Skip to main content

ആന്ധ്ര ഭക്ഷണം

ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന സ്വഭാവക്കാരനാണു ഞാൻ; അല്ലാതെ ഭക്ഷണം കഴിക്കാൻ മാത്രമായി ജീവിക്കുന്ന ആളല്ല. ഇതുമാത്രം ലക്ഷ്യമെന്നു കരുതി തിന്നു സുഖിക്കുന്ന പലരേയും കഴിഞ്ഞ കാലയാത്രയിൽ പലയിടത്തായും കണ്ടിരുന്നു എന്നതാണിതിവിടെ പറയാൻ കാരണം,. പൊതുവേ, മിതമായ രീതിയിൽ നന്നായി വിശക്കുമ്പോൾ മാത്രം അല്പമാത്രമായേ എവിടെ നിന്നും ഞാൻ കഴിക്കാറുള്ളൂ. ഒരുവർഷം മുമ്പ് ബാംഗ്ലൂരിൽ കരിയർനെറ്റിൽ വർക്ക് ചെയ്യുമ്പോൾ എന്നും രാവിലെ ഭക്ഷണം ഓഫീസിനടുത്തുള്ള ഹോട്ടലിൽ നിന്നാക്കിയിരുന്നു. 50 + ജി‌എസ്‌ടി കൊടുത്താൽ നോർമ്മലായുള്ള ഫുഡ്, സെറ്റ് ദോശ, മസാലദോശ, ഇഡ്ലി, പൂരി തുടങ്ങിയ ഏതു ഫുഡും ചായയടക്കം ലഭിക്കുമായിരുന്നു. പക്ഷേ ഞാൻ സ്ഥിരമായി സെറ്റ്‌ദോശ മാത്രമായിരുന്നു കഴിച്ചു വന്നത്. കൊളസ്ട്രോൾ കണ്ടമാനം കൂടിയപ്പോൾ ഡോക്ടർ ചോദിച്ചു ഹോട്ടൽ ഭക്ഷണമാണോ കഴികുന്നത് എന്ന്. എന്തോ അതിനു ശേഷം ഓരോ ദിവസം ഓരോന്നാക്കി മാറ്റിയത്. അല്പകാലം കൂടി അങ്ങനെ പോയി; കൊളസ്ട്രോൾ മരുന്നു കഴിക്കാതെ തന്നെ കുറയുകയും ചെയ്തു.

ഇതിവിടെ പറയാൻ കാരണം, തെലുങ്കന്മാരുടെ ഭക്ഷണമെത്രമാത്രം സുന്ദരമാണെന്നു സൂചിപ്പിക്കാനായിരുന്നു. ആന്ധ്രാക്കാരുടെ ഭക്ഷണരുചി ഏറെ പ്രധാനപ്പെട്ടതാണ്. ബാംഗ്ലൂരിൽ നിന്നും അബദ്ധവശാൽ തെലുങ്കരുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്നല്ലാതെ മറ്റൊരു അനുഭവമില്ലായിരുന്നു; അതൊക്കെയും ഹോട്ടൽ ടെക്നിക്കാവുമെന്നു കരുതി വീണ്ടും അവിടേക്ക് തന്നെ പോവുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ, ഹൈദ്രാബാദിൽ ഇപ്പോൾ ഒരാഴ്ചയായി ഞാനുണ്ട്. പേയിങ് ഗസ്റ്റായിട്ടാണു താമസം. നിത്യേന വെവ്വേറെ ഫുഡ്, എല്ലാമൊന്നിനൊന്ന് മെച്ചം. എത്ര കഴിച്ചാലും മടുപ്പു തോന്നാത്ത അനുഭവം. വഴിയോരത്തുള്ള തട്ടുകടകളിൽ വരെ അതേ അനുഭവം തന്നെ. ഇതൊരു നാടിന്റെ കരുതലാവണം; രുചിയാവണം! എല്ലാം കറികളും ഏറെ ഗുണപ്രദവും രുചികരവും ആണ്. കറികൾ തന്നെയാണു ഞാൻ അധികവും കഴിക്കുന്നത്.

ബാംഗ്ലൂരിൽ കരിയർനെറ്റിൽ നിന്നും മാറി ഇന്ദിരാനഗറിൽ ഉള്ള ഹാഷ്‌ കണക്റ്റിൽ ചേർന്നപ്പോൾ നിന്ന പിജിയും തെലുങ്കന്മാരുടേതായിരുന്നു. സാവിത്രയായിരുന്നു ഫുഡ് ഉണ്ടാക്കി തന്നിരുന്നത്. മനോഹരമായ പെരുമാറ്റം പോലെതന്നെ ഏറെ ഹൃദ്യമായിരുന്നു അവൾ വിളമ്പിത്തന്നിരുന്ന ഭക്ഷണവും. തുടർച്ചയെന്നോണം ഇവിടെ ഹൈദ്രാബാദിലും അതു തുടരുന്നു.
20 വർഷങ്ങൾക്കു മുമ്പും, മീശമാധവൻ സിനിമയുടെ തെലുങ്ക് പതിപ്പ് ഇറങ്ങിയപ്പോളുമൊക്കെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. മഹാലക്ഷ്മി എന്നൊരു സുന്ദരിപ്പെണ്ണും ഞാനും ഒന്നിച്ചായിരുന്നു അന്നു മീശമാധവന്റെ തെലുങ്ക് വേർഷൻ കണ്ടത്. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടും ഒരു ഫുഡ് റിലേറ്റഡ് കഥയുണ്ട്; താഴെ കൊടുത്തിട്ടുണ്ടത്!! അവളിപ്പോൾ എവിടെയുണ്ടാവുമോ എന്തോ!! വിഭവസമൃദ്ധമായ ഹോട്ടൽഭക്ഷണത്തിന് അന്നുവില 22 രൂപയായിരുന്നു. ദിൽഷുക്‌നഗറിനടുത്തുള്ള കമലനിവാസ്സിലായിന്നു അന്നത്തെ താമസം…

അന്നു ഹൈദ്രാബാദിൽ വർക്ക് ചെയ്തത് ഗാലക്സി ക്രിയേഷൻസ് എന്ന കമ്പനിയിൽ ആയിരുന്നു. ഓണറുടെ തന്നെ ബിൽഡിങ്ങിലെ ഏറ്റവും മുകളിലെ റൂം എനിക്ക് ഫ്രീയായി തന്നതായിരുന്നു അന്ന്. പാർട്ട്‌ണറായിരുന്ന മറ്റൊരു തെലുങ്കൻ സുരേന്ദ്രറെഡി ഓണറെ പറ്റിച്ച് മൊത്തം കാശും മുടിച്ചതിനാൽ പിന്നീടു കമ്പനി അടച്ചു പൂട്ടേണ്ടിവന്നു. പൂട്ടിയ ശേഷവും ഞാൻ മൂന്നോളം മാസം അവിടെ തന്നെ താമസിച്ചു.

കൂടെ വർക്ക് ചെയ്തിരുന്ന പെണ്ണാണു മഹാലക്ഷ്മി. കുറച്ചു ദൂരെയുള്ള കരിം‌നഗർ എന്ന സ്ഥലത്തു നിന്നും ഒരാളുടെ കൂടെ ഒളിച്ചോടി വന്നവളാണവൾ. അടുത്ത കൂട്ടായിരുന്നുവെങ്കിലും ആകെട്ട്യോന്റെ പേരു ഞാൻ മറന്നുപോയി! സിനിമാനടി ശോഭനയെ പോലെയിരുന്നു മഹാലക്ഷ്മിയെ കാണാൻ. കെട്ട്യോൻ അല്പം പ്രായം കൂടുതൽ ഉണ്ടായിരുന്നു. നിറവും അല്പം മങ്ങിയിട്ടു തന്നെ. അയാൾക്ക് പക്ഷേ വാറങ്കൽ എന്ന സ്ഥലത്ത് മറ്റൊരു കെട്യോളും മോളുമുണ്ടായിരുന്നു. അക്കാര്യം ഇവൾ അറിയില്ല. എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാൻ ഇവരെ ആയിരുന്നു ഏൽപ്പിച്ചത്. ഓണർ കാശ് കൊടുക്കും. ചെറിയ ഒരു ഒറ്റമുറി വീടായിരുന്നു അവരുടേത്. ഉച്ചയ്ക്ക് ഞാൻ അവിടെ പോയി കഴിക്കുമായിരുന്നു.

രാത്രി ഭക്ഷണവും ആയി മഹാലക്ഷ്മി റൂമിലേക്ക് വരും. ഏറെ രുചികരമായിരുന്നു അവളുടെ പാചകം. അവിടിരുന്ന് അവൾ കമ്പ്യൂട്ടറിൽ സിനിമകൾ കാണും. സദാശിവറെഡിയുടെ (കമ്പനിയുടേയും ആ ബിൽഡിങ്ങിന്റേയും ഓണർ) കൈയ്യിൽ ഒത്തിരി സിനിമകൾ ഉണ്ടായിരുന്നു. അയാളുടെ രണ്ട് ഡസ്ക്ടോപ്പുകൾ ആറൂമിൽ ഉണ്ടായിരുന്നു. മഹാലക്ഷ്മിയും ഞാനും ഒരുമിച്ചായിരുന്നു മീശമാധവന്റെ തെലുങ്ക്‌ വേർഷൻ അവിടിരുന്ന് കണ്ടത്. ജഗതി ശ്രീകുമാറിന്റെ ഭാര്യവേഷം തെലുങ്കിൽ ഷക്കീലച്ചേച്ചിയായിരുന്നു കെട്ടിയത് എന്നോർക്കുന്നു. തെലുങ്കിലേ ഏറെ പ്രസിദ്ധനായ ഒരാളായിരുന്നു നായകൻ.

മഹാലക്ഷ്മി ഗർഭിണിയായിരുന്നു അപ്പോൾ. മൂന്നോ നാലോ മാസമായിക്കാണും. ഗർഭിണിയായതിനാൽ പിന്നീടു വീട്ടിൽ പോകാൻ പറ്റില്ല എന്നും പറഞ്ഞ് അവളുടെ ഭർത്താവ് നാട്ടിലേക്ക് പോയി. മൊബൈൽ ഫോൺ ഒക്കെ സദാശിവറെഡിയെ പോലുള്ളവരുടെ കൈയ്യിൽ മാത്രം ഉള്ള കാലമായിരുന്നു അത്. 2003, 04 ആവണം കാലം. ഒരുമാസത്തോളം മഹാലക്ഷ്മി ആ ഒറ്റമുറിയിൽ തനിച്ചായി. അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. വിളിക്കാൻ ഇന്നത്തെ പോലെ മൊബൈലുമില്ല. എന്നും അവളുടെ കണ്ണു നിറഞ്ഞിരുന്നു. അപ്പോൾ ആണവൾ എന്നോട് ഒളിച്ചോടിവന്ന കാര്യം പറഞ്ഞത്. സിനിമകളെ പറ്റിയും ഒക്കെ  ഒത്തിരി കാര്യങ്ങൾ  പറഞ്ഞ് ഞങ്ങൾ ഇരിക്കും.

അവൾക്ക് ചിലവ് കഴിയാൻ കാശില്ലാതെ വന്നപ്പോൾ ഓണർ സദാശിവ റെഡി എന്നോട് ഫുഡ് ഹോട്ടലിൽ നിന്നും വാങ്ങിച്ചു കഴിക്കാൻ പറഞ്ഞു. അവൾ എന്നും എന്റെ കൂടെയായി. ഉച്ചയ്ക്ക് ഞാൻ പാർസൽ വാങ്ങിക്കും. ഞങ്ങളത് പങ്കിട്ടു കഴിക്കും. 22 രൂപയായിരുന്നു അന്ന് ഭക്ഷണത്തിന്. അന്നത്തെ ചെലവിലതു കുറച്ചു കൂടുതൽ തന്നെയായിരുന്നു. എങ്കിലും 12 ഓളം കറികൾ ഉള്ള വിഭവസമൃദ്ധമായിരുന്നു അത്. ഒരേ പൊതിച്ചോറു പകുതിയാക്കി ഞങ്ങൾ കഴിച്ചിരുന്നു എന്നത് ഇനേറെ ഹൃദ്യമായി തോന്നുന്നു. ഒറ്റയ്ക്ക് താമസമായതിനാൽ അവിടെ, ആ ഒറ്റമുറി വീടിൽ ചിലരുടെ ശല്യം കൂടിവന്നു. ഓണർ ഇടപെട്ട് ഞാൻ കിടക്കുന്ന സ്ഥലത്ത് കിടക്കാമോ എന്നു ചോദിച്ചു.അവൾ സമ്മതിച്ചു. രാത്രിയിൽ ഞാൻ പുറത്തിറങ്ങി ആകാശവും നോക്കി ടെറസ്സിൽ കിടക്കുമായിരുന്നു. തൊട്ടപ്പുറത്ത്, വലിയ പോസ്റ്ററുകളിൽ ഒന്നിൽ മീരാ ജാസ്മിന്റെ ഫോട്ടോ ഉണ്ട്. ആറേഴ് പെണ്ണുങ്ങൾ നിൽക്കുന്ന വലിയ ചിത്രമാണത്. ഇടയ്ക്കൊരിക്കൽ അവൾ എന്റെ ഷർട്ട് അലക്കിയിരുന്നു. ഞാനാപ്പണി നിർത്തിച്ചിരുന്നു.

ആരെയൊക്കെയോ വിളിച്ച് ഓണർ മഹാലക്ഷ്മിയുടെ ഭർത്താവിനെ കണ്ടെത്തി. ഓണർ ആണു പറഞ്ഞത് മറ്റേ ഭാര്യയുടെ വീട്ടിലാണു മൂപ്പർ പോയത്. മകൾക്ക് എന്തോ അസുഖമായി അതിന്റെ തിരക്കിലായിപ്പോയി, ഉടനെ വരും എന്ന്. നോർമ്മൽ മലയാളബുദ്ധി വെച്ച്  ഞാൻ കരുതിയത്, ഗർഭിണിയായ ഇവളെ ഉപേക്ഷിച്ച് അയാൾ മുങ്ങിയതാവും എന്നായിരുന്നു. എങ്കിലും ഭർത്താവ് ഉടനേ വരുമെന്നും, എന്നും കൂടെയുണ്ടാവും അവിടെ വല്ല പ്രശ്നവും വന്നിരിക്കും എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. ഈ ഗർഭിണി എന്റെ തലയിൽ ആവുമോ എന്ന ഭയവും ഉണ്ടായിരുന്നു. എങ്കിലും ജോലിയില്ലാതെ, മറ്റൊന്നു നോക്കിയിരിക്കുകയായിരുന്നു ഞാനപ്പോൾ, വീട്ടിലേക്ക് തിരിക്കാനുള്ള പ്ലാനിങും കൂടെ തുടങ്ങി.

പക്ഷേ,  രണ്ടാഴ്ചയ്ക്ക് ശേഷം അവളുടെ ഭർത്താവ് നിറയെ സ്വീറ്റ്സും ഫ്രൂട്സും ഒക്കെയായി വന്നു. അയാളെ കണ്ടപ്പോൾ, അതുവരെ വിതുമ്പാതെ നിന്ന മഹാലക്ഷിമിയുടെ കരച്ചിൽ കാണേണ്ടതായിരുന്നു. അയാൾ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അമ്മയ്ക്ക് സുഖമില്ലാതായിപ്പോയതിനാലാണു വൈകിയത് എന്നവളെ വിശ്വസിപ്പിച്ചു!

അവർ ആ ഒറ്റമുറിവീട് പെട്ടന്നു മാറി. എന്നെപ്പറ്റിയും, ഞാനവളെ സമാധാനിപ്പിച്ചതിനെ പറ്റിയും ഒക്കെ അയാളോടവൾ പറഞ്ഞു. വീട്ടിലമ്മയ്ക്ക്സുഖമില്ലാതായതെന്ന കള്ളത്തരം എന്നോടും പറഞ്ഞെങ്കിലും ഒത്തിരി നന്ദി പറയാനും, ഈ അവസരത്തിൽ അവളോടൊപ്പം നിന്നതിനെയുള്ള സന്തോഷവും അയാൾ അറിയിച്ചു. അതൊരു ഡിസംബർ മാസമായിരുന്നു. ആ മാസം തന്നെ ഞാൻ ഹൈദ്രാബാദ് വിട്ടിരുന്നു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights