പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം – ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്.
ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുൻകരുതലെടുത്തിരുന്നു. വല്യമ്മയൊക്കെ പുലിയെ നേരിട്ടു കണ്ടതും കുഞ്ഞായിരുന്ന അമ്മയെ എടുത്ത് പടിഞ്ഞാറ്റയിൽ ഒളിച്ചിരുന്നതും അടക്കമുള്ള കഥകൾ പറഞ്ഞുതന്നതോർക്കുന്നു. അവർക്കന്ന് പശുക്കളെ മതിയായിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു. പഴമക്കാരുടെ കഥകളിലൊക്കെയും പുലികൾ വന്ന് പശുത്തൊഴുത്തിൽ നിരങ്ങാറുള്ള കഥകൾ ഉണ്ടെന്നു മാത്രം.
ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. അതാണു മേലെ പുലിക്കഥ പറയാൻ കാരണം. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. പണ്ട് അവർ പറഞ്ഞുതന്ന കഥകളോർക്കുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തുവത്രേ! മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! കുറേ നേരം കണ്ണടച്ചു പ്രാർത്തിച്ചുവെന്നു കഥ. ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ – 🙂 വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. മുത്തപ്പന്റെ പേരിൽ അങ്ങനെയൊരു ശീലിന്നുമുണ്ട് – വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവം എന്നാണു പറയുക.
പുലികൾ നടന്നകന്നു… വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. അന്ന് ബസ്സുകൾ നിലവില്ലായിരുന്നു! പോക്കുവരവുകൾ കാൽനടയിലൂടെ മാത്രം!! പറശ്ശിനിക്കടവെത്തി, മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും നിന്റെ കൂടെ എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. വല്ല്യച്ചൻ മുത്തപ്പനായി ഒരു മടപ്പുര പണിതു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു… പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു… ഒരു ആചാരമായി അന്നുമുതലേ ആ ക്ഷേത്രവും ആചാരവും നിലനിൽക്കുന്നു. നായാട്ടൊക്കെ ഇന്ന് വെറും പ്രഹസനം മാത്രമായി മാറി. മാനോ പന്നിയോ പോയിട്ട് ഒരു അണ്ണാറക്കണ്ണനെ പോലും കിട്ടാത്ത അവസ്ത്ഥയാണു കാട്ടിലുള്ളത്.
മുത്തപ്പൻ മടപ്പുരയും വെള്ളാട്ടവും – ഒടയഞ്ചാൽ
പുലിയുടെ കഥയും അതുപോലെതന്നെ. വെറും കാടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം… നമ്മുടെ കോഴികളും വേണം… കോഴികളെ പിടിക്കാൻ കുറുക്കൻ വേണം… അങ്ങനെയങ്ങനെ പോകുന്നു ആ കഥ… കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്… എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!! വംശനായമൊക്കെ മിക്ക സങ്കേതങ്ങളിലും നടന്നു കഴിഞ്ഞു, സംരക്ഷിച്ചു വെയ്ക്കുന്ന മൃഗശാലകളിൽ നമുക്കായി ഒരു ജീവിതം ജയിലറയിലെന്ന പോലെ അവർ തള്ളി നീക്കുന്നുണ്ടെന്നു പറയാം!
മുത്തപ്പൻ തെയ്യവും പുലിയുമായി ബന്ധമൊന്നുമില്ല. ഒടയഞ്ചാലിലെ മുത്തപ്പൻ മടപ്പുരയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സ്ഥാനം ഉണ്ടെന്നു പറയുകയായിരുന്നു. മുത്തപ്പനിലുള്ള വിശ്വാസവും കിട്ടിയ സംരക്ഷണവും തന്നെയായിരുന്നു വിഷയം.
അനുബന്ധമായി പറയാൻ ചിലകാര്യങ്ങൾ കൂടിയുണ്ട്
തുലാവം 10 ന്റെ വകയായുള്ള ആഘോഷമായാണു മുത്തപ്പൻ തെയ്യം ഒടയഞ്ചാലിൽ നടക്കുക. വർഷാചരണം കൂടതെ ആരെങ്കിലും നേർച്ച നേർന്നിട്ടുണ്ടെങ്കിൽ അതും ഓരോ ദിവസങ്ങളിലായിട്ടുണ്ടാവും. കഴിഞ്ഞവർഷം തെയ്യം കാണാൻ ഞങ്ങളും പോയി. ആമീസിനെ കണ്ട തെയ്യത്തിന് അവളെ ഏറെ ഇഷ്ടമായി. തെയ്യവും ആമിയും നല്ല കൂട്ടായിരുന്നു അന്ന്. തെയ്യം ആമിയുടെ കൈയും പിടിച്ചി നടയ്ക്കലേക്ക് കൊണ്ടുപോയി. പലതും പറഞ്ഞു. മറുപടിയൊക്കെ കൃത്യമായി ആമിയും പറഞ്ഞു. വരാൻ നേരത്ത് ആമിയോട് തെയ്യം ചോദിച്ചു നിനക്കെന്താ മുത്തപ്പൻ തരേണ്ടത് എന്ന്…
കണ്ടുനിന്ന സകലരേയും ചിരിപ്പിച്ചുകൊണ്ട് ഏറെ സന്തോഷത്തോടെ ആമീസു ഉച്ചത്തിൽ പറഞ്ഞു “ചോക്കലേറ്റ് വേണം” എന്ന്… തെയ്യം വരെ ചിരിച്ചു കാണണം. മുത്തപ്പനെ എപ്പോഴൊക്കെ ഓർക്കും എന്നു ചോദിച്ചപ്പം രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നു അവൾ പറഞ്ഞു. ചോക്കലേറ്റ് ചോദിച്ച ആമീസിന് തന്റെ മുടിയിൽ നിന്നും നീളമുള്ളൊരു മുല്ലപ്പൂമാല പറിച്ചെടുത്ത് തെയ്യം കൊടുത്തു; തുടർന്ന് അവളെ എന്റെ അടുത്തേക്ക് കൊണ്ടുവിട്ടു…
കുറിച്യരെ ഒന്നിച്ചു നിർത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തിൽ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനും വേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളിൽ. നാടുകാർ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേർന്ന് അവർക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങൾ അവനോടുള്ള സ്നേഹാദരങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി. പുരാവൃത്തങ്ങൾക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിത തപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതർക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങൾക്കു പുതിയ വ്യാഖാനങ്ങൾ നൽകിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പൻ. അവസനാകാലത്ത്‍ മുത്തപ്പൻ താമസിച്ചത് കുന്നത്തൂർപാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താൽ പ്രസിദ്ധമായിത്തീർന്നു. അവിടെ എത്തുന്ന ഭക്തജനങ്ങൾ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. സവർണഹൈന്ദവതയിൽ നിന്നുള്ള ശക്തമായ വ്യതിചലമായി ഉദാഹരിക്കാവുന്ന ഒന്നും കൂടിയാണിത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താൻ പണ്ടു നയിച്ച നായാട്ടും മധുപാനവും ഒക്കെ പുനർജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പൻ. അവരുടെ ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തിൽ ജൈനമതക്കാർ തങ്ങളുടെ ദേവനായ തീർത്ഥങ്കരനേയും ബുദ്ധമതക്കാർ ബുദ്ധനേയും (ശ്രീബുദ്ധനുൾപ്പടെ) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ആ വഴിയിലൂടെ ചിന്തിക്കിൽ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ് മലയാറ്റൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്.
സവർവണ്ണരിൽ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂർത്തിയായി -തെയ്യമായി- വിളിച്ചാൽ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന ദൈവമാണു മുത്തപ്പൻ. കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നൽകിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പൻ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ, കോലത്തുനാട്ടുകാരുടെ മനസ്സിൽ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനൽരൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം.
പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ പ്രാർത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ ദമ്പതികൾ. ഒരിക്കൽ, ഒരു പുലർകാലവേളയിൽ കുളിക്കാനായി ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ പാടിക്കുറ്റിയമ്മ. ആറ്റിൻകരയിലെത്തിയ അവരുടെ കാതുകളിൽ ഒരു കൊച്ചുകുഞ്ഞിന്റെ ദീനരോദനം വന്നലച്ചു. അവർ ചുറ്റും കണ്ണോടിച്ചു. ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ വെളിച്ചം കുറവായിരുന്നു. ചിറയിലിറങ്ങിയൊന്നു മുങ്ങിനിവർന്നപ്പോൾ വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചിൽ. പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചിൽ കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!
മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകൾക്കു നടുവിൽ, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്‍…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചിൽ നിർത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്‍. അവർ ഓടിച്ചെന്ൻ ആ കുഞ്ഞിനെ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവർ അയ്യങ്കരയില്ലത്തേക്കു നടന്നു.
കുളിക്കാൻപോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി ഓടിച്ചെന്നു.
“കൊട്ടിയൂരപ്പൻ നൽകിയ നിധിയാണ്…” പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ മൊഴിഞ്ഞു. അവർ കുഞ്ഞിനെ ഭർത്താവിനു കൈമാറി, നടന്നകാര്യങ്ങൾ വിസ്തരിച്ചു. തിരുമേനി കുഞ്ഞുന്റെ നെറുകയിൽ വാത്സല്യപൂർവം ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന ഇല്ലത്തെ രക്ഷിക്കാൻ കൊട്ടിയൂരപ്പനായ ശിവപ്പെരുമാൾ കനിഞ്ഞുനൽകിയ നിധിയായി തന്നെ ആ ദമ്പതികളവനെ കണ്ടു. മനയിൽ ആനന്ദം പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം താരാട്ടുപാട്ടിനാൽ മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും നൽകി. അവൻ പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്‍കളങ്കമായി ചിരിച്ചു. ആ പുഞ്ചിരിയിൽ അവരുടെ സർവ്വസങ്കടങ്ങൾക്കും അറുതിവന്നു. അവന്നു ആയുസ്സും ആരോഗ്യം കിട്ടാൻ പാടിക്കുറ്റിയമ്മ കൊട്ടിയൂരപ്പനോട്‍ നിത്യവും പ്രാർത്ഥിച്ചു.
ദിവസങ്ങൾ കടന്നുപോയതവർ അറിഞ്ഞില്ല. കുഞ്ഞിന്റെ പാൽപുഞ്ചിരിയിലും തരിവളകളുടെ കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിലും അവർ പുതിയൊരു നിർവൃതി കണ്ടു. വളരെ പെട്ടന്നവൻ വളർന്നുവന്നു. എല്ലാം കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവർ കണ്ടു. എന്നാൽ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ അവർ കണ്ടുതുടങ്ങി.
പകൽ സമയങ്ങളിൽ മുഴുവൻ അവൻ മനയ്‍ക്കു പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം. നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാൻ അവൻ തീരെ ഇഷ്‍ടപ്പെട്ടില്ല. മലമുകളിൽ കഴിയുന്ന കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്. അവരോടൊപ്പം കൂടി കീഴ്‍ജാതിക്കാരുടെ പുരകളിൽ നിന്ന് തിന്നും കുടിച്ചും അവൻ തെണ്ടിനടന്നു. മനയിലെ പാൽച്ചോറിനേക്കാൾ അവനിഷ്‍ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു. മകന്റെ സ്വഭാവത്തിൽ പ്രകടമായി വന്ന ഈ മാറ്റം പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവർ മകന്റെ ദുരവസ്ഥയോർത്തു പൊട്ടിക്കരഞ്ഞു. അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണിൽ രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതൽ മനയിൽ കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” - തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗർജ്ജിച്ചു.
അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാനോ അവൻ നിന്നില്ല. അവന്റെ നിശ്ചയദാർഢ്യവും കുലുക്കമില്ലായ്‍മയും ആ പിതാവിനെ ദു:ഖത്തിലാഴ്‍ത്തി. എല്ലാ പ്രതീക്ഷകളും നശിച്ച അവർ തളർന്നിരുന്നുപോയി. മദ്യലഹരിയിൽ ആടിക്കുഴഞ്ഞു നിൽക്കുന്ന മകനെ കണ്ടുനിൽക്കാനവർ പ്രാപ്തരല്ലായിരുന്നു. അവർ തളർന്നുങ്ങി.
അന്ത്യയാമം പിറന്നു.. Muthappan theyyam Old photoആ ദമ്പതികൾ ഒരു സ്വപ്‍നത്തിലെന്നപോലെ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ട കാഴ്‍ച അവരെ അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ നിധിയായ തങ്ങളുടെ മകൻ ആയിരം സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും ധരിച്ചിരിക്കുന്നു. പൊൻചിലമ്പും അരമണിയും ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം കൈകൂപ്പി നിൽക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപൻ പറഞ്ഞു.
“പോകാൻ സമയമായി… പോയാലും മറക്കില്ല ഈ പൊൻമകൻ. പിതാക്കൾ നിനയ്ക്കുന്ന മാത്രയിൽ ഓടിയെത്തും ഞാൻ. ജന്മലക്ഷ്യത്തിലേക്കുള്ള പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലൻ നടന്നകന്നു.
എവിടെ പോകുന്നു..! ആർക്കും അറിയില്ല.
മലയും കാടും കടന്നവൻ കുന്നത്തൂർപാടിയിലെത്തി (പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവർഷം തപം ചെയ്തു ആ മലഞ്ചെരുവിൽ മലമക്കളോടൊത്തവൻ താമസിച്ചു. നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു. അടുത്തു കണ്ട പനയിൽ കയറി കള്ളുംകുടമെടുത്ത് അവൻ വായിലേക്കു കമഴ്‍ത്തി. മധുരകള്ളിന്റെ സ്വാദിൽ അവൻ ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോൾ അവനത്‍ പൂർവ്വസ്ഥിതിയിൽ വെച്ച് പട്ടക്കിടയിൽ ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരൻ ചന്തൻ. അവൻ കള്ളെടുക്കുവാനുള്ള വരവാണ്. പനമുകളിൽ അപരിചിതനെ കണ്ടപ്പോൾ കൂക്കിവിളിച്ചതാണ്. മുകളിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തപ്പോൾ അവൻ കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള അധികാരം ആരാണു നിനക്കു തന്നത്‍?”
അവന്റെ സിംഹഗർജനം ആകാശത്തോളം മുഴങ്ങിക്കേട്ടു.
പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില കല്പിക്കാതെ പനമുകളിൽ കള്ളും കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവൻ വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന ശരത്തെ അവൻ കൈകൊണ്ടു പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.
ശരമയച്ച ചന്തനാവട്ടെ പാറയായി മലർന്നടിച്ചു വീണു. കാതോടുകാതു പകർന്ന് ആ വാർത്ത നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ ചന്തനെ പ്രദക്ഷിണം വെച്ച്, അടുത്തുനിൽക്കുന്ന വൃദ്ധരൂപത്തെ നോക്കി തൊഴുത് അവൾ വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പൻ അവളെ അനുഗ്രഹിച്ചു. ചന്തൻ പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു. ആ കാല്പാദങ്ങളിൽ നമസ്‍കരിച്ചു.
“ഇനിമുതൽ എനിക്കുവേണ്ടി കള്ളും മീനും നിവേദ്യമൊരുക്കാൻ ഞാൻ നിന്നെ ചുമതലപ്പെടുത്തുന്നു. വിഘ്‍നം കൂടാതെ പ്രവർത്തിക്കുക, എന്നും എന്റെ അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തിൽ നിന്നും അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ ദീനരോധനം ഉയർന്നു. ഗ്രാമവാസികൾ കൂട്ടമായി അങ്ങോട്ടു പ്രവഹിച്ചു.
എന്തുപറ്റി?
ആർക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്. പാടിക്കുറ്റിയമ്മയ്‍ക്ക് അതുകണ്ടുനിൽക്കാനുള്ള ശക്തിയില്ലാതെ തളർന്നിരിക്കുകയാണ്. അവർ കൊട്ടിയൂരപ്പനെ വിളിച്ചുകേണു. പൊൻമകനെ മനസ്സിൽ നിരൂപിച്ചു. തനിക്കു താങ്ങായി ആരുമില്ലാത്തതിൽ അവർ വ്യസനിച്ചു.
ആ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാൻ ജനങ്ങൾ പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു സൂര്യനുദിച്ചതുപോലെയതാ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊൻമകൻ മുമ്പിൽ നിൽക്കുന്നു. അവർ മകനെ വാരിപ്പുണർന്നു പൊട്ടിക്കരഞ്ഞു. പുത്രൻ ആ അമ്മയുടെ കണ്ണുനീർ തുടച്ച് അവരെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകനോടൊപ്പം ആ ദിവ്യപ്രകാശത്തിൽ വിളങ്ങി. മനയും സർവസ്വവും ഗ്രാമവാസികൾക്കു നൽകി ആ ദമ്പതികൾ ജീവൻവെടിഞ്ഞു. മുത്തപ്പൻ ദൈവം ഗ്രാമസംരക്ഷകനായി വാഴ്‍ത്തപ്പെട്ടു. തെയ്യം കെട്ടിയാടിയാൽ മുത്തപ്പൻ അവിടെയെത്തി ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക – മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).
മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു പട്ടിക്കാണ്. മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം).
നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസിലാക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ് കഥ.
പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.
പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.
പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന – വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.
തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.
1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ.
3. ക്ഷേത്രത്തിലെ “നിറ” ദിവസം.
4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.
മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
മടയൻ ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അർപ്പിക്കാറുണ്ട്. എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കൊട് – കണ്ണൂരിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ.
വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 കിലോമീറ്റർ സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരിൽ ഇറങ്ങുകയാണെങ്കിൽ ദേശീയപാത 17-ൽ ഏകദേശം 110 കിലോമീറ്റർ സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്താം.
കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിൽ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.