Skip to main content

ഏർപ്പ് ഉത്സവം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.

വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.

മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights