Skip to main content

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

കുഞ്ചൻ നമ്പ്യാർ

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം
kunjan nambiar, കുഞ്ചൻ നമ്പ്യാർ, തുള്ളൽ കവിതകൾ
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം.

നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന മൂന്നുപേർ. രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു സ്ഥിരീകരണം അതിനിന്നും കണ്ടെത്താനായിട്ടില്ല.

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലികളും തന്‍റെ രചനകളിലുടനീളം സമർത്ഥവും സരസവുമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കവിയോ, സാഹിത്യക്കാരനോ വേറെ ഉണ്ടാവാൻ തരമില്ല. നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടുകയായിരുന്നു തൊഴില്‍. മിഴാവു കൊട്ടുന്നതിനിടയില്‍ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചുവെന്നും അതിനു പകരംവീട്ടാനായി പിറ്റേന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് തുള്ളലവതരിപ്പിച്ച് കൂത്തിന്റെ കാണികളെ ആകര്‍ഷിച്ചു എന്നുമാണ് തുള്ളലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം. ദേഷ്യം തീർക്കാൻ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു തുള്ളൽ എങ്കിലും പിന്നീട് ആ കലാരൂപത്തിന്റെ മാധുര്യം എല്ലാരുടെയും ശ്രദ്ധയാകർഷിച്ചു. ഓട്ടൻ തുള്ളൽ 21 ഉം ശീതങ്കൻ തുള്ളൽ 11 ഉം പറയൻ തുള്ളൽ 9 ഉം വീതം നാല്പത്തൊന്ന് തുള്ളൽ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികം, ഘോഷയാത്ര, സ്യമന്തകം, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്ത്യാവീര്യാർജ്ജുനവിജയം, ബകവധം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം മുതലായവയാണ് പ്രധാന തുള്ളൽ കൃതികൾ. പാണ്ഡിത്യത്തിലല്ല, രചനയുടെ ലാളിത്യത്തിലാണ് നമ്പ്യാർ ശ്രദ്ധ കൊടുത്തത്. എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതും ഒപ്പം രസകരവുമായതും ആയ രീതിയിലാണ് അദ്ദേഹം ഓരോ കാര്യവും പറഞ്ഞു വന്നത്.തന്റെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം മുഖം നോക്കാതെ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയിരുന്നു. തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ “കരി കലക്കിയ കുളം” എന്നും നമ്പ്യാർ “കളഭം കലക്കിയ കുളം” എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ “കാതിലോല?” (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ “നല്ലതാളി” (നല്ലത് ആളി – തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

ഒരിക്കൽ ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
“അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.“
ഉടനെ നമ്പ്യാരുടെ മറുപടി, “വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.“ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെയായിരുന്നു എന്ന് പ്രചാരത്തിലുള്ള ഇതുപോലെ പലകഥകളും വ്യക്തമാക്കുന്നു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-

“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”

കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

“ രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ”

ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ഇങ്ങനെ ചോദിച്ചു.
ശാന്തി: “ആരാ..?”
നമ്പ്യാർ: “നമ്പ്യാരാ..”
ശാന്തിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പ്യാരിങ്ങനെപറഞ്ഞു:
“നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം.”

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ

ആശാനക്ഷരമൊന്നു പിഴച്ചാൽ, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ, എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ, അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ, ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ, തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ, കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ, ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോടു അടുക്കില്ലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ, ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.

തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.

വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.

ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.

എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

വിക്കിപീഡിയയിൽ: കുഞ്ചൻനമ്പ്യാർ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights