കാസർഗോഡടക്കം മറ്റുള്ള പല സ്ഥലങ്ങളിലും ബിജെപി കയറിവരാൻ പ്രധാന കാരണം കോൺഗ്രസാണ്; അല്ലെങ്കിൽ കോൺഗ്രസിന് ലീഗുപോലുള്ള വർഗീയപാർട്ടികളോടുള്ള അമിത സ്നേഹമാണ്. ഹിന്ദുക്കളുടെ ഇടയിൽ വൻതോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ഇതു കാരണമാവുന്നു. ബിജെപി അതു നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ വര്‍ഗീയമായ ധ്രുവീകരണം മുസ്ലീങ്ങളുടെ വര്‍ഗീയ ശക്തിപ്പെടലിനു തിരിച്ചും കാരണമാവുന്നു. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. ക്രിസ്ത്യാനികളുടേയും നായന്മാരുടേയും ശക്തമായ ഏകീകരണം കോണ്‍ഗ്രസിന്റെ ഈ വൃത്തികെട്ട അധികാര ദുര്‍മോഹം വഴി ശക്തമാവുന്നു. വോട്ടുവാങ്ങി ജയിച്ചുകേറുന്ന ഇത്തരം വെറുക്കപ്പെട്ട ജന്മങ്ങള്‍ സുപ്രധാനവകുപ്പുകള്‍ വിലപേശിവാങ്ങിച്ച് അധികാരദുര്‍വിനിയോഗം നടത്തുന്നതും പലതവണ നമ്മള്‍ കണ്ടു കഴിഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടവര്‍ അത്തരം വികാരങ്ങളെ കുത്തിയും തോണ്ടിയും വ്രണപ്പെടുത്തി വോട്ടാക്കി വാങ്ങിക്കുന്നു. അധമവികാരങ്ങളായി അവ മനസ്സില്‍ അടിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിച്ചു മരിക്കുന്ന ഒരു നാളെ നമുക്കു വിദൂരമല്ല.
മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള ഏകീകരണം മൂലം ഒരു കാലത്തു നമ്മള്‍ നന്നാവാന്‍ പോകുന്നില്ല. പരസ്പര വിദ്വേഷത്തിനും, ചൂഷണങ്ങള്‍ക്കും അല്ലാതെ ഇവകൊണ്ട് ഇക്കാലത്ത് നേട്ടങ്ങളൊന്നും തന്നെയില്ല. ഒന്നും വേണ്ട എന്നു പറയുന്നില്ല. എല്ലാം ആയിക്കോട്ടെ; മുമ്പും ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ. പക്ഷേ, ജാതിയേയും മതത്തെയും രാഷ്ട്രിയത്തില്‍ നിന്നും മുക്തമാക്കുക തന്നെ വേണം. രാഷ്ട്രീയമായി ഒരു മതവും ഏകീകരിക്കരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെയോ ജാതിയേയോ കരുവാക്കുകയും അരുത്. ദൗര്‍ഭാഗ്യകരമെന്നുതന്നെ പറയാം അധികാരം നോട്ടംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന പൊറാട്ടുനാടകം കേരളത്തില്‍ ദൂരവ്യാപകമായ പല ദൂഷ്യങ്ങല്‍ക്കും സാക്ഷ്യം വഹിക്കും. ഈ പോക്കുപോയാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇതിനുവേണ്ടി ബലിയാടാവുമെന്നു തോന്നുന്നു.
തിരുവനന്തപുരത്തും കാസര്‍ഗോഡും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഫിന് ഇപ്രാവശ്യം പ്രവചിച്ചതുപോലുള്ള തോല്‍വി ലഭിക്കാതിരുന്നതിനും ഒരു മുഖ്യകാരണം കോണ്‍ഗ്രസിന്റെ വര്‍ഗീയകൂട്ടായ്മയോടുള്ള ജനങ്ങളുടെ അനഭിമതം തന്നെയാണ്. സമീപഭാവിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസും കേരളവും വലിയ വില നല്‍കേണ്ടിവരും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിംങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?
കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.
ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട് “കേരളത്തില്‍” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍ത്താല്‍ (ഏപ്രില്‍ 27, 2010) ആരംഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍ട്ടിയിലെ മെമ്പര്‍മാര്‍ മാത്രം പണിമുടക്കി വീട്ടിലിരുന്നാല്‍ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇവര്‍ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും ഈ കക്ഷികളുടെ പോക്ഷകസംഘടനകളിലെ മെമ്പര്‍മാരും ഒക്കെ കൂടുമ്പോള്‍ തന്നെ ലക്ഷങ്ങള്‍ ആവുമല്ലോ..! അവര്‍ അവരുടെ കടകള്‍ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ മരിച്ചാല്‍ പോകാതിരിക്കട്ടെ… മറ്റു പാര്‍ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ ഏതു നിയമമാണാവോ ഇവര്‍ക്കു കൂട്ടുനിക്കുന്നത്? ഈ കാണിക്കുന്നത് ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം കണ്ട്, തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!
ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍ത്താല്‍ കൊണ്ട് നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും ആക്രമങ്ങളില്‍ പെട്ട് പല ജീവനും കൊഴിഞ്ഞുപോയിട്ടുമുണ്ട്; ലക്ഷങ്ങളുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം കഴിഞ്ഞ പ്രാവശ്യം ഏതോ പത്രത്തില്‍ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍ ഒരു സഖാവുപറഞ്ഞത് അതു കുത്തകബൂര്‍ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രംഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍. നേതാക്കളാവട്ടെ വിദേശങ്ങളില്‍പോയി പിരിവെടുത്ത കോടികള്‍ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.
ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍ എത്തേണ്ടവര്‍ ഇന്നെന്തുചെയ്യും? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി അനുഭവിക്കു മാനസിക സമ്മര്‍ദ്ദം ഏതു പാര്‍ട്ടിക്കാരന്‍ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും ആഘോഷങ്ങളും മറ്റും, മരണവീടുകളിലും മറ്റും എത്തിച്ചേരാന്‍ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…
ഇവിടെ, ബാംഗ്ലൂരിലായിട്ടുപോലും കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു പ്രാവശ്യം എനിക്കു പണി കിട്ടിയിട്ടുണ്ട്. ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമൊക്കെ.
ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ് നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍, ഓരോ ഏരിയ ഓരോ ലോക്കല്‍ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം മാറിവന്ന ബന്ദാണു ഹര്‍ത്താലെന്ന് കോടതി അറിഞ്ഞില്ല എന്നുണ്ടോ?.
വാല്‍കഷ്‌ണം
ഇന്നു നടന്ന ഹര്‍ത്താല്‍ ദിനപരിപാടികളില്‍ ചിലത്. ഫോട്ടോകള്‍ മനോരമയില്‍ നിന്നും
കോടതിയും ഹര്‍ത്താലും
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവുപ്രകാരം ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിപ്പിക്കതിരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വേണ്ടിവന്നാല്‍ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം നിലനിര്‍ത്തണമെന്നു കോടതി പറയുന്നു.
കോടതി പറഞ്ഞ ചില കാര്യങ്ങള്‍
ഹര്‍ത്താലില്‍ ഭരണഘടനാ സ്തംഭനവും മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്രമസമാധാനപാലനത്തിന് ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍ ജില്ലാഭരണകൂടത്തിനും പൊലീസ് അധികാരികള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം.