ഉത്സവം നടക്കയാണമ്പലമുറ്റത്തു-
യർന്നുജ്ജ്വലൽ ദീവട്ടികളിളക്കും വെളിച്ചത്തിൽ.
2.
പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും
പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ.
3.
വാദ്യമേളത്തിൻ താള പാതത്തിൽ തലയാട്ടി-
പ്പൂത്ത താഴ്വര പോലെ മരുവീ പുരുഷാരം.
4.
സംഘമായ് മുറുക്കിക്കൊണ്ടിരിക്കും ചിലർ ചൊൽവൂ
തങ്ങളിൽ “കുറുമ്പനാണാ നടുക്കെഴും കൊമ്പൻ.”
5.
പൊൽത്തിടമ്പേറിദ്ദേവൻ പെരുമാറുമാപ്പെരും
മസ്തകകടാഹത്തിൽ മന്ത്രിപ്പൂ പിശാചുക്കൾ.
6.
മുഴുവൻ തോർന്നിട്ടില്ലാ മുൻ മദജലം, പക്ഷേ-
യെഴുന്നള്ളത്തിൽക്കൂട്ടീ എന്തൊരു തലപ്പൊക്കം!
7.
വൻപുകൾ ചൂഴും വളർ കൊമ്പുകളനുമാത്രം
വെമ്പുകയാവാം മഹാ സഹസങ്ങളെപ്പുൽകാൻ.
8.
കണ്ണുകൾ നിണസ്വപ്നം കാൺകയാം, തുമ്പിക്കരം
മണ്ണു തോണ്ടുന്നൂ – പാവം വിറപ്പൂ ശാന്തിക്കാരൻ !
9.
ശബ്ദ സാഗരം കിടന്നലതല്ലട്ടേ തീയിൻ
ഭിത്തികളെരിയട്ടേ, തിരക്കീടട്ടേ നരർ.
10.
കൂച്ചു ചങ്ങല തന്നെ കാൽത്തൂണിൽ തളയ്ക്കട്ടേ
കൂർത്ത തോട്ടി ചാരട്ടേ കൃശ ഗാത്രനീപ്പാപ്പാൻ
11.
കരുതീലിവയൊന്നുമാ പ്രൗഢമസ്തിഷ്കത്തി-
ന്നിരുളിൽ ഭ്രാന്തിൻ നിലാവോലുമാ കൊലക്കൊമ്പൻ.
12.
സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ
വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി.
13.
തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ
സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ.
14.
ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം ?
15.
മലവാഴകൾ പൂത്തു മാണിക്യമുതിർക്കുന്നു,
മലയാനിലൻ വന്നു മസ്തകം തലോടുന്നു.
16.
പട്ടിലും മൃദുലമാം പല്ലവങ്ങളു, മീന്തൽ
പ്പട്ടിലിൻ മുളകളും വിരുന്നിനൊരുക്കുന്നു.
17.
കാട്ടിലെപ്പൂഞ്ചോലകൾ കൈകളിലമൃതത്തെ
ക്കാട്ടിലും മേലാം തണ്ണീർ കാട്ടിയും വിളിക്കുന്നു.
18.
എ,ന്തിതിലൊന്നും മുന്മട്ടാശകൾ മുളപ്പീലാ
ചിന്തകൾ കടന്നൽക്കൂടാക്കുമാത്തലയ്ക്കുള്ളിൽ.
19.
നീട്ടിവെച്ചീടും കാലിൽപ്പാൽച്ചറം തെറിപ്പിച്ചു
കാട്ടു പാതയിലൂടെ നടന്നാൻ മഹാസത്വൻ.
20.
കാറ്റിലെന്തിതു, പുതുപ്പാലപ്പൂ സുഗന്ധമോ?
കാട്ടിലെപ്പനകൾ തൻ കള്ളൊലി സൗരഭ്യമോ?
21.
മെരുവിൻ മദദ്രവമണമോ? തുമ്പിക്കയ്യാൽ
ചെറുതെന്നലിൽ തപ്പിച്ചെറ്റിട നിന്നാനവൻ.
22.
പാറയിൽ നിന്നും ജലം പോലെ, വിസ്മയമേ, തൻ
വീര്യമൊക്കെയും വാർന്നു പോവതായ് ത്തോന്നീടുന്നു.
23.
വിഷ വല്ലരി തിന്നോ? വിപിനാന്തരാളത്തിൻ
വിഷമജ്വരം വന്നു തന്നെയും ബാധിച്ചെന്നോ?
24.
ഹസ്തകൃഷ്ടമായ് മഹാ ശാഖകളൊടിയുന്നു;
മസ്തകത്തിൽ ചെമ്മണ്ണിൻ പൂമ്പൊടി പൊഴിയുന്നു.
25.
ഉൾത്തരിപ്പേലും ഗണ്ഡഭിത്തിചേർത്തുരയ്ക്കവേ
രക്തഗന്ധിയാം പാ, ലാപ്പാലയിൽ നിന്നൂറുന്നു.
26.
നിർഗ്ഗതബല, മെന്നാലുഗ്രവീര്യം തന്നുടൽ
നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം.
27.
നീളവേ നടന്നാനാ നിസ്പൃഹൻ, വസന്തത്തിൻ
കാലടി മണം കോലും കാട്ടു പാതയിലൂടെ.
28.
അവിടെപ്പുള്ളിപ്പുലി പൊന്തയിൽ പളുങ്ങുന്നു-
ണ്ടവനെക്കൊമ്പിൽ കോർക്കാൻ തൻ കരൾ തരിപ്പീല.
29.
വാൽക്കുവാൽ മണ്ടീടുന്ന വാനരഭീരുക്കളും
വായ്ക്കുവായ് പുച്ഛിക്കുന്നുണ്ടാവില്ല വക്കാണിപ്പാൻ.
30.
കാട്ടു പൊയ്കയിൽ കൊമ്പിട്ടടിപ്പൂ മഹിഷങ്ങൾ,
തേറ്റയാൽ ഘർഷിക്കുന്നു സൂകരം വൃക്ഷോദരം.
31.
ചെവി തേറുന്നൂ വേടരേറുമാടത്തിൽ പാടും
ചെറുതേനൊലിഗ്ഗാന, മരുതേ ശ്രദ്ധിക്കുവാൻ.
32.
പകൽ പോയ്, മടയിങ്കൽ മാമരനിഴലുകൾ-
ക്കകിടേകുവാൻ വീണ്ടു മാർദ്രയാമിരുളെത്തി.
33.
തൻ നീഡവൃക്ഷം തേടിത്താഴുന്നൂ ചിറകുകൾ,
വിൺനീലപ്പൂവൻ മയിൽ വിരുത്തീ പുള്ളിപ്പീലി!
34.
വനമല്ലിക പൂത്തു വാസന ചൊരിയുന്നൂ,
വനദേവിമാർ നൃത്തം വെയ്ക്കുന്നു നിലാക്കുത്തിൽ.
35.
ഇരവിൻ വേട്ടക്കാർതന്നോട്ടത്തിലൊടിയുന്നു
ചെറുചില്ലകൾ – ഓരി ശവത്തെ വിളിക്കുന്നു.
ഈ വരും വിരാവമെ, ന്തിരുളിൻ നിശ്ശബ്ദത
ചീവിടും നൂറായിരം ചീവീടിൻ വിലപമോ?
37.
ഉത്തരക്ഷണത്തിൽത്തൻ ചേതനയുണർന്നി, താ
യുത്സവരംഗത്തിൽ നിന്നുയരും വാദ്യാരവം.
38.
വകവെച്ചീലാ വമ്പ, നവനിഗ്ഘോഷം വെറും
വനപല്വല വർഷാകാല മണ്ഡൂകാലാപം;
39.
വരിയായുദ്യോതിക്കുമിദ്ദീവെട്ടികൾ മുറ്റും
വനകുഞ്ജകദ്യോതഖദ്യോതശതം മാത്രം!
40.
അകലുന്നിതു രാത്രിയാരണ്യ മരക്കൊമ്പിൽ
പകൽ പിന്നെയും ലൂതാതന്തുക്കൾ ബന്ധിക്കുന്നു.
41.
ഗൂഢമാം വള്ളിക്കെട്ടിന്നുള്ളിൽ നിന്നെഴുന്നേറ്റു
പേട മാനുകളുടെ പേടിയെത്തി നോക്കുന്നു.
42.
എന്തതീപ്പുതുവനപാതയിൽ പരിചിത-
ഗന്ധമൊന്നുലാവുന്നു പ്രാണ നിർവ്വാണപ്രദം.
43.
മാമര ശിഖരങ്ങളൊടിഞ്ഞ വടു കാണാം
താമരയിലകൾ തൻ വടിവാമടികളും,
44.
ആവി പൊങ്ങിന പച്ചപ്പിണ്ടവും, ഭാഗ്യം ഭാഗ്യ-
മാ വഴി നടന്നിട്ടുണ്ടാനകൾ കുടിക്കുവാൻ.
45.
ഉടനേ കേൾക്കായവന്നുത്സവ രംഗത്തിൽ നി-
ന്നുയരും ശൃംഗധ്വനിയ, ല്ലൊരു ചിന്നം വിളി!
46.
പുലർവായുവിലാടും കാശചാമരങ്ങൾ തൻ
തെളിവാർനിഴൽ ചിന്നിത്തേങ്ങുമൊരാറ്റിൻ വക്കിൽ.
47.
അഗ്രഭാഗത്തിൽ കാണായ് വാരണ നിവഹങ്ങൾ,
സഹ്യ മാമലയുടെ സൗന്ദര്യ സന്ദോഹങ്ങൾ!
48.
കാൽക്ഷണാലവൻ മുന്നോട്ടാഞ്ഞു – പൊട്ടുന്നൂ കാലിൽ
കൂച്ചു ചങ്ങല, യല്ല കുടിലം വല്ലീ ജാലം.
49.
എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു
വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ?
50.
ഇരമ്പും മലവെള്ളപ്പൊക്കമോ, കാട്ടാളന്മാ-
രിരുഭാഗവും വളഞ്ഞാർത്തു കാടിളക്കുന്നോ?
51.
വാനരം മറിയുന്നോ തൻ പുറത്തേറി, പ്പൂത്ത
കാനന വിടപങ്ങൾ പേടി പൂണ്ടോടീടുന്നോ ?
52.
കരയുന്നുവോ തൻ കാൽച്ചുവട്ടിൽ ചെടികൾ,
താനുരിയും കൊമ്പത്തുനിന്നൊലിക്കുന്നൊവോ രക്തം ?
53.
“കൂർപെറും മാലോകരേ, വെളിയിൽ കടക്കുവിൻ,
ഗോപുരമടയ്ക്കുവ, നമ്പലം കൊലക്കളം!”
54.
ഒട്ടിടയ്ക്കാഗ്ഘോഷവും വെട്ടവുമടങ്ങിപ്പോയ്,
ഒട്ടിനിൽക്കുന്നൂ മൂക്കിലൊരു ദുർഗ്ഗന്ധം മാത്രം.
55.
ഇരുൾ നീങ്ങവേ വീണ്ടുമാ മത്തമാതംഗത്തിൻ
ചെറുകണ്ണുകൾ കണ്ടോ ചേണെഴും തൽ സങ്കല്പം?
56.
കവിളിൽ പരാക്രമ കന്ദളം മുളയ്ക്കിലും
കളി കൈവിടാത്ത കോമള കളഭങ്ങൾ.
57.
ആറ്റുനീർ കുടിക്കിലും പ്രണയത്തണ്ണീരിനായ്
നാറ്റിടും പിടകളും – തൻ മഹോത്സവ രംഗം!
58.
മോന്തിയോ കള്ളിൻ നേരാം കുളിർനീ, രവരൊത്തു
ചീന്തിയോ കരിമ്പൊക്കും കാട്ടുനായ്ങ്കണയവൻ?
59.
കാട്ടുതാളിലയൊത്ത കോമള കർണ്ണങ്ങളിൽ
കൂട്ടുകാരിയോടവൻ മന്ത്രിച്ചോ മനോരഥം?
60.
ശൃംഖലയറിയാത്ത സഖിതൻ കാലിൽ പ്രേമ-
ച്ചങ്ങല ബന്ധിച്ചുവോ ചഞ്ചലൽത്തുമ്പിക്കയ്യാൽ ?
61.
അറിയില്ലൊരുപക്ഷേ, പന്തലിൽ പലേപടി
മറിയും കുലവാഴയ്ക്കറിയാം പരമാർത്ഥം.
62.
കൂട്ടമൊത്തവൻ പോകെക്കരളിൽ കാമക്രോധ-
ക്കാട്ടുതീ വാച്ചോരെതിർ കൊമ്പനോടിടഞ്ഞുവോ?
63.
കാനനം കുലുങ്ങവേ, കണ്ടു തൻ പിടികൾ തൻ
മാനസം കൊണ്ടാടവേ, കുട്ടികൾ നടുങ്ങവേ.
64.
ആ യമദണ്ഡങ്ങളോടക്കാലഹസ്തത്തോടു-
മായപോലെതിർത്തോ തന്നടിമച്ചോറിൻ വീര്യം?
65.
ഹുംകൃതി പതയുന്ന ശത്രുകുംഭത്തിൽ പിന്നെ-
ത്തൻ കൊലച്ചിരി കടയോളവും കടത്തിയോ?
66.
അറിയില്ലൊരുപക്ഷേ, ഗോപുരപുരോഭൂവിൽ
നിറയും മുറിക്കൽകൾ പറയും പരമാർത്ഥം.
67.
പിൻ,പുഷഃ പ്രകാശത്തിലിരുളിൻ മുമ്പിൽ പേടി-
ച്ചമ്പിയ മാലോകർതൻ വമ്പുകളുണരവേ,
68.
അമ്പല മതിൽ കേറിയിരുന്നാൻ, ദുർമൃത്യുവിൻ
മുമ്പിലെസ്സേവക്കാര, നൊരു പട്ടാളക്കാരൻ
69.
ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചു കേണടിഞ്ഞാൻ മദഗജം.
70.
ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ, മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?
71.
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!