Skip to main content

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.

തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി

സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..

കവി-മുരുകന്‍ കാട്ടാക്കട

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights