Skip to main content

കല്യാണത്തലേന്ന്…!

മഞ്ജുഷ, ആത്മികഎന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു  ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍‌കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്.  ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി.

വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു – ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല.  പത്തൊമ്പതാം തീയതി തന്നെ എക്സാമിനു  വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ്‌ ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതായത് ഒന്നാം തീയ്യതി കല്യാണം. പക്ഷെ അവസാനത്തെ എക്സാമിന്റെ തലേ ദിവസം പെട്ടെന്നു ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്… കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ഞാന്‍ തരിച്ചു പോയി. കല്യാണപ്പെണ്ണിനു സ്വപ്നം കാണാനോ സമയം കിട്ടിയില്ല എനിയിപ്പോള്‍ കല്യാണപ്പന്തലില്‍ എത്താനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. ആരെയോ കൊന്നതിന്റെ പേരില്‍ കുറേകാലമായി ഇവിടെ വലിയ പ്രശ്നങ്ങള്‍ നടക്കുകയാണത്രേ. അതില്‍ പ്രതിചേര്‍ത്ത് ഏതോ നേതാവിനെ പോലീസ് പിടിച്ചതായിരുന്നു ഹര്‍ത്താലിന്റെ കാരണം.

ഞാന്‍ ആകെ വല്ലാതെയായി. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഫ്രണ്ട്സൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. ഞാന്‍ വീട്ടിലും രാജേഷേട്ടനേയും വിളിച്ചു സംഭവം പറഞ്ഞു. അച്ഛനും അമ്മയും വല്ലാതെ ടെന്ഷേനടിക്കുന്നുണ്ട് എന്നു എനിക്ക് തോന്നി. പക്ഷെ രാജേഷേട്ടന്‍ ചിരിച്ചതേ ഉള്ളൂ. ഒരു തമാശ പോലെ എന്നോട് വേറെ പെണ്ണിനെ തത്ക്കാലത്തേക്ക് സങ്കടിപ്പിക്കേണ്ടി വരുമോ എന്നും ചോദിച്ച് മൂപ്പരു ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി പഠിക്കാതെ ഇതു തന്നെ ആലോചിച്ചിരുന്നു ഞാന്‍. എങ്ങനെ കല്യാണത്തിനു മുമ്പ് വീട്ടിലെത്തും എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്‍ എന്നെ കൂട്ടാന്‍ കോഴിക്കോട് വരുന്നുണ്ടെന്നു എന്നെ വിളിച്ചു പറഞ്ഞു. അച്ഛന്‍ എങ്ങനെ റയില്‍ വേ സ്റ്റേഷനില്‍ നിന്നും കോളേജില്‍ വരുമെന്നായി എന്റെ അടുത്ത ചിന്ത. എക്സാം ഹാളില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നു പ്രിന്‍സിപ്പാള്‍ വന്നിട്ട് അച്ഛന്‍ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പകുതി സമാധാനമായി. എക്സാം ഒരു വിധത്തില്‍ തട്ടിക്കൂട്ടി ഹാളില്‍ നിന്നും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി. ട്രെയിന്‍ സമയം ഒന്നേ ഇരുപത്.. ഒരു മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയിട്ടേ ഉള്ളൂ. പ്രിന്‍സിയും അങ്കിത്ത് സാറും ബൈക്കില്‍ എന്നെയും അച്ഛനേയും കൊണ്ട് റയില്‍ വേ സ്റ്റേഷനിലേക്ക് പറപ്പിച്ചുവിട്ടു. ഭാഗ്യം ട്രെയിന്‍ എത്തിയിട്ടില്ല. അച്ഛന്‍ ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ സമയം ആറ് മണി. എനിക്ക് ഒരു വിധം സമാധാനം ആയിട്ടുണ്ടായിരുന്നു. എന്തായാലും നാളത്തെ കല്യാണത്തിനു ഇന്നു രാത്രിയെങ്കിലും വീട്ടിലെത്തുമല്ലോ…!

അച്ഛന്‍ എന്തോ സാധനം വാങ്ങാന്‍ പോയപ്പൊള്‍ ഞാന്‍ ഒരു ഫാന്‍സിയില്‍ കയറി. ഞാനവിടെ നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു. തലയില്‍ ഒരു വെള്ള തുണി കൊണ്ടുള്ള കെട്ടും നെറ്റിയില്‍ നിസ്ക്കാരത്തഴമ്പും. ആളൊരു ഇസ്ലാമാണെന്നു മനസിലായി. പെട്ടെന്നു എന്റെ അടുത്തേക്കു വന്നു. എന്നിട്ട് എന്നോടൊരു ചോദ്യം.. നീ എവിടുത്തെയാ മോളേ…?? എന്റെ മോന്‍ കുറേ നാളായിട്ട് പെണ്ണന്വേഷിക്കുന്നു ഒന്നും അങ്ങട് ശരിയാകണില്ല. മോള്ക്ക്  എത്ര വയസായി… ആരുടെ മോളാ… വീടെവിടെയാ…. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. എനിക്കു മറുപടി പറയാന്‍ അവസരം തരണ്ടേ മൂപ്പിലാന്‍. എനിക്കു ചിരിപൊട്ടിപ്പോയി നാളെ കല്യാണപ്പന്തലില്‍ കയറാന്‍ പോകുന്ന എനിക്ക് കല്യാണാലോചന… ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത്  കണ്ട് അയാള്‍ പിന്നേം എന്തേ മോളേ… നീ ഒന്നും പറഞ്ഞില്ല… ഞാന്‍ പെട്ടെന്നു അയാളുടെ മുഖത്തു നോക്കാതെ… നാളെ എന്റെ കല്യണമാ… അയാളുടെ മുഖം വല്ലതെയായി. അയാൾ പറഞ്ഞു, മോളെ ഒരു പൊട്ടൊക്കെ തൊട്ടു നടക്കണം കേട്ടോ, ഇങ്ങനെ തട്ടമിട്ടുനടന്നാൽ ആരും സംശയിച്ചുപോവില്ലേ!!

ഞാന്‍ പലപ്പോഴും നെറ്റിയില്‍ കുറി ഇടാറുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ തലയില്‍ ഒരു ഷോള്‍ വെറുതേ തട്ടം പോലെ ഇടുമായിരുന്നു… അതു കണ്ടിട്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട് പൊട്ടും വെക്കാതെ തട്ടമിട്ടു നടക്കുമ്പോള്‍ ഉമ്മച്ചിക്കുട്ടിയേ പോലുണ്ടെന്ന്… ഒരു ചമ്മിയ ചിരിയോടെ ഞാനാ മനുഷ്യനോട് തലയാട്ടി സമ്മതിച്ചു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights