Skip to main content

റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് കാഞ്ഞങ്ങാട്

റോയൽ ഫൂട് വെയർസ് കാഞ്ഞങ്ങാട്ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ആ നല്ല പെരുമാറ്റം ഒരു കുളിർമ്മ തന്നെയായിരുന്നു, കാരണം മിക്ക ഷോപ്പുകളിൽ നിന്നും കിട്ടാത്തതാണല്ലോ ഇതൊക്കെ.

ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ടദ്ദേഹം, അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു അത്ഭുതം എന്നിലുണ്ടാക്കി ആ വർത്തമാനം.

എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ സംതൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറിൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക് കയറാൻ തുനിയുമ്പോൾ ആ കടയിലെ സെയിൽസ് മാൻ വന്നു കൈയ്യിൽ പിടിച്ചു പറഞ്ഞു, ഒരു ഐസ്ക്രീം വാങ്ങി തന്നാൽ ഞാൻ ഒരു കാര്യം പറയാം എന്ന്. കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞു നിങ്ങൾ കൊടുത്ത 1000 രൂപയോടൊപ്പം മറ്റൊരു 1000 രൂപകൂടിയുണ്ടായിരുന്നു എന്ന്. സെയിൽസ്മേൻ ഞങ്ങളേയും നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ റോഡ് മുറിച്ചു കടന്ന് ഷോപ്പിലെത്തി. കടയുടമ സന്തോഷത്തോടെ ആ 1000 രൂപ തിരിച്ചു തന്നു.

ജോസ് എന്നാണു പുള്ളിക്കാരന്റെ പേര്. എറണാകുളം കാരനാണ്. കഴിഞ്ഞ 40 വർഷമായി പുള്ളി കാഞ്ഞങ്ങാട് ബിസിനസ്സ് ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് താങ്ക്സും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇനി ഞങ്ങൾക്ക് സ്റ്റേഷണറിക്ക് മറ്റൊരു കട തേടി കാഞ്ഞങ്ങാട് അലയേണ്ടതില്ല. ഇത്തരം നന്മ ഉള്ളിൽ സൂക്ഷിക്കുന്ന ആളുകളെ അറിഞ്ഞുകൊണ്ട് ഒഴിവാക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാടുള്ളവർ ജോസ് ചേട്ടന്റെ നല്ല മനസ്സിനെ കാണാതെ പോകരത്. ബസ്റ്റാസ്റ്റാന്റിനോട് ചേർന്ന് നിലേശ്വരം ദിശയിൽ കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ ഷോപ്പാണ് റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ്. കാഞ്ഞങ്ങാട് വിൽക്കുന്ന സാധനങ്ങളുടെ യഥാർത്ഥ വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശിപ്പിക്കുന്ന രണ്ടുഷോപ്പുകളിൽ ഒന്നാണിത്. രണ്ടാമത്തേത് ചമയമാണ്.

ആയിരം രൂപയുടെ കാര്യമല്ല; അത് തിരിച്ചുതരാൻ ജോസ് ചേട്ടൻ കാണിച്ച ആ മനോഭാവത്തിന് ഒരു ബിഗ് സല്യൂട്ട്!!

ഈ സംഭവത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.,
ഗൂഗിൾ പ്ലസ്സിൽ.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights