ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു…

അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!


Lyricist: വി മധുസൂദനൻ നായർ
Music: മോഹൻ സിത്താര
Singer: വി മധുസൂദനൻ നായർ
Film: ദൈവത്തിന്റെ വികൃതികൾ