വൗ!! എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം!! ഇങ്ങനെയൊരു നിമിഷം ഇനിയൊരിക്കലും വന്നെന്നിരിക്കല്ല!! സുന്ദരിയായ ഒരു പെണ്ണിനെ ഉമ്മവെക്കുന്നതിനോടൊപ്പം തന്നെ എന്റെ മാനേജറുടെ കരണക്കുറ്റി നോക്കി ഒന്നുകൊടുക്കാനും പറ്റി!!

ഗൂഗിളിൽ അർത്ഥം തെരയാൻ!!

എന്തിനുമേതിനും നമ്മൾ ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണല്ലോ ഗൂഗിൾ സേർച്ച് എഞ്ചിൻ. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ കാര്യമാത്രപ്രസക്തമായ വിവരങ്ങൾ തന്നെ കിട്ടാൻ വേണ്ടി ഗൂഗിൾ ചില സൂത്രങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. അതിലൊന്നാണിത്.

രു വാക്കിന്റെ അർത്ഥം അറിയാനായി ഒരുവൻ ഗൂഗിചെയ്യുന്നത് ഇന്നു യാദൃശ്ചികമായി കണാനിടയായി!! babysitting എന്ന വാക്കിന്റെ അർത്ഥമറിയാനായിരുന്നു ഈ പരാക്രമമത്രയും… കുറച്ചുസമയം നോക്കിനിന്ന ഞാൻ അവനീ സൂത്രം പറഞ്ഞുകൊടുക്കുകയുണ്ടായി. നെറ്റിൽ കളിക്കുന്ന പലർക്കും ഇതറിയും; എന്നാലും അറിയാത്തവരും കാണും എന്ന ധാരണയിലാണിതിവിടെ ഷെയർ ചെയ്യുന്നത്.

ബേബിസിറ്റിങിന്റെ അർത്ഥമറിയാൻ ആ സുഹൃത്ത് ആദ്യം babysitting എന്നു മാത്രം ഗൂഗിൾ ചെയ്തു നോക്കി
പിന്നെ babysitting , meaning എന്നു നോക്കി, അതുകഴിഞ്ഞ് meaning of babysitting എന്നു നോക്കി…
അപ്പോഴൊക്കെ കിട്ടിക്കൊണ്ടിരുന്നത് വിക്കീപീഡിയ, ഡിക്ഷണറീസ് പോലുള്ള മറ്റുപല സൈറ്റുകളുടേയും ലിങ്കുകളാണ്.

ഗൂഗിളിൽ ഒരു വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാനുള്ള എളുപ്പവഴി അർത്ഥം കണ്ടുപിടിക്കേണ്ട വാക്കിനെ define: ചേർത്തെഴുതി സേർച്ച് ചെയ്യുന്നതാണ്.

ഇവിടെ നമ്മുടെ കാര്യത്തിൽ define:babysitting എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ മതിയാവും!
ഏതൊരു വാക്കിനേയും ഇങ്ങനെ സേർച്ച് ചെയ്താൽ അതിന്റെ ശരിയായ പ്രൊനൗൺസിയേഷൻ അടക്കം കിട്ടും.

ഉദാഹരണങ്ങൾ നോക്കുക:
1) define:babysitting
2) define:ombudsman
3) define:collage

അവൽമിൽക്ക്

പാചകങ്ങൾ ഓരോന്നായി പഠിച്ചുവരുന്നു. പെണ്ണുകെട്ടാൻ പോകുന്നതിന്റെ മുന്നോടിയായ് പാചകം പഠിക്കുകയാണെന്നൊന്നും കരുതിയേക്കരുത്. എന്തായാലും കഴിഞ്ഞ മൂന്നാലു മാസങ്ങളായി ചില പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുകയുണ്ടായി. അതിൽ മുഖമടച്ച് ഒരു അടിയെന്ന പോലെ ഒരിക്കൽ ഒരു അനുഭവമുണ്ടായത് ചോളം ഇട്ടിട്ട് ചോറ് വെച്ചതാണ്. ഓഫീസിൽ നിന്നും ഇടയ്ക്കൊക്കെ കിട്ടാറുള്ള ഒരു ഭക്ഷണമായതുകൊണ്ട് പരിചയക്കേടില്ലായിരുന്നു. ചോളമിട്ട് ചോറും വെച്ചു. പക്ഷേ, രണ്ട് ദിവസം ചർദ്ദിയും തൂറ്റലുമായി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു. സാരമില്ല; ഇതതുപോലെയുള്ളതല്ല. ആർക്കും ധൈര്യപൂർവം ചെയ്യാവുന്നതാണ്; ഞാൻ ഗ്യാരണ്ടി!!!

അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത് ഏകദേശം അവൽപ്രഥമൻ പോലിരിക്കും. ഇതിൽ ചേർക്കേണ്ട അവൽ സാധാരണ കാണുന്ന വെളുത്ത കട്ടികുറഞ്ഞ അവലല്ല. ഇടിച്ചുണ്ടാക്കുന്ന അല്പം കട്ടികൂടിയ അത്ര വെളുപ്പല്ലാത്ത അവലില്ലേ ( അതിന്റെയൊക്കെ പേരെന്താണോ എന്തോ…!!)

ചേരുവകൾ

 

1) ഒരു ഗ്ലാസ് പാൽ
2) ചെറുപഴം 5, 6 എണ്ണം (നല്ല ഞാലിപ്പൂവനായാൽ ബെസ്റ്റ്)
3) ഒരു 3, 4 ടീസ്‌പൂൺ അവൽ ( അവൽ ഏതു വേണമെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്)
4) വെള്ളം (അത്യാവശ്യമല്ല എന്നാലും ആ പാലെടുത്ത ഗ്ലാസ് കൈയിലില്ലേ അതിൽ ഒരു കാൽഗ്ലാസ് മതി)
ഇത്രേം മതി – എന്നാലും ഒരു വഴിക്ക് പോവുകയല്ലേ ഇതും കൂടിയിരിക്കട്ടെ
5) ഒരല്പം ഏലക്ക (4,5 എണ്ണം മതിയാവും) ഒന്ന് ചതച്ചെടുത്തോളൂട്ടോ
6) കുറച്ച് ഉണക്ക മുന്തിരി – അതും വളരെ കുറച്ച് മതി
7) പഞ്ചസാര – എനിക്കിഷ്ടമല്ലാട്ടോ എന്നാലും കുറച്ചിട്ടോളൂ – കുറച്ച് മതി.

ഉണ്ടാക്കേണ്ട വിധം
 പഴങ്ങൾ തൊലിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പനാക്കിവെയ്ക്കുക. വേണമെങ്കിൽ ഓരോ പഴവും ഈരണ്ട് കഷ്ണമാക്കി മുറിച്ചിട്ടോളൂ.  എന്നിട്ട് ഇത് മിക്സിയിൽ ഇട്ട് പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചാസാരയും ചേർത്ത് ഒന്നു കറക്കി എടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. അവൽ അധികം പൊടിഞ്ഞ് പോവരുത് കേട്ടോ…!

ഇനിയൊന്നു രുചിച്ചു നോക്ക്യേ!!! എന്താ ടേസ്റ്റ്!! നല്ല ഉച്ചയ്ക്ക് ഇത് രണ്ട് ഗ്ലാസ് തട്ടിയാൽ അന്നെത്തെ കാര്യം കുശാലായി. വഴിയോരങ്ങളിൽ വാണിഭക്കാർ ഇത് മിക്സിയിലിട്ട് അടിച്ചിട്ടൊന്നുമല്ല തരിക, അവർ ഒരു മുരടയിൽ പഴങ്ങൾ ഇട്ടിട്ട് മരം കൊണ്ടുണ്ടാക്കിയ ഗദപോലൊരു സാധനം കൊണ്ട് ഉടച്ചുടച്ചാണിതുണ്ടാക്കുന്നത്. മിക്സിയിലിട്ടാൽ കാര്യം എളുപ്പമായി..