പൈതൽ / വൈതൽ മല

വൈതൽമലഓരോ യാത്രയും ഓരോ പുസ്തകമാണ്. ചിലത് വേഗത്തിൽ വായിച്ചുതീർക്കും, മറ്റുചിലത് ഓരോ താളിലും നമ്മെ പിടിച്ചിരുത്തും. അങ്ങനെയൊരു പുസ്തകമായിരുന്നു ഞങ്ങളുടെ   പൈതൽ / വൈതൽമല യാത്ര. റോബിൻസും അരുൺരാജും ലതിക ടീച്ചറും രാജേഷ് മാഷും പിന്നെ ഞാനും ചേർന്ന ഒരു സൗഹൃദസംഘമായിരുന്നു ഇന്ന് പൈതൽമലയിലേക്ക് പോയത്. കണ്ണൂർ ജില്ലയിൽ കർണ്ണാടകയോടു ചേർന്നു നിൽക്കുന്ന സ്ഥലമാണു പൈതൽമല. ഞായറാഴ്ച  രാവിലെ 7 മണിക്ക് ഒടയഞ്ചാലിൽ നിന്നും ആലക്കോടേക്കുള്ള ബസ്സിൽ കയറി. ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്, കുന്നും മലയും കയറ്റവും ഇറക്കവും നിരവധി വളവുകളും കടന്നു ബസ്സ് നീങ്ങുമ്പോൾ, വരാനിരിക്കുന്ന കാഴ്ചകളുടെ ഒരു ദൃശ്യം മനസ്സിൽ തെളിഞ്ഞുവന്നു. പണ്ട്, പൈതലാണോ വൈതലാണോ പേര് എന്നകാര്യത്തിൽ വിക്കിപീഡിയയിൽ അടി നടന്ന കാര്യം ഓർത്തു; ഇന്നു പൈതൽ മലയാണെങ്കിലും  വിക്കിപേജിൽ വൈതൽ മലയും ചേർക്കണം എന്ന പക്ഷത്തായിരുന്നു ഞാനന്ന് നിന്നിരുന്നത്. കൃത്യം 9 മണിയോടെ ഞാൻ ആലക്കോടെത്തി. അധികം വൈകാതെ തന്നെ റോബിൻസും അരുൺരാജും ലതിക ടീച്ചറും രാജേഷ് മാഷും എത്തിച്ചേർന്നു. ആലക്കോടു നിന്നും ഞങ്ങൾ നേരെ കാപ്പിമലയിലേക്കാണ് പോയത്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ, പ്രശാന്തമായ ഈ മലമുകളിൽ നിന്നാണ് പൈതൽമലയിലേക്കുള്ള പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്.  ഇവിടെനിന്നും 4 കിലോമീറ്ററോളം നടന്നു കയറിയാൽ മാത്രമേ മലമുകളിൽ എത്തുകയുള്ളൂ. 11:30 ഓടെ ഞങ്ങൾ നടത്തം തുടങ്ങി.

മലകയറൽ ആരംഭിച്ചപ്പോഴേ പ്രകൃതി അതിന്റെ സൗന്ദര്യത്തോടെ നമ്മെ വരവേറ്റു. ചെറുതും ശുദ്ധവുമായ നിരവധി നീർച്ചാലുകൾ വഴിയിലുടനീളം കണ്ടുമുട്ടി. അവയിൽ നിന്നു കുടിച്ച ശുദ്ധജലം ശരീരത്തിന് പുതുമയും മനസ്സിന് ഉണർവ്വും സമ്മാനിച്ചു. മഴ ഒരു തടസമായി ഞങ്ങളുടെ മലകയറ്റത്തെ തടസ്സപ്പെടുത്തിയതേ ഇല്ലായിരുന്നു; എങ്കിലും മരങ്ങൾ അപ്പോളും പെയ്തുകൊണ്ടേ ഇരുന്നിരുന്നു.   മഴ കൂടുതലായിരുന്നില്ലെങ്കിലും മലയുടെ മുകളിൽ പരന്നിരുന്ന കനത്ത മൂടൽമഞ്ഞു വിദൂരദൃശ്യങ്ങളെ മറച്ചുവച്ചു. ഇടയ്ക്കിടേ കാറ്റിൽ ആ കോടമഞ്ഞു മാറുമ്പോൾ കാണുന്ന മനോഹാരിത ഏറെ ഹൃദ്യമായിരുന്നു;  അതു തന്നെ യാത്രയ്ക്ക് ഒരു രഹസ്യസൗന്ദര്യം നൽകി. ഇടയ്ക്കിടെ വീശിയടിക്കുന്ന ചെറുകാറ്റും പക്ഷികളുടെ മധുരഗീതവും യാത്രാമനസ്സിനെ ഉണർത്തി. ലതിക ടീച്ചർ പക്ഷികളുടെ ശബ്ദങ്ങൾ കാതോർത്തുകൊണ്ടായിരുന്നു ഓരോ ചുവടും വെച്ചതുതന്നെ.പൈതൽ മല, വൈതൽ മല

ഉച്ചയ്ക്ക് 1.30-ഓടെ മലമുകളിലെത്തി. മുകളിലെത്തിയപ്പോൾ, ചുറ്റും പടർന്നിരുന്ന മേഘസമുദ്രം നമ്മെ വേറൊരു ലോകത്താണെന്നു തോന്നിച്ചു. മലമുകളിൽ ചെലവഴിച്ച സമയം മനസ്സിന് ഒരിക്കലും മായാത്തൊരു അനുഭവമായി. പ്രകൃതിയുടെ മഹത്വവും ശാന്തതയും അവിടം മുഴുവൻ നിറഞ്ഞുനിന്നു. ചുറ്റുപാടുള്ള ദൃശ്യവിരുന്ന് ഞങ്ങളെ കാണിക്കാനെന്ന പോലെ അതിശക്തമായൊരു മഴ അപ്പോഴേക്കും അവിടെത്തി. ആ പെരുമഴിയിൽ കോടമഞ്ഞ് അല്പസമയം ശമിച്ചിരുന്നു. ദൃശ്യവിസ്മയമായി അകലങ്ങളിൽ പുൽമേടുകൾ തെളിഞ്ഞു വന്നു. മഴയൊന്നു ശമിച്ചപ്പോൾ, ശക്തമായ കാറ്റിൽ ആ മലയോരമൊക്കെയും കോടമഞ്ഞാൽ വീണ്ടും അലംകൃതമായി. റോബിൻസും അരുൺരാജും സസ്യജാലങ്ങളുടെ ഇലയും കായും വിത്തും ഒക്കെ തിരഞ്ഞ് മരത്തിന്റെ മുകളിലും പുൽമേടകൾക്കിടയിലും തപ്പി നടക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ ഉടഞ്ഞുപോകാതിരിക്കാനായി ടിഷ്യൂപേപ്പറിലും മറ്റും പുതിഞ്ഞെടുക്കുന്നുണ്ടായിരുന്നു – മൈക്രോസ്കോപ്പിലൂടെ നോക്കാനാണത്രേയത്!

അല്പസമയം അവിടിരുന്ന ശേഷം ഞങ്ങൾ തിരിച്ചിറങ്ങി. കാപ്പിമലയിൽ നിന്നും പൈതൽമല വ്യൂ പോർട്ടിലേക്ക് ഏകദേശം 4 കിലോമീറ്റർ ദൂരമുണ്ട്. കയറ്റമാണെങ്കിലും ഏതൊരാൾക്കും നടന്നുകയറാൻ പാകത്തിൽ ചെങ്കുത്തായ ഇടങ്ങളിൽ കോൺക്രീറ്റ് സ്റ്റെപ്പുകൾ വെച്ചും അരുവികൾ പതിക്കുന്ന ഇടങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചും ഏറെ മനോഹരമാക്കിയിട്ടുണ്ട് വഴിയോരം. 4 കിലോ മീറ്റർ നടന്നാൽ മാത്രമേ പക്ഷേ മുകളിൽ എത്തുകയുള്ളൂ! വ്യൂപോർട്ടിലും ചുറ്റുപാടുകളിലും മരങ്ങൾ ഒന്നും തന്നെയില്ല. മൊത്തം നല്ല പുൽമേടിയാണ്. രണ്ടു ഭാഗത്തേക്കും നടന്നു പോകാനുള്ള വഴിയുണ്ട്. അല്പം നടന്നാൽ ഒരു അമ്പലത്തിൽ എത്താമെന്ന് റോബിൻസ് പറഞ്ഞിരുന്നു. പൈതൽ മലയുടെ പേരിനാധാരമായ പഴങ്കഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു അമ്പലം തന്നെയാണത്. മറ്റൊരിക്കൽ ആവാമെന്നു കരുതി ഇപ്രാവശ്യം ആ യാത്ര ഒഴിവാക്കി.

3:30 ഓടെ ഞങ്ങൾ കാപ്പിമലയിലെത്തി. വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ ഏതോ വാഹനത്തിന്റെ താക്കോൾ കൂട്ടം ടീച്ചർ രാജേഷ് മാഷിനെ ഏൽപ്പിച്ചിരുന്നു. രാജേഷ് മാഷത് അധികാരികളെ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂപ്പരുടെ കാറിന്റെ കീ കാണാതായത് അല്പസമയം ഏവരേയും വലച്ചിരുന്നു. തുടർന്ന് മലയിറങ്ങി ആലക്കോടേക്കു വന്നു.  ഞാൻ നേരെ ചെറുപുഴയിലേക്കും ബസ്സ് കയറി. 7 മണിയോടെ വീട്ടിലെത്തിച്ചേർന്നു.

വൈതൽ മല ഒരു സാധാരണ കയറ്റമല്ല; ചരിത്രവും പ്രകൃതിയും ചേർന്നൊരുങ്ങിയ ഒരു അപൂർവ അനുഭവമാണത്. മലവഴികളിലൂടെ നടന്നു പോകുമ്പോൾ, പ്രകൃതി നമ്മോടു പറയുന്ന കഥകൾ കേൾക്കാമെന്ന് തോന്നും. ശുദ്ധജലധാരകൾ, മലനീരാറ്റ്, മഞ്ഞുമൂടിയ മലകൾ – എല്ലാം കൂടി യാത്രയെ കവിതയായി മാറ്റുന്നു. ചരിത്രകഥകളും പ്രകൃതിദൃശ്യങ്ങളും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണിത്. കൂട്ടുകാരോടൊത്ത് നടത്തിയ ഇന്നത്തെ യാത്ര, മനസ്സിന്റെ ഓർമ്മപ്പുസ്തകത്തിൽ എന്നും തെളിഞ്ഞുനിൽക്കുന്ന ഒരു ദിനമായി മാറി.പൈതൽ മല, വൈതൽ മല

പൈതൽ/വൈതൽ മല

വൈതൽ” എന്ന പേര് കേരളത്തിലെ കണ്ണൂർ ജില്ലയിലെ പ്രധാന മലയും വിനോദസഞ്ചാര കേന്ദ്രവുമായ പൈതൽ മല എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം. ഈ മല വൈതൽ മല എന്ന പേരിലും അറിയപ്പെടുന്നു. “വൈതൽ” എന്ന പദത്തിന് ഭൂമിശാസ്ത്രപരവും പ്രാദേശിക ചരിത്രപരവുമായൊരു പശ്ചാത്തലം ഉണ്ട്. പ്രബലമായ പ്രാദേശിക ഐതിഹ്യങ്ങൾ അനുസരിച്ച്, വൈതൽ കൂവൻ (അല്ലെങ്കിൽ വൈതാളകൻ) എന്ന പേരുള്ള ഒരു ആദിവാസി രാജാവ് പൈതൽ മല ആസ്ഥാനമാക്കി ഒരു രാജ്യം ഭരിച്ചിരുന്നു. ഈ രാജാവിൽ നിന്നാണ് വൈതൽ മലയ്ക്ക് ആ പേര് ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. മലയിലൂടെയുള്ള ട്രെക്കിംഗിനിടെ വൈതാളകന്റെ പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കുമെന്നും പറയപ്പെടുന്നു. ജില്ല ഭരണകൂടത്തിന്റെ ഔദ്യോഗിക വേദികളിൽ പോലും “Paithalmala (also called Vaithalmala)” എന്ന് ചേർത്ത് തന്നെ ഉപയോഗം നിലനിൽക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പ്രദേശനാമങ്ങൾ എങ്ങനെ രേഖപ്പെടുത്തിയുവോ അതുപോലെ തന്നെ വില്യം ലോഗന്റെ Malabar Manual-ലും ഈ കുന്നിന്റെ പേര് “Vaithalmala” എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോഗൻ കൃതിയിൽ വൈതൽമലയുടെ വിശദമായ വ്യാഖ്യാനം കൊടുക്കുന്നില്ലെങ്കിലും, വടക്കേ മലബാറിലെ പർവ്വതനിരകൾക്കിടയിൽ “Vaithalmala” എന്ന പേരുപയോഗിക്കുന്നതായി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാല റവന്യൂ രേഖകളിലും “വൈതൽമല” എന്ന രൂപം തന്നെയാണെന്നുള്ള സൂചനകൾ കേരളത്തിലെ പ്രാദേശിക ഗ്രന്ഥാവലികളും വിജ്ഞാനകോശ കുറിപ്പുകളും കാണാനാവുന്നു. ഭരണരേഖകളിലും യാത്രാവിവരണങ്ങളിലും “വൈതൽ” ആയിരുന്ന പേര്, സ്ഥലഭാഷയിലെ ഉച്ചാരഭേദവും എഴുത്തുപ്രയോഗവും ചേർന്ന് പിന്നീട് “പൈതൽ” എന്ന രൂപം നേടി. ഇന്ന് വിനോദസഞ്ചാര–വിവരണങ്ങളിൽ “Paithalmala” ആണ് കൂടുതലായി കാണുന്നത്; എന്നാൽ നാട്ടിൻപുറത്ത് ബോർഡുകളിലും വാണിജ്യ–വിലാസങ്ങളിലും “Vaithalmala/വൈതൽമല” നിലനിൽക്കുന്ന ദൃശ്യങ്ങളും രേഖകളും കാണാം. ഔദ്യോഗിക വെബ്‌സൈറ്റുകൾ ഇരുരൂപവും കൂടെ ചേർത്ത് പ്രയോഗിക്കുന്നതാണ് ശ്രദ്ധേയമാണ്.പൈതൽ മല, വൈതൽ മല

പൈതൽ മലയിൽ 2000 വർഷത്തിലേറെയായി മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു, ഇത് ഈ പ്രദേശത്തിന് ദീർഘകാലത്തെ മനുഷ്യസാന്നിധ്യവും സാംസ്കാരിക പ്രാധാന്യവും ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായി, ഈ മല 4500 അടി (1,372 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു, 4124 ഏക്കർ വിസ്തൃതിയിൽ നിബിഢവനങ്ങളാൽ നിറഞ്ഞതാണ്. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിരമണീയമായ കാഴ്ചകൾക്ക് ഈ സ്ഥലം പ്രസിദ്ധമാണ്. ഈ വിശദമായ വിവരങ്ങൾ “വൈതൽ” എന്നത് ഒരു സാധാരണ പദമല്ലെന്നും, കണ്ണൂർ ജില്ലയിലെ ഒരു ആദിവാസി രാജാവുമായും ഒരു പ്രധാന ഭൂമിശാസ്ത്രപരമായ സ്ഥലവുമായും അഭേദ്യമായി ബന്ധപ്പെട്ട ഒരു ചരിത്രപരവും ഐതിഹ്യപരവുമായ തിരിച്ചറിയലാണെന്നും സ്ഥാപിക്കുന്നു. “വൈതൽ കൂവൻ” അല്ലെങ്കിൽ “വൈതാളകൻ” എന്ന ആദിവാസി രാജാവിനെക്കുറിച്ചുള്ള സ്ഥിരമായ പരാമർശം പരിഗണിക്കുമ്പോൾ,  “കോൻ” എന്ന പദം “കൂവൻ” എന്നതിന്റെ ഒരു ഉച്ചാരണഭേദമോ അല്ലെങ്കിൽ ഒരു ഭരണാധികാരിയെ (രാജാവ് അല്ലെങ്കിൽ തലവൻ) സൂചിപ്പിക്കുന്ന ഒരു പൊതുവായ പദമോ ആയിരിക്കാനാണ് സാധ്യത. ഈ വ്യാഖ്യാനം ആദിവാസി ഭരണാധികാരിയുടെ ചരിത്രപരമായ വിവരണവുമായി പൂർണ്ണമായി യോജിക്കുന്നു.

വൈതൽ കോനും പൈതൽ മലയും: അറിയാത്ത ചരിത്രം

പൈതൽ മലയുടെ ചരിത്രത്തിന് വൈതൽ കോൻ എന്ന രാജാവിൻ്റെ കഥയുമായി അഭേദ്യമായ ബന്ധമുണ്ട്. ഈ മലയുടെ പേരിന് പിന്നിൽ പോലും ഇദ്ദേഹത്തിൻ്റെ സ്വാധീനമുണ്ട്. പൈതൽ മലയുടെ ചരിത്രം അറിയുമ്പോൾ, പലപ്പോഴും പരാമർശിക്കപ്പെടാതെ പോകുന്ന ഒരു പേരാണ് വൈതൽ കോൻ. ചില ചരിത്രകാരന്മാർ ഇദ്ദേഹത്തെ “വേദിയൻ കോൻ” എന്നും വിളിക്കുന്നു. ഒരു കാലത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന പൈതൽ മല ഇദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിലായിരുന്നു. ശക്തനായ ഒരു ഭരണാധികാരിയായിരുന്നു വൈതൽ കോൻ. കാസർകോട് ജില്ലയിലെ ചെമ്പ്രക്കാനം എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ മൂലകുടുംബം സ്ഥിതിചെയ്യുന്നത്. പൈതൽ മലയിൽ ഇന്നും കാണാവുന്ന “വേദിയൻ കോൻ കോട്ട” എന്നറിയപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിൻ്റെ ഭരണശക്തിയുടെ പ്രതീകമാണ്. ഈ കോട്ട സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. പൈതൽ മലയ്ക്ക് “വൈതൽ മല” എന്ന പേര് ലഭിക്കാൻ കാരണവും ഇദ്ദേഹത്തിൻ്റെ പേരാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ മല വൈതൽ കോൻ കുടുംബത്തിന് ഒരു പുണ്യസ്ഥലമാണ്. ഐതിഹ്യങ്ങൾ അനുസരിച്ച്, വൈതൽ കോൻ തൻ്റെ ജീവിതം അവസാനിപ്പിച്ചത് പൈതൽ മലയിലാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻ്റെ പിൻഗാമികൾ തലമുറകളായി ഈ മലയിൽ വന്ന് പൂജകളും വഴിപാടുകളും നടത്താറുണ്ട്. ഇന്നും പൈതൽ മലയുടെ താഴ്‌വരകളിൽ വൈതൽ കോൻ്റെ ചരിത്രം ഐതിഹ്യങ്ങളിലൂടെയും ഓർമ്മകളിലൂടെയും നിലനിൽക്കുന്നു. ഒരു പ്രകൃതിരമണീയമായ ടൂറിസ്റ്റ് കേന്ദ്രം എന്നതിലുപരി, ഒരു ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് പൈതൽ മല. ചരിത്രത്തിന്റെ മണവും പ്രകൃതിയുടെ സൗന്ദര്യവും ചേർന്ന ഒരു അപൂർവ അനുഭവമാണ് ഇവിടെ കാത്തിരിക്കുന്നത്. കൂട്ടുകാരോടൊത്തോ കുടുംബത്തോടൊത്തോ നടത്തുന്ന ഒരു ദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന മനോഹരമായ ട്രക്കിംഗ് യാത്ര. ഒരിക്കൽ കയറിയാൽ മനസ്സിൽ എന്നും പതിഞ്ഞുനിൽക്കുന്നൊരു ഓർമ്മയായി അത് മാറും.പൈതൽ മല, വൈതൽ മല

യാത്രികർക്കുള്ള ഉപകാരപ്രദമായ വിവരങ്ങൾ

📍 എങ്ങനെ എത്താം?

  • ഏറ്റവും അടുത്ത പ്രധാന കേന്ദ്രം ആലക്കോട് (കണ്ണൂർ ജില്ല).

  • ആലക്കോട്‌ നിന്ന് കാപ്പിമലയിൽ എത്തിച്ചേർന്ന് പ്രവേശനടിക്കറ്റ് വാങ്ങണം.

  • അവിടെ നിന്ന് തന്നെ വൈതൽ മല കയറാം.പൈതൽ മല, വൈതൽ മല

🗓️ സന്ദർശിക്കാൻ അനുയോജ്യമായ സമയം

  • ഒക്ടോബർ മുതൽ ഫെബ്രുവരി വരെ – മഴ കുറഞ്ഞ കാലമായതിനാൽ വഴികൾ കൂടുതൽ സൗകര്യപ്രദം.

  • മഴക്കാലം (ജൂൺ–സെപ്റ്റംബർ) – വെള്ളച്ചാട്ടങ്ങൾക്കും നീർച്ചാലുകൾക്കും പുതുമ ഉണ്ടാകുമെങ്കിലും വഴികൾ വഴുക്ക് ആയതിനാൽ കൂടുതൽ ജാഗ്രത വേണം.

🎒 കൊണ്ടുപോകേണ്ട സാധനങ്ങൾ

  • മതിയായ കുടിവെള്ളം (എങ്കിലും മലവഴിയിലുള്ള ശുദ്ധജലധാരകളിൽ നിന്ന് വെള്ളം ലഭിക്കും).

  • ലഘുഭക്ഷണങ്ങൾ (പഴങ്ങൾ, ബിസ്ക്കറ്റുകൾ).

  • സൗകര്യപ്രദമായ ഷൂസ് – വഴികൾ ചിലപ്പോൾ ചെളികെട്ടായിരിക്കും.

  • മഴക്കോട്ട്/കുട – മലമുകളിൽ ഇടയ്ക്കിടെ മഴയോ മഞ്ഞോ ഉണ്ടാകാം.

⚠️ യാത്രാസുരക്ഷപൈതൽ മല, വൈതൽ മല

  • മലകയറുമ്പോൾ ഗ്രൂപ്പുകളായി പോകുന്നതാണ് സുരക്ഷിതം.

  • നീർച്ചാലുകളിൽ ജാഗ്രത പാലിക്കുക, വഴിയിലൂടെ വഴുതിപ്പോകാനുള്ള സാധ്യതയുണ്ട്.

  • മലമുകളിലെത്തുമ്പോൾ മാലിന്യം ഒന്നും അവിടെ ഉപേക്ഷിക്കാതെ പ്രകൃതിയെ ശുചിയായി നിലനിർത്തുക.