അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

— ഒരു തമാശപ്പാട്ട് —

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്ക്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
“നാണമില്ലല്ലോട കള്ളാ…”

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍…

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ…

കക്കാതെ കവരാതെ കള്ളം പറയാതെ
കള്ളനായ്‌ തന്നെ വളര്‍ന്നു…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം…
തളരും തനുവോടെ… ഇടറും മനമോടെ…
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ….
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി…
വര്‍ണ്ണരാജിനീട്ടും വസന്തം വര്‍ഷശോകമായി…
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി….
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ……

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍…
കാറ്റുമിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ…
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം…
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ….

പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…

പാടുവാന്‍ മറന്നുപോയ്…
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു…

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൗന നൊമ്പരം ശ്രുതിയായ്….

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍…

എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിയ്ക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാല്‍ ഞാനുയര്‍ത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമേഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍..
സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിയ്ക്കാന്‍ എന്റെ കൂടെ പോരുമോ നീ..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ

രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ…