പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…
പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ് കുരച്ചു പേയാടുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…
പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട് ധരണിയില്‍
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…
…….
മുരുകൻ കാട്ടാക്കട