നമ്മുടെ ചുറ്റുപാടുകളെ കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും മറ്റുമായി കഴിഞ്ഞവർഷം ശ്രീ വി. സി. ബാലകൃഷ്ണൻ മാഷിൻ്റെ നേതൃത്വത്തിൽ കൂടിച്ചേർന്ന ഒരുക്കൂട്ടം ആളുകളുടെ കൂട്ടായ്മയാണു വോക്ക് വിത്ത് വിസി. പലപല യാത്രകളിലായി നിരവധി ആളുകൾ പങ്കെടുക്കുകയുണ്ടായി. വിവിധ വിഷയങ്ങളിൽ അനുഭവപരിചയവും അറിവും ഉള്ളവർ തന്നെയായിരുന്നു കൂടുതലും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ വയലുകൾ, നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ എന്നീ മേഖലകളിൽ ഇതിനകം ഈ സംഘം പത്തിലധികം ഫീൽഡ് ട്രിപ്പുകൾ നടത്തിക്കഴിഞ്ഞു. കോറോം, കാനായിക്കാനം, മാടായിപാറ, കാരക്കുണ്ട്, പൊന്നുരുക്കിപ്പാറ പൂവത്താർകുണ്ട്, പുലിക്കുരുമ്പ, രാമന്തളി, ബ്ലാത്തൂർ കല്യാട്, കുന്നത്തൂർപാടി എന്നീ പ്രദേശങ്ങളിൽ ചിട്ടയോടെയുള്ള പഠനങ്ങൾ നടത്തുകയും വിവിധ സസ്യ ജന്തുജാലങ്ങളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഒരുവർഷം കൊണ്ട്, ഒത്തിരിപ്പേർ പകർത്തിയ ചിത്രങ്ങളും അനുബന്ധ അറിവുകളും ഒത്തുചേർത്ത്, ബയോഫിലിയ 2023 എന്നപേരിൽ പയ്യന്നൂർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും വിവിധ ക്ലാസുകളും നടന്നുവരികയാണ്. പതിനേഴാം തീയതിവരെ അതുണ്ട്.
ചിത്രപ്രദർശനം ഗംഭീരമാണ്. നിറപ്പകിട്ടോടെയുള്ള നൂറോളം ചിത്രങ്ങൾ ഉണ്ട് പ്രദർശനവേദിയിൽ. അങ്ങനെ ചിത്രങ്ങൾ കൃത്യതയോടെ പ്രസൻ്റ് ചെയ്യാൻ വിസി ബാലകൃഷ്ണൻ മാഷും മണ്ടൂർ ഗോവിന്ദൻ മാഷും കഷ്ടപ്പെട്ടതു ചെറുതല്ലെന്ന് കണ്ടറിയാനാവും. വെറുമൊരു ചിത്രം മാത്രമല്ലത്, ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നേപ്പോലുള്ളവർക്കൊക്കെ ഒരു ചിത്രം കാണുമ്പോൾ തോന്നുന്ന സൗന്ദര്യബോധത്തിനപ്പുറം മറ്റൊന്നുമില്ലിത്; അതേ സമയം, ഇത്തരം വിവരങ്ങൾക്കായി അലയുന്നവരും നിരവധിയുണ്ട് നമുക്കിടയിൽ. അവർക്കു തീർച്ചയായും ഇതൊരനുഗ്രഹം തന്നെയായിരിക്കും.
ഇവയൊക്കെയും, നാൾക്കുനാൾ എണ്ണം കൂട്ടി, ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ലഭ്യമാവുന്ന തരത്തിൽ ഓൺലൈനിൽ എത്തിക്കേണ്ടതുണ്ട്. ആവശ്യക്കാർ ഏറെയുണ്ടല്ലോ; അവർക്കും ലഭ്യമാവട്ടെ വിവരങ്ങൾ.
കൊണ്ടും കൊടുത്തും സഹായിക്കാതെ, എല്ലാം എൻ്റേതുമാത്രമെന്നു കരുതി, കോപ്പിറൈറ്റ്സും കെട്ടിപ്പിടിച്ചു കിടക്കുന്നവരും ഏറെയുണ്ട്, അവരിൽ നിന്നും പരസഹായം ലഭ്യമാവുമെന്നു കരുതേണ്ടതില്ല. അവരുടെ അറിവുകൾ അവരോടെ തീരാൻ മാത്രം വിധിക്കപ്പെട്ടവയാവും. തീർച്ചയായും അതുപോലെയാവില്ല ഇത്.