Skip to main content

ഹെഡ്മാസ്റ്ററും ശിഷ്യനും

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Head-Masterum-Shishyanum.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ
ചോറ് പിന്നെയാം അലമേലു…

വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ,
ചോറ് പിന്നെയാം അലമേലു…

ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാള്‍
ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ
സന്തോഷം!!

പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ
എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌

പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ
വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍
ഇപ്പോള്‍ നീ കാണുംവിധം…

എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ
അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും
ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും
പണ്ടും ഈ പട്ടന്മാര്‍ക്ക്
പരദേശമേ ദേശം…

മെല്ലെ നീയൂട്ടൂ മെല്ലെ മകളെ
ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍…
മാസ്റ്റര്‍ ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട
മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും
ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!

ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകല്‍ക്കിടക്ക്
ആനപോല്‍ അങ്ങ് നടക്കവേ
ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ
പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും
ആ ഘനം കാണ്‍കെ!!

പലനാള്‍ അടുത്താലും അങ്ങയെ
ഒരു താക്കോല്‍ പഴുതിലൂടെന്നപോലെ മാത്രമേ കണ്ടൂ ഞങ്ങള്‍
സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത
ഗൌരവപ്പുരികത്തിന്‍ കീഴില്‍ ആ സ്നേഹാര്‍ദ്രത…

പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്
എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു…
നിങ്ങളെ സമ്പാദിച്ചു,
കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്!!
നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…

മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍
ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ!!
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെ മുന്നം
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ!!

പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ…!!

മധുസൂദനൻ നായരുടെ കവിതകൾ


കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.

‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.

മധുസൂദനൻ നായർ ആലപിച്ച കവിതകൾ…

നാറാണത്തു ഭ്രാന്തൻ

[ca_audio url=”https://chayilyam.com/stories/poem/Naranathu Bhranthan Kavitha.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ…
നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2)

എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2)
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2)

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍ (2)

കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വ്വരയിലേക്കു തിരിയുന്നു (2)

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍
ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍…
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍…

ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ-
മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍ (2)

ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ-
യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍

ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി
പ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി-
ലഗ്നി സൂത്ര ത്വരിത യജ്ഞവാടങ്ങളില്‍…

വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍ (2)

വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ
ചുഴികളിലലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഢ്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും…

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു (2)

രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്നനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ-
മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായിനല്‍കിയോ –
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ കൂറ്റുറപ്പിച്ചവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹശ്ചിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ…
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌…
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ –
യോങ്കാരബീജം തെളിഞ്ഞും

എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി ത്തളര്‍ന്നും

ഉടല്‍തേടിയലയുമാത്മാക്കളോ
ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ (2)

ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍ (2)

ചാത്തനൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍ (2)

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടിയീ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടിയീ ഞാനും (2)

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂല-
മിന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെനു ചൊല്ലും ചിരിക്കും (2)

പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും (2)

പിന്നെയന്നത്തെയന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും

ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു (2)

ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലക്കുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു

അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രെ (2)

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരുകോടിയീശ്വര വിലാപം (2)

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ-
നൊരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ത്ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ-
ണൂഴിയില്‍ ദാഹമേ ബാക്കി…

ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്ന്
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയംപ്രഭാ പടലം
ഈ മണ്ണില്‍ പരക്കും

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം (2)

ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു…

അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!


Lyricist: വി മധുസൂദനൻ നായർ
Music: മോഹൻ സിത്താര
Singer: വി മധുസൂദനൻ നായർ
Film: ദൈവത്തിന്റെ വികൃതികൾ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights