Skip to main content

സുന്ദരകാണ്ഡം

hanuman ramayanam, ഹനുമാൻ

hanuman ഹനുമാൻ സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു:

hanuman ramayanam kilippattu, ഹനുമാൻ രാമായണം കിളിപ്പാട്ട്2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.

എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!

സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.

സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.

ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.

നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.

വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!

എഴുത്തച്ഛന്റ ആദ്ധ്യത്മ രാമായണം കിളിപ്പാട്ട് വായിക്കാൻ ഇങ്ങോട്ടു വരിക…

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights