Skip to main content

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കുകൂലി - nokkukooliഅങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.

അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന്‌ ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന്‌ 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.

അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ്‌ പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്‌” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?

അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ‌ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!

ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.

അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.

30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.

പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights